സെമിത്തേരിയിലെ പൂക്കള്‍

edgar-allan-poe
SHARE

എഡ്‌ഗർ അലൻ പോയുടെ പ്രശസ്തമായ ഒരു കവിതയുടെ പേരാണ് ബൾട്ടിമോറിലെ അമേരിക്കൻ ഫുട്‌ബോൾ ടീമിന്. The Ravern എന്ന കവിത. കലയേക്കാൾ യുദ്ധമുറയിലുളള കായികക്ഷമതക്ക് പ്രാധാന്യം കൊടുക്കുന്ന അമേരിക്കൻ ഫുട്ബോളിന് കവിതയുമായി അധികം സാമ്യം ഒന്നും കാണാനാവില്ല, പക്ഷേ, പോയുടെ കവിതയുടെ ജനപ്രീതി എത്രത്തോളമുണ്ടെന്നതിന്റെ സൂചനയാണത്. അനേകം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പോയുടെ Ravern പ്രത്യക്ഷപ്പെടുന്നുണ്ട്. മുന്നൂറിലധികം റൈറ്റിംഗ് ക്രെഡിറ്റ്സ് ആണത്രേ ഐഎംഡിബിയിൽ ഈ കവിതയ്ക്കുളളത്. 

വലിയ ഒരു തരം കാക്കയാണ് ravern. കാക്കകളെല്ലാം മരണത്തിന്റെ പക്ഷികളാണെന്നാണല്ലോ. പോയുടെ കവിതയിൽ തന്റെ പ്രിയപ്പെട്ട ലെനോറിന്റെ വിയോഗത്തിൽ അതീവ ദുഃഖിതനായി ഇരിക്കുന്ന കവിയുടെ മുറിയുടെ ചില്ലു ജനാലയിൽ കാക്ക വന്നു മുട്ടുന്നു. അപ്രതീക്ഷിത സന്ദർശനത്തിൽ ആദ്യം അമ്പരന്ന കവി ലെനോറിനെക്കുറിച്ചും മരണത്തെക്കുറിച്ചും, മരണനാനന്തര ജീവിതത്തെ കുറിച്ചും ഒക്കെ കാക്കയോട് സംവദിക്കുന്നു. കാക്കയാകട്ടേ, എല്ലാ ചോദ്യത്തിനും ‘നെവർ മോർ; എന്ന പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന ഒറ്റയുത്തരം മാത്രമാണ് നൽകുന്നത്. Quoth the Raven, “Nevermore” എന്ന വരി കവിതയിൽ ആവർത്തിച്ചു വരുന്നു. 

മരണത്തേയും വേർപാടിനേയും ദുഃഖത്തേയും കുറിച്ചുളള ചിന്തകളാണ് കവിതയിൽ. കാക്കയുടെ Never more എന്ന വാക്ക് കവിക്ക് ഒരിക്കലും ലെനോറിന്റെ ഓർമകളിൽ നിന്ന് മോചനമില്ലെന്ന സൂചനയാണ്. അതു പോലെ തന്നെ ദുഃഖം എങ്ങനെയാണ് ഒരാളെ ഭ്രാന്തനും ഒറ്റപ്പെട്ടവനുമൊക്കെ ആക്കി തീർക്കുന്നത് എന്നും കവിത കാണിച്ചു തരുന്നു. ഏറെക്കുറെ പോയുടെ ജീവിതവുമായി സാമ്യം ഉള്ള രീതിയിൽ. 

1845-ൽ എഴുതിയ ഈ കവിതയുടെ പ്രമേയവും പരിചരണവും ദർശനവും എല്ലാം ദുരന്തബോധം പേറുന്നവയാണ്. ഇടക്കിടക്ക് കവി കാക്കയുമായുള്ള സംസാരത്തിനിടയിൽ ലെനോറിനെ എങ്ങിനെ എങ്കിലും മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശിക്കുന്നുണ്ട്. പക്ഷേ, കാക്കയുടെ Never more എന്ന മറുപടി ആ പ്രതീക്ഷ ഇല്ലാതാക്കുന്നു. ലെനോറിനെക്കുറിച്ചുളള ഓർമകളിൽ നീറി ജീവിക്കാനാണ് കവിയുടെ നിയോഗം.

മരണവും അതുമായി പൊരുത്തപ്പെടാൻ ജീവിച്ചിരിക്കുന്നവർ നടത്തുന്ന ശ്രമങ്ങളുമാണ് ഈ കവിതയെ ജനപ്രിയമാക്കിയത് എന്നു തോന്നുന്നു. അത്രയും യൂണിവേഴ്സലായ മറ്റൊരു പ്രമേയമില്ലല്ലോ. പോ പക്ഷേ, ഈ കവിതയുടെ രചനക്കു പിന്നിലെ കഥയായി ഫിലോസഫി ഓഫ് കോമ്പോസിഷനിൽ എഴുതിയത് ചില ആരാധകരെയെങ്കിലും നിരാശരാക്കും. പ്രചോദന ഭൂതമല്ല, മറിച്ച് ഒരു പ്രശ്ന പരിഹാരത്തിന് പറ്റിയ നിശ്ചിത നിയമങ്ങൾ അനുസരിച്ച് ആണ് ‘കാക്ക’ എഴുതിയത് എന്ന് പോ. കവിത ബെസ്റ്റ് സെല്ലറാക്കാനുള്ള പൊടിക്കൈക്കളും നിർദ്ദേശിക്കുന്നുണ്ട്. കവിതക്ക് നൂറു വരികളിൽ കൂടുതൽ പാടില്ല. 

സൗന്ദര്യത്തെക്കുറിച്ച് എഴുതണം. സുന്ദരിയായ ഒരു സ്ത്രീയുടെ മരണം പോലെ കവിതക്കു വിഷയമാക്കാൻ പറ്റിയ മറ്റൊന്നില്ല എന്നിങ്ങനെ. കവിതയുടെ റൊമന്റിക് വിഷൻ എന്ന സങ്കൽപ്പത്തെ പോ പൊളിച്ചു കളയുന്നുണ്ട്. കവിയെക്കാളേറെ ഒരു ശസ്ത്രഞനെ പോലെയാണ്‌ തന്റെ പ്രശസ്ത കാവ്യത്തെക്കുറിച്ചും പൊതുവെ എഴുത്തിനെക്കുറിച്ചും പോ പറയുന്നത്. 

ബാൾട്ടിമോർ ഡൌൺ‌ടൌണിലേക്കുളള യാത്രയിൽ കണ്ടു തിരക്കുളള ഹൈവേക്കരികിൽ ഒരു മാൻ നിൽക്കുന്നത്. ട്രാഫിക് ഒഴിഞ്ഞ് റോഡ് മുറിച്ചു കടക്കാൻ എന്ന പോലെ. യാതൊരു സഭാകമ്പവുമില്ലാതെ. ഡൗൺ‌ ടൗണിൽ പഴയ മാതൃകയിലുളള കൂറ്റൻ കെട്ടിടങ്ങൾക്ക് നടുവിൽ ഒരു ചരിവിൽ ആയിരുന്നു പോയുടെ ശവക്കല്ലറ. കണ്ടാൽ ഏതോ ഓഫീസ് കെട്ടിടം ആണെന്ന് തോന്നും. 

കാർ പാർക്ക് ചെയ്തതിനടുത്ത് ധാരാളം ചുമർചിത്രങ്ങൾ. മുദ്രാവാക്യങ്ങൾ. ഉദ്ധരണികൾ. ശ്മശാനത്തെ ചൂഴു്ന്നു നിൽക്കുന്ന ഉയരം കൂടിയ കെട്ടിടങ്ങളിൽ നിന്ന് കുട്ടികൾ ആ ശ്മശാനം നോക്കി നിന്നിട്ടുണ്ടാവുമോ? പതിനെട്ടാം നൂറ്റാണ്ടിൽ പണിത വെസ്റ്റ്‌മിൻസ്റ്റർ സെമിത്തേരി. പോയുടെ കുടുംബ സെമിത്തേരിയാണെന്നും ബാൾട്ടിമോറിന്റെ ചരിത്രം ഇവിടെ ഉറങ്ങുന്നു എന്നും പുറത്തെ ബോർഡിൽ. വെയിൽ കല്ലറകളെ തിളക്കുന്നു. കല്ലറകൾക്കു മേൽ ഓടിക്കളിക്കുന്ന അണ്ണാന്മാർ. 

edgar-allan-poe1

കുറച്ചു നേരം ഞാൻ വെയിൽ കൊണ്ടു നിന്നു. ചുറ്റും എനിക്കറിയാത്ത മനുഷ്യരുടെ ശവക്കല്ലറകൾ. പുല്ലുകൾ അവയിൽ പലതിനേയും മൂടിയിരിക്കുന്നു. പരിക്ഷീണമായ തന്റെ ജീവിതത്തിൽ ഈ എഴുത്തുകാരൻ എന്തെങ്കിലും സ്വാ‍സ്ഥ്യം അനുഭവിച്ചിരുന്നോ എന്നു നിശ്ചയമില്ല. ജീവചരിത്രങ്ങൾ പറയുന്നത് ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞ് മുഴുക്കുടിയനായി മരിക്കുകയായിരുന്നു എന്നൊക്കെയാണ്. Raven പ്രസിദ്ധമായ കാവ്യമായി തീരുമെന്നൊന്നും കവി കരുതിയിരുന്നുമില്ല. എങ്കിലും ആരാധകരെ വർഷങ്ങൾക്കു ശേഷവും പൂക്കളുമായി തന്റെ കല്ലറയിലേക്ക് പ്രചോദിപ്പിക്കാൻ തക്ക ശക്തി ആ വാക്കുകൾക്കുണ്ടായിരുന്നു എന്നത് നിശ്ചയമാണ്. 

പോയുടെ പ്രസിദ്ധമായ കവിതയെക്കുറിച്ചാണ് പറഞ്ഞു വന്നതെങ്കിലും ഞാൻ പതിവായി തിരിച്ചു പോകാറുളളത് പോയുടെ ചെറുകഥകളിലെക്കാണ്. ദ ഫാൾ ഓഫ് ദ ഹൗസ് ഓഫ് അഷർ, ദ കാസ്ക് ഓഫ് അമോണ്ടില്ലാഡോ, ദ ടെൽ-ടേൽ ഹാർട്ട്, ദ മാസ്ക് ഓഫ് ദ റെഡ് ഡെത്ത് തുടങ്ങിയവ. പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ആ കഥകളുടെ ക്രാഫ്റ്റും കലയും വിസ്മയകരമാണ്. Macabre, Spooky എന്നൊക്കെ ഇംഗ്ലീഷിൽ പറയാവുന്നതാണ് മിക്ക കഥകളുടെയും അന്തരീക്ഷം. പോയുടെ കഥകളിൽ പൊതുവെ ഇരുട്ടാണ്. പ്രതികാരവും കൊലപാതകങ്ങളും പ്രേതങ്ങളും നിറയുന്ന ഇടം. 

ടെൽ-ടേൽ ഹാർട്ട് എന്ന കഥയിൽ ഒരു ഹൃദയമുണ്ട്. ഇരയെ ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റി പലയിടങ്ങളിലായി കുഴിച്ചിട്ടിട്ടും, അന്വേഷിക്കാൻ വന്ന പൊലീസുകാരെ സമർത്ഥമായി കബളിപ്പിച്ചിട്ടും, കൊലപാതകിക്ക് സ്വൈരം കൊടുക്കാതെ ഭൂമിക്കടിയിൽ മിടിച്ചു കൊണ്ടിരിക്കുന്ന അദൃശ്യഹൃദയം. ഒടുവിൽ മനശ്ശാശാന്തിക്കു വേണ്ടി, നിവൃത്തിയില്ലാതെ കുറ്റം ഏറ്റു പറഞ്ഞു പോകുന്നു. ഭൂമിക്കടിയിൽ സാങ്കൽപ്പികമായി മിടിച്ചു കൊണ്ടിരിക്കുന്ന ആ ഹൃദയം കുറ്റബോധത്തിന്റേതാണ്. 

വാക്കുകളിലൂടെ അനുഭവം പകരുക എന്നതാണല്ലോ കഥകളുടെ ദൌത്യം. ഇന്ദ്രിയങ്ങളിൽ കാഴ്ച്ചക്കു പ്രാധാന്യം കൊടുക്കുക എന്നതാണ് മിക്ക കഥയെഴുത്തുകാരുടേയും രീതി. മികച്ച കഥയെഴുത്തുകാർ പക്ഷെ ശബ്ദത്തിനും, സ്പർശനത്തിനും ഗന്ധത്തിനും ഒക്കെ പ്രാധാന്യം കൊടുത്ത് കഥയെ മികവുറ്റതാക്കുന്നു. ഈ കാര്യത്തിൽ ഒരു മാസ്റ്റർ ക്ലാസാണ് പോയുടെ ‘ദ ഫാൾ ഓഫ് ദ ഹൌസ് ഓഫ്  അഷർ’ എന്ന കഥ. കഥയിലെ ആഖ്യാതാവിന്റെ സുഹൃത്ത് തന്റെ പ്രശ്നം അമിത സെൻസിറ്റിവിറ്റി ആണെന്ന് പറയുന്നുണ്ട്. ഒരു ശബ്ദവും സഹിക്കാൻആവാത്ത അവസ്ഥ. എല്ലാ വെളിച്ചവും കണ്ണിനെ കുത്തി നോവിക്കുന്നു. ഒന്നിന്റേയും രുചി പിടിക്കുന്നില്ല. ചുരുക്കത്തിൽ, ഇന്ദ്രിയങ്ങളെ കൊട്ടിയടച്ച് ലോകത്തിൽ നിന്നു തന്നെ ഉൾവലിഞ്ഞ് ജീവിക്കേണ്ടി വരുന്ന അവസ്ഥ. 

ഈ കഥ പക്ഷേ ഇന്ദ്രിയങ്ങൾക്കു വിരുന്നാണ്. ഹൊറർ സിനിമകളിൽ സാധാരണ കണ്ടു വരാറുളള എല്ലാ സംഗതികളും 1849-ൽ എഴുതിയ ഈ കഥയിൽ കാണാം. പ്രേത സാന്നിദ്ധ്യമുളള, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്. ചോര പുരണ്ട വെളള സാരി ഉടുത്ത സ്ത്രീ, സകലതും കടപുഴക്കിയെറിയാൻ പാകത്തിലുളള ചുഴലിക്കാറ്റ്, കഥക്കുള്ളിലെ കഥ, കഥയുടെ തുടക്കത്തിൽ കൊടുത്തിട്ടുളള ഫ്രഞ്ച് കവിയുടെ വരികൾ ("His heart is a lute strung tight; As soon as one touches it, it resounds." --Le Refus (1831) by Pierre-Jean de Beranger)-- എല്ലാം ഈ കഥയുടെ സൂപ്പർ നാച്ചുറല്‍ ശക്തി കൂട്ടുന്നു:

പോയുടെ കുടുംബ സെമിത്തേരിയിൽ ഒരിക്കൽ കൂടി ചുറ്റി നടന്നു. ഉയരം കൂടിയ പുല്ല് പല കല്ലറകളേയും മൂടി വളർന്നിരിക്കുന്നു. കുറച്ചു നേരം ഒരു വലിയ കല്ലറയുടെ തണലിൽ അല്പം നേരം നിന്നു. വഴി തെറ്റി ഹൈവേയിൽ കയറിയ ആ മാനിനെ പോലെ എന്തുകൊണ്ടോ ഈ സെമിത്തേരി ഒരു പ്രണയ കഥക്ക് പറ്റിയ അന്തരീക്ഷം ആണെന്നും, ഈ കല്ലറയ്ക്ക് മുൻപിൽ ഇതിനകം രണ്ടു കമിതാക്കൾ, മരിച്ചു പോയ മനുഷ്യർ സാക്ഷിയായി ചുംബിച്ചിട്ടുണ്ടാകുമെന്നും എനിക്ക് തോന്നുന്നത്  എന്തു കൊണ്ടാണ്? 

ഈ സെമിത്തേരിയും പോയുടെ എഴുത്തിനെക്കുറിച്ചുളള ഓർമകളും കൂടി എന്തോ അമാനുഷികമായ അനുഭവ പ്രതീതി ജനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നോ? ഇവിടെ വന്ന പലരും അത്തരം അനുഭവങ്ങളെക്കുറിച്ച് എഴുതുയിട്ടുണ്ടല്ലോ. ഒറ്റക്ക് ഈ സെമിത്തേരിയിൽ നടക്കുന്നത് അപകടകരാണെന്ന് പോലും. അല്ലെങ്കിലും കടുത്ത ആരാധകർക്ക് വിവേചന ബുദ്ധി കുറയും! 

 1849-ല്‍, നാല്‍പ്പതാം വയസ്സില്‍, ബാള്‍ട്ടിമോറില്‍ വച്ചുണ്ടായ പോയുടെ മരണവും അദ്ദേഹത്തിന്റെ കഥകളെ ഓര്‍മിപ്പിക്കും വിധം നിഗൂഡത നിറഞ്ഞതായിരുന്നു. റിച്ച്മണ്ടില്‍ നിന്ന് ഫിലാഡല്‍ഫിയായിലേക്ക് എഡിറ്റിംഗ് സംബന്ധിയായ ആവശ്യത്തിന് പുറപ്പെട്ട പോ എങ്ങിനെയോ ബാള്‍ട്ടിമോറില്‍ എത്തിപ്പെടുകയായിരുന്നു. എഴുത്തുകാരന്‍ ഒരു ഓടയില്‍ വീണു കിടക്കുകയായിരുന്നു. മറ്റാരുടെയോ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ പോലും ബോധം ഉണ്ടായിരുന്നില്ല. ബാള്‍ട്ടിമോറില്‍ ഒരു ലോക്കല്‍ ഇലക്ഷന്‍ നടക്കുന്ന സമയം ആയിരുന്നു. ഒരു പോളിംഗ് ബൂത്തിനടുത്താണ് എഴുത്തുകാരനെ കണ്ടെത്തിയതും.

നാലു ദിവസം കൂടി കഴിഞ്ഞ് ആസ്പത്രിയില്‍ വച്ച് പോ മരിക്കുകയും ചെയ്തു. തനിക്ക് എന്താണ് ആ അവസാന ദിവസങ്ങളില്‍ സംഭവിച്ചതെന്ന് ഒരിക്കലും വിശദീകരിക്കന്‍ കഴിയാതെ. അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്ന ഡോക്ടറോട് ‘റിനോള്‍ഡ്സ്’ എന്ന ഒരു പേരു മാത്രം ആവര്‍ത്തിച്ച് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആരാണ് ഈ റിനോള്‍ഡ്‌സ് എന്നു മാത്രം ആര്‍ക്കും ഇന്നും അറിയില്ല.

പോയുടെ മരണ കാരണത്തെ പറ്റി പല തരം കഥകളാണ് പ്രചരിച്ചത്. അദ്ദേഹത്തോട് വിരോധമുളള ഒരു സ്ത്രീ ഏര്‍പ്പാടാക്കിയവര്‍ പോയെ മര്‍ദ്ദിച്ചവശനാക്കി വഴിയില്‍ ഉപേക്ഷിക്കുക്യയിരുന്നു എന്നാണ് ഒരു കഥ. വോട്ടര്‍ ഫ്രോഡ് പ്രബലമായിരുന്ന ബാള്‍ട്ടിമോറിൽ നിരപരാധികളെ തട്ടിക്കൊണ്ടു പോയി വേഷം മാറിച്ച് കളള വോട്ടു ചെയ്യിക്കുന്ന പതിവുണ്ടായിരുന്നു. അതിനിരയാവുകയായിരുന്നു പോ എന്ന് മറ്റൊരു കഥ. 

തലക്കേറ്റ ക്ഷതം, ബ്രെയിന്‍ ട്യൂമര്‍, അമിത മദ്യപാനം, എന്തിന് കൊലപാതകം വരെയും മരണ കാരണങ്ങളായി പ്രചരിപ്പിക്കപ്പെട്ടു. പോയുടെ കല്ലറയ്ക്ക് മുകളിൽ വെക്കാൻ ഒരു കുപ്പി മദ്യം കൂടെ കരുതേണ്ടതായിരുന്നു എന്ന് എനിക്കു തോന്നി. പക്ഷേ, ആ പതിവിനെക്കുറിച്ച് വെബ്സൈറ്റിൽ വായിച്ചപ്പോഴേക്ക് വൈകിപ്പോയല്ലോ.

ജീവിതത്തിലുടനീളം മദ്യപാനം പോയ്ക്ക് ഒരു പ്രശ്നമായിരുന്നു. ഒരൊറ്റ ഗ്ലാസ്സ് വീഞ്ഞില്‍ തന്നെ പൂര്‍ണമായും ലക്കു കെട്ട അവസ്ഥയില്‍ എത്തുമായിരുന്നത്രേ. പക്ഷെ, പക്ഷെ പോസ്റ്റ് മാർട്ടം റിപ്പോർട്ടുകള്‍ പോ മദ്യലഹരിയില്‍ അല്ലായിരുന്നു മരണ സമയത്ത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഒരു പക്ഷെ, ആര്‍ക്കോ കൊടുത്ത വാക്കു പോലെ എഴുത്തുകാരന്‍ മദ്യവുമായി പിരിഞ്ഞിരുന്നിരിക്കണം. അല്ലെങ്കിലും ആർക്കറിയം ജീവിതത്തിന്റേയും മരണത്തിന്റേയും പൊരുൾ?

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS