ഒരു വിവാഹ മോതിരത്തിന്റെ കഥ

ring
SHARE

ഉൗരിയെടുത്ത തന്റെ വിവാഹ മോതിരം വച്ചു നീട്ടുമ്പോള്‍ ബാലകൃഷ്ണന്റെ വിറയ്ക്കുന്ന കൈവിരലുകളിൽ നിന്നേറ്റ തണുപ്പ് ഇപ്പോഴും ബാബുവിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചുകിടക്കുന്നു. ഒരാളുടെ ശരീരം അയാളുടെ മരണത്തിന് മണിക്കൂറുകൾക്ക് മുൻപേ ഇങ്ങനെ തണുത്തു മരവിക്കുമോ? ബാബുവിന്റെ ചങ്കിടിച്ചുപോയി. അയാള്‍ പക്ഷേ, ആ മോതിരം വാങ്ങിയില്ല; ബാബുച്ചേട്ടന് കുറേ കാശ് ഞാൻ തരാനുണ്ട്, ഇതല്ലാതെ തിരിച്ചു തരാൻ എന്റെ കൈയിൽ മറ്റൊന്നുമില്ലെന്ന് പറഞ്ഞു ബാലകൃഷ്ണൻ ഏറെ നിർബന്ധിച്ചിട്ടും.

ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വേളയാണ് അയാളുടെ ജീവിത പങ്കാളി കൈവിരലിട്ടു നൽകുന്ന വിവാഹ മോതിരം. അനർഘ നിമിഷമെന്നോ അസുലഭ മുഹൂർത്തമെന്നോ വശേഷിപ്പിക്കുന്ന വേള. ആ മോതിരം എത്ര വിഷമസന്ധിയിലും മറ്റൊരാൾക്ക് കൈമാറാൻ ആരും തയ്യാറാകാറില്ല. അത്തരത്തിലുള്ളൊരു മോതിരമാണ് ബാലകൃഷ്ണൻ തനിക്ക് നേരെ വച്ചുനീട്ടുന്നത്. അതും പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചതിന് പകരമായി. ഇൗ മോതിരം വാങ്ങിപ്പോയാൽ പിന്നെ ഞാൻ മനുഷ്യനെന്ന് പറഞ്ഞു നടക്കുന്നതെന്തിന് എന്നായിരുന്നു ബാബുവിന്റെ ചിന്ത. വേണ്ട ബാലകൃഷ്ണാ.. ഇതു വാങ്ങിക്കാൻ മാത്രം മനുഷ്യപ്പറ്റില്ലാത്ത ഒരാളല്ല ഞാൻ...

ബാബു പറഞ്ഞപ്പോൾ ബാലകൃഷ്ണൻ നെഞ്ചകം തൊടുന്നൊരു നോട്ടം നോക്കി. വീണ്ടും കുറേ നിർബന്ധിച്ച് പരാജയപ്പെട്ട ശേഷമാണ് അയാൾ അവിടെ നിന്ന് തന്റെ പിക്കപ്പുമെടുത്ത് പോയത്. വാഹനം സ്റ്റാർട്ടാക്കിയ ശേഷം ബാലകൃഷ്ണൻ ചില്ലു താഴ്ത്തി ബാബുവിനെ തിരിഞ്ഞൊന്നു നോക്കി, വിളറിയ ചിരി ചിരിച്ചിരുന്നു.

മൂന്നുവർഷം മുൻപ് പഴയ ആ പിക്കപ്പ് നന്നാക്കാൻ വന്നുള്ള പരിചയമാണ് ബാബുവും ബാലകൃഷ്ണനും തമ്മിൽ. ഇരുവർക്കും ഏതാണ്ട് ഒരേ പ്രായം–അമ്പത്തഞ്ച്. പതിവു സന്ദർശനത്തിലൂടെ ബാലകൃഷ്ണൻ ബാബുവിന്റെ നല്ല സുഹൃത്തായി. ഷാർജ വ്യവസായ മേഖലയിൽ യൂസ്ഡ് ടയറുകൾ ശേഖരിച്ച് കടക്കാർക്ക് വിൽപന നടത്തുന്ന ബിസിനസാണ് ബാലകൃഷ്ണൻ ചെയ്തിരുന്നത്. കുടുംബം നാട്ടിലാണ്; ആറ്റിങ്ങലിൽ. ആദ്യം നന്നായി നടന്നിരുന്ന ബിസിനസ് പിന്നീട് പഞ്ചറായി. അതേ തുടർന്ന് അത്യാവശ്യ സാമ്പത്തിക സഹായത്തിനായും ആ മനുഷ്യൻ ബാബുവിനെ തേടിയെത്തി. പലപ്പോഴും വാഹനം റിപ്പയറിങ്ങും കടം പറഞ്ഞുതുടങ്ങി. അങ്ങനെ നല്ലൊരു സംഖ്യ കുടിശ്ശിക വന്നു. എങ്കിലും, ബാലകൃഷ്ണൻ്റെ വിഷമങ്ങളറിഞ്ഞ് ബാബു സഹായിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ വലിയ നിരാശയിലായിരുന്നു ബാലകൃഷ്ണൻ ബാബുവിന്റെയടുത്തെത്തിയത്. തനിക്ക് വൻ തുക പിഴ ലഭിച്ചെന്നും അതടയ്ക്കാൻ വഴിയില്ലെന്നും അയാൾ വിലപിച്ചു. അന്ന് തിരിച്ചുപോകുമ്പോൾ, ബാബുവിനോട് പറഞ്ഞു: 

ബാബുച്ചേട്ടൻ എന്നോട് ക്ഷമിക്കണം, ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചു...

ബാബു പക്ഷേ, അത് ചിരിച്ചുകൊണ്ട് തള്ളി– ഇൗ ബാലകൃഷ്ണന്റെ ഒാരോ തമാശകൾ...

ഒരാഴ്ച കഴിഞ്ഞ് ബാലകൃഷ്ണൻ വീണ്ടുമെത്തി; ജീവനോടെ. അന്ന് കുറച്ച് പണം കടം വാങ്ങാനായിരുന്നു എത്തിയത്. അതു വാങ്ങിച്ചുപോകുമ്പോഴും അയാൾ പറഞ്ഞു:

ഞാൻ ഇപ്രാവശ്യം ശരിക്കും ജീവനൊടുക്കും.. നോക്കിക്കോ...

അന്നു ബാബുവിന്റെ ചിരി പൊട്ടിച്ചിരിയായി. ബാലകൃഷ്ണന്റെ തോളത്തുതട്ടിക്കൊണ്ട് ബാബു പറഞ്ഞു:

എന്നാ വേഗം വണ്ടി വിട്.. സമയം കളയണ്ടാ.. 

ഇൗ ജീവൻമരണക്കളി ഒരു വർഷത്തോളം തുടർന്നു. ബാബുവിന് നൽകാനുള്ള തുകയും കൂടിക്കൂടി വന്നു.

രണ്ടാഴ്ച മുൻപാണ് ഏറ്റവുമൊടുവിൽ ബാലകൃഷണൻ എത്തിയത്. അയാൾ അന്ന് അതീവ സന്തോഷവാനായിരുന്നു. 

ഇന്ന് വണ്ടിക്ക് പണിയൊന്നുമില്ല.. ഞാൻ ബാബുച്ചേട്ടനെ കാണാൻ വേണ്ടി മാത്രം വന്നതാ..

അന്ന് ബാലകൃഷ്ണൻ കുറേ നേരം സംസാരിച്ചിരുന്നു. ഒാരോ വാക്കിലും നിരാശ നിഴലിച്ചതായി ബാബുവിന് തോന്നി. ഒടുവിൽ പോകാൻ നേരം അയാൾ തന്റെ വിവാഹ മോതിരം ഉൗരി ബാബുവിന് നേരെ നീട്ടി. വർക്ക് ഷോപ്പിലിരുന്ന് തന്റെ ജീവിത കഥ അനാവരണം ചെയ്യുമ്പോഴൊക്കെ ആ മോതിരത്തിലേയ്ക്ക് നോക്കുന്നതും അതില്‍ കൊത്തിവച്ച പേരിൽ പതുക്കെ തലോടുന്നതും ബാബു പലപ്പോഴും കണ്ടിട്ടുണ്ട്. താനെന്നെ അത്തരക്കാരനായിട്ടാണോ ബാലകൃഷ്ണാ കരുതിയേ.. ബാബു അയാളെ ശാസിച്ചു.

സാധാരണ, ഇത്തരത്തിൽ സ്നേഹം ഏറ്റുവാങ്ങി തിരിച്ചുപോകുമ്പോൾ നിറകണ്ണുളോടെ ബാബുവിനെ നോക്കാറുണ്ടായിരുന്ന ബാലകൃഷ്ണൻ അന്ന് ഏറെ നേരം ആ കൈകളിൽ പിടിച്ചു ഒന്നും മിണ്ടാതെ നിന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് ഷർട്ടിന്റെ കൈകൊണ്ട് തുടച്ച് തി‌രിഞ്ഞു നോക്കാതെ ചെന്ന് വണ്ടിയിൽ കയറി ഏതോ ഒരു ലക്ഷ്യത്തിലേയ്ക്ക് ഒാടിച്ചുപോയി. 

പിന്നീടൊരിക്കലും ബാലകൃഷ്ണൻ ബാബുവിന്റെ അടുക്കലെത്തിയില്ല.

മരുത്തുരുത്തിൽ ഒറ്റയ്ക്കൊരു രാഹുൽ

മുന്നിൽ അന്തമായി നീണ്ടു പരന്നു കിടക്കുന്ന മണൽക്കുന്നുകൾ.. മനസിലും ശൂന്യത മാത്രം. രാഹുൽ നടന്നു. എങ്ങോട്ടെന്നില്ലാതെ.. എന്തിനെന്നറിയാതെ.. അവന്റെ ഒാർമകളും ചിന്തകളുമെല്ലാം ചിതറിപ്പോയിരുന്നു. പ്രിയപ്പെട്ട പിതാവിന്റെ വേർപാടാണ് അവനെ തളർത്തിയതെന്ന് ബന്ധുക്കൾ. അച്ഛന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കണ്ട് വന്നതിൽപ്പിന്നെ അസ്വസ്ഥമായിരുന്നുവത്രെ ആ മനസ്സ്. ജോലി ചെയ്യുന്നയിടത്തെ ചില പ്രശ്നങ്ങൾ അതിന് ആക്കവും കൂട്ടി.

അങ്ങനെയാണ് കഴിഞ്ഞ വർഷാവസാനം, അതായത് 2017 ഡിസംബർ 30ന് രാഹുൽ ജോലി സ്ഥലത്ത് നിന്ന് ആരോടും പറയാതെ ഇറങ്ങിനടന്നത്. ചുവന്ന ഷേർട്ടും പാന്റ്സുമായിരുന്നു വേഷം. ഷൂസ് ധരിച്ചിരുന്നു. പഴ്സിൽ ചെറിയ തുകയുമുണ്ടായിരുന്നു. എപ്പോഴോ, വിശന്നപ്പോൾ എന്തോ വാങ്ങിക്കഴിച്ചു. പിന്നെയും നടന്നു. ചെന്നെത്തിയത് ദുബായ് അൽ ബർഷ സൗത്തിലെ സ്വദേശികളുടെ പ്രദേശത്ത്. അപ്പോഴേയ്ക്കും അലക്ഷ്യമായ ആ യാത്ര ഒരാഴ്ച പിന്നിട്ടിരുന്നു. സുന്ദരമായ ആ മുഖത്ത് താടി രോമം വളർന്നു. പാദരക്ഷ എവിടെയോ നഷ്ടപ്പെട്ടുപോയതിനാൽ കൂർത്ത കല്ലും മുള്ളും തറച്ച് കാലിൽ നിന്ന് രക്തം വാർന്നിരുന്നു. അരക്കെട്ടിൽ നിന്ന് പാന്റ്സ്ഉൗർന്നിറങ്ങുന്നുണ്ടായിരുന്നു. ദേഹത്ത് മുഴുവൻ മണൽ പറ്റിപ്പിടിച്ചിരിക്കുന്നു.

അൽ ബർഷ സൗത്തിലെ ഒരു പാർക്കിലായിരുന്നു രണ്ട് ദിവസമായി കിടത്തം. പാർക്കിലെ സുരക്ഷാ ജീവനക്കാരൻ, ആന്ധ്രപ്രദേശ് സ്വദേശി ഗംഗയ്ക്ക് ചെളിപുരണ്ട വസ്ത്രവും ക്ഷീണിച്ച മുഖവുമായി ഒരു യുവാവ് മണലിൽ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ പന്തികേട് തോന്നി. അവിടെ നടക്കാൻ വരുന്ന, തൊട്ടടുത്തെ ഒരു അറബി വീട്ടിലെ ഡ്രൈവറായ പാലക്കാട് സ്വദേശി ഉമറുൽ ഫാറൂഖിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാണ് അസ്വസ്ഥനായ ഒരു ചെറുപ്പക്കാരനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. സംഭവം വൈറലായി. മനസിൽ നന്മ വറ്റിയിട്ടില്ലാത്ത ഒട്ടേറെ പേർ വൈകിട്ടോടെ അവിടെ പാഞ്ഞെത്തിയപ്പോഴേയ്ക്കും രാഹുൽ അവിടെ നിന്ന് വീണ്ടും നടന്നകന്നിരുന്നു.

ഒരു രാവും പകലും മറ്റെവിടെയോ കറങ്ങി നടക്കുന്നുണ്ടായിരുന്നു അവൻ. ഗംഗയോടും ഉമർ ഫാറൂഖിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, ഒാഫീസിലേയ്ക്ക് മടങ്ങുമ്പോൾ കൂടയുണ്ടായിരുന്ന സാമൂഹിക പ്രവർത്തകൻ സിജു പന്തളം പറഞ്ഞു–നമുക്കവനെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം. എങ്കിൽ ഒരു ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചേക്കും.

ദൈവം അതിന് ഞങ്ങളെയായിരിക്കണം നിയോഗിച്ചത്– ദാ, അകലെ മരുഭൂമിയിൽ ഒരു ചുവന്ന പൊട്ട്. ഒരു പക്ഷേ, രാഹുലായിരിക്കാം. കാർ കുറച്ച് കൂടി അടുത്തേയ്ക്ക് ചെന്നപ്പോൾ അതുറപ്പിച്ചു–രാഹുൽ തന്നെ ! മരുഭൂമിയിലൂടെ അവൻ എങ്ങോട്ടെന്നില്ലാതെ നടന്നുപോകുന്നു. കാർ വഴിയരികിൽ നിർത്തി പിന്നാലെ ഒാടിച്ചെന്നു. പിടികൂടിയപ്പോൾ കുതറിയോടി. പിന്നീട്, ഏറെ ശ്രമത്തിനൊടുവിലാണ് അവനെ അനുനയിപ്പിക്കായത്. ഭക്ഷണം കഴിച്ചിട്ട് ഏറെ നാളുകളായെന്ന് ആ മുഖം കണ്ടാലറിയാം. ചുണ്ടുകൾ വരണ്ട് പൊട്ടിയിരിക്കുന്നു. വസ്ത്രങ്ങളിലും ദേഹത്തും അഴുക്ക് കൂടിയിരിക്കുന്നു. ചോദ്യങ്ങൾക്കൊന്നും മറുപടി ഉണ്ടായിരുന്നില്ല. എങ്കിലും, എനിക്കാരുമില്ല.. എന്ന് അവൻ ആവർത്തിച്ചുകൊണ്ടിരുന്നു. അറിയിച്ച പ്രകാരം ഉമറുൽ ഫാറുഖും സുഹൃത്തും സ്ഥലത്തെത്തി ആ ചെറുപ്പക്കാരനെ ബന്ധുക്കളെ ഏൽപിച്ചു.

രാഹുൽ ഇന്ന് നാട്ടിലാണ്. അവന്റെ അസ്വസ്ഥതകളൊക്കെ മാറി, സാധാരണ നില പ്രാപിച്ചിരിക്കുന്നു എന്നതാണ് ഒടുവിലത്തെ സന്തോഷവാർത്ത. മുഖത്തോട് മുഖം നോക്കി നിൽക്കുന്ന രണ്ട് ഫ്ലാറ്റുകളിലുള്ളവർ തമ്മിലുളളതാണ് ഗൾഫിലെ ഏറ്റവും വലിയ അകലമെന്ന് തോന്നാറുണ്ട്. രാഹുലിന്റെ അസ്വസ്ഥതകൾ കാണാനും തിരിച്ചറിയാനും ആർക്കും കഴിയാതെ പോയത് വേഗത്തിന്റെ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ തമ്മിലുള്ള ഇൗ അകല്ച്ചയിലേയ്ക്ക് വിരൽചൂണ്ടുന്നു. കാണാതായിട്ട് ഒരാഴ്ചയിലേറെയായിട്ടും ഒരാളെ അന്വേഷിക്കാതിരിക്കാൻ മാത്രം തിരക്കായിപ്പോയോ നമ്മുടെയൊക്കെ ഇൗ കുഞ്ഞു ജീവിതം?

ബാച്‌ലേഴ്സ് ഫ്ലാറ്റ്

ദുബായിലെ ഒരു ബാച് ലേഴ്സ് ഫ്ലാറ്റിന്റെ വാതിലിൽ കണ്ടത്: പതുക്കെ അടച്ചാലും ഇൗ വാതിൽ അടയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ