sections
MORE

മുണ്ടശ്ശേരിയുടെ ഓർമ്മയിൽ

Joseph-Mundassery
SHARE

ഇന്നലെ മുണ്ടശ്ശേരി മാസ്റ്ററെ ഓർക്കാൻ സന്ദർഭം ഉണ്ടായി. തികച്ചും യാദൃശ്ചികം. തിരുവനന്തപുരം നഗരത്തിന്റെ  ഒരു ഓണംകേറാ മൂലയിൽ മുണ്ടശ്ശേരിയുടെ പേരിൽ ഒരു വായനശാല! നന്മ ഇന്നും തീർത്തും ഇല്ലാതായിട്ടില്ല.

മുണ്ടശ്ശേരി മാസ്റ്ററുടെ പ്രതിഭയെക്കുറിച്ചും മലയാളത്തിലെ നിരൂപണശാഖയിലെ പഞ്ചമഹാപ്രതിഭകളുടെ – അച്യുതമേനോൻ, കുട്ടിക്കൃഷ്ണമാരാർ, എം.പി. പോൾ, ഇഎംസ്, മുണ്ടശ്ശേരി– സംഭാവനയെക്കുറിച്ചും വിസ്തരിക്കേണ്ടതില്ല. എല്ലാവരുടെയും എല്ലാ നിരീക്ഷണങ്ങളോടും എല്ലാവരും യോജിച്ചു എന്ന് വരികയില്ല. ഇഎംഎസിന്റെ  സംഭാവന വിലയിരുത്തിയപ്പോൾ അൽപം കൂടിയ നിറക്കൂട്ട് ചാലിച്ചു എന്നും മാരാരുടെ ആദ്യത്തെ രാമദർശനത്തെ പിൽക്കാലകാഴ്ചപ്പാടുകളിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചു എന്നും എനിക്ക് തന്നെ തോന്നാറുണ്ട്. അതിരിക്കട്ട.

മുണ്ടശ്ശേരിയെ സവ്യസാചി എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ശാസ്ത്രാധ്യാപകൻ, ഭാഷാധ്യാപകൻ, സംസ്കൃതപടു, സ്വന്തമായ ശൈലി കൊണ്ട് അക്ഷരങ്ങളെ അമ്മാനമാടുകയും വാക്കുകളെ മാറ്റിമറിച്ച് വാക്യങ്ങളെ ശീർഷാസനത്തിലാക്കുകയും ചെയ്ത ഗദ്യകാരൻ, മലയാള നിരൂപണത്തിന്റെ രൂപഭാവങ്ങൾക്ക് നിർവ്വചനാത്മകമായ ചട്ടക്കൂട് നൽകിയ വിമർശകൻ, സഹകാരി, രാഷ്ട്രീയക്കാരൻ, വൈസ് ചാൻസലർ, മന്ത്രി ഇങ്ങനെ എത്ര മുഖങ്ങൾ.

അധ്യാപകരുടെ അവശതകൾ തിരിച്ചറിഞ്ഞ് പരിഹാരമാർഗ്ഗങ്ങൾ തേടിയ ആദ്യ മന്ത്രി മുണ്ടശ്ശേരി ആയിരുന്നില്ല. അത് പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു. പിഎസ്എസ് (പ്രൈവറ്റ് സെക്കൻഡറി സ്കൂൾ) സ്ക്കീം എന്നോ മറ്റോ ആയിരുന്നു പനമ്പള്ളിയുടെ പദ്ധതി അറിയപ്പെട്ടത്. അതിന് മുൻപ് മാനേജർ പറയുന്നതായിരുന്നു ശമ്പളം. എന്റെ അച്ഛൻ 1920 കളിൽ മദിരാശിയിൽ പഠിച്ചയാളാണ്. ഹെഡ് മാസ്റ്ററായി നേരിട്ട് നിയമനം കിട്ടി. ശമ്പളം മുപ്പത് രൂപാ. 1930–31 കാലത്ത് അത് ചെറിയ തുകയല്ല. എന്നാൽ അക്കാലത്ത് തന്നെ അതേ ജോലി ഇരുപത് രൂപാ വാങ്ങി ചെയ്യുന്നവരും നാൽപത് രൂപാ വാങ്ങി ചെയ്യുന്നവരും ഉണ്ടായിരുന്നു. മാനേജരുടെ യുക്തം പോലെ ശമ്പളം മാറും. മാത്രമോ? ജോലി സ്ഥിരത ഇല്ലേയില്ല. എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം.

പനമ്പള്ളി ശമ്പളത്തിൽ ഒരു ഏകീകരണം നടത്തി. എന്നാൽ ചെയ്യാൻ ഏറെ ബാക്കി ഉണ്ടായിരുന്നു. അതാണ് മുണ്ടശ്ശേരി ചെയ്തു തീർത്തത്. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നിയമം വിവാദത്തിന് തിരി കൊളുത്തിയ പതിനൊന്നാം വകുപ്പ് ഒഴിച്ചാൽ ഇന്നും ഏതാണ്ട് അതേപടി നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ മഹത്വത്തിന് ആ സത്യം തന്നെ പ്രശസ്തി പത്രം തീർക്കുകയല്ലേ ? കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ വാഗ്മി പനമ്പള്ളിയോ സി.എച്ച്. മുഹമ്മദ് കോയയോ ആവാം. എന്നാൽ എഴുത്തുകാരിലെ ഏറ്റവും ശ്രദ്ധേയനായ വാഗ്മി മുണ്ടശ്ശേരി തന്നെ ആയിരുന്നു.

മുണ്ടശ്ശേരിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ആശാനെ അധികതും ഗപദത്തിൽ കണ്ടെത്തി എന്നത് തന്നെ ആണ്. ആശാൻ ആശയഗംഭീരനും വള്ളത്തോൾ ശബ്ദസൗന്ദര്യത്തിന്റെ വാസ്തുശിൽപിയും ഉള്ളൂർ ഉജ്വല ശബ്ദാഢ്യനും ആയി വിവരിക്കപ്പെട്ടിരുന്നു. ശബ്ദ സൗന്ദര്യത്തിലും ഉജ്വല ശബ്ദാഢ്യതയിലും ഏതാണ്ട് കുരുങ്ങിയ മട്ട് ആയിരുന്നു നമ്മുടെ സംവേദനശീലം. അവിടെയാണ് ക്ഷോഭിക്കുന്ന വിപ്ളവകാരിയായി മുണ്ടശ്ശേരി കടന്നുവന്നത്.

1943– ൽ  മാറ്റൊലി പുറത്തിറങ്ങി. വേശ്യകളായി സമൂഹം പട്ടം ചാർത്തിയവരുടെ കഥകൾ കവിത്രയം എങ്ങനെ ആവിഷ്ക്കരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് മുണ്ടശ്ശേരി കൊടുങ്കാറ്റിന് തുടക്കം കുറിച്ചത്. ആശാന്റെ കരുണ വള്ളത്തോളിന്റെ മഗ്ദലന മറിയം ഉള്ളൂരിന്റെ പിംഗള എന്നിവയായിരുന്നു കൃതികൾ. അടുത്ത വർഷം തന്നെ അന്തരീക്ഷം പ്രകാശിതമായി. അവിടെ ഉള്ളൂരിന്റെ കർണ്ണഭൂഷണം, ആശാന്റെ ചിന്താവിഷ്ടയായ സീത, വള്ളത്തോളിന്റെ അച്ഛനും മകളും എന്നിവയാണ് വിചാരണയക്ക് വിധേയമായത്.

ആശാൻ ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങൾ കൃത്യമായി തിരിച്ചറിയുന്ന കവിയാണ് എന്ന് മുണ്ടശ്ശേരി പ്രഖ്യാപിച്ചു. നഗ്നബീഭത്സമായ റിയലിസവും മനുഷ്യന്റെ ആത്മശക്തിയെ ഉത്തേജിപ്പിക്കുന്ന ആദർശപരതയും തമ്മിൽ വ്യവച്ഛേദിച്ചുകൊണ്ട് ആശാന്റെ ആദർശപരതയെ മുണ്ടശ്ശേരി വാഴ്ത്തിയപ്പോൾ സാഹിത്യത്തിലെ മേലാള വർഗ്ഗം ആദ്യം ഒന്ന് ഞെട്ടിയിട്ടുണ്ടാവാം. രസാനുഭവത്തിന്റെ ഗൗരീശങ്കരത്തിലേയ്ക്ക് മനുഷ്യമനസ്സിനെ നയിക്കുന്ന കാവ്യമർമ്മജ്ഞത ആ കർമ്മം നിർവ്വഹിക്കുന്നത് ആഖ്യാനത്തെ അനുക്രമം  വികസിപ്പിച്ചുകൊണ്ടാണ് എന്ന് പറഞ്ഞ മുണ്ടശ്ശേരി ഇതിവൃത്തത്തിലും കഥാഘടനയിലും പാത്രസൃഷ്ടിയിലും പുലർത്തുന്ന ഔചിത്യവും ആവിഷ്ക്കാര വൈദഗ്ദ്ധ്യവും ശബ്ദബോധവും എല്ലാം ആശാനെ ഉള്ളൂരിനും വള്ളത്തോളിനും മുകളിൽ പ്രതിഷ്ഠിക്കുന്നതിന് കണ്ടെത്തിയ ന്യായങ്ങൾ ആയിരുന്നു. 

ഉള്ളൂരിന്റെ പാണ്ഡിത്യവും വള്ളത്തോളിന്റെ ആഖ്യാന സൗന്ദര്യവും അരങ്ങുവാണ ആ നാളുകളിൽ ആശാന്റെ കവിത്വത്തെ അതിന്റെ യഥാർത്ഥ സാന്ദ്രതയിൽ വിലയിരുത്താൻ മുണ്ടശ്ശേരി മാത്രമെ ഉണ്ടായുള്ളൂ. പിൽക്കാലത്ത് മന്ത്രി സഭായോഗത്തിനിടെ പുറത്തിറങ്ങി സെക്രട്ടറിയേറ്റിന്റെ വടക്കെ ഗേറ്റിന് എതിരെ എൻബിഎസ് പുസ്തകശാലയോട് തൊട്ട് അന്ന് ഉണ്ടായിരുന്ന മുറുക്കാൻ കടയിൽ ചെന്ന് മന്ത്രി വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അങ്ങനെ നിൽക്കുമ്പോൾ അന്നത്തെ മാനേജർ ചോദിച്ചു. മന്ത്രി ഇങ്ങനെയൊക്കെ… ആകാമോ ?  മുണ്ടശ്ശേരിയുടെ മറുപടി ഞാൻ മന്ത്രിയായാൽ ഇങ്ങനെയും ആവാം എന്നായിരുന്നു. ഈ ധിക്കാരം– സ്വന്തം വഴി വെട്ടി മുന്നോട്ടുപോകാനുള്ള ധൈര്യം– ആയിരുന്നു ആശാന്റെ മൂല്യ നിർണ്ണയത്തിലും മുണ്ടശ്ശേരി പ്രകടിപ്പിച്ചത്.

കാവ്യപീഠികയിൽ പാശ്ചാത്യ പൗരസ്ത്യ സൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങൾ താരതമ്യപ്പെടുത്തിക്കൊണ്ട് സാഹിത്യ വിമർശന മേഖലയിൽ കഥയിലും നോവലിലും പോൾ എന്നത് പോലെ, ഒരു നിർവ്വചനദൗത്യം ആണ് മുണ്ടശ്ശേരി നിർവ്വഹിച്ചത്. കാവ്യപീഠികയിലൂടെ സമകാലിക സാഹിത്യ ചിന്തകളിൽ മുണ്ടശ്ശേരി കനത്ത ആഘാതം ഏൽപ്പിച്ചു. മയൂര സന്ദേശത്തിലെ അലങ്കാര കോലാഹലത്തെ അംഗീരിക്കാതെ ഒരേയൊരു സന്ദേശകാവ്യം മേഘസന്ദേശം എന്ന് പറയാൻ ചില്ലറ ധൈര്യം പോരായിരുന്നല്ലോ. ആ കാലത്ത് കാളിദാസനും കാലത്തിന്റെ ദാസൻ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കാളിദാസ കവിത്വവും സംസ്കൃതഭാഷയും ആണ് മുണ്ടശ്ശേരി സർവ്വോന്നതമായി കണ്ടത് എക്കാലവും.

ഇത് മുണ്ടശ്ശേരിയെക്കുറിച്ചുള്ള ഒരു ഗവേഷണപ്രബന്ധം അല്ല. എന്നാൽ, ആ മഹാപ്രതിഭയ്ക്ക് മുൻപിൽ നമോവാകം അർപ്പിക്കുന്നതോടൊപ്പം മുണ്ടശ്ശേരിക്ക് കേരളം അർഹിക്കുന്ന അംഗീകാരം അനുവദിക്കാൻ അമാന്തിക്കുന്നതിൽ അത്ഭുതപ്പെടുകയും അത് അക്ഷന്തവ്യമായ അപരാധമാണെന്ന് അടിവരയിട്ട് പറയുകയും ചെയ്യേണ്ടിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA