അതിജീവനത്തിന്റെ വേഷപ്പകർച്ചകൾ

story
SHARE

വർഷങ്ങൾക്കു മുമ്പ് പുതിയ ജോലി സ്ഥലത്തെ സഹപ്രവർത്തകൻ എന്ന നിലയിലാണ് ഡേവിഡിനെ ഞാൻ പരിചയപ്പെടുന്നത്. ഡേവിഡാണ് കൂടെ ജോലി ചെയ്യുന്ന മറ്റു പലരേയും എനിക്ക് പരിചയപ്പെടുത്തിയത്. ഡേവിഡ് പൊതുവേ എല്ലാവർക്കും പ്രിയങ്കരനാണെന്ന് ആദ്യ ദിവസം തന്നെ എനിക്ക് മനസ്സിലായി. ഏത് വിഷയം സംസാരിച്ചാലും ഡേവിഡിന് അതിനെക്കുറിച്ച് സരസമായ ഒരു വീക്ഷണം ഉണ്ടാവും.

പലരും തങ്ങളുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾ ഡേവിഡിനോട് പങ്കു വച്ച് അഭിപ്രായങ്ങൾ ആരായുന്നത് ഞാൻ ശ്രദ്ധിച്ചു. ഏതു കാർ ഏതു ഡീലറിന്റെയടുത്തു നിന്നു വാങ്ങണമെന്ന് തൊട്ട്, ഏതു കടകളിലാണ് ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കൾ മെച്ചമായ വിലയിൽ കിട്ടുന്നത് എന്നു വരെയുള്ള കാര്യങ്ങൾ‍ ഡേവിഡ് ഞങ്ങൾക്കു വേണ്ടി അന്വേഷിച്ചറിഞ്ഞു.

ഞങ്ങളുടെ കൂട്ടത്തിലെ തല മൂത്തയാൾ എന്ന നിലയിൽ ഉള്ള അനുഭവ സമ്പത്താണ് ഡേവിഡിന്റെ മുതൽക്കൂട്ട് എന്നു ഞാൻ മനസ്സിലാക്കി. നല്ല പെരുമാറ്റം, എല്ലാവരേയും സഹായിക്കാനുള്ള മനസ്സ് തുടങ്ങിയവയെല്ലാം ഡേവിഡിന്റെ വ്യക്തിത്വത്തിന്റെ തേജസ്സ് കൂട്ടി. ജോലിയിലെ വളരെ സമ്മർദ്ദമുള്ള ദിവസങ്ങളെ വരെ അയവുള്ളതാക്കാൻ ഡേവിഡിന്റെ സാന്നിദ്ധ്യം ഞങ്ങളെ സഹായിച്ചു. ഓരോ നിമിഷവും ആഘോഷമാക്കുന്ന രീതിയിലാണ് ഡേവിഡ് ജീവിതത്തെ ഉൾക്കൊണ്ടത്.

എല്ലാം ഭംഗിയായിട്ട് പോകുന്നതിനിടയിലാണ് പെട്ടെന്ന് വിളിച്ചു കൂട്ടിയ മീറ്റിംഗിൽ ഞങ്ങളുടെ കമ്പനിയിൽ നിന്ന് കുറച്ചു പേരെ പിരിച്ചു വിടുന്നു എന്ന അറിയിപ്പ് കിട്ടിയത്. മീറ്റിങ് കഴിഞ്ഞ് ചായക്ക് കൂടിയപ്പോൾ എല്ലാവരും അസ്വസ്ഥരായിരുന്നു. ഡേവിഡ് എല്ലാവരേയും ആശ്വസിപ്പിച്ചു.  ഹാർഡ് വെയർ വിഭാഗത്തിൽ നിന്നായിരിക്കും കൂടുതൽ സാധ്യത.

നമ്മളെ ബാധിക്കുമെന്ന് തോന്നുന്നില്ല. അതല്ലെങ്കിൽത്തന്നെ കൂടി വന്നാൽ ജോലി പോകും. അത്രേയല്ലേ ഉള്ളൂ. ഇവിടെ എത്രയധികം സോഫ്റ്റ് വെയർ കമ്പനികളുണ്ട്. ഒരു ജോലി കിട്ടാനാണോ പ്രയാസം ? ഡേവിഡ് തുടർന്നു. 

വിഷമിച്ചിട്ട് കാര്യമൊന്നുമില്ലാ, ഡേവിഡ് പറഞ്ഞതു പോലെ വരുന്നിടത്തു വച്ച് കാണാം. ഞാനും ആശ്വസിക്കാൻ ശ്രമിച്ചു. പിറ്റെ ദിവസം  ഉച്ചയ്ക്കു മുമ്പ് തന്നെ ഓരോ ഡിവിഷനിൽ നിന്നും പറഞ്ഞയച്ചവരുടെ പേരുകൾ അറിഞ്ഞു തുടങ്ങി. ആകെ മൊത്തം ഒരു മ്ലാനത. ഡേവിഡ് ഉച്ചയ്ക്കു ഞങ്ങളെ നിർബന്ധിച്ച് പുറത്ത് കഴിക്കാൻ കൊണ്ടുപോയി.

പക്ഷെ തിരിച്ചെത്തിയ ഞങ്ങളെ കാത്ത് മാനേജരുടെ ഇമെയിലുണ്ടായിരുന്നു. രണ്ട് മണിക്ക് ടീം മീറ്റിംഗ് ഉണ്ടത്രേ. മാനേജർ ക്ഷമാപണത്തോടെയാണ് തുടങ്ങിയത്. നമ്മുടെ ടീമിനെ ബാധിക്കില്ല എന്നാണു കരുതിയിരുന്നത്. പക്ഷെ ഡേവിഡ് ആണ് ആ ഹതഭാഗ്യൻ. ഒരു ഞെട്ടലോടെയാണ് ഞങ്ങൾ‍ അത് കേട്ടത്. അപ്പോഴാണ് ഡേവിഡ് ആ മീറ്റിംഗ് റൂമിൽ എത്തിയിട്ടില്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് തന്നെ. ഡേവിഡ് ഹ്യൂമൻ റിസോഴ്സ് മാനേജരുമായി മീറ്റിംഗിലാണ്. ബാക്കി കാര്യങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞ് ഡേവിഡിനോട് യാത്ര പറയാൻ നിങ്ങൾക്ക് അവസരമുണ്ടാക്കാം. മാനേജർ പറഞ്ഞു നിർത്തി. ഞങ്ങൾ‍ നിശ്ശബ്ദരായി ഞങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങി.

അരമണിക്കൂർ കഴിഞ്ഞപ്പോൾ ഡേവിഡ് സീറ്റിലെത്തി. സാധനങ്ങൾ ഓരോന്നായി ഒരു കാർട്ടിലേക്ക് വച്ചു തുടങ്ങി. അടുത്ത് മാനേജരുമുണ്ട്. പിരിച്ചു വിട്ട ആൾ കമ്പനിക്ക് ദോഷമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഒരു കാവൽ എന്ന പോലെ. ഡേവിഡ് യാന്ത്രികമായി എന്തൊക്കെയോ ചെയ്യുന്നു. ഒടുവിൽ കാർട്ടുമായി ഡേവിഡ് നടന്നു തുടങ്ങിയപ്പോൾ ഞങ്ങൾ ഒരുകൂട്ടം സുഹൃത്തുക്കൾ അടുത്തേക്ക് ചെന്നു. 

ഒന്നും പറയാൻ കൂട്ടാക്കാതെ കുനിഞ്ഞ മുഖത്തോടെ കൈ മെല്ലെ ഒന്നുയർത്തി വീശി ഡേവിഡ് കാർട്ടും ഉന്തി പുറത്തേക്ക് നടന്നു. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ അതു നോക്കി നിന്നു. അധികം വൈകാതെ ഞങ്ങൾ കാന്റീനിൽ എത്തി.  കമ്പനിയിലെ ഒട്ടുമിക്ക ആൾക്കാരും കാന്റീനിൽ പലയിടത്തായിട്ടുണ്ട്. ആർക്കും ജോലി ചെയ്യാൻ തോന്നാത്ത അവസ്ഥ. എല്ലാവർക്കും തന്നെ തങ്ങൾ രക്ഷപെട്ടല്ലോ എന്ന ആശ്വാസം. 

ഡേവിഡിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മൈക്കിൾ ഞങ്ങളെ ആശ്വസിപ്പിച്ചു. ഇങ്ങനെയൊരു അവസ്ഥ നേരിടാൻ കെൽപ്പുള്ള ഏക വ്യക്തി ഡേവിഡാണ്. എന്തിനേയും ചിരിയോടെ നേരിടുന്ന ഡേവിഡിന് ഒരു ജോലി കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടാവില്ല. പിന്നെ ഇത്രയും നാളത്തെ പ്രവൃത്തി പരിചയവുമുണ്ടെല്ലോ. ഇപ്പോൾ ഒരു ഷോക്കിലായിരിക്കും. നാളെ നമുക്കു വിളിച്ചിട്ട് ലഞ്ചിന് കൂടാം.

പക്ഷെ തുടർന്നുള്ള ദിവസങ്ങളിലെ മൈക്കിളിന്റെ ഫോൺ വിളികൾക്കൊന്നും ഉത്തരം ലഭിച്ചില്ല. ഞങ്ങൾ പലർ മാറിമാറി ഡേവിഡിനെ ഫോണിലും  ഇമെയിലിലുമൊക്കെയായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലമായി.ഡേവിഡിന് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടി വരുമെന്ന തിരിച്ചറിവിൽ ഞങ്ങൾ മനഃപൂർവ്വം പിൻവാങ്ങി. കുറച്ചു മാസങ്ങൾക്കു ശേഷമാണ് ഡേവിഡ് കടുത്ത ഡിപ്രഷനിൽക്കൂടി കടന്നു പോവുകയാണ് എന്ന് ഞങ്ങൾ അറിഞ്ഞത്. എല്ലാം ശരിയാവുമ്പോൾ ഡേവിഡ് തന്നെ ഞങ്ങളെ തേടി വരുമെന്ന് ഞങ്ങൾ സമാധാനിച്ചു. ജീവിതത്തിരക്കുകൾ ഞങ്ങളെ പല വഴികളിലൂടെ തിരിച്ചു വിട്ടു.

ഡേവിഡ് ഞങ്ങൾക്ക് പകർന്നു തന്ന പാഠം വ്യത്യസ്തമായിരുന്നു. ശക്തരെന്ന് നമ്മൾ കരുതുന്ന പലരും വേരുകൾ ആഴത്തിൽ പടരാത്ത വൃക്ഷങ്ങൾ പോലെയാണ്. ഏറെപ്പേർക്ക് തണലേകുമെങ്കിലും ശക്തമായ ഒരു കാറ്റിൽ നിലംപതിക്കാം. ചില വീഴ്ചകൾ നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല. അത് മനുഷ്യ സഹജമാണ്. എത്ര ഉയരത്തിൽ നിന്നാണ് വീഴുന്നത് എന്നതനുസരിച്ചാണ് അതുണ്ടാക്കുന്ന ആഘാതവും. പക്ഷെ ഇതെല്ലാം കൂടിയതാണ് ജീവിതം. അതു മനസ്സിലാക്കുമ്പോഴാണ് മെല്ലെ വടി കുത്തി പ്രിയപ്പെട്ടവരുടെ തോളിൽ പിടിച്ച് നമ്മൾ ജീവിതത്തിലേക്ക് നടന്നു തുടങ്ങുന്നത്. ഡേവിഡും അതേ പോലെ തന്നെ ചിരിക്കുന്ന മുഖത്തോടെ ജീവിതത്തിലേക്ക് നടന്നു കയറിയിട്ടുണ്ടാവും എന്നെനിക്കുറപ്പുണ്ട്.ജീവിതത്തിന്റെ അരങ്ങിൽ എന്തെല്ലാം വേഷപ്പകർച്ചകൾ ! ചമയങ്ങളഴിച്ചു കഴിയുമ്പോൾ കേവലം ദുർബ്ബലനായ മനുഷ്യൻ !

MORE IN ORIKKAL ORIDATHU
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.