sections
MORE

എന്റെ വിളക്കുമരം

memories-of-father
SHARE

എല്ലാ മനുഷ്യരുടേയും മനസ്സിൽ ഭംഗിയുള്ള കുറെ ഇന്നലെകൾ ഉണ്ടാവും. പ്രവാസികളാണെങ്കിൽ ആ ഓർമ്മകളുടെ വെളിച്ചം അവരുടെ സഞ്ചാര പഥങ്ങളെ തെളിച്ചമുള്ളതാക്കും. നാം സൃഷ്ടിക്കുന്ന പൂർണ്ണതയുള്ള ഇന്നുകളാണ്. മനോഹരമായ ഓർമ്മകളായി നമ്മുടെ മക്കളുടെ മനസ്സിൽ നാളെകളിൽ തെളിയുന്നത്.

ബാല്യത്തിലെ ഓർമ്മകളിൽ എന്റെ മനസ്സിൽ ഏറ്റവും നിറഞ്ഞു നിൽക്കുന്നതാണ് അപ്പച്ചനുമൊത്തുള്ള എന്റെ സായാഹ്ന നടത്തങ്ങൾ. ഒരു ഗ്രാമം മുഴുവൻ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അദ്ധ്യാപകരായിരുന്നു എന്റെ മാതാപിതാക്കൾ.

വൈകിട്ടാണ് ഞാനും അപ്പച്ചനും നടക്കാനിറങ്ങുന്നത്. പല ദിവസങ്ങളിലും വീട്ടിൽ നിന്നിറങ്ങി ഇടത്തോട്ടായിരിക്കും നടത്തം. കയറ്റം കയറി ചെല്ലുന്നിടത്താണ് കടകൾ, സ്കൂൾ, പോസ്റ്റാഫീസ്, പള്ളി ഒക്കെ സ്ഥിതി ചെയ്യുന്ന ‍ഞങ്ങളുടെ ഗ്രാമത്തിന്റെ ഹൃദയഭാഗം. നടന്നു തുടങ്ങുമ്പോൾ പിന്നെ ഞാനും അപ്പച്ചനും മാത്രമുള്ള ഒരു ലോകമാണ്; സരസ്സമായ സംഭാഷണങ്ങളിലൂടെ അപ്പച്ചൻ തുറന്നു തരുന്ന ലോകം സംസാരം കൂടുതലും അന്നത്തെ ചെറുതും വലുതമായ പത്രവാർത്തകളിൽ നിന്നാണ് തുടങ്ങുന്നത്.

എന്റെ ചെറിയ സംശയങ്ങൾക്കു വരെ അപ്പച്ചന് വിശദമായ ഉത്തരങ്ങൾ ഉണ്ടാവും. വാർത്തകളുടെ മറുപുറങ്ങളിലേക്ക് എന്റെ ചിന്തകളെ കൊണ്ടുപോകാൻ അപ്പച്ചന് കഴിഞ്ഞിരുന്നു. പല വീക്ഷണകോണുകളിൽക്കൂടി ഒരു വിഷയത്തെ സമീപിക്കുവാനുള്ള കഴിവ് വളർത്തുവാൻ ആ സംഭാഷണങ്ങൾ എന്നെ സഹായിച്ചു. ഞങ്ങളുടെ ചെറിയ ഗ്രാമത്തിനുമപ്പുറമുള്ള വിശാലമായ ലോകത്തേക്ക് അപ്പച്ചൻ എന്നെ നടത്തി. എന്റെ ചെറുപ്രായത്തിൽ ഉൾക്കൊള്ളാവുന്നതിലും ഗഹനമായ വിഷയങ്ങളിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു. ആ യാത്ര പലപ്പോഴും പല പുസ്തകങ്ങളിലേക്ക് എന്നെ കൊണ്ടെത്തിച്ചു. പഞ്ചായത്ത് വായനശാലയിലെ പൊടിപിടിച്ചിരിക്കുന്ന പുസ്തകങ്ങളുടെ ലോകം എന്റെ മുമ്പിൽ തുറന്നതും ഞങ്ങളുടെ സായാഹ്ന സംഭാഷണങ്ങൾ തന്നെയാണ്.

നടത്തങ്ങളിൽ വഴിയിലും കടകളിലുമൊക്കെയുള്ള അപ്പച്ചന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും കുശലാന്വേഷണങ്ങൾ നടത്തും. ഇടത്തോട്ടുള്ള നടത്തങ്ങൾ പലപ്പോഴും അവസാനിക്കുന്നത് പള്ളിലേക്ക് തിരിയുന്ന വഴി കഴിഞ്ഞ് സ്ഥിതി ചെയ്യുന്ന റേഷൻ കടയിലാണ്. സാധനം വാങ്ങാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും! റേഷൻ കടയിലെ തൊമ്മച്ചൻ ചേട്ടൻ അപ്പച്ചന്റെ നല്ല സുഹൃത്താണ്. റേഷൻ കടയിലെ അരണ്ട വെളിച്ചത്തിലെ സൗഹൃദ സംഭാഷണങ്ങൾക്കുശേഷം മടങ്ങുന്ന വഴിക്ക് രാഘവൻ ചേട്ടന്റെ കടയിൽ നിന്ന് പച്ചക്കറികളും മുറുക്കാൻ കൂട്ടും, പിന്നെ എനിക്കുള്ള പതിവ് പടി കടല മിഠായിയും. നടന്നു തുടങ്ങുമ്പോൾ വീണ്ടും ഞങ്ങൾ സംസാരിച്ചു വന്ന വിഷയങ്ങളിലേക്ക് മടങ്ങും. ആ നടത്തങ്ങൾ എന്റെ മനസ്സിന്റെ പേശികളെ ബലപ്പെടുത്തി.

ചില വൈകുന്നേരങ്ങളിൽ വീട്ടിൽ നിന്നിറങ്ങി വലത്തോട്ടായിരിക്കും ഞങ്ങളുടെ നടത്തം, ശനിയാഴ്ചകളിൽ ഉറപ്പായും! വലത്തോട്ട് കുറച്ചു നടന്നാൽ വർക്കിച്ചേട്ടന്റെ ഇറച്ചിക്കടയെത്തും. ഒരു റബ്ബർതോട്ടത്തിന്റെ നടുക്കൊരു മാടക്കട! ഞങ്ങൾ കടയിലേക്ക് കയറാറില്ല. രണ്ട്, ഒന്ന് എന്നൊക്കെ അപ്പച്ചൻ വിളിച്ചു പറയും, വർക്കിച്ചേട്ടൻ ശരി സാറേ എന്നു മറുപടിയും. ഞായറാഴ്ച രാവിലെ കൃത്യമായി രണ്ടു കിലോ പോത്തിറച്ചിയും ഒരു കിലോ കരളും വീട്ടിലെത്തും.

വലത്തോട്ട് നടന്നാൽ തടസ്സം കൂടാതെ സംസാരിക്കാൻ കഴിയും. കടകൾ കുറവാണ്. എതിരെ വരുന്ന ശിഷ്യന്മാർ മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് സാറേ എന്നു പറഞ്ഞ് ചിരിക്കും. അപ്പച്ചൻ തിരിച്ച് കൈ കാണിക്കും.

അപ്പച്ചന്റെ ഇഷ്ട വിഷയമായ ഗണിതശാസ്ത്രം ഞങ്ങളുടെ സംസാരത്തിലെ സ്ഥിര വിഷയമായിരുന്നു. വഴിയിൽ കാണുന്ന അക്കങ്ങൾ, ഒടിഞ്ഞു വീണ് ത്രികോണം സൃഷ്ടിക്കുന്ന മരങ്ങൾ ഒക്കെ സരസ്സമായ സംവാദങ്ങൾക്ക് വിഷയമായി. ഞാൻ, അതുവഴി ജീവിതത്തിലെ പല സമവാക്യങ്ങളും പരിഹരിക്കാനുള്ള കരുത്താർജ്ജിച്ചു. രാഷ്ട്രവും രാഷ്ട്രീയവുമായിരുന്നു മറ്റൊരു ഇഷ്ട വിഷയം. വ്യക്തമായ രാഷ്ട്രീയ ബോധമുണ്ടായിരുന്നെങ്കിലും, താൻ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെ ചോദ്യം ചെയ്യാൻ അപ്പച്ചന് കഴിഞ്ഞിരുന്നു. എപ്പോഴും ശരിയുടെ പക്ഷത്ത്, നന്മയുടെ പക്ഷത്ത് ഉറച്ച് നിൽക്കാൻ അന്നും ഇന്നും എനിക്ക് സാധിക്കുന്നത്. അരണ്ട വെളിച്ചത്തിൽ ഞങ്ങൾ നടത്തിയ തെളിഞ്ഞ ഭാഷണങ്ങളിൽക്കൂടിത്തന്നെയാണ്.

ഏതു വശത്തേക്ക് നടന്നാലും ഞങ്ങൾ‍ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ സന്ധ്യമയങ്ങിത്തുടങ്ങിയിട്ടുണ്ടാവും. മങ്ങിക്കത്തുന്ന വഴിവിളക്കുകൾക്ക് ചുറ്റും ഈയലുകൾ കൂട്ടമായി നൃത്തം ചെയ്തു തുടങ്ങും; ചീവിടുകളുടെ ശബ്ദം ഉയർന്നു ! അപ്പച്ചന്റെ കൂടെ നടക്കുമ്പോൾ ഒരിരുട്ടിനേയും ഞാൻ ഭയന്നില്ല. അപ്പച്ചന്റെ ഉറച്ച് കൈപ്പിടിയിൽ എന്റെ കുഞ്ഞിക്കൈകൾ ഭദ്രമായിരുന്നു.

കോളേജിൽ നിന്ന് അവധിക്ക് വീട്ടിൽ വരുമ്പോഴും ഞങ്ങളുടെ നടത്തങ്ങൾ തുടർന്നു. വിശാലമായിക്കൊണ്ടിരുന്ന എന്റെ ലോകത്തെ ചെറുതും വലുതുമായ പ്രശ്നങ്ങൾ ഞാൻ അപ്പച്ചനുമായി പങ്കുവച്ചു. എല്ലാത്തിനും അപ്പച്ചന്റെ കൈയിൽ പരിഹാരമുണ്ടായിരുന്നു. ചങ്കൂറ്റത്തോടെ നേരിട്ടാൽ ഏതു കൊടുങ്കാറ്റും കടന്നു പോകും എന്ന വലിയ പാഠം ഞാൻ പഠിച്ചതു്. ഞങ്ങളുടെ നടത്തങ്ങളിലൂടെ അപ്പച്ചൻ പകർന്നു തന്ന ജീവിതയാഥാർത്ഥ്യങ്ങളിലൂടെയായിരുന്നു. കല്യാണം കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയതോടെ ആ നടത്തങ്ങൾ എനിക്ക് നഷ്ടമായി. ഫോണിൽകൂടെയുള്ള ഭാഷണങ്ങൾ എന്നെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ല.

ഒടുവിൽ ഒരിക്കൽക്കൂടി ഞങ്ങൾ അങ്ങിനെ നടന്നു; ഞാനും അപ്പച്ചനും. അന്ന് ഞാനാണ് കൂടുതൽ സംസാരിച്ചത്. എന്റെ സങ്കടങ്ങളാണ് ഞാൻ പറഞ്ഞത്.

അപ്പച്ചൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്റെ തോരാത്ത കണ്ണുനീർ തൊടാതെ തുടച്ച്, മൗനം കൊണ്ട് എന്നെ ആശ്വസിപ്പിച്ച്, റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ടലങ്കരിച്ച ശവമഞ്ചത്തിൽ കിടന്ന് അപ്പച്ചനും കൈപിടിക്കാതെ അനുധാവനം ചെയ്ത ഞാനും. വീടിന്റെ ഇടത്തേക്കുള്ള വഴിയെ കയറ്റം കയറി, റേഷൻ കട എത്തുന്നതിന് മുമ്പേ വലത്തേക്ക് തിരിഞ്ഞ്, പള്ളിയിലേക്ക്. ഒരു ഗ്രാമം മുഴുവൻ ഞങ്ങളെ അനുധാവനം ചെയ്തു. 

MORE IN ORIKKAL ORIDATHU
SHOW MORE
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA