വാട്ട്സാപ്പ് ലോകത്തിലെ ശരിതെറ്റുകൾ

whatsapp
SHARE

ജീവിതത്തിൽ പാലിക്കേണ്ട പല ആചാര മര്യാദകളും നമ്മൾ പഠിക്കുന്നത് മുതിർന്നവരിൽ നിന്നും അധ്യാപകരിൽ നിന്നുമൊക്കെയാണ്. ഇന്നു നമ്മൾ ഏറെ സമയം ചിലവഴിക്കുന്ന ഒരിടമാണ് സമൂഹമാധ്യമങ്ങൾ. താരതമ്യേന  വളരെ പുതുതായ ഈ ലോകത്ത് പാലിക്കേണ്ട മര്യാദകളേക്കുറിച്ചോ ഇടപടേണ്ട രീതികളെക്കുറിച്ചോ പറഞ്ഞു തരാൻ നമുക്കാരുമില്ല. ഉപയോഗത്തിലൂടെയാണ് നമ്മൾ ശരി തെറ്റുകൾ മനസ്സിലാക്കുന്നത്.

നമ്മളിൽ പലരും ഒന്നിലേറെ സമൂഹമാധ്യമങ്ങളിൽ അംഗങ്ങളാണ്. ഇവയോരോന്നും ഓരോ വിധത്തിൽ നമുക്ക്  പ്രിയപ്പെട്ടവയുമാണ്. സൗഹൃദങ്ങൾ പങ്കിടാനും, പഠനാവശ്യങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കുമൊക്കെ ഈ നവമാധ്യമങ്ങൾ നമ്മെ സഹായിക്കുന്നു. ഇവയൊക്കെ ഉപയോഗിക്കുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില രീതികളും മര്യാദക്രമങ്ങളും ഉണ്ട്. 

ആദ്യമായി മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയ വാട്ട്സാപ്പ് ലോകത്തേക്ക് നമുക്ക് കടന്നു ചെല്ലാം. വാട്ട്സാപ്പ് ഉപയോഗിക്കുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട നല്ല ശീലങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

1. മുഖവുര

ചില ദിവസങ്ങൾ വാട്ട്സാപ്പ് തുറക്കുമ്പോൾ ഒരു പരിചയവുമില്ലാത്ത ഒരു നമ്പറിൽ നിന്നും കുറെ മെസേജുകൾ വന്നു കിടക്കുന്നത് കാണാം. മെസേജുകൾ വായിച്ചാലും അയച്ചത് ആരാണെന്ന് മനസ്സിലാവില്ല. ഒരു ക്ഷമാപണത്തോടെ ചോദിച്ച് ആളെ കണ്ടേത്തേണ്ടി വരും. ചിലർ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ നിന്ന് നമ്പറെടുത്ത് ബന്ധപ്പെടാൻ ശ്രമിക്കുന്നതായിരിക്കും. മറ്റു ചിലർ ങാഹാ, എന്റെ നമ്പർ ഒന്നും കോണ്ട്ക്ട്സിൽ ഇല്ലല്ലോ എന്ന പരിഭവരൂപത്തിലായിരിക്കും പ്രതികരിക്കുക.

വാട്ട്സാപ്പിൽ  ആദ്യമായി മെസേജ് അയക്കുമ്പോൾ, സ്വയം പരിചയപ്പെടുത്തുക. പിന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്നതിന്റെ കാരണം വ്യക്തമാക്കുക.

2. പ്രതിപക്ഷബഹുമാനം

പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ്. മെസേജ് കണ്ടിട്ടുണ്ട്, രണ്ട് റ്റിക് ഉണ്ടല്ലോ ? മനഃപൂർവ്വം മറുപടി നൽകാത്തതാണ്. വാട്ട്സാപ്പിൽ മെസേജിൽ വരുന്ന ഒരു റ്റിക് മെസേജ് അയച്ചതിനേയും ചാര നിറത്തിലുള്ള രണ്ട് റ്റിക്കുകൾ മെസേജ് കിട്ടിയതിനേയും , രണ്ട് നീല റ്റിക്കുകൾ മെസേജ് വായിച്ചു എന്നതിനേയും സൂപിപ്പിക്കുന്നു. എന്നാൽ ഈ അറിവുകളൊന്നും നമ്മൾ സന്ദേശം അയച്ച ആളിനെതിരെ പ്രയോഗിക്കാനുള്ളതല്ല.

മെസേജ് ലഭിച്ചയാൾ എന്തെങ്കിലും തിരക്കിലാവാം. മെസേജ് തുറന്നു എങ്കിലും വായിച്ചു കാണില്ല. ചിലപ്പോൾ  വിശ്രമിക്കുകയാവാം. മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കുക. മറുപടിക്കായി ക്ഷമയോടെ കാത്തിരിക്കുക.

3. ചങ്ങല സന്ദേശങ്ങൾ

താഴെക്കാണുന്ന മെസേജ് പത്തു പേർക്ക് അയക്കുക. അയച്ച് രണ്ടു ദിവസത്തിനകം  നിങ്ങളുടെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കും. ഇങ്ങനെയുള്ള മെസേജുകൾ നിങ്ങൾക്കൊക്കെ ലഭിച്ചിട്ടുണ്ടാകും. ഈ മെസേജുകൾ വെറും തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ വിവേകത്തോടെ ചിന്തിക്കുന്ന ഒരു വ്യക്തിക്ക് സാധിക്കും. എങ്കിലും എത്രയോ പേർ ഇതിനിരയാവുന്നു. പണ്ട് കത്തുകളിലൂടെ പണത്തട്ടിപ്പ് നടത്തുന്ന മാഫിയകൾ ഉണ്ടായിരുന്നു. പിന്നെ അത് ഇമെയിലുകളിലൂടെയായി. ഇപ്പോൾ വാട്ട്സാപ്പിലും ! ചങ്ങല  സന്ദേശങ്ങളുടെ ഭാഗമാവാതിരിക്കുക. ഇതയയ്ക്കുന്നവരോട് എനിക്കിതിൽ താല്പര്യമില്ല എന്ന് തുറന്ന് പറയുക.

4. ഗ്രൂപ്പുകൾ.

ചില ദിവസങ്ങളിൽ നാമറിയാതെ തന്നെ ചില പുതിയ ഗ്രൂപ്പുകളുടെ ഭാഗമാകും. ആരോ തുടങ്ങി, ആരൊക്കെയോ ഉള്ള എന്തിനെന്നറിയാത്ത ഗ്രൂപ്പുകൾ. താല്പര്യമില്ലെന്നറിയിച്ച് ഗ്രൂപ്പ് വിട്ടാൽ  പലരുടേയും  ഇഷ്ടക്കേട് സമ്പാദിക്കേണ്ടിവരുമെന്ന് കരുതി പലരും അതിന് മടിക്കും.

നിങ്ങൾ തുടങ്ങുന്ന ഒരു പുതിയ ഗ്രൂപ്പിൽ ആരെയെങ്കിലും ചേർക്കുന്നതിന് മുമ്പ് അവർക്ക് ഒരു മെസേജ് അയച്ച് ഗ്രൂപ്പിന്റെ ഉദ്ദേശ്യത്തേക്കുറിച്ച് വിവരിക്കുക. അവർക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം ഗ്രൂപ്പിൽ ചേർക്കുക. അനുവാദം ഇല്ലാതെ ചേർക്കപ്പെട്ട ഗ്രൂപ്പിൽ നിന്നും ഒരു മെസേജ് അയച്ച് കാരണം വ്യക്തമാക്കി പുറത്തു വരാവുന്നതാണ്. വാട്ട്സാപ്പിന്റെ പുതിയ പതിപ്പിൽ ആർക്കൊക്കെ ഗ്രൂപ്പിൽ ചേർക്കാൻ പറ്റും എന്ന് നമ്മുക്ക് തീരുമാനിക്കാൻ പറ്റുന്ന വിധത്തിൽ പ്രൈവസി സെറ്റിംഗ്സ് മാറ്റാവുന്നതാണ്.

5. ഫോർവേർഡുകൾ

വാട്ട്സാപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും പരിചിതമായ വാക്കാണിത്. പല ഗ്രൂപ്പുകളും ഫോർവേർഡുകൾ കൊണ്ട് നിറഞ്ഞു കവിയുകയാണ്. അതിനിടയിൽ വേണ്ടപ്പെട്ട പല സന്ദേശങ്ങളും മുങ്ങിത്തപ്പിയെടുക്കേണ്ടി വരുന്നു. പല ഗ്രൂപ്പുകളിൽ നിന്നും ആളുകൾ വിട്ടുപോകുന്നതിനും ഫോർവേർഡുകൾ കാരണമാവുന്നു.

കിട്ടുന്ന ഫോർവേർഡുകൾ മുഴുവനായി വായിക്കാനോ, കേൾക്കാനോ മെനക്കെടാതെ, അടുത്ത ഗ്രൂപ്പുകളിലേക്ക് അയച്ച് സംതൃപ്തിയടയുന്ന വ്യക്തികളെ നിങ്ങൾക്ക് പരിചയമുണ്ടാവും. ചില ഗ്രൂപ്പുകളിൽ ഫോർവേഡുകളെ ചുറ്റിപ്പറ്റിയാവും കൂലംകഷമായ ചർച്ചകൾ. പലപ്പോഴും അതിന്റെ ഉറവിടമോ ആധികാരിതയോ ഒന്നും പലരും അന്വേഷിക്കാറുപോലുമില്ല.

മാനസികോല്ലാസത്തിനുപകരിക്കുന്നതല്ലാത്ത ഫോർവേർഡുകൾ ഒഴിവാക്കുക. മറ്റുള്ളവയുടെ ആധികാരികയെ ചോദ്യം ചെയ്യുക.

6. വാട്ട്സാപ്പ് സർവ്വകലാശാല അഭ്യസ്തവിദ്യർ

വാട്ട്സാപ്പ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് എടുത്ത അനേകം വ്യക്തികളെ ദൈനംദിന ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കും. പല വിഷയങ്ങളിൽ വാട്ട്സാപ്പിൽ നിന്ന് നേടിയ തെറ്റായ അറിവുകൾ അവർ തൊണ്ട തൊടാതെ വിഴുങ്ങുക മാത്രമല്ല, മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. പാചക രംഗത്തെ നിരുപദ്രവകരമായ അറിവുകൾ പങ്കു  വെയ്ക്കുന്നതു പോലെയല്ല, വൈദ്യരംഗത്തെ തെറ്റായ കാര്യങ്ങൾ മറ്റൊരാൾക്ക് പറഞ്ഞ് കൊടുക്കുന്നത്. വലിയ വിപത്തുകൾക്ക് അത് നിദാനമാകാം. ഏതു കാര്യവും ആ മേഖലയിൽ വൈദഗ്ധ്യം നേടിയവരിൽ നിന്നും അറിയുക. വാട്ട്സാപ്പിൽ പ്രചരിക്കുന്ന പല കാര്യങ്ങളും ആധികാരികമല്ലെന്ന് മനസ്സിലാക്കുക.

7. സമയാവബോധം

കഴിവതും രാത്രി ഒമ്പതു മണിക്ക് ശേഷവും, രാവിലെ ഒമ്പതു മണിക്കു മുമ്പും വിളിച്ചോ സന്ദേശമയച്ചോ ആൾക്കാരെ ശല്യപ്പെടുത്താതിരിക്കുക.  പലരും ഫോൺ ഓഫ് ചെയ്തിട്ടോ, റിംഗർ ശബ്ദം കുറച്ചിട്ടോ ആയിരിക്കില്ല ഉറങ്ങുന്നത്. പ്രത്യേകിച്ച് പ്രായമായവർ. അത്യാവശ്യമല്ലെങ്കിൽ അസമയത്തുള്ള വിളികൾ ഒഴിവാക്കുക. മറ്റു രാജ്യങ്ങളിൽ ഉള്ളവരെ വിളിക്കുന്നതിന് മുമ്പ് ആ രാജ്യത്തെ സമയമേഖലയെക്കുറിച്ച് മനസ്സിലാക്കുക.

8. വീഡിയോ കോൾ

നമുക്ക് പരിചയമില്ലാത്ത ആൾക്കാരെ ആദ്യമായി വാട്ട്സാപ്പിൽ വിളിക്കുമ്പോൾ വീഡിയോ കോൾ ഒഴിവാക്കുക.  പരിചയമുള്ള ആളുകളേപ്പോലും വിളിക്കുമ്പോൾ ഓഡിയോ കോളിൻ വിളിച്ചിട്ട്, അവരുടെ അനുവാദത്തോടെ വീഡിയോയിലേക്ക് മാറുന്നതാണ് അഭികാമ്യം. വിളിക്കുന്നയാളുടെ സ്വകാര്യതയെ മാനിക്കുക.

9. വിഷയങ്ങൾ

സദുദ്ദേശത്തോടെ തുടങ്ങുന്ന പല ഗ്രൂപ്പുകളും തല്ലിപ്പിരിയുന്നതിനോ, ഗ്രൂപ്പുകളിൽ നിന്ന് ആളുകൾ പൊഴിയുന്നതിനോ കാരണമാകുന്നത് അവിടെ ചർച്ചയ്ക്കു കാരണമാകുന്ന വിഷയങ്ങളാണ്. പിന്നെ അനുചിതമായ ചില ഫോർവേർഡുകളും ഒരു ഗ്രൂപ്പിലെ അംഗങ്ങൾക്കെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ ആവണം പങ്കു വയ്ക്കേണ്ടതും ചർച്ച ചെയ്യേണ്ടതും. തീർച്ചയായും മതവും രാഷ്ട്രീയവും വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച  ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന് ഇതിനോടകം നമുക്കെല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും. നമ്മുടെ ശരികൾ മാത്രം അടിച്ചേൽപ്പിക്കേണ്ട ഒരിടമല്ല വാട്ട്സാപ്പ് ഗ്രൂപ്പുകൾ. കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ, പങ്കു വയ്ക്കപ്പെടുന്ന ഫോർവേർഡുകളുടെ ഉള്ളടക്കം  തുടങ്ങിയവ ഗ്രൂപ്പിലെ എല്ലാവർക്കും സ്വീകാര്യമല്ലെങ്കിൽ വേണ്ട നടപടിയെടുക്കാൻ ഗ്രൂപ്പ് അഡ്മിൻ തയ്യാറാവണം.

10. വാട്ട്സാപ്പ് കെണികൾ

പ്രായഭേദമെന്യേ എല്ലാവരും മനസ്സിലാക്കേണ്ട ഒന്നാണ് അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

മാതാപിതാക്കൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നല്ലതാണ്. പരിചയമില്ലാത്ത ആളുകളുമായി സൗഹൃദ സംഭാഷണങ്ങളിൽ തുടങ്ങി പിന്നെയത് വലിയ കെണികളായി മാറിയ പല സംഭവങ്ങളും നമ്മൾ കേൾക്കുന്നുണ്ട്.

സ്കൂൾ തലത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ചുള്ള ബോധവൽക്കരണം ആവശ്യമാണ്.

വാട്ട്സാപ്പിൽക്കൂടി ആവശ്യത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക. നിങ്ങളെ അസ്വസ്ഥമാക്കുന്ന മെസേജുകളും ഭീഷണികളുമൊക്കെ എത്രയും വേഗം മുതിർന്നവരെ അറിയിക്കു. അതൊക്കെ ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കുക.

കാതും കണ്ണും തുറന്നിരിക്കുക.

വളരെ വിശാലമായ ഈ വിഷയത്തേക്കുറിച്ചുള്ള ചിന്തകൾ

ഇവിടം കൊണ്ടവസാനിക്കുന്നില്ല. 

തുടരും….

MORE IN ORIKKAL ORIDATHU
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.