ജോഖ അല്‍ ഹാർഥിയും ഗോപാൽജിയുടെ നന്മ മനസ്സും

Jokha-al-Harthi
SHARE

ഇതാ, സമ്പന്നമായ അറബ് സാഹിത്യത്തിലേയ്ക്ക് ഞാനൊരു ജാലകം തുറന്നിട്ടിരിക്കുന്നു. ഇൗ വിസ്മയക്കാഴ്ചകൾ ഇനി ലോകം ആസ്വദിക്കട്ടെ– ജോഖ അൽ ഹാർഥി.

മാനിലെ അൽ അവാഫി എന്ന ഗ്രാമത്തിലെ മൂന്ന് സഹോദരിമാരുടെ കഥ പറഞ്ഞു യുവ അറബിക് എഴുത്തുകാരി ജോഖ അൽ ഹാർഥി കയറിച്ചെന്നത് സാഹിത്യ ലോകത്തെ ഉന്നത സ്ഥാനത്തേയ്ക്ക്. അബ്ദുല്ലയുടെ ഭാര്യയായ മയ്യ, സഹോദരി അസ്മ, ഖൗല എന്നിവരുടെ ജീവിതമാണ് ഇപ്രാവശ്യത്തെ മാൻ ബുക്കർ പ്രൈസ് നേടിയ സെലസ്റ്റ്യൽ ബോഡീസ് (Celestial Bodies) എന്ന നോവലിന്റെ ഇതിവൃത്തം എന്ന് ചുരുക്കിപ്പറയാം. 

കാനഡയിലേയ്ക്ക് കുടിയേറിയ പ്രിയതമനെ കാത്തിരിക്കുന്ന ഖൗലയുടേതടക്കം ഇവരുടെ ജീവിത പ്രതിസന്ധികളാണ് നോവൽ ചർച്ച ചെയ്യുന്നത്. മൂന്ന് യുവതികളും അവരുടെ കുടുംബവും ഒമാന്റെ പരമ്പരാഗത–സമകാലിക അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴുള്ള ശക്തമായ വിഷയം വായനക്കാര്‍ക്ക് മുന്നിൽ സാഹിത്യത്തിന്റെ അപൂര്‍വ സൗന്ദര്യം വെളിപ്പെടുത്തുന്നതായി നിരൂപകർ പ്രശംസിച്ച നോവലാണിത്. സ്നേഹവും സ്നേഹനിരാസവും തുല്യമായി പ്രതിപാദിക്കുന്ന കഥയാണെന്നാണ് ബുക്കർ പ്രൈസ് വിധികർത്താക്കളുടെ അധ്യക്ഷനും ചരിത്രകാരനുമായ ബെറ്റാനി ഹഗ്സ് അഭിപ്രായപ്പെട്ടത്. അതിന്റെ ഉദാത്തത ഒട്ടും നഷ്ടപ്പെടുത്താതെ കാവ്യാത്മകമായി ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത ഓക്സ്ഫോർഡ് സർവകലാശാലയിലെ അറബിക് വിഭാഗം അധ്യാപിക മരിലിൻ ബൂത്തിനെയും സമിതി മുക്തകണ്ഠം പ്രശംസിക്കുന്നു. 

തത്ത്വശാസ്ത്രത്തിന്റേയും മനഃശാസ്ത്രത്തിന്റേയും  കവിതയുടെയും അടരുകൾക്കിടയിലൂടെ നോവലിലേയ്ക്കു വികസിക്കുന്ന രചനാതന്ത്രം അനന്യമാണെന്ന്  അവർ വിലയിരുത്തുന്നു. ഒമാനി സമൂഹത്തിലെ ജീവിതവ്യവസ്ഥയിലുള്ള പരിണാമമാണ് മൂന്നു സഹോദരിമാരുടെ ജീവിതത്തിലൂടെ നോവൽ പറയുന്നത്. വളരെ പ്രാചീനമായ ജീവിതവ്യവസ്ഥയിലൂടെ കടന്നുപോയ ഒമാൻ എണ്ണസമൃദ്ധിയിലൂടെ അടിമുടി മാറുന്നത് വായിച്ചറിയാം. കൊളോണിയൽ കാലഘട്ടത്തിനുശേഷമുള്ള ഈ മാറ്റം കുടുംബങ്ങളിലേയ്ക്ക് എങ്ങനെയാണ് കടന്നുവരുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു. ഇതിനോടകം നിരൂപകവൃത്തങ്ങൾക്കിടയിൽ ഏറെ പ്രശംസിക്കപ്പെട്ട നോവലാണിത്. 

Jokha-al-Harthi-book

മാൻ ബുക്കർ പ്രൈസിനു വേണ്ടി 2019ൽ അവസാന പട്ടികയിലെത്തിയ ആറ് നോവലുകളും രചിച്ചത് വനിതാ എഴുത്തുകാരികളായിരുന്നു. ഒടുവിൽ, സമ്മാനം ലഭിച്ചതാകട്ടെ ജോഖ അൽ ഹാർഥിക്കും. ആദ്യമായാണ് ഇൗ പ്രൈസ് ഒരു അറബ് സാഹിത്യത്തിന് ലഭിക്കുന്നത്. ഇത് ഇൗ വർഷത്തെ മാൻ ബുക്കർ പ്രൈസിനെ ഏറെ വ്യത്യസ്തമാക്കുന്നു. എഴുത്തുകാരായ മൗറീൻ ഫ്രീലി, തത്ത്വചിന്തകൻ ഏൻജീ ഹോബ്സ്, നോവലിസ്റ്റും വിമർശകനുമായ എലനാഥൻ ജോൺ, ഇന്ത്യൻ നോവലിസ്റ്റ് പങ്കജ് മിശ്ര എന്നിവരായിരുന്നു മറ്റു വിധികർത്താക്കൾ.

അറബ് ലോകത്തെ സാഹിത്യ മേഖല വിശാലമാണ്. പക്ഷേ, അത് അത്രമാത്രം നമുക്ക് പരിചിതമാണെന്ന് പറയാനാകില്ല. എന്നാൽ, ജോഖ അൽ ഹാരിഥിക്ക് മാൻ ബുക്കർ പ്രൈസ് ലഭിച്ചതിലൂടെ അറബ് സാഹിത്യം ലോക ശ്രദ്ധ നേടിയിരിക്കുന്നു. ജോഖയ്ക്കൊപ്പം പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്ത മരിലിൻ ബൂത്തും പുരസ്ക്കാരം പങ്കിടും. ഏകദേശം 63000 ഡോളറാണ് ഇരുവർക്കും സമ്മാനമായി ലഭിക്കുക. സാഹിത്യജീവിതത്തിലെ രണ്ടാമത്തെ നോവലിലൂടെയാണ് ജോഖ അൽ ഹാർഥി ഇൗ പുരസ്ക്കാരം നേടിയത്. കൂടാതെ അറബ് ലോകത്ത് ബുക്കർ സമ്മാനം നേടുന്ന ആദ്യ എഴുത്തുകാരിയെന്ന നേട്ടവും അവർ സ്വന്തമാക്കി. ഈ പുരസ്ക്കാരത്തിലൂടെ സമ്പന്നമായ അറബ് സംസ്ക്കാരത്തിന് പുതിയൊരു ജാലകം തുറന്നിടാനായതിൽ സന്തോഷവതിയാണെന്ന് ജോഖ പറയുന്നു. ഈ നോവൽ എഴുതുന്നതിൽ ഒമാനിലെ ജീവിതവ്യവസ്ഥയാണ് ഏറെ സ്വാധീനം ചെലുത്തിയത്. എന്നാൽ നോവലിലെ പശ്ചാത്തലം ആഗോളതലത്തിലെ വായനക്കാർക്ക് മാനുഷിക മൂല്യങ്ങളുമായി ബന്ധപ്പെടുത്താനാകും. സ്നേഹവും സ്വാതന്ത്ര്യവുമാണ് നോവലിലൂടെ എടുത്തുകാട്ടുന്നതെന്നും അവർ പറഞ്ഞു. 

എഡിൻബർഗ് സർവകലാശാലയിൽനിന്ന് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ജോഖ നിവലിൽ സുൽത്താൻ ഖ്വാബൂസ് സർവകലാശാലയിൽ അറബിക് സാഹിത്യ അധ്യാപികയാണ്. സെലസ്റ്റ്യൽ ബോഡീസ് ഉൾപ്പടെ മൂന്നു നോവലുകളും ഒരു ചെറുകഥാസമാഹാരവും രണ്ടു ബാലസാഹിത്യകൃതികളും ഇവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിറ്റർ  ഓറഞ്ച്, ലേഡീസ് ഓഫ് ദ് മൂൺ, ഡ്രീംസ്  എന്നിവയാണ് ജോഖയുടെ മറ്റു നോവലുകൾ. കൃതികളിൽ പലതും ഇംഗ്ളീഷിന് പുറമെ ജർമൻ , കൊറിയൻ, സെർബിയൻ, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട്.  ഒമാനിൽനിന്ന് ഉൾപ്പടെ ചില പുരസ്ക്കാരങ്ങൾ ഇതിനകം ജോഖയെ തേടിയെത്തിയിരുന്നു.  2010ലെ ഏറ്റവും മികച്ച ഒമാനി നോവലിനുള്ള പുരസ്കാരവും  ഈ കൃതി കരസ്ഥമാക്കിയിരുന്നു.സ്കോട്ട്ലൻഡിലെ ഡിങ് വാളിലുള്ള സാൻഡ് സ്റ്റോൺ പ്രസ് എന്ന ചെറുകിട പ്രസാധകരാണ് ജോഖയുടെ നോവൽ പ്രസിദ്ധീകരിച്ചത്.  

ബജ് പെയിൽ പറന്നുനടക്കുന്ന ഗോപാൽ ജി

Gopalji

നെഞ്ചുവിരിച്ചു വരുന്ന ആ കട്ടിമീശക്കാരൻ ആരാണെന്ന് തിരിച്ചറിഞ്ഞാ? അതാണ് ഞമ്മടെ സൊന്തം ഗോപാൽ ജി. ആരാണ് ഗോപാൽ ജി എന്ന് ചോദിക്കാൻ വരട്ടെ, ങ്ങള് കാസർകോടിനടുത്തെ അതിർത്തി ജില്ലയായ ദക്ഷിണ കർണാകടയിൽപ്പെടുന്ന മംഗ്ലുരു ബജ്പെ വിമാനത്താവളത്തിൽ എന്നെങ്കിലും വിമാനമിറങ്ങിയിട്ടുണ്ടെങ്കിൽ ഗോപാൽജിയെ കണ്ടിരിക്കും. ഗൾഫിൽ നിന്നോ മറ്റോ വരുമ്പോൾ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആരുമെത്താത്തപ്പോൾ നിങ്ങൾ ഫോൺ വിളിക്കാൻ ശ്രമിക്കും. പക്ഷേ, നിങ്ങളുടെ ഇന്ത്യൻ സിം കാർഡ് പ്രവർത്തനക്ഷമമായിരിക്കില്ല. അപ്പോൾ ആകെ കുഴഞ്ഞ നിങ്ങൾ വിഷമത്തോടെ വിമാനത്താവളത്തിന് പുറത്ത് ഉന്തുവണ്ടിയിൽ സ്വപ്നങ്ങളുടെ ഭാണ്ഡ‍വും കയറ്റി വച്ച് അവിടെ ഉലാത്തും. ഫോൺ ബൂത്ത് അന്വേഷിച്ചാൽ, ചിലപ്പോൾ അവിടെ അടഞ്ഞിരിക്കും. അപ്പോളതാ, നിങ്ങളുടെ മുന്നിലൂടെ ആകാശ നീല കുപ്പായവും കടുംനീല നിറമുള്ള പാന്റ്സും ധരിച്ച, സുരക്ഷാ ഉദ്യോഗസ്ഥൻ ഗോപാൽജി നടന്നുവരുന്നുണ്ടായിരിക്കും.

ഏകദേശം അമ്പത്തഞ്ചിനോടടുത്ത ഗോപാൽജി നിങ്ങളെ നോക്കി പുഞ്ചിരിക്കും. അപ്പോള്‍ നിങ്ങൾ അദ്ദേഹത്തോട് തിരിച്ചു പുഞ്ചിരിക്കും. നിങ്ങളുടെ മുഖം കണ്ട് മനസിലെ വിഷമം തിരിച്ചറിയുന്ന ഗോപാല്‍ ജി എന്താണ് നിങ്ങൾക്ക് വേണ്ടത് എന്ന് ആരായും.

അതു പിന്നെ... വീട്ടിലേയ്ക്ക് ഒന്നു ഫോൺ വിളിക്കണമായിരുന്നു..

ഒാ.. അതിനെന്താ.. നമ്പർ പറയൂ.. ഞാനെന്റെ മൊബൈലിൽ ഡയൽ ചെയ്തു തരാം.

ഒന്നിലേറെ തവണ ശ്രമിച്ചിട്ടും നിങ്ങള്‍ക്ക് ആ നമ്പർ കിട്ടുകയില്ല. അപ്പോൾ, വീണ്ടും പ്രതിസന്ധി.

അതുമനസിലാക്കിയ ഗോപാൽജി കന്നഡയും തുളുവും കലർന്ന മലയാളത്തിൽ പറയും:

വേറെ നമ്പരുണ്ടെങ്കിൽ തരൂ..

ഇത്തിരി മടിച്ചാണെങ്കിലും നിങ്ങൾ സഹോദരന്റെയോ ബന്ധുവിന്റെയോ മറ്റോ നമ്പൾ നൽകും. അതും ഒരു പക്ഷേ, കിട്ടിയെന്ന് വരില്ല.

അപ്പോൾ നിങ്ങൾ മടി കാരണം വിഷമത്തോടെ നിൽക്കും.

ഏയ്.. അയാളെ പാതിവഴിയിൽ ഉപേക്ഷിച്ച് ഞാൻ പോകില്ല.. ആരെയെങ്കിലും കിട്ടും വരെ എല്ലാ നമ്പരും ട്രൈ ചെയ്യും.. ഒടുവിൽ കിട്ടുമ്പോൾ അയാൾക്ക് മാത്രമല്ല, എനിക്കും സന്തോഷമാ സാറേ.. അതാണ് എന്റെ സംതൃപ്തി.. അങ്ങനെ ആ ഒരു ദിവസം സാർഥകമാകും..  മറ്റെന്തിനേക്കാളും ഞാനതിനെ വിലമതിക്കുന്നു..ഗോപാൽജി ചിരിച്ചുകൊണ്ട് പറയുന്നു.

ഇന്ത്യൻ സമാന്തര സൈനിക വിഭാഗത്തിൽ  40 വർഷത്തെ സേവന പാരമ്പര്യമുള്ളയാളാണ് മംഗ്ലുരു സ്വദേശിയായ ഗോപാല്‍ജി. കശ്മീരിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രാപ്പകൽ ഭേദമന്യേ സേവനം ചെയ്തു. പല യുദ്ധങ്ങൾക്കും കലാപങ്ങൾക്കും സാക്ഷിയായി. ഒടുവിൽ നാട്ടിലേയ്ക്ക് മടങ്ങി. വെറുതെയിരിക്കാൻ തോന്നിയില്ല. ബജ്പെ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു.

എവിടെയും വെറുതെയിരിക്കാനാകുന്നില്ല. അതെന്റെ പ്രകൃതമാ സാറേ..

gopaljii

ഫോൺ ബന്ധം കിട്ടാതെയും വാഹനം ലഭിക്കാതെയും മറ്റും പ്രയാസത്തിലാകുന്ന വിമാന യാത്രക്കാർക്ക് തുണയായി, ഒരു അത്താണിയായി ഗോപാൽജി സേവനമനുഷ്ഠിക്കുന്നു. 

ജാതിയോ മതമോ വർണമോ വർഗമോ ഭാഷയോ ഒന്നും ഞാൻ നോക്കാറില്ല സാറേ.. എല്ലാരും മനുഷ്യരാന്ന വിചാമേ എനിക്കുള്ളൂ.. ആ ബോധത്തിലാണ് ഇത്രയും കാലം ജീവിച്ചത്.. ഗൾഫുകാരോട് എനിക്ക് പണ്ടേ പ്രത്യേക മമതയാ... അവരും ഞങ്ങളെ പോലെ  നമ്മുടെ രാജ്യത്തിന്  വേണ്ടി അധ്വാനിക്കുന്നവരല്ലേ... വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്നവർ... അവരെ കൂട്ടാനെത്തിയ പ്രിയപ്പെട്ടവർ.. അവർക്ക് സൗകര്യമൊരുക്കിക്കൊടുക്കേണ്ടത് ഒരു എയർപോർട് സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് എന്റെ കടമയാണെന്ന് കരുതുന്നു.. 

ഗോപാൽജിയുടെ വാക്കുകൾ മനുഷ്യത്വത്തിന്റെ അനന്ത സാധ്യതകളിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാലത്തു അപൂർവമായി കണ്ടുവരുന്ന ഒരു മനുഷ്യ ജന്മം. പ്രിയ ഗോപാൽജി, താങ്കൾക്ക് എല്ലാ പ്രവാസികളുടെയും പേരിൽ നന്ദി.

പ്രവാസി ട്രോൾ 

അവധിക്ക് നാട്ടിൽ ചെന്ന ഭാവി മരുമകന്റെ അറബിക് ഭാഷാ പാണ്ഡിത്യം പരിശോധിക്കുന്ന, എക്സ് ദുബായിക്കാരി അമ്മായിയമ്മ:

അൽ അബ് വാബ് തുഗ്ലക്..

മരുമകൻ: ഡോര്‍സ് ക്ലോസിങ്..

അമ്മായിയമ്മ: ഹാവൂ...

(ദുബായ് മെട്രോയിൽ പോയവർക്ക് കലങ്ങും).

sadiqkaavil@gmail.com, whatsapp: +971 55 3233 836.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ