സ്നേഹമസൃണമായ ഒരു കരചുംബനം

an-article-on-ramzan-and-iftar-treat
SHARE

പതിവുപോലെ ഈ വർഷവും യുഎഇ ഭരണാധികാരികൾ നോമ്പുതുറ വിരുന്നിന് ഒത്തുകൂടി, അബുദാബി കൊട്ടാരത്തിൽ. പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കുവച്ചും എല്ലാവരും റമസാനിന്റെ പുണ്യങ്ങൾ സ്വന്തമാക്കി. ഏറെ കാലമായി ചികിത്സയിലായിരുന്ന, ഇപ്പോള്‍ പൂർണാരോഗ്യവാനായി തിരിച്ചെത്തിയ യുഎഇ പ്രസിഡ‍ന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, ഉപ ഭരണാധികാരികൾ, കിരീടാവകാശികൾ .. തുടങ്ങിയവരെല്ലാം പങ്കെടുത്തു.

ഏറ്റവും അടുപ്പമുള്ള ബന്ധുക്കളും സുഹൃത്തുക്കളും കൂടിയായ അവർ പ്രൗഢഗംഭീരമായ ആ സദസ്സിൽ കുശലാന്വേഷണം നടത്തിയും വിശേഷങ്ങൾ പങ്കുവച്ചും ഇരിക്കുന്നതിനിടെ, എല്ലാവരും നോക്കിയിരിക്കെ ഉണ്ടായ ഒരു രംഗം ആരുടെയും മനം നിറയ്ക്കുന്നതായിരുന്നു– ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ തന്റെ മൂത്ത സഹോദരൻ കൂടിയായ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ അരികിൽ ചെന്ന് മുന്നിൽ ഒരു നിമിഷം മുട്ടുകുത്തി ഇരുന്നു. 

പിന്നെ,  ആ കരം പിടിച്ചുകൊണ്ട് കണ്ണുകളിലേയ്ക്ക് ഒന്നുനോക്കിക്കൊണ്ട് എന്തോ പറഞ്ഞു. പതുക്കെ വലതു കരം എടുത്തു തന്റെ ചുണ്ടുകളോടടുപ്പിച്ചു. സ്നേഹമസൃണമായ ഒരു ചുംബനം! ഒരു കടലോളം സ്നേഹവും ആദരവും നിറഞ്ഞ ആ സ്നേഹമുദ്രയുടെ ലാളനയേറ്റായിരിക്കണം, യുഎഇയുടെ പ്രിയപ്പെട്ട പ്രസിഡ‍ന്റ് ഇളംതെന്നലായി ചിരിച്ചു. നിമിഷങ്ങളോളം ആ മുഖത്ത് പൂ പുഞ്ചിരി തങ്ങിനിന്നു. അതിന്റെ അലയൊലികളിൽ സദസ്സ് കോരിത്തരിച്ചു. ഇൗ രംഗങ്ങൾ പിന്നീട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയുടെ യു ട്യൂബ് ചാനലിൽ കണ്ടവര്‍ വീണ്ടും വീണ്ടും കണ്ട് നിർവൃതിയണഞ്ഞു.

കഴിഞ്ഞ വർഷം യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വർഷം സമുചിതമായി ആചരിച്ച് ലോകത്തിന് തന്നെ വഴികാട്ടിയായ ഒരു നേതാവിന് ആദരമർപ്പിച്ചപ്പോൾ, ഇൗ കൊല്ലം രാജ്യത്തിന് സഹിഷ്ണുതാ വർഷമാണ്. സഹിഷ്ണുതയും സ്നേഹപാഠങ്ങളും ഉയർന്നുകേൾക്കേണ്ടത് ആദ്യം കുടുംബങ്ങളിൽ നിന്നാണെന്ന സന്ദേശത്തിന് അടിത്തറയിടുന്നതാണ് യുഎഇ ഭരണാധികാരികളുടെ ഇൗ സ്നേഹോഷ്മളമായ സഹവർത്തിത്വം. മനുഷ്യരെ തമ്മിലിടിപ്പിച്ച് കൊല്ലാക്കൊല ചെയ്ത് അധികാരവും ചെങ്കോലും കരസ്ഥമാക്കാൻ ശ്രമിക്കുന്ന ലോകത്ത് അത്യപൂർവം മാത്രം സംഭവിക്കുന്ന ഏറെ മനോഹരമായ കാഴ്ച. അത് സമ്മാനിച്ച മലയാളികളുടെ ഇൗ പോറ്റമ്മ നാടിന് റമസാന്റെ നന്മ.

യാള്ളാ, മിസ്കീൻ...

രാത്രി. ജോലി കഴിഞ്ഞ് ഷാർജയിലെ താമസ സ്ഥലത്ത് എത്തിയതാണ്. കച്ചയാണെങ്കിലും പാർക്കിങ് വലിയ പ്രശ്നമല്ല. കടിച്ചാൽ പൊട്ടാത്ത പേരുകളുള്ള കഫെകളാൽ നിറ്ഞ്ഞ സ്ഥലത്ത് പാർക്കിങ്ങിന് വിശാല സൗകര്യമുണ്ട്. യുഎഇയിൽ അപൂർവമായി ലഭിക്കുന്ന ഭാഗ്യം.

മനോഹരമായ കോർണിഷ് റോഡിൽ നിന്ന് കെട്ടിടത്തിലേയ്ക്കുള്ള എക്സിറ്റെടുക്കുമ്പോൾ ചെറിയൊരു തടസ്സം. കാർ ഇത്തിരി സ്ലോ ആക്കി. അപ്പോഴതാ, പിന്നിൽ വന്നൊരു വിലൂകടിയ ഫോർവീലർ എന്റെ കാറിന്റെ ചന്തിയിൽ ചെറുതായൊന്ന് ഉമ്മ വച്ചു.

ഉമ്മ വയ്ക്കാൻ കണ്ട സമയം..!! ദൈവേ, കഷ്ടമായിപ്പോയല്ലോ. വിശന്നിട്ടും വയ്യ. ആകെ സുയിപ്പായീന്ന് പറഞ്ഞാ മതി. വണ്ടി അരികിൽ നിർത്തി ഇറങ്ങി നോക്കിയപ്പോൾ പാവപ്പെട്ടവരുട‌െ ബെൻസെന്നറിയപ്പെടുന്ന എന്റെ ടൊയോട്ട കൊറോളയുടെ പിന്നിലെ ബംപർ ഇത്തിരി പൊട്ടിയിരിക്കുന്നു. ഫോർവീലറിൽ നിന്നിറങ്ങിയ, ജീൻസും ടി ഷർട്ടും ധരിച്ച അറബ് വംശജൻ ഇത്തിരി ആകാംക്ഷയോടെ വന്നു സലാം പറഞ്ഞു ഷെയ്ക്കാൻഡ് തന്നു. ചെറുപ്പക്കാരനും പ്രസന്ന വദനനുമായ അയാൾ തന്നെ പൊലീസിനെ വിളിച്ചു. അറബിക്കിൽ എന്തൊക്കെയോ മൊഴിഞ്ഞു.

رئيس الدولة يتقبل التهاني من حكام دولة الإمارات وأولياء العهود ونواب الحكام بشهر رمضان المبارك.

പടച്ചോനേ, പോയി.. എല്ലാം പോയി എന്ന കൊച്ചിൻ ഹനീഫയുടെ പറച്ചിൽ ഒാർമവന്നു. എന്റെ ഭാഗത്തു നിന്നുള്ള തകരാറാണെന്ന് അറബിക്കിൽ പറഞ്ഞ് വിശ്വസിച്ചതാകുമോ? ഏയ്, ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്ന് മനസ്സ് തിരുത്തി. എങ്കിലും ഞാനാകെ പേടിച്ചു. ഒരു നാട്ടിൽ ജീവിക്കുമ്പോ ആ നാടിന്റെ ഭാഷ കുറച്ചെങ്കിലും അറിയേണ്ടതിന്റെ ആവശ്യകത ഇത്തരം സന്ദർഭങ്ങളിലാണ് തലച്ചോറിൽ കോലിട്ടിളക്കുക.

പൊലീസ് എത്തും വരെയുള്ള ഇടവേള. സാധാരണഗതിയിൽ അത്തരം സന്ദർഭങ്ങളിൽ ഇരു കൂട്ടരും ആരോടെങ്കിലും ഫോണിൽ കത്തിവച്ചോ, വാട്സ് ആപ്പിൽ മുഴുകിയോ തങ്ങളുടേതായ ലോകത്ത് വിരാജിക്കേണ്ടതാണ്. പ്രത്യേകിച്ച് ഇരു രാജ്യക്കാരാകുമ്പോൾ. എന്നാൽ,ആ ചെറുപ്പക്കാരൻ ഫോൺ വിളിച്ച ശേഷം എന്റെയരികിലേയ്ക്ക് പുഞ്ചിരിച്ചുകൊണ്ടു വന്നു.

ക്ഷമിക്കൂ, പൊലീസ് ഇപ്പോൾ വരും.. 

എന്റെ മുഖത്തെ ടെൻഷൻ കണ്ടായിരിക്കണം, അയാൾ ഇത്ര കൂടി പറഞ്ഞു:

ഏയ്.. ചെറിയ പ്രശ്നം.. ഒരു പത്തു മിനിറ്റിൽ നമുക്ക് പോകാൻ സാധിക്കും..

എങ്കിലും പിഴ എനിക്കായിരിക്കുമോ എന്നോർത്ത് വെറുതെ സങ്കടം കൊണ്ടു. അയാൾ എന്റെ അരികിൽ തന്നെ നിന്നു.

ഹിന്ദീ?

ഇന്ത്യക്കാരനാണോ  എന്ന് ചോദ്യം. ഞാൻ യെസ് പറഞ്ഞു. 

മലബാറി?

അടുത്ത ചോദ്യം.

അതിനും ഉത്തരം മൂളി. അയാളപ്പോൾ സംസാരം ഇംഗ്ലീഷിലാക്കി.

ഐ ലൈക് മലബാറീസ്.. എന്റെ കമ്പനിയിൽ കുറേയേറെ മലബാറുകാർ ജോലി ചെയ്യുന്നുണ്ട്. എല്ലാവരും നല്ല ആത്മാർഥതയുള്ള ചെറുപ്പക്കാർ..

അയാൾ സംസാരപ്രിയനാണെന്ന് മനസിലായി.

മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, എ.പി.ജെ.അബ്ദുൽ കലാം തുടങ്ങി അമിതാഭ് ബച്ചനേയും എ.ആർ.റഹ്മാനെയുംക്കുറിച്ചുവരെ അയാൾ വാതോരാതെ പറഞ്ഞു. ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ ചരിത്രത്തെക്കുറിച്ചും എനിക്കറിയാത്ത പലതും അദ്ദേഹത്തിന് അറിയാമെന്ന്  സംസാരത്തിൽ മനസിലായപ്പോൾ അദ്ദേഹത്തോട് ആദരവും എന്നോട് പുച്ഛവും തോന്നി.

മാധ്യമപ്രവർത്തകൻ എന്ന് പറഞ്ഞു നടക്കുന്നതിലൊന്നും കാര്യമില്ല. സ്വന്തം രാജ്യത്തിന്റെ ചരിത്രമെങ്കിലും നന്നായി അറിയണം. കുറഞ്ഞ സമയം കൊണ്ട് അയാളിൽ നിന്ന് പകർന്നു കിട്ടിയ സുപ്രധാന പാഠങ്ങളിലൊന്നായിരുന്നു അത്.

ഇത്തിരി ഇടവേളയിൽ അയാൾ ആരോടോ ഫോണിൽ അറബിക്കിൽ സംസാരിച്ച ശേഷം വീണ്ടും ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്നു. സമകാലിക സംഭവ വികാസങ്ങൾപോലും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു.

എവിടെ നിന്നാണ് ഇത്തരം കാര്യങ്ങൾ മനസിലാക്കിയതെന്ന് ഒടുവിൽ നിവൃത്തികേടുകൊണ്ട് ഞാൻ ആരാഞ്ഞു. അതിന് മറുപടി കൊല്ലുന്ന ഒരു ചിരിയായിരുന്നു. അതിനാണോ സുഹൃത്തേ, ആര്‍ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇൗ കാലത്ത് പ്രയാസം എന്നായിരിക്കാം ആ ചിരിയുടെ അകംപൊരുൾ! ഞാനാകെ ഉരുകി ഇല്ലാതാകുന്നതു പോലെ തോന്നി.

രണ്ടോ മൂന്നോ മിനിറ്റ്. ഇനിയാണ് കഥയിൽ ട്വിസ്റ്റ്.

സംഭവ സ്ഥലത്തേയ്ക്ക് ശിരോവസ്ത്രം ധരിച്ച സുന്ദരിയായ ഒരു യുവതി കടന്നുവന്നു. അത് ആ സിറിയക്കാരന്റെ പ്രിയതമ ആയിരുന്നു. ഇരുവരും സലാം പറഞ്ഞു പരസ്പര ബഹുമാനത്തോടെ ഉമ്മ വയ്ക്കുന്നത് അൽപം അസൂസയോടെ ഞാൻ നോക്കിനിന്നു. തുടർന്ന് അറബിക്കിൽ എന്തൊക്കെയോ സംസാരിച്ചു. ഇടയ്ക്ക് അയാൾ എന്റെ പാവം കൊറോളയ്ക്ക് നേരെ കൈചൂണ്ടിയായിരുന്നു സംസാരിച്ചത്. 

ആ യുവതി പൊടിപടലങ്ങൾ തോരണം ചാർത്തിയ എന്റെ കാറിന് നേരെ കണ്ണുകൾ പായിച്ചു. പിറകിൽ പൊട്ടിപ്പൊളിഞ്ഞത് നോക്കി നിന്നു. തുടർന്ന് എന്നെയൊന്നു ചൂഴ്ന്നു നോക്കി.

യാ ള്ളാ.. മിസ്കീൻ..

അതു കേട്ടതോടെ എന്റെ ഫ്യൂസ് പോയി. 

നമ്മൾ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികൾ കഴിയുന്നത്ര പണം സ്വരൂപിച്ച് നാട്ടിലെ പ്രിയപ്പെട്ടവർക്ക് അയച്ചുകൊടുത്ത് വർഷങ്ങളോളം ഇവിടെ കഷ്ടപ്പെട്ട് ജീവിക്കുന്നു. അതിന്റെ ഉദാഹരണങ്ങളാണ്–ഇടുങ്ങിയ താമസ സ്ഥലം, വാഹനം, ഭക്ഷണം.. ആ യുവതി പറഞ്ഞതിൽ തെറ്റില്ല. പ്രവാസികൾ എന്നും ദരിദ്രരായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. നാട്ടിലുള്ളവർ സുഖമായി കഴിയുന്നു എന്നതിലാണ് നമ്മുടെ സംതൃപ്തി. അതാണ് നമ്മുടെ ഉൗർജവും സമ്പത്തും.

അതാലോചിച്ചപ്പോൾ എനിക്കെന്നോട് അഭിമാനം തോന്നി– നാട്ടിൽ നമ്മുടെ പ്രിയപ്പെട്ടവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ, നമുക്കതുമതി.. ജീവിതത്തിന് അർഥമുണ്ടാകുന്നത് ഇത്തരം അവസ്ഥകളിലല്ലേ. അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മൾ മിസ്കീനുകളല്ല, സമ്പന്നരാണ്.! യഥാർഥ സമ്പന്നർ!!

വാൽക്കഷ്ണം

ഗൾഫിൽ നിന്നു കേരളത്തിലേയ്ക്ക്  ഷവർമ വന്നു, സന്തോഷത്തോടെ മലയാളികൾ സ്വീകരിച്ചു.

ഷാർജാ ഷേക്ക് വന്നു, അതും മനം നിറഞ്ഞ് നമ്മൾ ആസ്വദിച്ചു. ഈന്തപ്പഴം, കബാബ്, ബാർബി ക്യു, ഹമ്മൂസ്,  അൽഫാം.. തുടങ്ങിയവയെല്ലാം ഗൾഫിൽ നിന്നു  വന്നു. അതെല്ലാം മലയാളികൾ പ്രായഭേദമന്യേ ഹർഷാരവത്തോടെ ഏറ്റുവാങ്ങി. മുക്കിന് മുക്കിന് പ്രത്യക്ഷപ്പെട്ട മന്തിക്കുഴിയിൽ മുങ്ങിക്കുളിക്കുന്നു.. 

ഒടുവിൽ...

ഗൾഫിലെ ചൂടിന്റെ ഒരംശം നാട്ടിലെത്തിയപ്പോൾ മാത്രം മുഖം ചുളിഞ്ഞു. 

ഹൗ, എന്തൊരു ചൂടെന്ന് പിറുപിറുത്തു. ഇഷ്ടപ്പെട്ടില്ലത്രെ...! (അജ്ഞാതന്റെ വരികള്‍). sadiqkaavil@gmail.com, +971553233836.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ