ഓരോ കുട്ടിയും ഓരോ ലോകത്താണ് ജീവിക്കുന്നത്. അവരുടെ മുൻപിൽ നിറം ചാലിച്ച രൂപങ്ങളും കാഴ്ചകളും മാത്രം. പൂക്കളും പൂമ്പാറ്റകളും മാരിവില്ലും നിറഞ്ഞുനിൽക്കുന്ന ഭ്രമാത്മക ലോകത്തെ ആ കാഴ്ചകൾക്ക് തടസ്സമുണ്ടാകുമ്പോൾ അസ്വസ്ഥനാകുന്ന അവൻ മറ്റൊന്നും ആലോചിക്കാതെ വർണക്കാഴ്ചകള്‍ തേടി പടവുകളിറങ്ങുന്നു.
അനുവാദമില്ലാത്ത ഇത്തരമൊരു യാത്ര കഴിഞ്ഞ ദിവസവും യുഎഇയിൽ സംഭവിച്ചു. പക്ഷേ, ഇത് പുറംലോകത്തെ വർണക്കാഴ്ചകൾ കാണാനുള്ള പുറപ്പാടായിരുന്നില്ല. ഈ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ചതും അതേസമയം ഏറ്റവും മോശവുമായ കണ്ടുപിടിത്തമെന്ന് പറയാവുന്ന മൊബൈൽ ഫോൺ സ്ക്രീനിലെ കാഴ്ചകള്‍ മങ്ങിയതാണ് മുഹമ്മദ് പര്‍വീസ് ആലം എന്ന പതിനാലുകാരനെ ഷാർജയിലെ കുടുംബത്തിൽ നിന്ന് ആരോടും പറയാതെ ഇറങ്ങിപ്പോകാൻ പ്രേരിപ്പിച്ചത്. മാതാപിതാക്കളുടെ സ്നേഹപരിലാളനകൾ ലഭിക്കാത്തതാണ് പലപ്പോഴും കുട്ടികളെ ഇത്തരത്തിലുള്ള സാഹസത്തിന് പ്രേരിപ്പിക്കുന്നതെന്നാണല്ലോ പറയാറ്. എന്നാലിവിടെ അത്തരമൊരു സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. ബിഹാര്‍ അസര്‍ ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ് ആലവും ഭാര്യ തുസി പര്‍വീണും മകൻ മുഹമ്മദ് പര്‍വീസ് ആലമിനെ ഏറെ സ്നേഹിക്കുകയും ആവോളം വാത്സല്യം പകരുകയും ചെയ്തിരുന്നു. എന്നിട്ടും ഒരു ദിവസം ഈ വിദ്യാർഥി വീടുവിട്ടിറങ്ങിയതിന് പിന്നിലെ കാരണം പരിശോധിച്ചാൽ തീർച്ചയായും മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുഃസ്വാധീനം എത്രമാണെന്ന് തിരിച്ചറിയാൻ സാധിക്കും.
രണ്ടുവയസ്സുള്ള എന്റെ മോൻ അല്ലെങ്കിൽ മോൾ മൊബൈലിൽ യൂ ട്യൂബ് എടുത്ത് കിഡ്സ് ചാനലുകള്‍ കാണും എന്ന് അഭിമാനത്തോടെ പറയുന്ന അമ്മമാർ നമ്മുടെ ഇടയിലുണ്ട്. കളർ പെൻസിലുകളും കളറിങ് പുസ്തകങ്ങളും നൽകേണ്ടിടത്ത് നമ്മുടെ അമ്മമാർ മക്കൾക്ക് നൽകുന്നത് സെൽഫോണുകൾ. കളിപ്പാട്ടങ്ങൾക്ക് പകരം അവർ കൈയിലേന്തുന്നത് ടാബുകൾ. മൊബൈൽ ഫോണും ടാബുമടക്കമുള്ള ഉപകരണങ്ങൾ കുട്ടികൾക്ക് തീർത്തും നൽകാതിരിക്കുന്നത് ഇന്നത്തെ കാലത്ത് പ്രായോഗികമല്ല. അവർ ഇത്തരം കാര്യങ്ങളിൽ അതുപയോഗിക്കുന്ന മറ്റുകുട്ടികളിൽ നിന്ന് വളരെ പിന്നാക്കം പോയേക്കാമെന്ന് മനശ്ശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അതൊരു പക്ഷേ, അവരുടെ ഭാവിയെയും ബാധിച്ചേക്കാം. ഈ പ്രശ്നം ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലും വരെ തലപുകയ്ക്കുന്നുണ്ട്. കുട്ടികളെ തങ്ങളുടെ മുന്നിൽ വച്ച് മാത്രം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുക മാത്രമാണ് ഇതിനൊരു പോംവഴിയെന്ന് വിദഗ്ധർ നിർദേശിക്കുന്നു. അതു തന്നെയാണ് ഇന്ന് രക്ഷിതാക്കളെ ഏറ്റവും കുഴയ്ക്കുന്ന പ്രശ്നം. അത്തരത്തിൽ മൊബൈൽ ഫോണിലൂടെ പാതിരായ്ക്കും പതിവായി യു ട്യൂബ് ചാനൽ കണ്ട മുഹമ്മദ് പര്‍വീസ് ആലമിനെ അമ്മ വഴക്കുപറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്.

യുഎഇയിൽ നിന്ന് ഇതിന് മുൻപും മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യൻ കുട്ടികളെ കാണാതാവുകയും തിരിച്ച് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ കാര്യത്തിൽ ലോകത്തിന് മുൻപിൽ തന്നെ അദ്ഭുതമായ യുഎഇ പോലുള്ള ഒരു രാജ്യമായതിനാലാണ് ഇന്നും രക്ഷിതാക്കളോടൊപ്പം അവരെല്ലാം സന്തോഷത്തോടെ കഴിയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായ കുട്ടികളുടെ എണ്ണം 7292 ആണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇവരിൽ പലരും സ്വയം വീടുവിട്ടിറങ്ങിപ്പോയവരാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോയി യാചനയ്ക്ക് ഉപയോഗിക്കുന്നവരാണ് കൂടുതലും. ഇന്ത്യയിലെ തെരുവുകളിൽ 30 ലക്ഷം കുട്ടികളെങ്കിലും പെട്ടുപോയിട്ടുണ്ടെന്നാണ് കണക്കുകൾ. 130 ദശലക്ഷത്തിലേറെ പ്രായപൂർത്തിയാകാത്ത കുട്ടികൾ തൊഴിൽ ചെയ്യുന്നു. എല്ലാ ആറ് പെൺകുട്ടികളിലും ഒരാൾ തങ്ങളുടെ പതിനഞ്ചാം ജന്മദിനം കാണാറില്ലെന്നതും ഞെട്ടിക്കുന്ന യാഥാർഥ്യം തന്നെ. ഇന്ത്യൻ കുട്ടികളിൽ നേർ പകുതി പേർക്ക് മാത്രമേ വിദ്യാഭ്യാസം പോലും ലഭിക്കാറുള്ളൂ.
മുഹമ്മദ് പര്‍വീസ് ആലം ഒരാഴ്ചയോളം അജ്മാനിലെ ഒരു സംഘം യുവാക്കളുടെ ബാചിലേഴ്സ് ഫ്ലാറ്റിലാണ് താമസിച്ചത്. രക്ഷിതാക്കൾ ഇന്ത്യയിലേയ്ക്ക് പോയതിനാൽ തനിക്ക് താമസിക്കാൻ ഇടമില്ലെന്നും അതുകൊണ്ട് ഒരിടം തന്ന് സഹായിക്കണമെന്നുമായിരുന്നു അവരോട് കള്ളം പറഞ്ഞത്. എന്നാലിത് വിശ്വസിക്കാൻ അല്ലെങ്കിൽ അതിലൊരു സംശയം കണ്ടെത്താൻ ഈ യുവാക്കൾക്ക് സാധിച്ചില്ല എന്നത് അദ്ഭുതമായി അവശേഷിക്കുന്നു. അവിടെയും മൊബൈൽ ഫോണും ഇന്റർനെറ്റും വില്ലനായിരിക്കാം. നമ്മുടെ യുവ സമൂഹം ഇന്ന് മുഴുസമയവും മൊബൈൽ ഫോണിലേയ്ക്ക് തല കുമ്പിട്ടിരിക്കുന്ന കാഴ്ചയാണല്ലോ. ഒരു പക്ഷേ, മുഹമ്മദ് പര്‍വീസ് ആലം എന്ന ഒരു കുട്ടി തങ്ങളുടെ കൂടെ താമസിക്കുന്നുണ്ട് എന്ന കാര്യം പോലും അവരിൽ പലരും അറിഞ്ഞിരിക്കില്ല.

സുഡാനി ഫ്രം ഇകെജ
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസിലെ ചെറു പട്ടണമാണ് ഇകെജ. ഇന്ത്യയിലെ കൊച്ചു പട്ടണങ്ങളെ അനുസ്മരിപ്പിക്കും ഈ അവികസിത നാട്. ഏതാണ്ട് അങ്ങിങ്ങായി പച്ചപ്പുകൾ, പൊട്ടിപ്പൊളിഞ്ഞ പാതകൾ, വഴിയരികിൽ തള്ളിയ മാലിന്യങ്ങൾ, ട്രാഫിക് നിയമം തെറ്റിച്ച് പായുന്ന നമ്മുടെ സ്വന്തം ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ, ഒറ്റ – ഇരുനില പഴയ കെട്ടിടങ്ങൾ ... ശരിക്കും തമിഴ് നാട്ടിലെ ഒരു ചെറുപട്ടണത്തെ അനുസ്മരിക്കും നൂറുദ്ദീന്റെ ഇകെജ.
ദുബായ് ലുലു വില്ലേജിലെ കാർപാർക്കിങ്ങിലാണ് ഞാൻ നൂറുദ്ദീനെ ആദ്യമായി കാണുന്നത്. പ്രമുഖ കാർവാഷിങ് കമ്പനിയിലെ ആയിരക്കണക്കിന് ജീവനക്കാരിൽ ഒരാൾ. പാർക്കിങ് സ്ലോട്ട് കാണിച്ചു ക്ഷണിച്ചപ്പോൾ പരിചയപ്പെട്ടതാണ്. പിന്നീട് പലതവണ കണ്ടുമുട്ടി. സൂര്യൻ തലയ്ക്ക് മീതെ നിന്നുരുകാൻ തുടങ്ങുകയും ഉച്ചവിശ്രമം ലഭിക്കുകയും ചെയ്തപ്പോൾ, ഒരു ദിവസം ആ യുവാവ് തന്റെ കഥ പറഞ്ഞു:
ഇകെജയിലെ ഉൾപ്രദേശമായ ഗാന്യു അദെനികിൽ നിന്ന് രണ്ട് വർഷം മുൻപാണ് യുഎഇയിൽ തൊഴിൽ തേടിയെത്തിയത്. നാട്ടിൽ തൊഴിലില്ലായ്മ രൂക്ഷം. കൃഷിയൊന്നും ലാഭകരമല്ല. എണ്ണയാണ് പ്രധാന വരുമാന സ്രോതസ്സ്. പക്ഷേ, ആ മേഖലയിൽ കാര്യമായ ജോലിയൊന്നും ലഭിക്കില്ല. യൗറയാണ് ഞങ്ങളുടെ ഗോത്രം. വലിയ വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമായിരുന്നില്ല വീട്ടിൽ. ചെറിയ ജോലികൾ കഴിഞ്ഞ് വരവെ വിവാഹിതനായി. ഭാര്യ മെസ്‌ലി. രണ്ട് മക്കൾ പിറന്നു: ഇബ്രാഹിമും ഖഫായതും. ഇതോടെ സ്വാഭാവികമായും ജീവിതച്ചെലവുകൾ കൂടി. കൂട്ടുകാരിൽ പലരും യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ വീടുകളിലെ അടുപ്പിൽ കൃത്യമായി പുകയുയരുന്നത് കാണാം. അടുത്ത കൂട്ടുകാരൻ വഴിയാണ് ഈ കമ്പനിയിൽ വാഹനം കഴുകുന്ന ജോലിക്കെത്തിയത്. ശമ്പളം വളരെ കുറവാണ്. കനത്ത ചൂടിൽ പൊടിയും തിന്ന് മണിക്കൂറുകളോളം ജോലി ചെയ്യണം. ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം കുടുംബത്തോടൊപ്പം ജീവിക്കാനുള്ള ത്വരയുമേറെ.
മടങ്ങണം; വൈകാതെ– നൂറുദ്ദീൻ നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നാട്ടിൽ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്ന അറിവ് ആ ചിന്തയെ കെടുത്തുന്നു. എങ്കിലും അടുത്ത വീസ പുതുക്കുന്നത് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം – നൂറുദ്ദീൻ ഇത്രയും പറയുമ്പോൾ മുന്നിൽ കേരളത്തിൽ നിന്നെത്തിയ ഏതോ അസീസും രമേശുമൊക്കെയായിരുന്നു.
ബാച്‌ലേഴ്സ് ഫ്ലാറ്റ്: ജനങ്ങൾ മൊബൈൽ ഫോണിന്റെ തടവറയിലാണ്. അതുകൊണ്ടാണ് അവയെ 'സെൽ ഫോണുകൾ' എന്നും വിളിക്കുന്നത്.
mail to : sadiqkaavil@gmail.com, whatsapp: +971 55 3233 836.