വാക്കുകളുടെ ജീവിതം

american-novelist-ernest-hemingway-article-image
SHARE

മയാമിയിൽ നിന്ന് 165 മൈലുകൾ ഡ്രൈവ് ചെയ്താൽ ഫ്ലോറിഡ കീസ് എന്നു വിളിക്കുന്ന കുഞ്ഞു കോറൽ ദ്വീപുകളുടെ ശ്രംഘലയിലെ ഏറ്റവും അറ്റത്തെ ‘കീ വെസ്റ്റിൽ‘ എത്താം. വെറും നാലു മൈലുകൾ വിസ്തീർണം മാത്രമുളള, അറ്റ്ലാന്റിക് സമുദ്രത്തെ പകുത്ത് മെക്സിക്കൻ ഉൾക്കടലിനെ മുട്ടി നിൽക്കുന്ന കൊച്ച് മുനമ്പ്. സമുദ്രങ്ങളുടെ സംഗമസ്ഥാനമായ അമേരിക്കയുടെ തെക്കേ അറ്റം. “ക്യൂബയിലേക്ക് ഇവിടെ നിന്ന് 95 മൈലേ ഉള്ളൂ.” കടൽക്കാറ്റേറ്റ് വരണ്ട മുഖമുളള, വർണങ്ങൾ നിറഞ്ഞ തൊപ്പിയും വസ്ത്രങ്ങളും ധരിച്ച, സൂവനീറുകൾ വിൽക്കുന്ന കടയിലെ വൃദ്ധൻ പറഞ്ഞു.

സമയം വൈകിട്ട് അഞ്ച് മണിയായിക്കാണും. ഈ വെയിലും കാറ്റും തിളങ്ങുന്ന മണൽത്തരികളും, നീലയോ പച്ചയോ എന്നു ഉറപ്പിക്കാനാവാത്ത ജലവും നോക്കി എത്ര നേരം വേണമെങ്കിലും നിൽക്കാം. ഞങ്ങൾക്ക് പക്ഷെ അധികം നേരമില്ല, രാത്രി തന്നെ തിരിച്ച് മയാമിയിലെ ഹോട്ടലിലെത്തണം. ഫ്ലോറിഡയിലെ അവധി ദിനങ്ങൾ കഴിഞ്ഞ് നാളെ ഹൂസ്റ്റനിലേക്കുളള മടക്കയാത്രയാണ്. 

“ഹെമിംഗ്‌വേ ഹൌസും, ടെന്നിസീ വില്യംസ് ഹൗസും ഒക്കെ കാണണം.” ഞാൻ പറഞ്ഞു.

“ടെന്നിസി വില്യംസോ. അതാരപ്പാ?”

 ഹെമിംഗ്‌വേയെക്കുറിച്ച് ഞങ്ങളുടെ കൂട്ടത്തിലെ എല്ലാവരും കേട്ടിട്ടുണ്ടായിരുന്നു. 

“അദ്യം സൺസെറ്റ് കണ്ടിട്ടു വരാം. അതിനു ശേഷം നീ എവിടെ വേണമെങ്കിലും പൊയ്ക്കോ. “ ആരോ പറഞ്ഞു.

പ്രീ ഡിഗ്രിക്കോ മറ്റോ പഠിക്കുമ്പോൾ ആണ് ഞാൻ എംടിയുടെ ‘ഹെമിംഗ്‌വേ—ഒരു മുഖവുര’ വായിക്കുന്നത്. എംടിയുടെ കഥകൾ പോലെ തന്നെ ആ കാലത്ത് അതീവ താല്പര്യത്തോടെയാണ് ആ പുസ്തക വായിച്ചതെന്ന് ഇപ്പോഴും ഓർമയുണ്ട്. വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയ ശേഷമാണ് ഹെമിംഗ്‌വേയെ കമ്പോട് കമ്പ് വായിക്കുന്നത്. 

ernest-hemingway-1

ഇപ്പോഴും ഹെമിംഗ്‌വേയുടെ ഭാഷയെക്കുറിച്ച് ആരെങ്കിലും പരാമർശിക്കുന്നത് കേൾക്കുമോൾ ഒന്നു കൂടി എടുത്തു വായിക്കാൻ തോന്നുന്നത്  നോവലുകളേക്കാൾ ആ കഥകൾ തന്നെ. പ്രത്യേകിച്ച് ‘കിളിമഞ്ജാരോയിലെ മഞ്ഞും’,  ‘ഫ്രാൻസിസ് മകംപിന്റെ സന്തോഷകരവും ഹ്രസ്വവുമായ ജീവിതവും’. ആ കഥകളിൽ ജീവിതവും മരണവും അതിന്റെ വന്യവികാരങ്ങളോടും, അനിശ്ചിതത്വങ്ങളോടും കൂടി നിറഞ്ഞു നിൽക്കുന്നു. അസാധരണമായ ക്രാഫ്റ്റും, സംഭാഷണങ്ങളും, നാടകവും, പിരിമുറുക്കവും അനുഭവിപ്പിച്ച് ഹൈംഗ്‌വേ ചെറുകഥ എഴുതാൻ ആഗ്രഹിക്കുന്നവരെ പേന താഴെ വെക്കാൻ പ്രേരിപ്പിക്കുന്നു. 

ബോട്ടിന്റെ പായ നിവർത്താൻ ഞങ്ങളും കൂടി. കാറ്റിൽ ഇളകി കളിക്കുന്ന വെളുത്ത പായയിൽ നിറയെ മദ്യ ചഷകങ്ങളുടെ ചിത്രം. തുറന്ന ഡെക്കിൽ ലൈവ് ബാൻഡും, ലഘു ഭക്ഷണവും, വീഞ്ഞും. അധികം വൈകാതെ ബോട്ട് പുറപ്പെട്ടു. 

അനേകം ബോട്ടുകൾ ഞങ്ങൾക്കു ചുറ്റും കാണാവുന്ന ദൂരത്തിൽ പുറപ്പെട്ടിട്ടുണ്ട്. അസ്തമയത്തിനു നേരമാകുന്നു. കൺ പരപ്പിനു നേരെ കാണാം സൂര്യന്റെ ഗോളം. ജലപ്പരപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ. പനോരമ വ്യൂവിൽ നിറയുന്ന, കടലും ആകാശവും സന്ധിക്കുന്ന മഞ്ഞയും ചുകപ്പും ഓറഞ്ചും. “Wow!” ആരോ പറഞ്ഞു. ക്യാമറകളും ഫോണുകളും സജീവമായി.  ഞങ്ങൾ മറ്റേതോ ലോകത്തെത്തിയ പോലെ ആ പ്രകൃതി വിസ്മയം നോക്കി നിന്നു. ഇതിനു മുൻപൊരിക്കലും അസ്തമയം കണ്ടിട്ടില്ലാത്തതു പോലെ. ഞങ്ങൾ എല്ലാം കരയിൽ ഉപേക്ഷിച്ചു വന്നതു പോലെ. എല്ലാ ജീവിത സമസ്യകൾക്കുമുളള ഉത്തരം ആ അസ്തമയത്തിൽ ഉണ്ടെന്ന പോലെ.  

പക്ഷെ ജീവിതം പോലെ അസ്തമയവും അവസാനിച്ചു. ബോട്ട് പതുക്കെ തിരിഞ്ഞു. ഞങ്ങളെ കാത്തു നിൽക്കുന്ന കര കണ്ടപ്പോൾ, സ്റ്റീഫൻ കിംഗിന്റെ ഡ്യൂമാ കീ (Dumas Key)-യിലെ വരികൾ മനസ്സിലേക്ക് വന്നു: “ജീവിതം വെള്ളിയാഴ്ച്ചത്തെ സോപ്പ് ഓപ്പറ പോലെയാണ്. എല്ലാം നല്ല രീതിയിൽ അവസാനിക്കുകയാണെന്ന പ്രതീതി ജനിപ്പിക്കുന്നു. പക്ഷേ, എല്ലാ മാരണങ്ങളും പൂർവ്വാധികം ശക്തിയോടെ ആരംഭിക്കുകയായി തിങ്കളാഴ്ച്ചകളിൽ വീണ്ടും.”

ഞാൻ ഒന്നു കൂടി സൂര്യൻ അപ്രത്യക്ഷമായ ഇടത്തേക്കു നോക്കി, ഇപ്പോഴും ചുകപ്പും മഞ്ഞയും വെളളത്തിൽ അലിഞ്ഞു കിടപ്പുണ്ട്. മടക്കയാത്രയിൽ ആളുകൾ പൊതുവേ മൂകരായെന്നു തോന്നി. പ്രകൃതിയുടെ ഈ ദൈനംദിന കർമ്മം മരണത്തെ ഓർമിപ്പിക്കുന്നതു കൊണ്ടാകുമോ? പതുക്കെപ്പതുക്കെ ഇരുട്ട് എല്ലാ കാഴ്ചകളും റദ്ദാക്കിക്കൊണ്ട് സമുദ്രത്തേയും വിഴുങ്ങിത്തുടങ്ങി. 

literature-american-novelist-ernest-hemingway-article-image

രാത്രി എട്ടരയോടെ യു എസ് 1 ഹൈവേയിലൂടെ തിരിച്ച് മയാമിയിലേക്ക്. നിലാവിൽ തിളങ്ങുന്ന ജലനിരപ്പ് കാണാം. ഈ ഭൂമിയിൽ ചില ഇടങ്ങളെങ്കിലും അസാധാരണവും അലൌകികവുമായ അനുഭവങ്ങളിലേക്ക് ചേർത്തു നിർത്തുന്നു; ഈ മുനമ്പും ജലരാശിയും അസ്തമയവും തന്ന അനുഭവം ഒരിക്കലും മറക്കുകയില്ല എന്നൊക്കെ തോന്നും. പക്ഷെ അതിൽ കാര്യമില്ല. ഒരു അനുഭവം; ഒരു നേരിയ ഓർമ. അത്രയേയുളളൂ.  

ഹെമിംഗ്‌വേയുടെ വീട് കാണാൻ പറ്റിയില്ല എന്ന നേരിയ നിരാശയുണ്ട്. പിന്നീടൊരിക്കലാകാം. അല്ലെങ്കിലും ആ വീട് പരിചിതമാണ്. ഹെമിംഗ്‌വേ ഡോക്യുമെന്ററികളും, ഈ യാത്രക്ക് തൊട്ട് മുൻപ് കണ്ട വിഡിയോകളും വഴി. യു എസ് 1 ഹൈവേയുടെ തെക്കേ അറ്റത്ത് കടൽ പകുത്തു കൊണ്ടുളള 6-7 മൈൽ യാത്രക്കു ശേഷം അവിടെ എത്താം. പനകളും ഓർക്കിഡുകളും കാഴ്ച്ച മറയ്ക്കുന്ന 3000 സ്ക്വയർ ഫീറ്റ് ചുറ്റളവിലുളള രണ്ടു നില വീട്. ഏതോ കപ്പൽച്ചേതത്തിന്റെ ശിഷ്ടവസ്തുക്കൾ കൊണ്ട് പണിതതാണെന്ന് പറയപ്പെടുന്ന,1851-ൽ കെട്ടിയ വീട്. എട്ടായിരം ഡോളർ കൊടുത്ത് എഴുത്തുകാരൻ വാങ്ങിയ വീട് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം എൺപതിനായിരം ഡോളറിനു ലേലത്തിൽ പോകുന്നു. വിലപിടിപ്പുളള ഓർമകൾ ഒന്നും ഇല്ലാത്തതിനാൽ താല്പര്യമില്ലെന്ന് മക്കൾ,  അച്ഛന്റെ മരണത്തിനു ശേഷം കൈയൊഴിഞ്ഞ വീട്. അവിടെയാണ് ഹെമിംഗ്‌‌വേ ഫെയർവെൽ ടു ആംസ് എഴുതിത്തീർത്തത്. ഒന്നാം ലോകയുദ്ധത്തിന്റെ  പശ്ചാത്തലത്തിൽ, ആംബുലൻസ് ഡ്രൈവറും, കാമുകിയായ നഴ്സും തമ്മിലുളള ബന്ധം വിവരിക്കുന്ന, ആതമകഥാംശം കലർന്ന കഥ. നോവലിന്റെ കൈയെഴുത്തു പ്രതി സൂക്ഷിച്ചിരുന്ന ആർമി ബോക്സ് ഒരു വിലപിടിപ്പുളള സ്മാരകമായി ആ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു. 

“നിനക്ക് ഹെമിംഗ്‌വേ മ്യൂസിയം കാണാൻ പറ്റാത്തതിൽ നിരാശയായിരിക്കാം അല്ലേ?” വാനിന്റെ ഫ്രണ്ട്‌സീറ്റിൽ നിന്ന് എന്റെ സുഹൃത്ത് ചോദിക്കുന്നു. 

“അത് സാരമില്ല. ഇനിയും വരമല്ലോ. എത്ര തവണം വന്നാലും മടുക്കാത്ത ഇടം.” ഞാൻ രാത്രിയിലെ കടലിനെ നോക്കിക്കൊണ്ട് പറഞ്ഞു. മാസ്റ്റർ പീസുകളായ ആ ചെറുകഥകളും, നോവലുകളും ഹെമിംഗ്‌വേ നമുക്ക് ഓർമയിൽ സൂക്ഷിക്കുവാൻ തന്നിട്ടുണ്ട്. അല്ലെങ്കിലും ഒരു എഴുത്തുകാരന് അയാൾ സൃഷ്ടിച്ച വാക്കുകൾ അല്ലാതെ മറ്റെന്ത് സ്മാരകമാണ് വേണ്ടത്? 

കാളപ്പോരിലും നായാട്ടിലും തല്പരനായിരുന്ന, ഒന്നാം ലോകമഹായുദ്ധത്തിൽ ആംബുലൻസ് ഡ്രൈവറായി സേവനം ചെയ്ത, എല്ലാ അർത്ഥത്തിലും സാഹസികനായി പുറമേ പ്രത്യക്ഷപ്പെട്ട ഹെമിംവേയിൽ അതിനു നേർ വിപരീതമായ ഒരു സ്വത്വം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നാണ് അടുത്തിടെ കണ്ട കെൻ ബേൺസും, ലിൻ നോവിക്സും നിർമ്മിച്ച ‘ഹെമിംഗ്‌‌‌വേ’ എന്ന ഡൊക്യുമെന്ററി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എഴുത്തുകാരനെയല്ല മറിച്ച് ഹെമിംഗ്‌വേ എന്ന മനുഷ്യനെയാണ് പുനർവായിക്കാൻ ശ്രമിക്കുന്നത് എന്ന മുഖവുരയില്ലാതെ. 

Ernest-Hemingway-845

‘ഗ്രേറ്റ് അമേരിക്കൻ മാൻ’എന്ന മിത്തിനു വേണ്ടി മനഃപൂർവ്വം നിർമിച്ച, ശ്രദ്ധയോടെ കൊണ്ടു നടന്ന ഒരു മിത്തയിരുന്നു ഹെംഗ്‌വെക്ക് ജീവിതം, ഹെമിംഗ്‌വേ കെട്ടിച്ചമച്ചതാണ് അമേരിക്കൻ മാസ്കുലനിറ്റിയുടെ കൊണ്ടാടപ്പെട്ട പരിവേഷം എന്നൊക്കെയാണ് ഡോക്യുമെന്ററി പരോക്ഷമായി ആരോപിച്ചത്. ഹെമിം‌ഗ്‌വേയുടെ അമ്മ ഗ്രെയ്സുമായും ഹെമിംഗ്‌വേയുടെ ഏറ്റവും ഇളയ മകളായ ഗ്ലോറിയയുമായും, പാരീസിൽ ആയിരുന്നപ്പോൾ എഴുത്തിന്റെ വഴികാട്ടിയും സുഹൃത്തുമായിരുന്ന ജെർട്രുഡ് സ്റ്റെയിനുമായും ഉളള ബന്ധം വിശകലനം ചെയ്താണ്  ഡൊക്യുമെന്ററി ഈ നിഗമനങ്ങളിലെത്തുന്നത്. 

എഴുത്തിനേക്കാൾ എഴുത്തുകാരന് ചരിത്രത്തിൽ പ്രാധാന്യം വരികയും എഴുത്തുകാരൻ ഒരു മിത്തായി മാറുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഇത്തരം അപനിർമ്മാണങ്ങൾ അനിവാര്യമാണ്. പക്ഷേ, അതെന്തായാലും, വായനക്കാരെ ഹെമിംഗ്‌വേ അവശേഷിപ്പിച്ചു പോയ വാക്കുകൾ ഇപ്പോഴും ആകർഷിക്കുന്നു.

വേദനിപ്പിക്കുന്നതും പീഢനാജകവുമായ സ്വന്തം അനുഭവങ്ങളെ എഴുതി മറികടക്കുക എന്നുളളത് പൊതുവേ എഴുത്തുകാർ സ്വീകരിക്കാറുളള ഒരു വഴിയാണ്.  എങ്കിലും ചില അനുഭവങ്ങൾ ഏറെ സ്വകാര്യവും ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയുമാകയാൽ അവയെ എഴുതുക എന്നതും  അസാധ്യമാകുന്നു. Fathers and Sons എന്ന ആത്മകഥാംശമുളള കഥയിൽ, പ്രധാന കഥാപാത്രമായ നിക്ക് സ്വന്തം അച്ഛനെക്കുറിച്ച് ഓർക്കുന്നു: “If he wrote it, he could get rid of it. He had gotten rid of many things by writing them. But too many people are alive who knew him.” 

ഹെമിംഗ്‌വേയുടെ അച്ഛനും തലക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹെമിംഗ്‌വേയെ അച്ഛൻ ചൂരൽ കൊണ്ട് അടിക്കുമായിരുന്നു. ശിക്ഷക്ക് ശേഷം ഹെമിംഗ്‌വേ അച്ഛന്റെ ചിത്രം വരച്ച് അതിൽ അച്ഛന്റെ തലയിൽ ഒരു വൃത്തം രേഖപ്പെടുത്തും. കൃത്യം ആ വൃത്തത്തിൽ തന്നെയാണ് അച്ഛൻ സ്വയം നിറയൊഴിച്ച് മരിച്ചതും. ഒടുവിൽ ഹെമിംഗ്‌വേയും അതു പോലെ തന്നെ സ്വന്തം ജീവനൊടുക്കിയത് അച്ഛനും മകനും കഥാപാത്രങ്ങളായുളള ജീവിത നാടകത്തിലെ പല സീനുകൾ സന്ധിക്കുന്ന അവസാന രംഗമായി.

ഫാദേഴ്സ് ആൻഡ് സണ്‍സ് ‌എന്ന കഥയിൽ ആഖ്യാതാവ്, നിക്ക്, പത്ത് പന്ത്രണ്ട് വയസ്സുളള മകനുമൊത്ത് കാർ യാത്ര നടത്തുകയാണ്. ഒരു ഗ്രാമ പ്രദേശത്തു കൂടി, പ്രകൃതി ഭംഗി ആസ്വദിച്ചുളള യാത്രയിൽ നിക്ക് സ്വന്തം അച്ഛനെ ഓർക്കുന്നു. സമ്മിശ്ര വികാരങ്ങൾ നിറഞ്ഞ ഓർമകളാണ് അയാളുടെ മനസ്സിലേക്ക് വരുന്നത്. അച്ഛൻ തന്നെ പഠിപ്പിച്ച കാര്യങ്ങളിൽ നായാട്ടും മീൻ‌പിടുത്തവും ഒഴിച്ച് മറ്റൊന്നും തന്നെ സ്വാധീനിച്ചില്ലല്ലോ എന്ന് തെല്ലൊരു കുറ്റബോധത്തോടെ നിക്ക് ഓർക്കുന്നു. ‘most sentimental people are both cruel and abused’ എന്ന അപരിചിതമായ നിരീക്ഷണമുണ്ട് കഥയിൽ. ഹെമിംഗ്‌വേക്ക് സ്വന്തം അച്ഛനെപ്പറ്റിയും ഏറെക്കുറെ സമാനമായ ഓർമകളാണുണ്ടായിരുന്നതെന്ന്  ജീവചരിത്രകാരൻമാർ പറയുന്നു. 

ernest_hemingway

ഹെമിംഗ്‌വേയുടെ അച്ഛൻ ക്രൂരനായിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദരിമാരും മൊഴി കൊടുത്തിട്ടുണ്ട്; സ്വന്തം അച്ഛനിൽ നിന്നായിരിക്കണം ഹെമിംഗ്‌വേക്ക് സ്വതസിദ്ധമായ ആ stoic മനോഭവം കിട്ടിയതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. താൻ ഏറ്റവും കൂടുതൽ അച്ഛനെ സ്നേഹിക്കുന്നതും അതു കൊണ്ടാവാം എന്ന് കഥയിലെ നിക്കും ചിന്തിക്കുന്നു.

കാർ യാത്രയിൽ ഇടക്കെപ്പോഴോ പന്ത്രണ്ടുകാരൻ മകൻ നിക്കിനോട് മുത്തച്ചനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അപ്പോഴാണ് അവൻ ഉറങ്ങുകയായിരുന്നില്ലെന്ന് നിക്ക് മനസ്സിലാക്കുന്നത്. സ്വന്തം അച്ഛനും മകനുമിടയിൽ നിൽക്കുന്ന എല്ലാവരേയും പോലെ പോലെ നിക്ക് അച്ഛന്റെ നല്ല കാര്യങ്ങൾ മാത്രം മകനോട് പറയുന്നു. സ്വന്തം അച്ഛൻ തന്നെക്കാൾ നല്ല നായാട്ടുകാരൻ ആയിരുന്നെന്നും, താൻ സ്വന്തം അച്ഛനെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും. ജീവിതത്തിലും മരണത്തിലും സ്വന്തം അച്ഛനെ അനുകരിക്കുകയാണ് ഏണസ്റ്റ് ഹെമിംഗ്‌വേയും ചെയ്തത് എന്ന് ആ എഴുത്തും ജീവിതവും സൂചിപ്പിക്കുന്നു. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS