sections
MORE

ഓസ്റ്റിനിലെ ബോർഹെസ്

old-man-walking-alone
SHARE

ജോബ് ഫെയർ നടക്കുന്ന ഹാളിൽ എന്റെ സഹപ്രവൃത്തകർ എല്ലാം സജ്ജീകരിച്ചിരുന്നു. ചുറ്റും മറ്റ് കമ്പനികളിൽ നിന്നുളള ആളുകളും അവരുടെ ഉത്പന്നങ്ങളും. കംപ്യൂട്ടറുകളും, ഡെമോ യൂണിറ്റുകളും, പോസ്റ്ററുകളും, കോമ്പ്ലിമെന്ററി ഗിഫ്റ്റ് കാർഡുകളും ഒക്കെ തയാറാക്കി വച്ച് ഭാവിയിലെ ജീവനക്കാർക്കു വേണ്ടി പരവതാനി വിരിച്ച് ഞങ്ങൾ എല്ലാവരും കാത്തു നിന്നു. 

ഓസ്റ്റിനിലെ ഈ യൂണിവേഴ്സിറ്റിയിൽ കമ്പനി വക വൊളന്റിയറിങ്ങിനു വന്നതാണ്. ഒരു സഹപ്രവർത്തകന്റെ നിർബന്ധത്തിനു വഴങ്ങി കുറേ നാൾ മുൻപ് പേരു കൊടുത്തത്. ജോലിയുടെ പതിവുകളിൽ നിന്ന് ഒരു വിടുതൽ ആവട്ടെ എന്നും കരുതി. ആദ്യത്തെ മണിക്കൂറിൽ അധികവും അതേ ക്യാംപസിൽ നിന്നുളള വിദ്യർഥികളായിരുന്നു. ഏതെങ്കിലും കംപ്യൂട്ടർ സയൻസ് പ്രൊഫസർമാരുടെ നിർബന്ധത്തിനു വഴങ്ങി പെട്ടെന്ന് തട്ടിക്കൂട്ടിയ ബയോഡാറ്റയുമായി വന്നവർ. 

മിക്കവരുടേയും മുഖങ്ങളിൽ എത്രയും പെട്ടെന്ന് ഈ ചടങ്ങ് കഴിച്ചിട്ട് ദിവസത്തിലെ മറ്റ് ആവേശകരമായ കാര്യങ്ങളിലേക്ക് കടക്കാനുളള തിടുക്കം. എങ്കിലും അവർ നല്ല പൌരന്മാരെ പോലെ പുതിയ ടെക്നോളജിയെക്കുറിച്ചും, കോമ്പറ്റീഷനെക്കുറിച്ചും കരിയറിനെക്കുറിച്ചും  സൗമ്യമായി ആരാഞ്ഞു. തങ്ങളുടെ ഫോണുകളിലും നോട്ട്പാഡുകളിലും കുറിപ്പെടുത്തു. രണ്ട് ഇന്ത്യൻ വിദ്യാർഥികൾ എന്നെ മാറ്റി നിർത്തി മുഖവുരയുല്ലാതെ അന്വേഷിച്ചു: 

“ആർ യു ഹാപ്പി വിത് യുവർ ജോബ് ഇൻ ദിസ് കമ്പനി?”

ചെയ്യുന്ന ജോലിയിൽ പൂർണ സംതൃപ്തിയുളള ആരെങ്കിലുമുണ്ടോ? എനിക്കറിയില്ല 

കരിയർ വളർച്ച? പണവും ജോലിഭാരവും തമ്മിലുളള അനുപാതം? എത്ര വർഷം കൂടുമ്പോൾ ജോലി മാറണം?

അവരുടെ ചോദ്യങ്ങൾ നീണ്ടു പോയി... 

ബ്രെയ്കിനു ശേഷം വന്നവരിൽ പലരും പല തരക്കാരായിരുന്നു. റിട്ടയർമെന്റിനു ശേഷം വീണ്ടു വിചാരം ഉണ്ടായി ജോലി തേടുന്നവർ. ജോലി നഷ്ടപ്പെട്ട ഭാഗ്യഹീനർ. വീട്ടമ്മമാർ...വർക്ക് പെർമിറ്റ് ഇല്ലാത്തവർ...ശമ്പളം വേണ്ടാത്തവർ...

ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോഴേക്ക് സംസാരിച്ച് സംസാരിച്ച് ഞങ്ങളുടെ തൊണ്ട വറ്റിയിരുന്നു. ലഞ്ചിനു ശേഷം ഇതു തുടരുന്നതിനെക്കുറിച്ച് ആലോചിച്ചു തന്നെ പലരും തളർന്നു. വൈകുന്നേരമാണെങ്കിൽ പൊതുവെ തിരക്കു കൂടുന്ന സമയവുമാണ്. ഉച്ച ഭക്ഷണത്തിന്റെ ഹാളിൽ നീണ്ട ക്യൂ. ഒരു സാൻ‌ഡ്‌വിച്ച് കഴിച്ചെന്നു വരുത്തി പുറത്തേക്കിറങ്ങി. ക്യാംപസിൽ തിളക്കുന്ന ടെക്സസ് വെയിൽ. മാപ് വച്ച ബോർഡിനു സമീപം ചെന്ന് വഴി മനസ്സിലാക്കി ഇടത്തേക്ക് നടന്നു. മനോഹരവും വിശാലവുമായ കാമ്പസ്. 1930-കളിൽ പണിത കെടിടങ്ങൾ, കുട്ടികളുടെ താമസ്ഥലങ്ങൾ. പല തരം വിഷയങ്ങളുടെ ഡിപാർട്ട്മെന്റുകൾ. 

സത്യത്തിൽ ഓസ്റ്റിനിലെ ഈ യൂണിവേർസിറ്റി വരെ ഡ്രൈവ് ചെയ്ത് വന്നതിനു പിന്നിൽ ഒരു സ്വകാര്യ താൽപര്യം കൂടിയുണ്ടായിരുന്നു. 1961-ൽ ബോർഹെസ് ഇവിടെ വിസിറ്റിംഗ് പ്രൊഫസർ ആയി കുറച്ചു നാൾ ജോലി നോക്കിയിരുന്നു. പല വർഷങ്ങളിലായി മൂന്നു നാലു തവണ വീണ്ടും സന്ദർശിച്ചിട്ടുണ്ട്. ബോർഹെസിന്റെ സാന്നിധ്യം അറിഞ്ഞ ഈ കാമ്പസിൽ അദ്ദേഹത്തിന്റെ കയൊപ്പുകൾ എന്തെങ്കിലും കണ്ടെങ്കിലോ എന്ന സാഹിത്യ കൗതുകം. മിഗുൽ എൻ‌ഗ്വിഡാനോസ് എന്ന പ്രൊഫസർ ആ നാളുകളിലാണ് ബോർഹെസിനെ ഡ്രീം ടൈഗേർസ് എന്ന പുസ്തകം തയ്യാറാക്കാൻ സ്നേഹപൂർവ്വം നിർബന്ധിച്ചത്. ആമുഖത്തിൽ മിഗുൽ എഴുതുന്നുണ്ട്:

“ബോർഹസ് ധാരാളം യാത്ര ചെയ്തിരുന്നു. ചിലപ്പോഴൊക്കെ സാമ്പ്രദായിക യാത്രാമാർഗങ്ങൾ ഉപയോഗിച്ചും മറ്റ് പലപ്പോഴും തന്റെ ഭാവനയിലൂടെയും.” 

അന്ധത ബാധിച്ചു തുടങ്ങിയ ബോർഹെസിനെ സംബന്ധിച്ചിടത്തോളം എത്ര ശരിയായിരുന്നിരിക്കണം ആ നിരീക്ഷണം!

  വിശാലമായ കാമ്പസിൽ ജീവിതത്തെക്കുറിച്ചുളള സ്വപ്നങ്ങളും നിറച്ചു കൊണ്ട് ചുറ്റിത്തിരിയുന്ന കുട്ടികളെ കാണാം. ഇയർ ഫോൺ വെച്ചു നടക്കുന്ന ഒരു പയ്യനോട് രസത്തിന് ചോദിച്ചു. 

“അർജന്റീനിയൻ എഴുത്തുകാരൻ ബോർഹെസിന്റെ പേരുളള ബിൽഡിംഗ് എവിടെയാണെന്ന് അറിയാമോ?!”

“ബോർഹെസ്?” 

“ഹോർഹെ ബൊർഹെസ്? അർജന്റീനിയൻ റൈറ്റർ!. ‘നോ മാൻ. ഡസിന്റ് റിംഗ് എ ബെൽ.”

 വർഷങ്ങൾക്ക് മുൻപ് വിസിറ്റിംഗ് പ്രഫസറായി വന്നിരുന്ന എഴുത്തുകാരന്റെ പേരിലുളള കെട്ടിടം അന്വേഷിച്ച് വന്ന എന്നെ പറഞ്ഞാൽ മതി. ബോർഹെസിന്റെ സന്ദർനത്തിന്റെ അൻപതാം വാർഷികത്തിൽ ഈ കാമ്പസ് സന്ദർശിച്ച് ആരോ എഴുതിയ കുറിപ്പ് വായിച്ചിരുന്നു. forgotten but not gone അതു കൊണ്ട് കുഴിച്ചു നോക്കേണ്ടി വരുമായിരിക്കും. 

ബാറ്റ്സ് ഹാൾ രണ്ടു നിലയുളള ഒരു കെട്ടിടമായിരുന്നു. പുറത്ത് ഒരു കൂറ്റൻ ഓക്ക് മരം കെട്ടിടത്തിനോളം ഉയരത്തിൽ. മുകളിൽ ഒരു നീളൻ ബാൽക്കണിയുണ്ട്. അവിടെ നിന്നാൽ കാമ്പസിന്റെ ദൂരക്കാഴ്ച്ച കിട്ടും. 1960-ൽ ബോർഹെസ് വന്നപ്പോൾ അത് സ്പാനിഷ്, പോർച്ചുഗീസ് ഭാഷകൾക്കുളള വിഭാഗമായിരുന്നു. ഞാൻ ബാറ്റ്സ് ഹാളിന്റെ ഇടനാഴികളിലൂടെ നടന്നു. ബോർഹെസ് ആദ്യ സന്ദർശനത്തിൽ അർജന്റീനൻ കവിതയായിരുന്നു പഠിപ്പിച്ചിരുന്നത്. 

വിറ്റ്മാനെക്കുറിച്ചും മറ്റ് കവികളെക്കുറിച്ചും ഉളള പ്രഭാഷണങ്ങളും. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് പഠനങ്ങളും തീസിസുകളും എഴുതനായി വിദഗ്ദർ വട്ടം കൂടിയിരുന്നു എപ്പോഴും. “ബോർഹെസ് ആഗതനായി ഒരാഴ്ച്ചക്കകം ബോർഹസിനെ കുറിച്ചും, ബോർഹെസുമായും, ബോർഹെസിനു വേണ്ടിയും, ബോർഹെസ് കാരണവും ബാറ്റ്സ് ഹാളിന്റെ ഇടനാഴികളിൽ സംസാരമുണ്ടായി”- ഡ്രീം ടഗേർസിന്റെ മുഖവുരയിൽ പ്രൊഫസർ മിഗുൽ എഴുതി. 

എതിരെ വന്ന വിദ്യാർഥി അല്ല എന്നു തോന്നിച്ച പ്രായം ചെന്ന മനുഷ്യനോട് ഞാൻ അന്വേഷിച്ചു: 

“ഇത് സ്പാനിഷ് ഡിപ്പാർട്ട്മെന്റല്ലേ?”

“ആയിരുന്നു. ഇപ്പോഴല്ല. ഇപ്പോൾ ഇത് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പർട്ട്മെന്റാണ്.”

ഞാൻ അയാൾക്ക് നന്ദി പറഞ്ഞു കൊണ്ട്  മുകളിലത്തെ നിലയിലേക്കു കയറി. അവിടെ ബാൽക്കണിയിൽ പിടിച്ച് കാം‌പസിലെ കാഴ്ച്ചകൾ കണ്ട് കുറച്ചു നേരം നിന്നു. ലോകം കണ്ട വലിയ എഴുത്തുകാരിൽ ഒരാൾ ഈ ഇടനാഴിയികളിലൂടെ നടന്നിരുന്നു എന്നത് എന്നെ ആനന്ദിപ്പിച്ചു. 

1962-ൽ തിരിച്ചു പോയതിനു ശേഷം ’75-ൽ ബോർഹെസ് വീണ്ടും ഈ കാം‌പസിൽ വരുന്നുണ്ട്. ഡോൺ കീഹോട്ടിയെക്കുറിച്ചുളള ഒരു പ്രഭാഷണത്തിന് ‘കാഴ്ച്ച മങ്ങിത്തുടങ്ങിയ, നന്നായി വേഷം ധരിച്ച, ഗ്രെയ്സ്‌ഫുൾ ആയ ബോർഹെസ് സ്റ്റേജിലെത്തിയപ്പോൾ പതിനഞ്ചു മിനിട്ട് നീണ്ട കരഘോഷം ഉണ്ടായിരുന്നു എന്നാണ് ആ പ്രഭാഷണത്തിനു സാക്ഷ്യം വഹിച്ച ജേണലിസ്റ്റ് റിപ്പോർട്ട് ചെയ്തത്. അതു പോലെ ബോർഹെസിന്റെ ക്ലാസിൽ എൻ‌റോൾ ചെയ്തവരേക്കാൾ എത്രയോ ആളുകൾ, അദ്ദേഹത്തിന്റെ ആരാധകർ, ആ ക്ലാസുകൾ കേൾക്കാൻ വന്നു ചേർന്നിരുന്നു എന്നും. 

എങ്ങിനെയാണ് അത്രയൊന്നും ജനപ്രിയനല്ലാത്ത, നൊബേൽ സമ്മാനം ലഭിച്ചിട്ടില്ലാത്ത, ലക്ഷണമൊത്ത നോവൽ എഴുതിയിട്ടില്ലാത്ത, എല്ലാ സാഹിത്യ രൂപങ്ങളേയും വെല്ലുവിളിക്കുന്ന കടങ്കഥകളുടേയും, രാവണൻ കോട്ടകളുടേയും, സങ്കീർണ ലോകം സൃഷ്ടിച്ച ഈ എഴുത്തുകാരൻ ഇവിടുത്തുകാർക്ക് ഇത്ര പ്രിയങ്കരനായത്? 

വിറ്റ്മാൻ എന്ന വിദ്യാർഥിയെക്കുറിച്ചുളള സംഭവ കഥയുണ്ട്. ബോർഹസിന്റെ സന്ദർശനങ്ങൾക്കിടയിലെ ഇടവേളയിലായിരുന്നു സംഭവം. പതിനാലു പേർ ക്യാംപസിൽ വച്ച് വിറ്റ്മാന്റെ തോക്കിനിരയായി. അയാളെ ഒടുവിൽ പൊലീസ് വെടിവച്ചു കൊല്ലുകയും ചെയ്തു. ആ സംഭവം നേരിട്ടു കണ്ട മറ്റൊരു വിദ്യാർഥിക്ക് അത് ഒരു ബോർഹെസ് കഥ പോലെയാണ് തോന്നിയത്. അയഥാർഥവും സ്വപ്നതുല്യവുമായ ഒന്ന്. ‘Zahir’. Aleph’ എന്നീ കഥകളെ ഓർമ്മിപ്പിക്കുന്ന വിധം ബോർഹെസിയൻ രൂപകങ്ങളുടെ ധാരാളിത്തം. അടുത്ത തവണത്തെ സന്ദർശനത്തിനെത്തിയ ബോർഹെസ് ആ സംഭവം നടന്ന സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടു. ‘എന്തിനാണ് തോക്കുധാരിയായ വിദ്യാർഥിയെ കൊന്നത്?’ എന്നായിരുന്നു ബോർഹെസിന്റെ ചോദ്യം. അയാൾ ‘മറ്റു കുട്ടികളെ കൊല്ലുകയായിരുന്നെന്ന് മറുപടി കേട്ടപ്പോൾ ബൊർഹെസ് കുറെ നേരം നിശബ്ദനായി. 

മറ്റൊരവസരത്തിൽ സാഹിത്യം രാഷ്ട്രീയ നീതിക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ പരിഹസിച്ച ബോർഹെസിനോട് ‘but people are dying!’ എന്ന് ഒരു വിദ്യർഥി സദസ്സിൽ നിന്ന് വിളിച്ചു പറയുന്നുണ്ട്. ‘I am dying too’ എന്നായിരുന്നു ബോർഹെസിന്റെ മറുപടി. [Forgotten but not gone – Eric Bensen] ഫാസിസ്റ്റ് വിരുദ്ധ നിലപാട് എടുത്തിരുന്നുവെങ്കിലും ബോഹെസ് ഒരിക്കലും വിപ്ലവാനുകൂലിയായിരുന്നില്ല. പതാകകൾ ഇല്ലാത്ത വിപ്ലവത്തിൽ ആണു താൻ വിശ്വസിക്കുന്നതെന്നായിരുന്നു നിലപാട്.  

ഞാൻ പാർ‌ലിൻ ഹാളിലേക്ക് നടന്നു. ബോർഹ്സിന്റെ ‘ദ ബ്രൈബ്’ എന്ന കഥയുടെ പശ്ചാത്തലം. പൊങ്ങച്ചക്കാരായ രണ്ട് യൂണിവേർസിറ്റി പ്രൊഫസർമാരുടെ കഥയാണ്. ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ അവർ അതിനെക്കുറിച്ച് തീരുമാനമെടുക്കാൻ ചുമതലപ്പെട്ടയാളെ വശത്താക്കാൻ ശ്രമിക്കുന്നതിന്റെ ഹാസ്യഖ്യാനമാണ്. ഒപ്പം ബോർഹെസിയിൽ രീതിയിലുളള ചരിത്രം, ഭാഷ തുടങ്ങിയവയെക്കുറിച്ചുളള നിരീക്ഷണങ്ങളും. ഈ പ്രപഞ്ചത്തിനും അക്കഡമിക് കോൻഫറൻസുകൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്നയാൾ എന്ന മട്ടിലാണ് ഒരു പ്രൊഫസറെ കുറിച്ച് പറയുന്നത്. ഇത്രയധികം ആദരവോടെ തന്നെ സ്വീകരിച്ചിരുത്തിയ ഓസ്റ്റിൻ യൂണിവെർസിറ്റിയിലെ ചിലർക്കെങ്കിലും ഇ കഥ വായിച്ച് ബോർഹെസിനോട് നീരസം തോന്നിയെങ്കിൽ അത്ഭുതപ്പെടാനില്ല. 

ഈ സ്ഥലത്തെക്കുറിച്ച് ബോർഹെസ് എഴുതിയല്ലോ. ഇവിടെയും, ചരിത്രത്തിന്റെ ശബ്ദഘോഷങ്ങൾക്കു മേൽ അടയിരിക്കുന്ന ആ പക്ഷി ഒരു സായാഹനത്തിന്റെ ഓർമകൾക്കായി പാടുന്നുണ്ട്...ഇവിടെയും, എന്റെ വാക്കുകൾക്ക് വഴികാട്ടിയാകുന്ന അക്ഷരനക്ഷത്രങ്ങൾ. ഇവിടെയും ഹ്രസ്വവും ആധി നിറഞ്ഞതുമായ ജീവിതം.

Here too the secret bird that ever yet

Here too the secret bird that ever yet

over the clamorings of history

sings for an evening and its memory;

here too the stars with mystic alphabet

that dictate to my writing hand below

Here, too, is rife..

with that brief unknown anxious thing called life.

പാർലിൻ ഹാളിൽ ഞാൻ എന്തൊക്കെയോ ആലോചിച്ചു കുറച്ചു നേരം നിന്നു. ലൈബ്രറിയിൽ ബോർഹെസിന്റെ കയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിച്ചിട്ടുണ്ട് എന്ന് വായിച്ചിരുന്നു. പക്ഷെ തൽക്കാലം സമയമില്ല. വൈകാതെ തിരിച്ച് ജോബ് ഫെയറിലെക്കും അതിന്റെ പ്രശ്നങ്ങളിലെക്കും തിരിച്ചു പോകേണ്ടതുണ്ട്. 

കുട്ടിയായിരുന്നപ്പോൾ ചിത്രകഥകളിൽ വഴി കണ്ടു പിടിക്കാനുളള ദുർഗങ്ങൾ കണ്ടിരുന്നു (ലാബ്‌‌റിന്തുകൾ) ഒരു തരത്തിലും പുറത്ത് കടക്കാനാവാത്തതെന്ന് തോന്നിക്കുന്ന തുടക്കങ്ങൾ. പകുതി വഴി ചെല്ലുമ്പോഴേക്ക് മുന്നോട്ടും പിന്നോട്ടും പോകാനാവില്ലെന്ന് മുറുകുന്ന തരം കുരുക്കുകൾ. പക്ഷെ, ഉത്കണ്ഠ പുറത്തു കാണിക്കാതെ എങ്ങിനെയെങ്കിലും പതുക്കെപ്പതുക്കെ മുന്നോട്ട് പോയാൽ പുറത്തെത്തിച്ചേരുക തന്നെ ചെയ്യും. ജീവിതം പോലെ ഒരു രാവണൻ കോട്ട. എന്തു വന്നാലും ഒടുവിൽ മരണം കാത്തിരിക്കുന്നുണ്ടാവും എന്ന തീർച്ച പോലെ. ബോർഹെസിന്റെ പല കഥകളും—ഒറ്റ വായനയിൽ പിടി തരുമെന്ന് തോന്നിക്കുന്ന കഥകൾ പോലും പക്ഷേ, ദുർഗങ്ങൾആണ്. ജീവിതമെന്ന രാവണൻ കോട്ടകളുടെ ദൃഷ്ടാന്തങ്ങൾ. പിന്നീടാണ് ഇന്റർനെറ്റിൽ ഇൻസ്പിരേഷണൽ ആയി കറങ്ങി നടക്കുന്ന ഈ ഉദ്ധരണി കണ്ണിൽ പെട്ടത്.

‘നമ്മെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയുന്ന സങ്കീർണ രൂപമല്ല ഏറ്റവും ഭ്യപ്പെടുത്തുന്ന ലാബ്‌റിന്ത്. അത് ഏറ്റവും ലളിതവും രുജുവുമായ ഒരു നേർവരയാണ്’. ബോർഹ്സിന്റെ രചനകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ലാബ്‌‌റിന്തുകൾ തന്റെ അന്ധതയോടുളള പ്രതികരണമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏറെക്കുറെ പൂർണമായും കാഴ്ച്ച നഷ്ടപ്പെട്ടതിനു ശേഷം നാഷണൽ ലൈബ്രറിയുടെ തലവനായി നിയമിക്കപ്പെട്ടപ്പോൾ, സ്വർഗമുണ്ടെങ്കിൽ അത് ലൈബ്രറി ആണെന്ന് വിശ്വസിച്ചിരുന്ന  ബോർഹെസ് എഴുതിയത്. 800 000 പുസ്തകങ്ങളും അന്ധതയും ആ വിചിത്ര സ്വഭാവിയായ ദൈവം എനിക്ക് ഒരേ സമയമാണല്ലോ കനിഞ്ഞു നൽകിയത്. ഹാൾ അടക്കാൻ ആരോ വന്നു. ഞാൻ എന്റെ ജീവിതത്തിലെക്ക് തിരിച്ചു വന്നു. ജോബ് ഫെയറിലേക്ക് തിരിച്ചു നടന്നു. 

തിരിച്ച് എന്റെ നഗരത്തിലെക്ക് വൈക്കുന്നേരം ഡ്രൈവ് ചെയ്യുമ്പോൾ നഗരതിർത്തിയിൽ ട്രാഫിക് കുറവായിരുന്നു. ഓസ്റ്റിനിലെ സമനിലങ്ങൾക്കപ്പുറത്ത്, ദൂറെ ആകാശം ഓരഞ്ച് നിറഹ്തിൽ ഗൌരവം പൂണ്ടതു പോലെ കാണാം. അധികം വൈകാതെ ഇരുട്ടാകും. പുറം കാഴ്ച്ചകൾക്ക് ഇലക്ട്രിക് നിറങ്ങളാകും. ഒരു മായക്കാഴ്ച്ച പോലെ. ബോർഹെസിന്റെ വരികൾ മനസ്സിലെക്ക് വന്നത് യാദൃശ്ചികമാകാൻ തരമില്ല. ‘ഞാൻ ഉണ്ടോ എന്നെനിക്കറിയില്ല. ഞാൻ വായിച്ച എഴുത്തുകാരും, കണ്ടു മുട്ടിയ മനുഷ്യരും സ്നേഹിച്ച പെണ്ണുങ്ങളും, സന്ദർശിച്ച നഗരങ്ങളും തന്നെയാണ് ഞാൻ’.

MORE IN KADALPPALAM
SHOW MORE
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA