വയനാട് ടു ജർമനി: ഒരു കരാട്ടെ പ്രണയഗാഥ

sreeja-family
ശ്രീജയും കുടുംബവും. ഭർത്താവ് ആന്ദ്രെ, മക്കളായ സാന്ദ്ര, സത്യ.
SHARE

ഒരു സാധാരണ മലയാളി ഗ്രാമീണ പെൺകൊടി അസാമാന്യ ആത്മധൈര്യത്തിലൂടെ പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുത്ത കഥയാണിത്. കരാട്ടെയിൽ തൽപരയായ വയനാട്ടിലെ ഒരു സ്കൂൾ വിദ്യാർഥിനി. വിദ്യാലയത്തിലേക്കുള്ള പോക്കുവരവിനിടെ വീട്ടിനടുത്ത  കരാട്ടെ സ്ഥാപനം അവളെ അങ്ങോട്ടേയ്ക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. മകളുടെ വാശിയോടു തോറ്റ് അച്ഛൻ ഒാക്കെ മൂളി, കൊണ്ടുപോയി ക്ലാസിൽ ചേർത്തു. അവധി ദിവസങ്ങളിലായിരുന്നു പരിശീലനം. ഗുരു കെ.പി.രവീന്ദ്രൻ മാഷ് ഏറെ പ്രോത്സാഹനം ചൊരിഞ്ഞു. എട്ടു വർഷത്തെ പഠനം കഴിഞ്ഞ് ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ ശേഷം പഠിച്ച സ്ഥാപനത്തിൽ തന്നെ പരിശീലകയായി. 2011ൽ ബത്തേരി കോ ഒാപറേറ്റീവ് കോളജിൽ ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ പോലും ശ്രീജ കരാട്ടെയെ മൊഴി ചൊല്ലിയില്ല. 

sreeja-karate
ബ്ലാക്ക് ബെൽറ്റുകാരിയായ ശ്രീജ.

കരാട്ടെ അഭ്യസിച്ചതു മൂലം ജീവൻ രക്ഷപ്പെട്ട കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്; എന്നാലിവിടെയിതാ, ഒരു മലയാളി പെൺകുട്ടിക്ക് ആരായാലും അസൂയപ്പെടുന്ന ഒരു ജീവിതം തന്നെ സമ്മാനിച്ചിരിക്കുന്നു, ജപ്പാനിൽ നിന്നെത്തിയ ഇൗ ആയോധനകല. വയനാട് മീനങ്ങാടി പത്തിരിപ്പാലം മുതിരക്കളയിൽ ഗോപി–രത്നവല്ലി ദമ്പതികളുടെ മകൾ ശ്രീജയെ ജർമനിയിലെത്തിച്ചത് കരാട്ടെയാണ്. അതും കൊറിയക്കാരനായ ഭർത്താവിനെ സമ്മാനിച്ചുകൊണ്ട്. ജർമനിയിൽ ജീവിക്കുന്ന ദക്ഷിണ കൊറിയൻ യുവാവിനെ വരിച്ച്  പ്രിയതമനോടും രണ്ട് മക്കളോടുമൊപ്പം അവിടെ സന്തോഷത്തോടെ  ബത്തേരി അമ്പലവയൽ സ്വദേശികളായ പീറ്റർ–അനിത ദമ്പതികൾ വർഷങ്ങളായി ജർമനിയിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി അവർ തിരിച്ചു നാട്ടിലെത്തി. മകനെ ശ്രീജ പഠിപ്പിക്കുന്ന കരാട്ടെ സ്ഥാപനത്തിൽ ചേർത്തു. അങ്ങനെയിരിക്കെ ഒരു ദിവസം ആ കുട്ടിക്ക് ശ്രീജ  കരാട്ടെ പരിശീലിപ്പിച്ചുകൊണ്ടിരുന്നപ്പോൾ പീറ്ററും അനിതയും അതു കാണാനെത്തി. കൂടെ, ജർമനിയിൽ നിന്നെത്തിയ അവരുടെ കൂട്ടുകാരും- ഇരുവരുടേയും സമപ്രായക്കാരായ ജർമൻ ദമ്പതികൾ. ശ്രീജയുടെ കരാട്ടെ പ്രകടനത്തിൽ അവർ ഫ്ലാറ്റായെന്നേ പറയേണ്ടൂ. അവിടെ നിന്ന് മടങ്ങുമ്പോൾ അവർ പീറ്ററിനോടും അനിതയോടും ഒരു കാര്യം ചോദിച്ചു:  

''തങ്ങളുടെ കൊറിയക്കാരനായ ദത്തുപുത്രൻ ആന്ദ്രെയ്ക്ക് ശ്രീജയെ വിവാഹമാലോചിച്ചാലോ?'' 

sreeja-wedding
വിവാഹ ഫൊട്ടോ

അതു കേട്ടപ്പോൾ ആദ്യം പീറ്ററിനും അനിതയ്ക്കും ഞെട്ടലാണുണ്ടായത്. വയനാട് പോലുള്ള ഒരു സ്ഥലത്ത് നിന്ന് ജർമനിയിലേയ്ക്ക് ഒരു പെൺകുട്ടി വിവാഹിതയായി പോകുന്നു. അതും കൊറിയൻ യുവാവിനെ വരണമാല്യമണിഞ്ഞ്!! ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം. പക്ഷേ, ജർമൻ  ദമ്പതികൾ പ്രതീക്ഷ കൈവിട്ടില്ല. ശ്രീജയുടെ മാതാപിതാക്കളോട് സംസാരിക്കാന്‍ അവർ പീറ്ററിനെ നിർബന്ധിച്ചു.  

''മടിച്ചുമടിച്ചാണെങ്കിലും അവർ അച്ഛനോട് കാര്യമവതരിപ്പിച്ചു. അച്ഛനുമമ്മയും ബന്ധുക്കളുമെല്ലാം കൂടിയാലോചന തുടങ്ങി. ദിവസങ്ങൾക്കകം ഇരുവരും തീരുമാനമെടുത്തു: ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. പക്ഷേ, ശ്രീജയുടെ ഇഷ്ടം അറിയണം. അന്ന് രാത്രി എനിക്ക് ഉറങ്ങാനേ സാധിച്ചില്ല. നേരംപുലരുവോളം ആലോചനയോടാലോചന''–ശ്രീജ പറയുന്നു. ''ജർമനി എന്ന് ആദ്യമായി കേട്ടത് ലോക മഹായുദ്ധങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ്. അക്കഥകളൊക്കെയാണെങ്കിൽ മറന്നും പോയി. ഇപ്പോ നോക്കാൻ ഇന്റർനെറ്റൊന്നുമില്ലാത്തതിനാൽ ആ രാജ്യത്തേക്കുറിച്ചോ കൊറിയയെ കുറിച്ചോ ഒന്നും പിടികിട്ടിയില്ല. എങ്കിലും പിറ്റേന്ന് പീറ്ററങ്കിളും അനിത ആൻ്റിയും ആന്ദ്രെയുടെ കുടുംബത്തെക്കുറിച്ച് വിശദീകരിച്ചു തന്നു. 

sreeja-shildcamp-family
ഷിൽഡ്കാംപ് കുടുംബം.

ജർമനിയിലെ അറിയപ്പെടുന്ന കുടുംബമാണ് ഹെൽമുട് ഷിൽഡ്കാംപ് –ഡോറിസ് ഷിൽഡ്കാംപ് ദമ്പതികളുടേത്. ഇവർക്ക് സ്വന്തമായി നാല് മക്കളുണ്ട്.  ആന്ദ്രെയെ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ ദത്തെടുത്തതാണ്. ഇതുകൂടാതെ, ഇന്ത്യയിൽ നിന്ന് ഒരു പെൺകുട്ടിയെയും വിയറ്റ് നാമിൽ നിന്ന് മറ്റൊരു പെൺകുട്ടിയേയും ദത്തെടുത്തിട്ടുണ്ട്. വിയറ്റ്നാം കുട്ടി പിന്നീട് മരിച്ചുപോയി. ജർമനിയിൽ പടർന്നു പന്തലിച്ചിട്ടുള്ള ഷിൽഡ്സ്കാംപ് കുടുംബക്കാർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തഞ്ഞൂറിലേറെ കുട്ടകളെ ദത്തെടുത്തു. ഇവരേക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇതൊകൂടാതെ, ആ രാജ്യത്തേക്കുറിച്ചും അവിടുത്തെ ജീവിത രീതികളേക്കുറിച്ചും സംസ്കാരത്തേക്കുറിച്ചും, എന്തിന് ഭക്ഷണത്തേക്കുറിച്ചുപോലും അങ്കിളുമാന്റിയും എനിക്ക് വിശദീകരിച്ചുതന്നു. അമ്മയും സഹോദരങ്ങളായ ശ്രീജിത്തും റിനിജയും തന്ന ധൈര്യവും എന്നെ മാറ്റിമറിച്ചു. അങ്ങനെ ഞാനാ ധീരമായ തീരുമാനമെടുത്തു–ജർമനയിലെങ്കിൽ ജർമനി. വണ്ടി വിട്''.  ശ്രീജയുടെ സംസാരത്തിൽ സ്വതസിദ്ധമായ നർമം: 

''അധികം താമസിയാതെ ഡോറിസ് മമ്മയും വരൻ ആന്ദ്രെയുടെ സഹോദരനും അയാളുടെ ഭാര്യയും വയനാട്ട് എത്തി. വൂപ്പർടാളിലെ ഒരു ഇലക്ട്രോ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായ പുള്ളിക്കാരന് ജോലിത്തിരക്ക് കാരണം വരാനൊത്തില്ല.  എങ്കിലും എൻ്റെ ഫൊട്ടോ കണ്ട് ഇഷ്ടപ്പെട്ട് സമ്മതമുറപ്പിക്കാൻ വന്നതായിരുന്നു കുടുംബക്കാർ. എൻ്റെ മുഖത്തിന് ഏതാണ്ട് ഒരു കൊറിയൻ ലുക്കുണ്ടായിരുന്നതിനാൽ ആന്ദ്രെയ്ക്ക് പെട്ടെന്ന് ബോധിച്ചതായിരിക്കാം. അദ്ദേഹത്തിൻ്റെ പടം കണ്ടപ്പോ  എനിക്കും ആളെ ഇഷ്ടമായി. ഒരു പാവത്തം തോന്നി. പിന്നീട് ആന്ദ്രെയുമായി ഫോണിൽ ഇംഗ്ലീഷിൽ കുറച്ച് നേരം ആശയസംവാദം നടത്തി. 

പുള്ളി കേരളം എന്ന് കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല എന്നറിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്. സന്തോഷത്തോടെ മടങ്ങിപ്പോയ ഭാവി അമ്മായിയമ്മയും സംഘവും 2004ൽ തിരിച്ചുവന്നു. അതേ വർഷം മേയ് രണ്ടിന് വിവാഹം. അന്ന് ''മനോരമ''യില്‍ മലയാളി യുവതിക്ക് ജർമനിയിൽ നിന്ന് കൊറിയൻ വരനെത്തിയ വാർത്ത പ്രസിദ്ധീകരിച്ചു. വൈകാതെ ഞങ്ങൾ ജർമനിയിലേയ്ക്ക് പറന്നു. വൂപ്പർടാളിൽ താമസവുമാരംഭിച്ചു. കാലംകടന്നുപോയി, കഥ തുടർന്നു. ഹെൽമുട് പപ്പ ഇതിനിടെ ഞങ്ങളെ വിട്ടുപോയി. ഞങ്ങൾക്ക് രണ്ട് മക്കൾ പിറന്നു. പന്ത്രണ്ട് വയസുള്ള മൂത്തമകൾ സാന്ദ്ര ഏഴാം ക്ലാസിലും എട്ടു വയസുകാരി സത്യ മൂന്നാം ക്ലാസിലും പഠിക്കുന്നു''. 

മക്കൾ രണ്ടുപേരും ജർമനും കൊറിയനും ഒപ്പം മലയാളവും സംസാരിക്കുന്നു. ''മലയാളം വിട്ടുള്ള കളിയില്ല മക്കളേ. അത് നുമ്മ അമ്മ ഭാഷയല്ലേ. ഞാൻ കുട്ടികളോട് പറഞ്ഞു, മക്കളേ, മലയാളം നിർബന്ധമായും പഠിക്കണം. എഴുതാനും വായിക്കാനും സംസാരിക്കാനും. എന്നെങ്കിലും തിരിച്ചുപോകുമ്പോൾ നിങ്ങളാരും ബബ്ബബ്ബ അടിക്കരുതല്ലോ.. 

shildcamp-fly-with-ad-kids
ഷിൽഡ്സ്കാംപ് കുടുംബം ദത്തെടുത്ത കുട്ടികളോടൊപ്പം(പഴയ ചിത്രം).

സാന്ദ്രയ്ക്കും സത്യക്കും അതിഷ്ടമായി. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും, അവരുടെ ബ്ലഡിലും അതുണ്ടാകുമല്ലോ. അവർ ഇപ്പോൾ എന്നോടും തമ്മിൽതമ്മിലും കൂടുതലും മലയാളമാണ് സംസാരിക്കുന്നത്. ജർമനിയിൽ ജനിച്ചു വളർന്ന ഇരുവർക്കും കേരളത്തേ ഭയങ്കര ഇഷ്ടവുമാണ്''. 

വൂപ്പർടാളിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീജ ഇതുവരെ ഭർത്താവിൻ്റെ രാജ്യം സന്ദർശിച്ചിട്ടില്ല.  

പതിനാല് വർഷത്തോളമായി ആനന്ദതുന്ദിലമായ ദാമ്പത്യ ജീവിതം നയിക്കുന്ന ശ്രീജ ആന്ദ്രെയെ കരാട്ടെ പരീശിലിപ്പിച്ചെങ്കിലും മറ്റൊരു കാര്യത്തിൽ മാത്രം സുല്ലിട്ടു, പ്രിയതമനെ മലയാളം പഠിപ്പിക്കുന്ന കാര്യത്തിൽ.  

''ആദ്യ രാത്രി മുതൽ തുടങ്ങിയ ഭഗീരഥ യത്നമാണ്. ഒരു രക്ഷയുമില്ല എന്റെ പൊന്നോ...''.  

എങ്കിലും, ശ്രീജയേയും കേരളത്തേയും പോലെ മലയാളത്തെയും ഇഷ്ടപ്പെടുന്ന ആന്ദ്രെ നാക്കിന് വഴങ്ങാത്ത ഭാഷയാണെങ്കിലും ഏതുവിധേനയും അതു വശപ്പെടുത്തുമെന്ന വാശിയിലാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ