sections
MORE

പബ്ലിക് റിലേഷൻസ്

pro
SHARE

ഗവൺമെന്റിലെ ഒരു സുപ്രധാന വകുപ്പാണ് പിആർഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പബ്ലിക് റിലേഷൻസ് വകുപ്പ്. ഹിറ്റ്ലർക്ക് ഗീബൽസും ആന്റണിക്ക് ഹസനും എന്നതുപോലെ മുഖ്യ ഭരണാധികാരിയുടെ വിശ്വസ്തനായ ആരെങ്കിലുമായിരിക്കും അത് മിക്കവാറും കൈകാര്യം ചെയ്യുക. ലീഡറെപ്പോലെയുള്ള സ്വാഭാവിക നേതാക്കളും നായനാരെപ്പോലെയുള്ള ജനനായകരും പരസഹായം കൂടാതെ ആ ജോലി കൊണ്ടുനടക്കും. ഇന്ന് സജീവവും സർവവ്യാപിയുമാണെങ്കിലും സർക്കാറുകൾ ഈ പരിപാടി തുടങ്ങിയത് ഇരുപതാംനൂറ്റാണ്ടിൽ മാത്രമാണ്.

ചക്രവർത്തിമാരുടെയും നാടുവാഴിമാരുടെയും കാലത്ത് തിരുവായ്ക്കെതിർവായ് ഇല്ല. പിന്നെ എന്തിനാണ് പിആർ എന്ന് ചോദിച്ചേക്കാം. എന്നാൽ നല്ല ഒരു പിആർ ഉണ്ടായിരുന്നെങ്കിൽ ദാവീദ് രാജാവിനെതിരെ മകൻ അബശാലോം നടത്തിയ പ്രചാരവേലകൾ മുളയിൽ തന്നെ നുള്ളാമായിരുന്നു എന്നൊരു വശവും ഓർക്കേണ്ടതുണ്ട്. നല്ല പിആറ്‍ കൊണ്ട് ഒഴിവാക്കാമായിരുന്നതാണ് ചരിത്രത്തിലെ മിക്ക ആഭ്യന്തരകലാപങ്ങളും. പിആർ ഒരു പാലമാണ്. പൊതുജനങ്ങളുടെ ശ്രദ്ധ പതിയുന്ന സ്ഥാപനവും പൊതുജനങ്ങളും തമ്മിലുള്ള ബന്ധമെന്ന് പൊതുവേ ഒരു നിർവചനം പറയാറുള്ളത് ഇതുകൊണ്ടാണ്. സ്ഥാപനം തന്നെയാവണമെന്നില്ല. വ്യക്തിക്കും ആവാം.

നമ്മുടെ പഴയ മുഖ്യമന്ത്രി ആന്റണിയാണ് ഏറ്റവും വ്യക്തമായി കേരളത്തിലുള്ള ഉദാഹരണം. കഴിഞ്ഞ മൂന്നു വ്യാഴവട്ടങ്ങൾകൊണ്ട് ആന്റണി വളർത്തിയെടുത്ത ഇമേജ്– പ്രതിച്ഛായ– പിആറിന്റെ സൃഷ്ടിയാണെന്ന് അടുത്തും അകന്നും നിന്ന് വീക്ഷിച്ചിട്ടുള്ളവർക്കറിയാം. ഓട്ടോറിക്ഷയിൽ വിജെടി ഹാളിൽ വന്നിറങ്ങുന്ന ആന്റണിയെ കാത്ത് ചെറിയാൻ ഫിലിപ്പിന്റെ ഫോട്ടോഗ്രാഫറുണ്ടാവും. ഒരു മാസം പത്രങ്ങൾ ആന്റണിയെ ബഹിഷ്കരിച്ചാൽ ജനം മറക്കും. അത് സംഭവിക്കാതെ സൂക്ഷിക്കുകയാണ് ആന്റണിയുടെ പിആർ.

ലീഡർക്ക് അത് വേണ്ടായിരുന്നു. അത് പിആർ അപ്രധാനമായുതുകൊണ്ടല്ല. ഏഴ് പതിറ്റാണ്ടുകാലത്തെ ഓട്ടവും ട്രപ്പീസുവേലകളും മൂലം അദ്ദേഹം തന്നെ ഒരു പ്രതിച്ഛായ വളർത്തിയിരുന്നു. അത് പഴയ തലമുറയുടെ തന്ത്രം. നെഹ്റുവിന് പീയാർ വേണ്ടിയിരുന്നില്ല. രാജീവ് ഗാന്ധിക്കോ ?

രാഷ്ട്രീയക്കാർക്ക് മാത്രമല്ല പിആർ വേണ്ടത്. സാംസ്കാരിക നായകന്മാർ എന്നറിയപ്പെടുന്ന കുറെ വിചിത്ര ജീവികൾ തിരുവനന്തപുരത്ത് മൃഗശാലക്ക് പുറത്ത് ജീവിക്കുന്നുണ്ട്. അവരൊക്കെ പിആറിന്റെ ഗുണഭോക്താക്കളാണ്. അടൂർ ഗോപാലകൃഷ്ണൻ മുതൽ എല്ലാ ചലച്ചിത്ര സംവിധായകരും പിആറിന്റെ ആശ്രയിക്കുന്നവരാണ്. അഴിക്കോടിനും ഉണ്ടായിരുന്നു പിആർ വാദ്യസംഘം.

ചുരുക്കിപ്പറഞ്ഞാൽ ജീവിതത്തിന്റെ എല്ലാ മുഖങ്ങളിലും പ്രസക്തമായ ഒന്നായി മാറിയിരിക്കുന്നു പിആർ. പത്തൊമ്പതാം നൂറ്റാണ്ടിൽ പൊതുജനങ്ങളുടെ കൗതുകവും പത്രമാധ്യമങ്ങളുടെ അന്വേഷണത്വരയും തടഞ്ഞുനിർത്താനായിരുന്നു അധികാരികളും സ്ഥാപനങ്ങളും താൽപര്യം കാട്ടിയത്. അത് അവിവേകമാണെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് ഐവി ലീ എന്ന ഒരു പത്രാധിപരായിരുന്നു. അമേരിക്കയിലെ  ഖനിത്തൊഴിലാളികളുടെ പ്രശ്നങ്ങളായിരുന്നു വിഷയം. ഖനി ഉടമകൾ വിവരങ്ങളൊന്നും കൊടുക്കുകയില്ല. പത്രങ്ങൾ പിണങ്ങി. ലീ ഖനി ഉടമകളെ പ്രേരിപ്പിച്ചതിന്റെ ഫലമായി അവർ പത്രങ്ങൾക്ക് അവരുടെ ഭാഗം വിശദീകരിക്കുന്ന വിവരങ്ങൾ അച്ചടിക്കാൻ ഇടം നൽകാൻ തുടങ്ങി. ആധുനിക പിആറിന്റെ തുടക്കം അവിടെയാണ്.

ഈ പരിപാടിയുടെ വിജയം കണ്ട ഒരു തീവണ്ടിക്കമ്പനി– പെൻസിൽവാനിയ റെയിൽറോഡ് – തീവണ്ടിയപകടമുണ്ടായാൽ പ്രസ്റിലീസ് ഇറക്കി വിശദവിവരങ്ങൾ പരസ്യപ്പെടുത്തുന്ന രീതി തുടങ്ങി. സർക്കാരിൽ പിആർ പരിപാടി തുടങ്ങിയത് അമേരിക്കൻ ഐക്യനാടുകളിലാണ്. നൂറ്റാണ്ട് തികഞ്ഞിട്ടില്ല ഇനിയും. പിന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ. സാമ്രാജ്യത്തിന്റെ വിപണനതാൽപര്യങ്ങളായിരുന്നു ആ പരിശ്രമത്തിന്റെ പിന്നിൽ.

ഇന്ന് പബ്ലിക് റിലേഷൻസ് മേഖല നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി മാധ്യമങ്ങളുടെ അതിപ്രസരമാണെന്ന് തോന്നുന്നു. പത്രങ്ങളും വാരികകളും മാസികകളും ഒരു ഭാഗത്ത്; പ്രൊഫഷനലെന്ന് വിവരിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ മറ്റൊരിടത്ത്; നമ്മുടെ ജനപഥം, തിരുവനന്തപുരം ക്ലബിലെ സെക്കന്റ് ഹോം തുടങ്ങിയവ പോലുള്ളവ വേറെ. എല്ലാറ്റിനും പുറമേ റേഡിയോ, ടിവി, ചലച്ചിത്രങ്ങൾ.

ഇതോടൊപ്പം പറയേണ്ടതാണ് പിആറിലെ ധാർമികത. ഇതിന് രണ്ട് മാനങ്ങളുണ്ട്. ഒന്ന് പിആറിന് ചുക്കാൻ പിടിക്കുന്നവരുടെ ധാർമികത. ഇപ്പോൾ ദൈവമാണ് ഏറ്റവും നല്ല പിആർ മാധ്യമം. ഞാൻ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മാന്യവായനക്കാരുടെ ദാക്ഷിണ്യത്തിൽ കാലം പോക്കിവരികയാണ്. ഒരു ഇടവേളക്കുശേഷം വസ്ത്രധാരണം, ഹെയർകട്ട് (തലവടി) , ഷേവിംഗ് (മുഖംവടി), ചെരുപ്പ്, മാല ഇത്രയും കാര്യങ്ങളിൽ മാറ്റം വരുത്തി സ്വാമി ജ്ഞാനാന്ദനായോ, ദാനിയേൽ മാർ കോടാലിയോസ് ആയോ ഫക്കീർ അബ്ദുൽ വാഹിദ് അൽ കരമന അൽഹിന്ദ് ആയോ പ്രത്യക്ഷപ്പെടുന്നു. സംസ്കൃതം, സുറിയാനി, അറബിയൊക്കെ ഇടകലർത്തി സംസാരിക്കുന്നു. ആദ്യം അൽപം ക്ലേശിച്ചാലും പതുക്കെ ശിഷ്യസമ്പത്ത് വർധിക്കുന്നു. പിന്നെ ഞാൻ ഒരു മാർക്കറ്റിംഗ് സപ്ലിമെന്റ് ഇറക്കാൻ നിശ്ചയിച്ചാൽ വേണ്ട പണം ഏതെങ്കിലും മുതലാളി കൊടുത്തുകൊള്ളും. പിആറിലെ ധാർമികതയുടെ ഈ ആദ്യ തലം എന്റെ നിയന്ത്രണത്തിലാണ്. എനിക്ക് ആന്റണിയുടെ പ്രായമേയുള്ളൂ. വിവരവും പക്വതയുമൊക്കെ അതുപോലെ തന്നെ കമ്മി. എങ്കിലും ആന്റണിയും ഞാനും വളരെ മാറി. എന്റെ മതഭക്തി കുറഞ്ഞു. ആന്റണിയുടേത് കൂടി. രണ്ടിനും കാരണം പിആർ തന്നെ.

മറ്റ് മതങ്ങളെയും സഭകളെയും മാറ്റിനിർത്തിക്കൊണ്ട് എന്റെ സഭയെക്കുറിച്ച് പറയാം. എട്ടുനോമ്പ് എന്നൊരു പരിപാടി. ഐച്ഛികം. സെന്റ് മേരിയുടെ പേരിൽ പ്രതിഷ്ഠിച്ച ഒരു പള്ളിയിൽ ദശാബ്ദങ്ങളായി നടന്നുവരുന്നു. കഴിഞ്ഞ ഇരുപത് കൊല്ലത്തിനകം വടക്കൻ മണർകാട് എന്നുപറഞ്ഞ് എറണാകുളം ജില്ലയിൽ രണ്ടുമൂന്ന് സ്ഥലത്തെങ്കിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. മേരിയെയും യേശുവിനെയുമൊക്കെ ഹൗസ് സർജന്മാരാക്കുകയാണ് ആദ്യപടി. അദ്ഭുതരോഗശാന്തി. പിന്നെ മാലനേർച്ച, കോലുനേർച്ച ഇത്യാദി. നാലഞ്ച് കൊല്ലം കഴിഞ്ഞാൽ കാൽനട തീർഥാടനം. ഇടപ്പള്ളിയിൽ മാത്രമേ പൊങ്കാല കണ്ടിട്ടുള്ളൂ. താമസിയാതെ അതും വ്യാപകമാകും. ഈശോമിശിഹായ്ക്ക് സ്തുതി. പിആറിന് മഹത്വം. ജനത്തിന് നിർവൃതി.

പിആർ ധാർമികതയുടെ രണ്ടാമത്തെ തലം മാധ്യമങ്ങളുടേതാണ്. പരസ്യത്തിന്റെ ഉത്തരവാദിത്തം അതിന് പണം മുടക്കുന്നവരുടേതാണെന്ന് വാദിക്കാം. എന്നാൽ പരസ്യം ജനങ്ങളെ വഴി തെറ്റിക്കുന്നതാണെന്ന് ബോധ്യപ്പെടുകയോ അങ്ങനെ സംശയിക്കാൻ സാഹചര്യമുണ്ടാവുകയോ ചെയ്താൽ പരസ്യത്തിന്റെ ഉള്ളടക്കം പരിഗണിക്കാനുള്ള ധാർമിക ബാധ്യത മാധ്യമത്തിനുണ്ട്. പരസ്യമല്ലാതെയെത്തുന്ന വാർത്തകളിലും ആസൂത്രിതമായ പിആർ പ്രയത്നമുണ്ടായിയെന്ന് വരാം. അത് സമൂഹത്തിന് ദോഷമായി ഭവിക്കാത്തിടത്തോളം കാലം ഗണ്യമാക്കാതിരിക്കാം. എന്നാൽ ഏതെങ്കിലും വ്യക്തിയേയോ പ്രസ്ഥാനത്തേയോ തേജോവധം ചെയ്യാൻ‍ തീർക്കുന്ന മറകൾ തിരിച്ചറിയാൻ മാധ്യമങ്ങൾക്ക് കഴിയണം. നാലു പതിറ്റാണ്ടു കാലത്തെ പൊതുജീവിതത്തിൽ പലരുടെയും രഹസ്യ അജണ്ടകൾ പിആർ ഭാവം പ്രാപിച്ചപ്പോൾ മറ്റ് പലരുടെയും സ്വഭാവഹത്യക്കായി നടന്ന ശ്രമങ്ങളായി കാണപ്പെട്ടു അവ കാര്യങ്ങളറിയുന്നവർക്ക്. എത്ര ഉദ്യോഗസ്ഥരും മന്ത്രിമാരും ഇങ്ങനെ തൽപരകക്ഷികളുടെ പിആർ പണി വഴി പീഡിപ്പിക്കപ്പെട്ടു ! ഇപ്പോഴും നടക്കുന്ന അഭ്യാസമാണ് ഇത്.

പ്രചാരണത്തിന്റെ വൈദഗ്ധ്യം തെളിയുന്നത് പ്രചാരണം വാർത്താവിതരണവും ബോധവത്കരണവുമാണെന്ന് തെറ്റായി ജനം ധരിക്കുമ്പോഴാണ്. ഹാരൾഡ് ലാസ്‌വെൽ, വാൾട്ടർ ലിപ്മാൻ എന്നിവർ മാത്രം അല്ല ഫ്രോയ്ഡ് പോലും അപഗ്രഥിക്കാൻ ശ്രമിച്ചിട്ടുള്ളതാണ് ഈ മേഖല. നമ്മുടെ നാട്ടിൽ എടുത്തുപറയാവുന്ന രണ്ട് ഉദാഹരണങ്ങൾ കോളക്കമ്പനികളും എ. കെ. ആന്റണിയുമാണ്. കുറെ മുൻപ് അടിതെറ്റുവോളം കോളകൾ. ഞങ്ങളുടെ ശ്രേഷ്ഠബാവായെയും പോലെ വിദഗ്ധമായിട്ടാണ് പിആർ കൈകാര്യം ചെയ്തിരുന്നത്. അടി തെറ്റിയപ്പോഴാണ് ചെറിയാൻ ഫിലിപ്പിനെ നഷ്ടപ്പെട്ട ആന്റണിയുടെ മാതിരിയായത്.

ആഗ്രഹങ്ങളാണ് യുക്തിബദ്ധമായ അപഗ്രഥനത്തെക്കാൾ സാമാന്യ ജനത്തെ നയിക്കുന്നതെന്നതാണ് ഇതിന്റെ രഹസ്യം. ജനം മോഹിക്കുന്നത് ആന്റണിയെപ്പോലെ ഒരാളെയാണ്. ആന്റണിയുടെ പ്രതിച്ഛായ പ്രത്യേകം നിർമിക്കപ്പെട്ടതാണെന്ന് തിരിച്ചറിയാത്തത് യുക്തി ബദ്ധമായ അപഗ്രഥനം അന്യമായതുകൊണ്ടും. ആന്റണിയെന്ന് പറഞ്ഞ് ഗ്രഹിക്കാനുള്ള എളുപ്പത്തിനാണ്. ടോണിബ്ലെയർ എന്നോ പർവേഷ് മുഷറഫ് എന്നോ ഒക്കെ വേണമെങ്കിലും പറയാം. ഇത്തരം പ്രയോഗങ്ങൾ തിരിച്ചറിഞ്ഞാൽ പോലും അഭിപ്രായം വിൽക്കുന്നവരെയും അറിയിക്കാതെ സ്വാധീനിക്കുന്നവരെയും (opinion managers and hidden persuaders) നേരിടാനുള്ള സമയമോ പണമോ കഴിവോ സാധാരണക്കാരന് ഉണ്ടാകണമെന്നുമില്ല. 

നല്ല വിവരം പ്രയോജനപ്പെടുത്തി, ചീത്ത വിവരങ്ങൾ മുന്നറിഞ്ഞ് കൈകാര്യം ചെയ്ത് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നത് തെറ്റല്ല. ഓപ്റ്റിമൈസ് ഗുഡ് ന്യൂസ്, ഫോർ സ്റ്റോൾ ബാഡ് ന്യൂസ്, എഞ്ചിനീയർ കൺസെന്റ് എന്ന് ഇംഗ്ലീഷ്. അതിന്റെ ധാർമികത മറക്കുമ്പോഴാണ് ശരി തെറ്റാവുന്നത്. നിരന്തരമായ ജാഗ്രത മാത്രമാണ് ഈ അപകടത്തിനെതിരെ സ്വീകരിക്കാവുന്ന മുൻകരുതൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA