sections
MORE

വാർധക്യവും പരിണാമ വിധേയം!

Old-Age
SHARE

കഴിഞ്ഞ ദിവസം ഒരു വൃദ്ധനെക്കുറിച്ചുള്ള ഏതോ വാർത്ത കണ്ടു. വൃദ്ധൻ ഭാര്യയെ കൊന്നുവത്രെ. എന്നെ ആകർഷിച്ചത് തലക്കെട്ടിലെ വൃദ്ധന്റെ പ്രായമാണ്. ഒന്ന് കുറയാതെ വയസ് അറുപത്തിരണ്ട്. അപ്പോൾ എഴുപത്തിയെട്ടിന്റെ തൊട്ടുമുമ്പിലത്തെ പ്ലാറ്റ്ഫോമായ മാർച്ചിൽ കിടക്കുന്ന ഞാനും വൃദ്ധനാണ്.

ഈ തീവണ്ടിച്ചിത്രം മനസിൽ വരാൻ തന്നെ കാരണം അറുപതു കഴിഞ്ഞ വരെ റയിൽവേ ബോർഡ് വൃദ്ധരായി കരുതുന്നതിനാലാണ്. മുതുക്കൻ എന്ന ഒറ്റ മലയാളവാക്കിനു പകരം മുതിർന്ന പൗരൻ എന്ന മണിപ്രവാളച്ചുവയുള്ള പദദ്വയമാണ് അവർ ഉപയോഗിക്കുന്നത്. എന്നാൽ ജനശതാബ്ദിയിൽ കയറി കൊച്ചിയിൽ സുഖമായി പോയി വരാൻ ഇരുന്നൂറു രൂപ തികച്ചു വേണ്ട എന്നതിനാൽ മുതുക്കന്മാർക്കും പരിഭവമില്ല.

പ്രായം മനസിലാണെന്നു പറയാറുണ്ട്. പണ്ട് സുന്ദരിയായ ഒരു യുവതി എന്നെ അങ്കിൾ എന്നു വിളിച്ചപ്പോഴാണ് കടന്നു പോകുന്ന കാലത്തെക്കുറിച്ച് അതിനു മുമ്പില്ലാത്ത ഒരു തിരിച്ചറിവ് എനിക്കുണ്ടായത്. എന്നാൽ ശരീരത്തിൽ മാറ്റങ്ങൾ വരും. നരയും കഷണ്ടിയും പ്രധാനമല്ല.

എനിക്ക് നര തുടങ്ങിയത് എഴുപത് കഴിഞ്ഞിട്ടാണ്. ഇതുവരെ ചായം തേച്ചില്ല. ഇനി തേയ്ക്കാൻ ഉദ്ദേശ്യവുമില്ല. ചില കുടുംബങ്ങളിൽ. ചില ജനിതകഘടകങ്ങൾ പേറുന്നവരിലൊക്കെ ഇത് കൂടിയും കുറഞ്ഞും വരാം. ആരുടെയും മിടുക്കിന്റെ പ്രശ്നം ഉദിക്കുന്നില്ല. എന്റെ തലമുടി നരയ്ക്കാത്തത് എന്റെ മിടുക്കാണോ ?  അല്ലെന്ന് മനുഷ്യാവതാരം ചെയ്ത ദൈവം അരുളിച്ചെയ്തിട്ടുണ്ട്. (മത്തായിയുടെ സുവിശേഷം, അധ്യായം അഞ്ച്, വാക്യം മുപ്പത്തിയാറ്).

മറ്റു വാർധക്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും ഇതുപോലെ വ്യത്യസ്ത പ്രായങ്ങളിലാകാം. എന്നാൽ വാർധക്യം എന്നൊന്ന് ശരീരത്തിന് വിധി കൽപിതമാണ്. യൗവനവും വാർധക്യവും തമ്മിൽ വേർതിരിക്കുന്ന ഒരു ഘടകം വേദനയുടെ സ്വഭാവമാണ്. യൗവനത്തിൽ പെട്ടെന്ന് ഉണ്ടാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന വേദന അനുഭവിക്കാത്തവർ ഉണ്ടാകുകയില്ല. വാർധക്യത്തിലെ വേദനയുടെ സ്വഭാവം വ്യത്യസ്തമാണ്. വടി ഒടിയുകയുമില്ല. പാമ്പു ചാകുകയുമില്ലെന്നമട്ടിൽ അതങ്ങനെ കിടക്കും. ക്രോണിക്ക് എന്ന് സായിപ്പിന്റെ ഭാഷ. അതായത് ആരോഗ്യസംരക്ഷണത്തിന് സമയവും ധനവും കൂടുതൽ വേണ്ടി വരും വാർധക്യത്തിൽ.

വാർധക്യത്തിന്റെ പ്രശ്നങ്ങൾ പുതിയതല്ല. എന്നാൽ പണ്ട് മനുഷ്യന്റെ ആയുർദൈർഘ്യം കുറവായിരുന്നു. പ്രാചീന റോമാ സാമ്രാജ്യത്തിൽ 20–30 ആയിരുന്നു ശരാശരി. മധ്യകാല യൂറോപ്പിലും വലിയ മാറ്റമുണ്ടായില്ല. നമ്മുടെ നാട്ടിലും സ്വാതന്ത്ര്യ പ്രാപ്തിയുടെ കാലത്ത് ഇതൊക്കെത്തന്നെയായിരുന്നു.

ഞാൻ ജനിച്ചപ്പോൾ നാട്ടിലെ ഏതോ ജ്യോത്സ്യൻ എഴുതിയ ഒരു തലക്കുറി എന്റെ കൈവശമുണ്ട്. ദീർഘായുസാണ്. 61 വരെ പോകും എന്നാണ് പ്രവചനം ! എന്നാൽ ഇന്ന് ലോകത്ത് പൊതുവെ 65, കേരളത്തിൽ 76 ഇങ്ങനെയൊക്കെ ആയിട്ടുണ്ട് ശരാശരി ആയുർദൈർഘ്യം,  പ്രസവം കൂടുതൽ സുരക്ഷിതമായതും ശിശുസംരക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വർധിച്ചതുമാണ് ഈ സംഖ്യ കൂടാൻ കാരണം എന്നത് സ്ഥിതി വിവരക്കണക്കാണ്.

മരണനിരക്ക് കുറഞ്ഞുവെന്നതും അപ്രധാനമല്ലാത്ത കാരണം തന്നെ. ഇതോടൊപ്പം രോഗനിർണയോപാധികൾ വർധിക്കുക കൂടെ ചെയ്തപ്പോൾ കൂടുതൽ രോഗങ്ങൾ സമൂഹത്തിൽ ഹാജർ വച്ചു. ഏറ്റവും വ്യക്തമായ ഉദാഹരണം പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും അർബുദബാധയുമാണ്.

അമ്പത്–അമ്പത്തഞ്ച് കഴിയാത്ത പുരുഷന്മാരിൽ ഈ പ്രശ്നം വിരളമാണ്. അപ്പോൾ ഒരു നൂറ്റമ്പതു കൊല്ലം മുമ്പ് ഇതു ബാധിക്കുന്നവർ ചുരുക്കമാകുന്നതിൽ അത്ഭുതം വേണ്ട. അന്നും നമ്മുടെ നാട്ടിൽ കൃതാജ്ഞലി ഉണ്ടായിരുന്നുവെന്നത് ഈ നാടിന്റെ സുകൃതം. 

വാർധക്യത്തിന്റെ മറ്റൊരു ലക്ഷണം സ്പർശനം, കാഴ്ച, ഗ്രഹണശക്തി (sensory and perceptual skills), പേശീബലം, ചിലതരം ഓർമകൾ ഒക്കെ കുറയുന്നതാണ്. ബുദ്ധി കുറയുന്നില്ല. ലൈംഗികതയും കുറയണമെന്നില്ല. ഒരു എൺപത്തിയാറുകാരന്റെ ഭാര്യ ഗർഭിണിയായ വിവരം പത്രങ്ങളിൽ ഉണ്ടായിരുന്നു. (ആ സംഭവത്തിലും പുരുഷമേധാവിത്വം പ്രത്യക്ഷമായിരുന്നു. അതിപ്പോ ഞാനറിഞ്ഞോ ഈ പ്രായത്തിൽ ഇവൾ ഗർഭം ധരിക്കുമെന്ന് എന്നു പറഞ്ഞ് ഭാര്യയെ കുറ്റപ്പെടുത്തിക്കളഞ്ഞു ഈ വിദ്വാൻ. ഇതി വാർത്താഃ)

സമൂഹത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന്റെ തോതാണ് വ്യക്തിയുടെയും സംഘത്തിന്റെയുമൊക്കെ പ്രാധാന്യം നിശ്ചയിക്കുന്നത്. ഇതാകട്ടെ, ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും. ഐഎഎസ്കാരനായാലും ജഡ്ജിയായാലും പെൻഷനാകുമ്പോൾ സമൂഹത്തിലെ വില കുറയുന്നത് ഈ ഉത്പാദനക്ഷമത കുറയുന്നതിനാലാണ്.

സർവീസിലിരിക്കുമ്പോൾ എനിക്ക് വാസ്തുവിദ്യാഗുരുകുലം തുടങ്ങാം; ഇപ്പോൾ വാസ്തു വിദ്യയെക്കുറിച്ച് ഉപന്യസിക്കയാണ് പരമാവധി ചെയ്യാവുന്നത്. കാർഷിക സമൂഹങ്ങളിൽ വാർധക്യം കൂടുതൽ മാനിക്കപ്പെടുന്നതിന്റെ രഹസ്യം ഇതാണ്. കൃഷിയുടെ രീതി. പരമ്പരാഗതമായി കിട്ടുന്ന അറിവ് തുടങ്ങിയവ വാർധക്യത്തെ അപ്രസക്തിയിൽ നിന്ന് രക്ഷിച്ചു നിർത്തുന്നു.

എന്നാൽ സമൂഹം സാങ്കേതിക വിദ്യയിൽ ഊന്നുന്നതായാൽ വാർധക്യം ബാധ്യതയാകും. പ്രായം കൂടുതലുണ്ടെങ്കിലും ആരോഗ്യം കുറവില്ലാത്ത ആളുകളുടെ എണ്ണം ലഭ്യമായ തൊഴിലവസരങ്ങളെക്കാൾ കൂടുതലാകുമ്പോൾ നിർബന്ധിതമായി വിരമിക്കേണ്ട അവസ്ഥ സാമൂഹ്യാവശ്യമാകുന്നു. തനിക്ക് ഇപ്പോഴും കാബിനറ്റ് കൊണ്ടുനടക്കാനുള്ള ബാല്യമുണ്ട്. എന്നാൽ താൻ പിരിഞ്ഞില്ലെങ്കിൽ പിന്മുറക്കാർ എങ്ങനെ ചീഫ് സെക്രട്ടറിയാകും ?

രാഷ്ട്രീയം ഇതിന് അപവാദമാണെന്ന് ഞാൻ സമ്മതിക്കുന്നു. മുപ്പത്തിയേഴു വയസിൽ മുഖ്യമന്ത്രിയായ ആന്റണി എഴുപത്തിയൊൻപതാം വയസിലും റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. മുത്തച്ഛനവനുടെ മുത്തച്ഛനിരിക്കുന്നു എന്ന് കുഞ്ചൻ നമ്പ്യാർ പണ്ടേ പറഞ്ഞല്ലോ.

രണ്ടാമത് സ്വയം തൊഴിൽ കണ്ടെത്താനുള്ള സാധ്യത ഇത്തരം സമൂഹങ്ങളിൽ കുറയുന്നു. അതുകൊണ്ട് ആയാസവും വേഗവും കുറച്ചുകൊണ്ട് പ്രായമായവർക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ പോകുന്നു.

മൂന്നാമത് പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക പുരോഗതിയും വാർധക്യത്തെ വെല്ലുവിളിക്കുന്നു. ജപ്പാനിൽ പലരും ജോലിയിൽ നിന്നു പിരിയാൻ നിർബന്ധിതരാകുന്നത് റോബോട്ടുകളുടെയും അസംബ്ലി ലൈനുകളുടെയും വർധിത വേഗത്തോട് സമരസപ്പെടാനാകാത്തതിനാലാണ്.

ഒരാൾക്ക് തോന്നാം ഇനിയും ഒരങ്കത്തിനു ബാല്യം ബാക്കി നിൽക്കെ വെറുതെ വീട്ടിലിരിക്കാൻ നിർബന്ധിതനാകുന്ന ആളിന്റെ മാനസികാവസ്ഥ സന്തുഷ്ടമാകില്ല. മിക്കവാറും എന്റെ വാക്ക് കേൾക്കാനും വായിക്കാനും നിങ്ങളെപ്പോലുള്ള സുമനസുകൾ ഇല്ലായിരുന്നെങ്കിൽ ഞാനും അസന്തുഷ്ടനാകുമായിരുന്നു ; സംശയം വേണ്ട. ആർജിത വിവേകം കൊണ്ട് അത് കുറെയൊക്കെ നിയന്ത്രിക്കാമെന്നു മാത്രം.

കുടുംബ ബന്ധങ്ങൾ വൃദ്ധ ജനങ്ങൾക്ക് വളരെ പ്രധാനമാണ്. എന്നാൽ പഴയ കുടുംബ വ്യവസ്ഥ മാറിയതോടെ പ്രായം ചെല്ലുന്തോറും ചെറുപ്പക്കാരിൽ നിന്ന് കൂടുതൽ അകലുക മാത്രമല്ല പ്രായം ചെന്നവർ തമ്മിൽ പരസ്പരവും അകലുന്നു. പ്രായം കൂടുന്തോറും സ്ഥലം മാറാൻ പ്രയാസം കൂടും. ഇവിടെ താമസം ഒറ്റയ്ക്കായിട്ടും തിരുവനന്തപുരം വിടാൻ എനിക്ക് ക്ലേശമാണ്. അതേസമയം യുവതലമുറയാകട്ടെ, കാനഡയും ഓസ്ട്രേലിയയും ന്യൂസിലൻഡും ഒക്കെ കുടിയേറ്റ സാധ്യതയുള്ളതായി കാണുകയും ചെയ്യുന്നു.

വൃദ്ധരുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ 1601 മുതൽ സർക്കാരുകൾ ശ്രമിക്കുന്നുണ്ട്. 1880 ൽ ബിസ്മാർക്ക് ജർമനിയിൽ വാർധക്യ കാലപെൻഷൻ ഏർപ്പെടുത്തി. ആ മാതൃക ഇന്ന് നൂറിലേറെ രാജ്യങ്ങളിലുണ്ട്. എന്നാൽ ഏകാന്തതയാണ് അതിനേക്കാൾ വലിയ പ്രശ്നം. പണ്ഡിത പ്രകാണ്ഡമായ അഴീക്കോട് മാസ്റ്റർ തന്നെ ഭാര്യ ഇല്ലാത്തതിന്റെ വേദന പ്രകടിപ്പിച്ചിരുന്നു. ഭാര്യ ഒപ്പമുണ്ടായാലും ഏകാന്തത ഒഴിയണമെന്നില്ലെന്നത് വേറെ കാര്യം.

സമൂഹത്തിലെ മാറ്റങ്ങൾ ദ്രുതതരമാകുമ്പോൾ ഈ ഏകാന്തതയുടെ ആഴം വർധിക്കും. കാർഷിക സമൂഹങ്ങളിൽ മാറ്റങ്ങൾ പതുക്കെയാണ് വരിക. എന്നാൽ വ്യാവസായിക സമൂഹങ്ങളിൽ ഷഷ്ടി പൂർത്തി കഴിഞ്ഞവർക്കുതന്നെ ഒരു തരം അന്യഥാത്വം തോന്നാം. അതിലുമേറെയാണ് അതിലേറെ പ്രായം ചെന്നവർ അനുഭവിക്കുന്ന അന്യഥാത്വം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർക്ക് ഈ പ്രശ്നം കൂടുതൽ ഗുരുതരമാകാം. ചില മൂല്യങ്ങളും ചില സങ്കൽപ്പങ്ങളും ചില ആശയങ്ങളും ചെറുപ്പത്തിൽ രൂഢമൂലമാകുന്നു എന്നതാണ് ഇതിന് കാരണം.

മാറ്റങ്ങളോട് പ്രതികരിക്കാനുള്ള വൈമുഖ്യവും തജ്ജന്യമായ അനാസ്ഥയും വാർധക്യത്തിന്റെ ലക്ഷണമാണ്. ഇത് മാറ്റങ്ങളോടുള്ള വിരോധമോ മാറ്റങ്ങൾ സംഭവിക്കുന്നതിലുള്ള പ്രതിഷേധമോ അല്ല. മാറ്റങ്ങളോടുള്ള ഒരു തരം നിസംഗമായ സഹിഷ്ണുതയാണ് എന്നാണ് ആധുനിക പണ്ഡിതമതം. തങ്ങൾക്ക് വ്യത്യാസപ്പെടുത്താൻ കഴിയാത്തതിനെ അംഗീകരിക്കാനുള്ള വിവേകത്തിൽ നിന്നാണ് ഈ സഹിഷ്ണുത ഉയിർകൊള്ളുന്നത്.

ഓരോ തലമുറ വാർധക്യത്തിലെത്തുമ്പോഴും പുതിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഹാർ‍ഡ്‌വാർഡ് ബിസിനസ് റിവ്യൂവിന്റെ ഒരു ലക്കത്തിൽ ബേബി ബൂമർ തലമുറ– യുദ്ധം കഴിഞ്ഞ വർഷങ്ങളിൽ ജനിച്ചവരെയാണ് ഇങ്ങനെ വിളിക്കുന്നത്. അഭിമുഖീകരിക്കുന്ന റിട്ടയർമെന്റ് പ്രശ്നങ്ങളെക്കുറിച്ച് പ്രൗഢമായ ഒരു ലേഖനമുണ്ട്.

അവിടെ മറ്റൊരു പ്രശ്നമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഏഴരക്കോടി പ്രൗഢ വയസ്കർ പെൻഷനായാൽ പകരം അത്രയും പേരെ കണ്ടെത്താനാകുമോ ? പെൻഷന് പെൻഷൻ കൊടുക്കണം (Time to retire retirement) എന്നാണ് പ്രബന്ധം പറയുന്നത്. അതായത് 1945 ന് മുമ്പും അതിനുശേഷവുമായി ജനിച്ചവരുടെ വാർധക്യ പ്രശ്നങ്ങൾ പോലും സമാനമല്ല. ഓരോ തലമുറയും ഓരോ സമൂഹവും പുതിയ സമസ്യകൾ നേരിടുകയും പുതിയ സമവാക്യങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് പ്രകൃതി നിയമം എന്നു തോന്നുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA