മണ്ണും മാംസവും

dh-lawrence1
SHARE

ഹോട്ടൽ മുറിയിലെ ജനലിലൂടെ നോക്കിയാൽ ടാവോസ് മലനിരകളുടെ ഒരു ഭാഗം കാണാം. പക്ഷേ, ഹോട്ടലിനോട് ചേർന്നുളള ചെറിയ പുൽ‌മൈതാനത്ത്  കണ്ട രണ്ട് കൂറ്റൻ ഹോട്ട് എയർ ബലൂണുകളിലാണ് കണ്ണുടക്കിയത്. മഞ്ഞയും നീലയും ചുവപ്പും നിറത്തിൽ, പുലർ വെയിലിൽ തിളങ്ങിക്കൊണ്ട് നിൽക്കുന്ന രണ്ട് ബലൂണുകൾ. അതിന്റെ അറ്റത്ത് തൂക്കിയിട്ടിരിക്കുന്ന ബാസ്കറ്റിൽ കയറി ഇത്ര രാവിലെ തന്നെ കാഴ്ച്ചകൾ കാണാൻ ആളുകൾ ക്യൂവിലുണ്ട്. താഴെ റസ്റ്ററന്റിൽ പ്രാതൽ കഴിക്കാൻ പോയതു കാരണം കുട്ടികൾ കണ്ടു കാണില്ല. അല്ലെങ്കിൽ ഇപ്പോൾ തന്നെ ബലൂണിൽ കയറണമെന്ന് പറഞ്ഞ് ബഹളം കൂട്ടിയേനെ.

ഇപ്പോൾ ബലൂണുകളിൽ ഒന്ന് പതുക്കെ നിലം വിട്ടു പൊങ്ങിത്തുടങ്ങി. പതുക്കെ, വളരെ പതുക്കെ, ഭൂമി വിട്ടു പോകാൻ മടിയുളളതു പോലെ. ഞാൻ ഇതുവരെ ഹോട്ട് എയർ ബലൂണിൽ കയറി കാഴ്ച്ച കണ്ടിട്ടില്ല. റോബർട്ട് വാസ്‌ലറുടെ കഥയുണ്ട് ബലൂൺ യാത്ര എന്ന പേരിൽ. ഒരു പെൺകുട്ടിയും, തൊപ്പിക്കാരനും, ക്യാപ്റ്റനും കൂടി നിലാവിൽ കുളിച്ചു കിടക്കുന്ന ഭൂമിയിലെ കാഴ്ച്ചകൾ കണ്ട് സവാരി ചെയ്യുന്നതാണ് കഥ.

അത്തരം ആകാശയാത്രകളിലാണ് ഈ ഭൂമിയിൽ ഒരിക്കലും നമ്മുടെ കാലു കുത്താൻ ഇടയില്ലാത്ത, ഒരാൾക്ക് സന്ദർശിക്കേണ്ട ഒരു കാര്യവുമില്ലാത്ത, ഇടങ്ങൾ എത്രയുണ്ടെന്ന്, ഈ ഭൂമി എത്ര വലുതും അപരിചിതവുമാണെന്നൊക്കെ നമുക്ക് അറിയാൻ കഴിയുന്നതെന്ന് തൊപ്പിക്കാരൻ ബലൂണിൽ ഇരുന്നു വിചാരിക്കുന്നുണ്ട്. ഇടക്ക് പെൺകുട്ടി നിലാവിൽ തിളങ്ങുന്ന നദിയിലേക്ക് ഒരു റോസാപ്പൂവ് എറിയുന്നു: “എത്ര ദുഃഖഭരിതമാണ് അവളുടെ കണ്ണുകൾ. ജീവിതത്തിലെ ഒരു വലിയ സഘർഷം എന്നെന്നേക്കുമായി ദൂരികരിച്ചതു പോലെയാണ് അവൾ ആ ചുവന്ന പുഷ്പം എറിഞ്ഞു കളഞ്ഞത്” വാസ്‌ലർ എഴുതുന്നു.

dh-lawrence3

എന്തായാലും ആകാശക്കാഴ്ച്ചകൾക്ക് മറ്റൊരു അവസരം വരുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. ഇന്ന് ഈ ടാവോസ് കൌണ്ടിയിലെ മറ്റ് കാഴ്ചകൾ കാണാൻ പുറപ്പെടേണ്ടതുണ്ട് വൈകാതെ. ഇന്നലെ ആണ് ഞങ്ങൾ അഞ്ച് കുടുംബങ്ങൾ ന്യൂ മെക്സിക്കോയിലെ ടാവോസിൽ എത്തിയത്. ഹൂസ്റ്റനിൽ നിന്ന് പതിനാലു മണിക്കൂർ ഡ്രൈവ്. വഴിക്ക് മോട്ടലിൽ തങ്ങി പിറ്റേ ദിവസം വീണ്ടും യാത്ര. കുട്ടികൾക്ക് ഹൂസ്റ്റനിൽ അപൂർവ്വമായി മഞ്ഞിൽ കളിക്കാനും കൂട്ടുകാരൊത്ത് രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞിരിക്കാനും സ്കൂൾ അവധിക്കലത്ത് ഉളള യാത്ര. മുതിർന്നവർക്ക് ക്രിസ്മസ് പുതു വത്സര അവധി ദിനങ്ങൾ കഴിഞ്ഞ് ജോലിത്തിരക്കുകളിലെക്ക് മടങ്ങുന്നതിനു മുൻപുളള റീ ചാർജ്ജിംഗ്.

ടാവോസ് സിറ്റിയിൽ നിന്ന് മൂന്നു മൈൽ വടക്ക് മാറിയാണ് പെവ്ബ്ലോ (Publo). ടാവോ വംശജരുടെ പുരാതന ഗ്രാമം. ആയിരം വർഷങ്ങളോളമായി മനുഷ്യവാസം ഉണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലം. ചുവപ്പും തവിട്ടും കലർന്ന മണ്ണു കൊണ്ടുണ്ടാക്കിയ എടുപ്പുകളാണ് മുഖ്യ ആകർഷണം. ദൂരക്കാഴ്ച്ചയിൽ ഏതോ കുട്ടി മണ്ണിൽ ഉണ്ടാക്കിയ കളി വീടാണെന്നു തോന്നും. പിന്നിൽ തിളങ്ങുന്ന നീല നിറത്തിൽ ആകാശവും താവോ മല നിരകളും കാണാം. രണ്ടു മുറികളുളള വീടുകളാണ് അധികവും. ഒരു മുറി ഉറങ്ങാനും ജീവിക്കാനും; മറ്റേത് പാചകത്തിനും കലവറയായും. മൊത്തം നാലായിരത്തിലധികം അമേരിന്ത്യൻ വംശജർ ഇവിടെ പാർക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. പക്ഷേ, സ്ഥിരമായി ഇവിടെ താമസിക്കുന്നവർ നൂറോളമേ വരൂ. ബാക്കിയുളളവർ തങ്ങളുടെ പൈതൃകം സംരക്ഷിക്കാനായുളള ഒരു പുരാവസ്തു മ്യൂസിയമായാവണം ഈ ഗ്രാമത്തെ കാണുന്നത്. ഇടക്കിടക്ക് തങ്ങളുടെ നാഗരികതയിൽ മടുപ്പ് തോന്നുമ്പോൾ തിരിച്ചു വരാനുളള ഒരിടം.

ഒരു കുന്നു പോലെ അൽപം ഉയർത്തിയ കല്ലു പാകിയ എടുപ്പിനു മേൽ പഴകിയ മരക്ക്ഷണത്തിനു മേൽ കണ്ട മണി നോക്കിക്കൊണ്ട് കുറച്ചു നേരം നിന്നു. എന്തു കൊണ്ടാണ് ന്യൂ മെക്സിക്കോയെ land of enchantment എന്നു വിളിക്കുന്നത് എന്നറിയാൻ ഇവിടുത്തെ ആകാശത്തിലേക്കും മണ്ണിലേക്കും നോക്കുകയേ വേണ്ടൂ. അതു പോലെ മനോഹരമാണ് ഇവിടുത്തെ പ്രകൃതി. ഗൃഹാതുരത്വം തീണ്ടിയിട്ടില്ലാത്ത മനസ്സുകൾക്കു പോലും ഒരു മടക്കയാത്രയുടെ താൽപര്യം ഉണർത്തുന്ന വിധം.

വീടുകളിൽ ഒന്നിന്റെ അകത്തു കയറി. ഉളളിലേക്ക് കയാറാനും ഒരു മുറിയിൽ നിന്ന് മറ്റൊന്നിലെക്ക് പോകാനും കോണി ഉപയോഗിക്കണം. പഴയ സുരക്ഷാ സംവിധാനങ്ങളുടെ ശേഷിപ്പ്. മണ്ണിന്റെ തണുപ്പ്. നൂറു കണക്കിനു വർഷങ്ങൾ പഴക്കമുളള പണി ആയുധങ്ങൾ, പാത്രങ്ങൾ, അലങ്കാരപ്പണികൾ. അവയിലൂടെ വിരലോടിച്ചാൽ അറിയാം ഓർമകൾ ഘനീഭവിച്ചു കിടക്കുന്നത്. കുട്ടികൾക്ക് വേഗം മടുത്തു. അവരെ ആകർഷിക്കാൻ തക്ക വിഭവങ്ങൾ ഒന്നും ലാളിത്യത്തിന്റെ ഈ ആഘോഷത്തിൽ കാണാൻ കഴിയുന്നുണ്ടാവില്ല. കൂടെയുണ്ടായിരുന്നവരിൽ പലരും വടക്കു ഭാഗത്തുളള മൺ വീടിന്റെ മുന്നിൽ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ ക്യാമറയിൽ പതിഞ്ഞിട്ടുളള ചിത്രമാണത്രേ.

dh-lawrence4

ഒരു പള്ളിക്കകത്ത് പുരോഹിതൻ പലതും വിശദീകരിക്കുന്നു. പുരാതന അമേരിന്ത്യൻ വിശ്വാസം പുലർത്തുന്നവരും ക്രിസ്തു മത വിശ്വാസികളും ഈ ഗ്രാമത്തിലുണ്ട്. പക്ഷേ, ചില ആചാരങ്ങൾ അവർ മുറുകെ പിടിക്കുന്നു. അതിലൊന്ന് വൈദ്യുതിയും പൈപ്പ് വെളളവും ഉപയോഗിക്കാ‍ത്തതാണ്. അത്യാധുനിക സൗകര്യങ്ങളുള ഒരു നഗരത്തിനു നടുവിൽ ഒരു കൊച്ചു ജനപഥം. അവിടെ ഭൂതകാലത്തിൽ നിന്ന് അടർന്നു വീണതു പോലുളള മൺ വീടുകൾ, ഒരു സംസ്കാരം. ചിലത് നമ്മെ ഓർമ്മിപ്പിക്കാൻ എന്ന പോലെ. വന്ന വഴികളും, ജീവിതത്തിന്റെ അർഥവും.

പെവ്‌ബ്ലോയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും കുട്ടികൾക്ക് വിശപ്പിന്റെ വിളി തുടങ്ങി. റസ്റ്ററന്റുകളിൽ എല്ലാം നീണ്ട ക്യൂ. മുപ്പതോളം പേരുളള ഞങ്ങളുടെ സംഘത്തിന്റെ ഓഡർ അടുത്തൊന്നും മേശപ്പുറത്തെത്തും എന്നു തോന്നുന്നില്ല. കുറച്ചു മൈലുകൾക്കപ്പുറത്ത് വൈദ്യുതിയും പൈപ്പു വെളളവും ഉപയോഗിക്കാത്ത പെവ്‌ബ്ലോ വാസികളെക്കുറിച്ച് ഓർത്തു. എത്ര പെട്ടെന്നാണ് അതിരികൾ മാഞ്ഞത്. എല്ലാ ലോകങ്ങൾക്കുളളിലും മറ്റൊരു ലോകം ഒളിച്ചിരിപ്പുണ്ടാവണം.

ഒരു സ്ഥലം വരെ പെട്ടെന്ന് പോയി വരാം എന്നു പറഞ്ഞപ്പോൾ ശ്രീജിത്തും ബിനോയിയും കൂടെ വന്നു. നാൽപ്പത് മിനിട്ട് ദൂരമുണ്ടായിരുന്നു ഡി എച്ച് ലോറൻസ് റാഞ്ചിലേക്ക്. കുറച്ചു നേരം ഞങ്ങൾ ഒരു ബ്രിട്ടീഷ് എഴുത്തുകാരൻ ഇവിടെ മല മുകളിൽ വന്ന് താമസമാക്കിയതിനെക്കുറിച്ച് ഓരോരോ കഥകൾ ഉണ്ടാക്കി. പക്ഷെ, അധികം വൈകാതെ  നിശബ്ദരായി. ന്യൂ മെക്സിക്കോയുടേ ആകാശവും കാറ്റും മലകളും ഞങ്ങളെ ചൂഴ്ന്നു്. വളവും തിരിവുമുളള റോഡ്. മല കയറുന്ന കാറിന്റെ മുരൾച്ച മാത്രം. വല്ലപ്പോഴും എതിരേ വരുന്ന വാഹനങ്ങൾ.

ലോറൻസ് റാഞ്ച് എന്നെഴുതിയ മണ്ണിട്ട റോഡ് തുടങ്ങും മുൻപുളള ബോർഡിനു സമീപം വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി. തണുപ്പും കാറ്റും വെയിലും. 1924-25-ൽ മേബിൾ ലുഹാൻ ലോറൻസിനും ഭാര്യ ഫ്രീഡക്കും നൽകിയ റാഞ്ച്. ലോറൻസിന്റെ മരണത്തിനു ശേഷവും ഫ്രീഡ ആ റാഞ്ചിൽ തന്നെ താമസിച്ചത്. ആൽഡസ് ഹക്സിലിയുടെ പ്രശസ്തമായ സന്ദർശനം. അദ്ദേഹത്തിന്റെ ചിതാ ഭസ്മം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് മൂന്നു സ്ത്രീകളും (ഫ്രീഡയും മേബിളും ബ്രെറ്റും) തമ്മിൽ തർക്കിച്ചതിനെക്കുറിച്ച്. ഒടുവിൽ മറ്റാരും എടുക്കാതിരിക്കാൻ വേണ്ടി ഫ്രീഡ ചിതാഭസ്മം സിമന്റിൽ കലർത്തിയതും! ലോറൻസിന്റെ ഫീനിക്സുമുണ്ട്. യാതൊരു വിധ വിലക്കുകളുമില്ലാതെ, വീണ്ടും വീണ്ടും ജീവിതം നുകരാൻ കൊതിച്ച ആ എഴുത്തുകാരന് അതിനേക്കാൾ നല്ല ഒരു രൂപകം ഇല്ലല്ലോ.

കോമ്പൌണ്ടിനുളളിലെത്തിയാൽ ആദ്യം തന്നെ കണ്ണുടക്കുന്നത് ലോറൻസിന്റെ പൈൻ മരത്തിലാണ്. സാമാന്യത്തിലധികം വണ്ണമുളള, മുകളിലെത്തുമ്പോൾ ഒരു വശത്തേക്ക് ചെരിഞ്ഞു പോകുന്ന മരം. താഴെ ഒരു ചെറിയ മേശ. ഇവിടെ ഇരുന്നാണ് ലോറൻസ് എല്ലാ രാവിലെകളിലും എഴുതിയിരുന്നത് എന്നു പറയുന്നു. ലോറൻസിന്റെ ബെഞ്ചിൽ മലർന്നു കിടന്നു. മരച്ചില്ലകൾക്കിടയിലൂടെ ആകാശം, വെയിൽ. ‘ലോറൻസ് മരം’ എന്ന പ്രശസ്ത ചിത്രം വരച്ച ചിത്രകാരി രാത്രി കാലത്താണ് ഇതു പോലെ ഈ ബെഞ്ചിൽ കിടന്നിരുന്നത്. ന്യൂ മെക്സിക്കോയുടെ ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി. ലോറൻസിന്റെ എഴുത്തിന്റെ കാവലായിരുന്ന ഈ പൈൻ മരത്തെ നോക്കി...

ആസ്ബറ്റോസ് കൊണ്ടുണ്ടാക്കിയ ഒരു ഷെഡാണ് വീട്. മുന്നിൽ പോളിഷ് ചെയ്തു മിനുക്കാത്ത ആടുന്ന മരക്കസേരയുണ്ട്. തീർച്ചയായും എഴുത്തുകാരന്റെ സ്മാരകം നിലനിർത്താൻ അല്ലറ ചില്ലറ മിനുക്കു പണികൾ ഒക്കെ നടത്തിയിട്ടുണ്ട്. എങ്കിലും കഴിയുന്നത്ര ലളിതമായി സൂക്ഷിച്ചിരിക്കുന്നു. ടാവോസ് പെവ്‌ബ്ലോയിലേതു പോലെ. ഒരു മിനിമലിസ്റ്റിക് ജീവിതം സാധ്യമാണെന്ന് അത് ഓർമ്മിപ്പിക്കുന്നുണ്ട്. നിലം മണ്ണു കൊണ്ടുണ്ടാക്കിയതാണ്. മിനുസമുളളതും എന്നാൽ ഇരുണ്ടതും. ആ കാലങ്ങളിൽ മരം മൃഗങ്ങളേക്കാൾ വില പിടിച്ചതായിരുന്നു. കൊല്ലുന്ന മൃഗങ്ങളുടെ എല്ലാ അവയവങ്ങളും പല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അങ്ങനെ എതോ കാട്ടുമൃഗത്തിന്റെ ചോര മണ്ണിൽ കലർത്തി ഉണ്ടാക്കിയതു കൊണ്ടാണ് തറ ഇത്ര മിനുസപ്പെട്ടിരിക്കുന്നത്. 

ലോറൻസ് എതോ ഉട്ടോപ്യൻ നാഗരികത തേടിയുളള അന്വേഷണത്തിലാണ് ന്യൂ മെക്സിക്കോയിലെ ടാവോ മലകളിൽ എത്തിയതെന്ന് പറയപ്പെടുന്നു. ആയിരം വർഷങ്ങളോളം ഈ മലമ്പ്രദേശത്ത് തന്നെ ജീവിച്ച ടാവോ മനുഷ്യർ അദ്ദേഹത്തെ തീർച്ചയായും അകർഷിച്ചിരിക്കണം. ക്ഷയ രോഗ ബാധിതനായിരുന അദ്ദേഹത്തിന് അമേരിക്കയിലെ മറ്റ് പ്രദേശങ്ങളേക്കാളും ന്യൂ മെക്സിക്കോയിലെ പ്രകൃതി കൂടുതൽ ഇണങ്ങിയും തോന്നിയിരിക്കണം.

അകത്ത് ലോറൻസിന്റെ പഴയ അണ്ടർവുഡ് ടൈപ്പ് റൈറ്റർ ഉണ്ട്. ‘റെയിൻബോയും’, ‘സൺസ് ആൻഡ് ലവേർസും’ ഒക്കെ എഴുതാൻ അതു പോലൊരെണ്ണം ധാരാളം. ആരോ പറഞ്ഞതു പോലെ എല്ലാ കഥകളും ആ ടൈപ്പ് റൈറ്ററിൽ തന്നെ ഉണ്ട്. ഓരോ കട്ടകളായി കടലാസിലേക്ക് എടുത്തു വെക്കുകയേ വേണ്ടൂ.

ചെറിയ കിടപ്പുമുറിയിൽ നിന്ന് ലോറൻസിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കട്ടൌട്ടിനു സമീപം നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.

1922-നും 25-നും ഇടയിൽ ആകപ്പാടെ പതിനൊന്നു മാസമേ ലോറൻസും ഭാര്യയും ന്യൂ മെക്സിക്കോയിൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഇവിടുത്തെ നിഗൂഡമായ മലനിരകളെക്കുറിച്ചും തണുപ്പിനെക്കുറിച്ചും, ചെന്നായകളെയും പരുന്തുകളേയും കുറിച്ച് ലോറൻസ് വാചാലനായിരുന്നു. ലോറൻസിനും ഭാര്യക്കും ദാനമായാണ് മേബിൾ ലൂഹാൻ ഈ റാഞ്ച് കൊടുത്തത്. പക്ഷേ, കടക്കാരനാവാൻ മടിച്ച ലോറൻസ് റാഞ്ചിന്റെ വില അന്വേഷിച്ചു. ആയിരം ഡോളർ എന്ന് മേബിൾ പറഞ്ഞപ്പോൾ, വിലയായി സൺസ് ആൻഡ് ലവേർസിന്റെ കൈയ്യെഴുത്തു പ്രതി കൊടുത്തു. അക്കാലത്ത് പ്രസാധകർ ആ നോവലിന് അമ്പതിനായിരം ഡോളർ എങ്കിലും കൊടുത്തെനെ എന്ന് പറയപ്പെടുന്നു. പക്ഷെ, ഇംഗ്ലണ്ടിൽ നിന്ന് ഇവിടെ അമേരിക്കയിടെ ഈ നാഗരികത തീണ്ടിയിട്ടില്ലാത്ത മലമുകളിൽ വന്ന് താമസിച്ചിരുന്ന ലോറൻസിനെ അത് സ്പർശിച്ചിട്ടുണ്ടാവാൻ തരമില്ല. 

ഇന്ന് ലോറൻസിനെ ഒരു വലിയ എഴുത്തുകാരനായി കാണുന്ന അധികം പേരുണ്ടോ എന്നറിയില്ല. സദാചാര മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന നോവലുകളൊന്നും ഇന്നിപ്പോൾ പുതുമയല്ലല്ലോ. ആണധികാരത്തിന്റെ ധാർഷ്ട്യ രൂപം ആയാണ് ലോറൻസ് പുതിയ ജീവ ചരിത്രങ്ങളിലും ഓർമ്മക്കുറിപ്പുകളിലും പ്രത്യക്ഷപ്പെടുന്നത്. ‘നീണ്ട നിശബ്ദതക്കു ശേഷം’ എന്ന വികടർ ലീനസിന്റെ കഥയിൽ, കോളജ് വിദ്യർഥിയായ കഥാപാത്രം കാമുകിയെ സ്പർശിക്കുന്നതിനുളള ന്യായീകരണം പോലെ ഇങ്ങനെ ഒരു വാക്യമുണ്ട്: “യുദ്ധവും സമാധാനവും മാത്രമല്ല ലേഡി ചാറ്റർലീസ് ലവറും അവൻ വായിച്ചിട്ടുണ്ട്.” എന്ന്. 

‘ഭാര്യയെ തല്ലുന്നവൻ, മൃഗങ്ങളോട് ക്രൂരത കാട്ടുന്നവൻ, ജൂത വിരോധി, വംശ വിദ്വേഷി എന്നിങ്ങനെ ലോറൻസിന്റെ വിശേഷണങ്ങൾ നീളുന്നു. ലോറൻസിന്റെ വ്യക്തി ജീവിതവും എഴുത്തിലെ അയാളുടെ നോവലുകളിലെ പുരുഷ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമല്ലെന്നും ലോറൻസ് എന്ന നോവലിസ്റ്റിന്റെ ജീവിതം അയാളെന്ന എഴുത്തുകാരന്റെ ‘എക്സ്ട്രാ’ മാത്രം ആണെന്നാണ് മറ്റൊരു ബ്രിട്ടീഷ് എഴുത്തുകാരൻ മാർട്ടിൻ അമിസ് എഴുതുന്നത്.

dh-lawrence

ലോറൻസ് തന്നെ ഒരു കത്തിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് പ്രഖ്യാപിക്കുന്നുണ്ട്-തിന്നണം എന്നു തോന്നുമ്പോൾ തിന്നണം, ഒരു സ്ത്രീയെ ഉമ്മ വെക്കണം എന്നു തോന്നുമ്പോൾ ഉമ്മ വെക്കണം. ഉറങ്ങണം എന്നു തോന്നുമ്പോൾ ഉറങ്ങണം, മദ്യപിക്കാൻ തോന്നുമ്പോൾ പബിൽ പോണം. ഒരാളെ അപമാനിക്കണം എന്നു തോന്നുമ്പോൾ ചെയ്യണം...അല്ലാതെ മൗനത്തിന്റെ മഹിമയെക്കുറിച്ച് 50 പുസ്തകങ്ങൾ എഴുതുകയല്ല വേണ്ടത്! ദമ്പതികൾക്കുളള ഉപദേശവുമുണ്ട്: ‘ഭാര്യമാരെ, ഭർത്താക്കന്മാർ കരഞ്ഞ് പറഞ്ഞാലും നിങ്ങൾ അവരെ ഉപേക്ഷിക്കരുത്. പകരം അടുക്കളയിൽ ചെന്ന് പാചകം ചെയ്യൂ. ഭർത്താക്കന്മാരെ, നിങ്ങളുടെ ഭാര്യമാർ നിങ്ങളേക്കാൾ ചെറുപ്പമായവരോട് താൽപര്യം കാണിച്ചാൽ നിങ്ങളുടെ രക്തം തിളക്കേണ്ടതില്ല. പകരം ജീവിതത്തിൽ പഠിക്കേണ്ട ഒരേ ഒരു പാഠം പഠിക്കുക: സ്വന്തം ആത്മാവിന്റെ ആനന്ദത്തിൽ ജീവിക്കുക…’ മറയില്ലാതെ പുറത്തു വരുന്ന ഈ ആണധികാരത്തിന്റെ വാക്കുകളാണ് ലോറൻസിനെ പുതിയ കാലത്ത് അനഭിമതനാക്കുന്നത് എന്നു തോന്നുന്നു.

ടാവോസിലെ ഈ ആകാശത്തിനു കീഴെ, ഈ ഉട്ടോപ്പിയയിൽ ഇരുന്ന്, ഒരു പക്ഷേ, രോഗബാധിതനായി ജീവിതത്തിൽ നിന്ന് ആസക്തികൾ ഒഴിഞ്ഞു പോയതായി തോന്നിയ ശേഷം ലോറൻസ് എഴുതുയ വാക്കുകൾ വായിക്കാം:

Desire goes down into the sea

I have no desire any more

Towards woman or man, bird, beast or creature or thing

All day long I feel the tide rocking, rocking

Though it strikes no shore

In me

Only mid-ocean

(എനിക്ക് ഒരഭിനിവേശവും തോന്നുന്നില്ല. സ്ത്രീയോടോ, പുരുഷനോടോ, പക്ഷിയോടോ, മൃഗങ്ങളോടോ, മറ്റെന്തെങ്കിലോടുമോ/എന്റെ ഉള്ളിൽ ദിവസം മുഴുവൻ തിരയടിക്കുന്ന അലകൾ ഒരു തീരത്തും ചെന്ന് തകരുന്നില്ല./അവ സമുദ്ര മധ്യത്തിൽ തന്നെ തുടരുന്നു)

മലയിറങ്ങുമ്പോൾ ലോറൻസിന്റെ പുസ്തകങ്ങൾ ഏതെങ്കിലും വീണ്ടും വായിക്കണം എന്നു തോന്നിയില്ല. ജീവിതം പൂർണമായും ആസ്വദിക്കാൻ കൊതിച്ച ആ എഴുത്തുകാരൻ. ഇവിടെ നിന്ന് താഴെ എത്തിയാൽ ആയിരം വർഷങ്ങളായി ഒരിടത്തു തന്നെ താമസിക്കുന്ന, വൈദ്യുതി അടക്കം നാഗരികതയുടെ പ്രലോഭനങ്ങൾ ഒന്നും തന്നെ വേണ്ടെന്നു വച്ച ടാവോ മനുഷ്യർ ഉണ്ട്. ഒരു നാണയത്തിന്റെ ഇരു പുറങ്ങൾ. അവരും ലോറൻസും തേടിയത്, തേടുന്നത്, ഒന്നു തന്നെ. ഈ ജീവിതത്തിന്റെ പൊരുൾ.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.