അവരുടെ ജീവിതത്തിലെ ഒരു ദിവസം

sun-pic
SHARE

തന്റെയടുത്ത് കിടന്ന് തളർന്നുറങ്ങുന്ന ലോറനേയും കുഞ്ഞിനേയും മൈക്കിൾ നിറകണ്ണുകളോടെ നോക്കി. പിന്നെ മെല്ലെ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ആ ചെറിയ വീടിന്റെ അടുക്കളയിലേക്ക് നടന്നു. വെളുപ്പിനെ അഞ്ചു മണിയോടടുക്കുന്നേയുള്ളൂ. മറ്റൊരു ദിവസം ! രാത്രി തീരെ ഉറങ്ങിയിട്ടില്ലെന്ന് അയാളുടെ കണ്ണുകൾ കണ്ടാലറിയാം. കെറ്റിലിൽ നിന്ന് ചൂടുവെള്ളം കപ്പിലേക്കൊഴിച്ച്  കാപ്പിപ്പൊടിപ്പാത്രത്തിന്റെ ചുവട്ടിൽ അവശേഷിച്ച പൊടിയിൽ നിന്ന് ഒരു നുള്ളിട്ട് ഇളക്കിക്കൊണ്ട്, സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു. അടുത്തുള്ള മേശ വലിപ്പിൽ നിന്ന് ഇന്നലെ വന്ന കത്തെടുത്ത് വീണ്ടും വായിച്ചു. മൂന്നു മാസത്തെ വാടകക്കുടിശ്ശിക തന്നില്ലെങ്കിൽ ജൂലൈ പതിനഞ്ചിനുള്ളിൽ വീടൊഴിഞ്ഞ്‍ കൊടുക്കണമെന്നുള്ള വീട്ടുടമയുടെ കത്താണ്.

മൈക്കിൾ, ഭാര്യ ലോറൻ, ഒന്നര വയസ്സുള്ള മകൻ ആദം, ഇവരാണ് ഈ ചെറിയ കുടുംബത്തിലെ അംഗങ്ങൾ. മൈക്കിളിന് ഒരു റസ്റ്റോറന്റിൽ വെയിറ്റർ ജോലി ആയിരുന്നു. മാന്യമായ പെരുമാറ്റവും വശ്യമായ സംസാരശൈലിയും കൊണ്ട് മൈക്കിൾ എല്ലാവരുടേയും സ്നേഹം പിടിച്ചു പറ്റിയിരുന്നു ; അതുകൊണ്ട് തന്നെ നല്ല ഒരു തുക ടിപ്പായും. അവരുടെ ചെറിയ കുടുംബത്തിന് വേണ്ട സന്തോഷങ്ങൾക്കെല്ലാം അയാളുടെ ശമ്പളം തികഞ്ഞിരുന്നു. കുഞ്ഞുണ്ടാവുന്നതിന് മുമ്പ് ലോറൻ വീടുകൾ വൃത്തിയാക്കുന്ന ജോലി ഒരു ചെറിയ കമ്പനി വഴി ചെയ്തിരുന്നു. എന്നാൽ കുഞ്ഞിനെ ആരെയെങ്കിലും നോക്കാൻ ഏൽപിക്കണമെങ്കിൽ അവൾക്ക് കിട്ടുന്ന  തുകയോ അതിൽ കൂടുതലോ വേണ്ടി വരും. അതുകൊണ്ട് തന്നെ ലോറൻ കുഞ്ഞിന്റെ  കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ നോക്കി കുറച്ചു വർഷങ്ങൾ വീട്ടമ്മയായി കഴിയാമെന്ന് തീരുമാനിച്ചിരുന്നു.

പെട്ടെന്നാണ് കോവിഡ് എന്ന കൊടുങ്കാറ്റ് അമേരിക്കയിലേക്ക് ആഞ്ഞടിച്ചത്. മാർച്ച് പകുതിയോടെ ടെക്സാസ് സംസ്ഥാനം ലോക്ഡൗണിലേക്ക് നീങ്ങി. മൈക്കിൾ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റ് അടച്ചു. മൈക്കിൾ ഉൾപ്പെടെ ഏതാനും ജോലിക്കാർക്ക് ഒരാഴ്ചത്തേയ്ക്കുള്ള ശമ്പളം കൂടി കിട്ടി. എല്ലാവരേയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ജോലി പോകുന്നത് മൈക്കിളിനെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടല്ല.

ഹൂസ്റ്റൺ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് മൈക്കിൾ ജനിച്ചു വളർന്നത്. അയാൾ പതിനൊന്നാം ക്ലാസ്സിലായപ്പോൾ അപ്പൻ അവരെ ഉപേക്ഷിച്ചു പോയി. അമ്മയുടെ മാനസികാവസ്ഥ അതോടെ മോശമായി. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് പഠനം അവസാനിപ്പിച്ച് മൈക്കിൾ പലതരം ജോലികൾ ചെയ്തു തുടങ്ങി. ഇതിനിടയിൽ അമ്മ സ്വയം മരണം തിരഞ്ഞെടുത്ത് ഒരു ദിവസം അവനിൽ നിന്ന് യാത്രയായി.

ആറു വർഷങ്ങൾക്ക് മുമ്പാണ് അയാൾ പഴയ ജീവിതത്തിന്റെ എല്ലാ ഓർമ്മകളും ഉപേക്ഷിച്ച് ടെക്സാസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനിലെത്തിയത്. ലോറനെ കണ്ടുമുട്ടിയതിനുശേഷമാണ് മൈക്കിൾ വീണ്ടും സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത്. ലോറന്റെ ജീവിതവും ഏറെക്കുറെ അയാളുടേതുപോലെ തന്നെയാണ്. മാതാപിതാക്കൾ നേരത്തെ തന്നെ നഷ്ടപ്പെട്ടു. ആകെയുള്ളത് വലിയ അടുപ്പമൊന്നുമില്ലാത്ത ഒരു സഹോദരി മാത്രം.

ജീവിതത്തിന് നിറങ്ങൾ വച്ചു വരികയായിരുന്നു. അതിനിടെയാണ്  ലോക്ഡൗൺ ! എത്രയും വേഗം മറ്റൊരു ജോലി കണ്ടെത്താൻ കഴിയുമെന്ന് മൈക്കിൾ വിശ്വസിച്ചു. എന്നാൽ ഏപ്രിൽ പകുതിയോടെ കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമായി. മഹാമാരിയുടെ താണ്ഡവത്തിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടുന്നു. പുതിയ ജോലികൾ ഒന്നും തന്നെയില്ല. മൈക്കിൾ തനിക്കറിയാവുന്ന എല്ലാവരേയും വിളിച്ചു അവരുടെയൊക്കെ അവസ്ഥ ഇതു തന്നെയാണ്.

ജോലി പോയപ്പോൾ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതായി. വാടക കൊടുക്കാനില്ലാത്തപ്പോൾ പ്രൈവറ്റ് ഇൻഷുറൻസ് എടുക്കാൻ എങ്ങിനെ സാധിക്കും ? വീടെന്ന അമേരിക്കൻ സ്വപ്നം കണ്ടു തുടങ്ങിയ മൈക്കിളും ലോറനും മിച്ചം പിടിച്ചു തുടങ്ങിയ പണമെല്ലാം ജൂൺ മാസത്തോടുകൂടി അപ്രത്യക്ഷമായി. വിൽക്കാൻ ആകെയുള്ളത് വളരെ പഴയ ഒരു കാറാണ്. അതും വിൽക്കാനിട്ടു. ആരു വാങ്ങാൻ ?

ചുറ്റും പടർന്നു പിടിക്കുന്ന മഹാമാരിയേക്കാൾ മൈക്കിളിന്റെ ഉറക്കം കെടുത്തുന്നത് കിടക്കാനൊരിടവും തന്റെ ഭാര്യയുടേയും കുഞ്ഞിന്റേയും വിശപ്പുമാറ്റാനൊരിത്തിരി ഭക്ഷണവും എന്ന ചിന്തയാണ്.‌കുഞ്ഞുണർന്ന് കരയുന്നു. ലോറൻ അടുക്കളയിൽ വന്ന് കുഞ്ഞിനുള്ള പാൽ കുപ്പിയിൽ നിറച്ചു. ശൂന്യമായിക്കൊണ്ടിരിക്കുന്ന ഫ്രിഡ്ജിൽ ബാക്കിയുള്ളത് കുറച്ചു പാലും പകുതിയായ ഒരു ബ്രെഡ് പാക്കറ്റുമാണ്.

ഉറങ്ങിയില്ലേ മൈക്ക് ? കുഞ്ഞിന് പാലു കൊടുത്തു കൊണ്ട് ലോറൻ ചോദിച്ചു. മറുപടിയായി കൈയിലിരുന്ന കത്ത് അയാൾ ലോറനു നേരെ നീട്ടി.

ഇനിയെന്തു ചെയ്യും നമ്മൾ ? പതിനഞ്ചു ദിവസം കൊണ്ട് എങ്ങനെ ഇത്രയും പണമുണ്ടാക്കും ?

കഴിഞ്ഞ കുറെ നാളുകളായി അടക്കി വച്ചിരുന്ന വിഷമങ്ങളെല്ലാം അണ പൊട്ടിയൊഴുകി. ലോറൻ പൊട്ടിപ്പൊട്ടി കരഞ്ഞു ; കുപ്പിയിലെ പാൽ തീർന്നു പോയ സങ്കടത്തിൽ ആദവും.

ലോറൻ ചോദിച്ചതും ചോദിക്കാത്തുമായ ചോദ്യങ്ങൾ മൈക്കിളിന്റെ മുമ്പിൽ ഒരു വൻമതിൽ തീർത്തു. അയാൾ അടുക്കളയിൽ കിടന്ന ഒരു കാർഡ് ബോർഡ് പെട്ടിയെടുത്ത് മുറിച്ചു തുടങ്ങി. ലോറൻ നീ കഴിച്ചിട്ട് വേഗം കുളിച്ച് തയ്യാറാകൂ. നമുക്കൊന്ന് പുറത്ത് പോകാം. ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്.

ലോറൻ കുളിക്കാൻ പോയപ്പോൾ മൈക്കിൾ താൻ വെട്ടിയെടുത്ത ചതുരാകൃതിയിലുള്ള കാർഡ് ബോർഡ് കഷണത്തിൽ ഒരു കറുത്ത മാർക്കറെടുത്ത് എഴുതിത്തുടങ്ങി. ഓരോ അക്ഷരങ്ങൾ എഴുതുമ്പോഴും ഒരു വലിയ കല്ല് ഉരുട്ടി മാറ്റുന്ന ക്ലേശം അയാൾക്കനുഭവപ്പെട്ടു.

Mole
Mole

വീടിന്റെയടുത്തുള്ള ഗ്രോസറിക്കടയുടെ മുമ്പിലാണ് ഞാനവരെ കണ്ടത്. മാന്യമായി വസ്ത്രം ധരിച്ച ഒരു യുവാവും യുവതിയും രണ്ട് വയസ്സ് തോന്നിക്കുന്ന ആൺകുഞ്ഞും. കൈയ്യിൽ പിടിച്ചിരിക്കുന്ന ബോർഡിൽ വലിയ അക്ഷരത്തിൽ വിശക്കുന്നു, ദയവായി ഞങ്ങളെ സഹായിക്കൂ എന്നെഴുതിയിരിക്കുന്നു. നൂറു ചോദ്യങ്ങൾ എന്റെ മനസ്സിൽക്കൂടി കടന്നു പോയി. ഞാൻ നീട്ടിയ ഇരുപതു ഡോളർ വാങ്ങിക്കുമ്പോൾ മൈക്കിളിന്റെ കണ്ണുകൾ നിറഞ്ഞു. ആ നിറകണ്ണുകളിൽ നിന്ന് അവരുടെ ജീവിതകഥ ഞാൻ വായിച്ചെടുത്തു.

നാളെ എനിക്കും സംഭവിക്കാവുന്ന അവസ്ഥ ! കോവിഡ് പോസിറ്റീവായി വെന്റിലേറ്റിലായത് ഈ കുടുംബത്തിന്റെ ജീവിതമാണ്. ശ്വാസം കിട്ടാതെ പരവശപ്പെടുന്നത് അവരുടെ പ്രതീക്ഷകളും  സ്വപ്നങ്ങളുമാണ്. ഇവർക്ക് വേണമെങ്കിൽ മോഷ്ടിക്കാനോ പിടിച്ചുപറിക്കാനോ ശ്രമിക്കാമായിരുന്നു. അതല്ലെങ്കിൽ ജീവിതം വഴിമുട്ടുമ്പോൾ പലരും തിരഞ്ഞെടുക്കുന്ന എളുപ്പവഴിയായ കൂട്ട ആത്മഹത്യയുടെ വഴിയേ പോകാമായിരുന്നു. എന്നാൽ അതിലും ധൈര്യവും കരുത്തും വേണ്ട വഴിയാണ് ഈ കുടുംബം തിരഞ്ഞെടുത്തത്. തങ്ങളുടെ ആത്മാഭിമാനമെന്ന ഗോപുരത്തെ തച്ചുടച്ച് ആത്മവിശ്വാസത്തോടെ അവർ കൈനീട്ടുന്നത് അവർ വിശ്വസിക്കുന്ന, നന്മ വറ്റിയിട്ടില്ലാത്ത തന്റെ സഹജീവികളിലേക്കാണ് ഈ കുടുംബത്തിന്റെ ലൈഫ് സപ്പോർട്ട് ഞാനും നിങ്ങളുമാണ്.

MORE IN ORIKKAL ORIDATHU
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.