ജീവിതത്തിലെ ഇന്നുകൾ

PTI9_11_2013_000031A
SHARE

സാമൂഹിക അകലം പാലിച്ച് ആഘോഷങ്ങൾ എല്ലാം വീടുകളിലേക്ക് ഒതുക്കി ഒരു ഓണക്കാലം കടന്നു പോയിരിക്കുന്നു. പത്തു ദിവസങ്ങൾ പൂക്കളത്തിന്റെ നിറക്കൂട്ടുകൾ കൊണ്ട് അലങ്കൃതമാക്കിയിരുന്ന സ്വീകരണമുറി ശോകമൂകമായിരിക്കുന്നു. ഓണത്തിന് മോടി കൂട്ടാനായി ഉപയോഗിച്ച ചിരാതുകളും മൺചട്ടിയും വിളക്കുകളുമെല്ലാം തൂത്ത് തുടച്ച് വൃത്തിയാക്കി അതതിന്റെ സ്ഥാനങ്ങളിലേയ്ക്കു തിരികെ വച്ചു. ഓണത്തിനണിഞ്ഞ കസവുവേഷങ്ങളെല്ലാം കഴുകി വൃത്തിയാക്കി അലമാരകളിലേയ്ക്കും. സദ്യയ്ക്കുണ്ടാക്കിയ വിഭവങ്ങളിൽ ബാക്കി വന്നതെടുത്തു ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതും കഴിഞ്ഞിരിക്കുന്നു. ഓണത്തിന്റെ തെളിവായി ബാക്കി ഉള്ളത് കുറച്ച് ഇഞ്ചിക്കറി മാത്രം. 

പത്തു ദിവസങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല. മനസ്സ് ആളും ആരവങ്ങളും ഒഴിഞ്ഞ ഉത്സവപ്പറമ്പുപോലെ. വല്ലാത്തൊരു ശൂന്യത. ഏത് വിശേഷ ദിവസങ്ങളും കഴിയുമ്പോൾ ഇതാണ് മനസ്സിന്റെ അവസ്ഥ. കുറച്ച് സമയം കൂടി ആയിടങ്ങളിൽ ചുറ്റിത്തിരിഞ്ഞു നിൽക്കും. ആശ്വാസത്തിനായി ഒരു വളമുറിയോ തോരണമോ കിട്ടിയാലോ.

മുറ്റത്തെ പൂക്കളൊക്കെ തീർന്നിരിക്കുന്നു. എവിടെ നിന്നോ ഒരു തണുത്ത  കാറ്റ് വീശിത്തുടങ്ങുന്നു ; ശരത്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് ! ജീവിതം ഒന്നിൽ നിന്ന് വേറൊന്നിലേക്ക്  ഋതുഭേദങ്ങളുടെ താളത്തിനനുസരിച്ച് നീങ്ങുന്നു. പ്രപഞ്ചത്തിന്റെ താളക്രമം അനുസരിച്ച് മുന്നോട്ടോടുക അത് തെറ്റിക്കാൻ ആർക്കാണ് സാധിക്കുക ?

യാന്ത്രികമായിപ്പോകുന്ന ജീവിതത്തിലെ ദിനങ്ങളെ വ്യത്യസ്തമാക്കാൻ അടുത്ത ആഘോഷത്തിന്റെ ചിന്തയിലാണ് മനസ്സ്. അങ്ങനെയൊരു സന്തോഷത്തിന് അടുത്തയൊരു ഉത്സവമോ ആഘോഷമോ വരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടോ ? ഓരോ ദിവസവും മനസ്സിൽ ഒരു നുറുങ്ങ് വെട്ടം നൽകുന്ന ചില കാര്യങ്ങൾ നമ്മുക്ക് വേണ്ടി മാത്രം ചെയ്യാൻ സാധിക്കില്ലേ ?

ഞാൻ ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ എന്നും വീട്ടിൽ നിന്ന് എന്തെങ്കിലും ഒരു കൗതുക വസ്തു സ്കൂളിലേയ്ക്കു കൊണ്ടുപോകാറുണ്ടായിരുന്നു. അതു കാണാൻ ക്ലാസ്സിലുള്ള കുട്ടികളൊക്കെ കൂടും. ഞാൻ അതെന്താണെന്നും എങ്ങിനെയാണത് കിട്ടിയതെന്നുമൊക്കെയുള്ള കഥ വിവരിക്കും. അത് എന്റേയും എന്റെ സുഹൃത്തുക്കളുടേയും സ്കൂൾ ദിനങ്ങളെ സന്തോഷഭരിതമാക്കി. ഞാനതിനെ സന്തോഷം എന്ന് വിളിച്ചു തുടങ്ങി. ഓരോ ദിവസവും കൊണ്ടു പോകേണ്ട സന്തോഷത്തെ ഞാൻ തലേ ദിവസം തന്നെ ബാഗിൽ എടുത്തു വെയ്ക്കും. പലപ്പോഴും അത് വീട്ടിലുള്ള ഒരു കൗതുക വസ്തുവോ, എന്റെയൊരു കളിപ്പാട്ടമോ ഒക്കെ ആയിരുന്നു. അമ്മച്ചി അതേ സ്കൂളിൽ തന്നെ അധ്യാപികയായതുകൊണ്ട് എന്റെ സന്തോഷം കൊണ്ടു പോകലിനെ ആരും വിലക്കിയില്ല. ഒരു ദിവസം എന്റെ സഹോദരൻ ഒരു  കലൈഡോസ്കോപ്പ് ഉണ്ടാക്കി തന്നു. അതിൽ വളപ്പൊട്ടുകൾ ഇട്ട് കുലുക്കിയതിനുശേഷം അകത്തേക്ക് നോക്കുമ്പോൾ കാണുന്ന വിസ്മയക്കാഴ്ചയുടെ അത്രയും അത്ഭുതം നൽകുന്ന മറ്റൊന്നും ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

ആ വർണ്ണക്കാഴ്ചകൾ എത്ര കണ്ടിട്ടും എന്റെ സുഹൃത്തുക്കൾക്കും മതിയായില്ല. ഏറ്റവും കൂടുതൽ ദിവസങ്ങൾ സന്തോഷം ആയി ഞാൻ സ്കൂളിൽ കൊണ്ടുപോയിട്ടുള്ളതും ആ കലൈഡോസ്കോപ്പ് തന്നെയാണ്.പലപ്പോഴും വളരെ ചെറിയ കാര്യങ്ങളാണ് മനസ്സിന് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്. എന്നും രാവിലെ നമുക്കു വേണ്ടി ഉദിക്കുന്ന സൂര്യന്റെ ഭംഗിയാസ്വദിക്കാൻ കുറച്ച് നിമിഷങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. മനസ്സിനേയും ശരീരത്തേയും  ഒരു പോലെ ഉന്മേഷഭരിതമാക്കുന്ന കാഴ്ചയാണത്. അത് പോലെ തന്നെയാണ് സൂര്യാസ്തമനവും. ഒരു ആപത്തും വിഷമവും ഇല്ലാതെ കഴിഞ്ഞു പോകുന്ന നമ്മുടെ ഒരു ദിവസത്തിന്റെ അടയാളമാണ് അസ്തമന സൂര്യൻ. പലപ്പോഴും  പ്രകൃതിയിലേക്ക് നോക്കിയാൽ നമ്മുടെ പല പ്രശ്നങ്ങൾക്കും ഉത്തരം  കണ്ടെത്താൻ കഴിയും.

നമ്മുടെ സന്തോഷങ്ങളുടെ താക്കോൽ നമ്മുടെ കൈയിൽ തന്നെയാണ്. ദിവസവും നമുക്ക് സന്തോഷം തരുന്ന ഒരു കാര്യമെങ്കിലും ചെയ്യാൻ ശ്രമിക്കുക. അതുപോലെ തന്നെ നമ്മുടെ കുടുംബത്തിലെ ഓരോരുത്തരേയും അവരുടെ സന്തോഷങ്ങൾ കണ്ടെത്താൻ സഹായിക്കുക.

ഓരോരുത്തരും സന്തോഷത്തോടെ ഇരിക്കുന്നത് ഒരു കുടുംബത്തിന്റെ മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും വീടിന്റെ മതിൽക്കെട്ടുകൾക്കുള്ളിലേയ്ക്കു നമ്മുടെ ജീവിതം ചുരുങ്ങിയിരിക്കുന്ന ഈ കോവിഡ് കാലഘട്ടത്തിൽ.

ഈ കൊടുങ്കാറ്റും കടന്നു പോകും എന്ന പ്രത്യാശ നമ്മുടെ പാദങ്ങൾക്ക് ശക്തി പകരട്ടെ. ജീവിതത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളിലാണ് കണ്ണഞ്ചിപ്പിക്കുന്ന ഒരിക്കലും കെടുത്തുവാനാവാത്ത ആത്മാവിലെ പ്രകാശത്തിന്റെ ശക്തി നമ്മൾ കണ്ടെത്തുക. അവ നമ്മുടെ ചിറകുകളെ ബലവത്താക്കട്ടെ.

ദലൈലാമയുടെ വാക്കുകളിൽ വർഷത്തിൽ രണ്ടു ദിവസങ്ങൾ മാത്രമേയുള്ളൂ നമ്മുക്ക് ഒന്നും ചെയ്യുവാൻ സാധിക്കാത്തതായി ; ഒന്ന് ഇന്നലെ, മറ്റൊന്ന് നാളെ ! ഇന്നാണ് നല്ല ദിവസം ; സ്നേഹിക്കുവാനും, വിശ്വസിക്കുവാനും, പ്രവർത്തിക്കുവാനും, എല്ലാറ്റിനുമുപരി ജീവിക്കുവാനും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.