മഹാമാരിക്കാലത്തെ നോമ്പു വിശേഷങ്ങൾ

uae-ramzan
SHARE

ഞാൻ എന്നും വൈകിട്ട് ഇത്തിരി നേരം ചായ കഴിച്ചിരിക്കാറുള്ള ദുബായിലെ റസ്റ്ററന്റിന് മുന്നിലെ സീറ്റുകളിലൊന്നിൽ കഴിഞ്ഞ ദിവസം ഒരു കൊച്ചു പെട്ടി കണ്ടു. ഷാർജ ചാരിറ്റി ഇന്റർനാഷനൽ തൊഴിലാളി ക്യാംപുകളിലും മറ്റും സൗജന്യമായി വിതരണം ചെയ്യുന്ന 'ഇഫ്താർ' ബോക്സായിരുന്നു അത്. തുറന്നുനോക്കിയ ശേഷം ടേപ്പ് വച്ച് ഒട്ടിച്ചിരുന്ന ആ 'ആശ്വാസപ്പെട്ടി' ആരോ മറന്നുവച്ചതാണ്. അകത്തെന്താണെന്നറിയാൻ പിന്നീടാരോ തുറന്ന് നോക്കി, ഒട്ടിക്കാതെ വച്ച നിലയിലായിരുന്നു അത്. ഒരു ചെറിയ ബോട്ടിൽ കുടിവെള്ളം, ഒരു ഒാറഞ്ച്, ഒരു ലബൻ അപ് (ഗൾഫിൽ നോമ്പുതുറയ്ക്ക് പരക്കെ ഉപയോഗിക്കുന്ന ഒരുതരം മോര്), പിന്നെ രണ്ട് ഇൗന്തപ്പഴങ്ങൾ... ഒരാൾക്ക് അത്യാവശ്യം നോമ്പുതുറക്കാനുള്ള വിഭവങ്ങൾ. ഏതെങ്കിലും കെട്ടിട നിർമാണ തൊഴിലാളി താമസ സ്ഥലത്തേയ്ക്ക് അതും കൊണ്ടു പോകും വഴി അവിടെ മറന്നുപോയതാകാനാണ് സാധ്യതയെന്ന് തോന്നിയപ്പോൾ മനസ്സ് അറിയാതെ ഒന്നു തേങ്ങി.

uae-ramzan-3

നോമ്പുകാലം ഗൾഫിലെ ബാച് ലർമാരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന നാളുകളായിരുന്നു; രണ്ട് വർഷം മുൻപ് വരെ. എന്തൊക്കെ പറഞ്ഞാലും, പള്ളികളിലും സന്നദ്ധ സംഘടനകളിലും നടന്നിരുന്ന നോമ്പുതുറകളാണ് വ്രതകാലത്തിന്റെ ജീവൻ. നോമ്പുതുറ വിഭവങ്ങൾ പള്ളികളിൽ നിന്ന് സൗജന്യമായി ലഭ്യമാകും. അവിടെ നിന്ന് ചെറിയ അലുമിനിയം കണ്ടെയ്നറിൽ ലഭിക്കുന്ന ബിരിയാണി താമസ സ്ഥലത്തേയ്ക്ക് കൊണ്ടുവന്ന് പിന്നീട് കഴിക്കുകയും ചെയ്യാം. പുലർച്ചെ അത്താഴത്തിന് മാത്രമേ ഭക്ഷണം ഒരുക്കേണ്ടതുള്ളൂ എന്ന ശുഭാന്ത്യം. ആ നിലയ്ക്ക് സാമ്പത്തികമായും പലർക്കും സമാശ്വാസം നൽകുന്നതായിരുന്നു പുണ്യമാസം. പ്രത്യേകിച്ച്, ബ്ലൂ കോളർ തൊഴിലാളികൾക്കും ബാചിലർമാർക്കും. പക്ഷേ, ജീവിതത്തിന്റെ നല്ലൊഴുക്കിനിടെ മരുക്കാറ്റ് പോലെ ആഞ്ഞുവീശിയ മഹാമാരി ഇത്തരം ഇഫ്താറുകളെ കൂടി പൊതിഞ്ഞ്, എല്ലാം തകിടം മറിച്ചപ്പോൾ റമസാൻ ചര്യകളും വഴിമാറിപ്പോയി.

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ആരംഭിച്ച 'സാലറി കട്ടിങ്' പലർക്കും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പല കമ്പനികളും നഷ്ടത്തില്‍ ഒാടുന്നത് കൊണ്ട് (അങ്ങനെ പറഞ്ഞ് അവസരം മുതലെടുക്കുന്നവരുമുണ്ട്) മാസങ്ങളായി ശമ്പളം കിട്ടാത്തവരും ഏറെ. ഇവരെല്ലാം ഇന്ന് നിത്യച്ചെലവിന് ബുദ്ധിമുട്ടുന്നു എന്നത് യാഥാർഥ്യമാണ്. പലർക്കും തങ്ങളുടെ ഇല്ലായ്മ പുറത്തറിയിക്കാൻ മടിയുണ്ട്. ഇത്തരത്തിലുള്ളവർക്ക് റമസാനിൽ പള്ളികളിലെ നോമ്പുതുറ പ്രാണവായുവായിരുന്നു. ജാതിമത ഭേദമന്യേ ആർക്കു വേണമെങ്കിലും നോമ്പുതുറയിൽ പങ്കെടുക്കാവുന്നതിനാൽ ആ കൂട്ടായ്മയ്ക്ക് മാനുഷികതയുടെ മുഖവുമുണ്ടായിരുന്നു. കോവിഡ് അതിനും പോറലേൽപിച്ചിരിക്കുന്നു. അടുത്ത നോമ്പുകാലമെങ്കിലും രോഗാതുരമല്ലാത്ത ദിനങ്ങളായിരിക്കേണമേ എന്നാണ് പ്രാർഥനകൾ.

സങ്കടക്കടലിൽ നിന്ന് കരകയറാൻ...
ഇന്നലെ വൈകിട്ട് നാട്ടിലുള്ള മകൾ എനിക്കയച്ച വാട്സാപ്പ് സന്ദേശം ഏറെ കണ്ണീരുപുരണ്ടതായിരുന്നു. അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ പിതാവിന്റെ ജീവൻ കോവിഡ് കവർന്നിരിക്കുന്നു. അതു പറയുമ്പോൾ അവൾ വിതുമ്പി. കൂട്ടുകാരിയുടെ മാതാവിനും അമ്മൂമ്മയ്ക്കും കോവിഡാണ്. അമ്മൂമ്മയുടെ സ്ഥിതി അതീവ ഗുരുതരവും. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തംബ്ധനായി.

കൂട്ടുകാരിയെ ഫോൺ വിളിച്ച് സാന്ത്വനിപ്പിച്ചോ എന്ന് ചോദിച്ചപ്പോൾ അതാണ് അവളുടെ മറ്റൊരു ദുഃഖം, വിവരം അറിഞ്ഞതു മുതൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ, ആരും അറ്റൻഡ് ചെയ്യുന്നില്ല. കൂട്ടുകാരിയുടെ അപ്പോഴത്തെ അവസ്ഥ മനസിലാക്കി അവൾ ഇടവേളകളിൽ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നേരിട്ട് ചെന്ന് സാന്ത്വനസ്പർശം നൽകണമെന്ന് മനസ്സ് പ്രേരിപ്പിച്ചുകൊണ്ടേയിരുന്നെങ്കിലും വീട് ദൂരെയാണ്. മാത്രമല്ല, കോവിഡ് കാലത്ത് യാത്ര ആയാസകരവുമാണ്. മറ്റു കൂട്ടുകാരികളും ഇതേ അവസ്ഥയിലാണ്. അവരുടെയെല്ലാം ദുഃഖത്തിൻ്റെ തീവ്രതയെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും വിഷമം തോന്നുന്നു.

ഇത്തരത്തിൽ പ്രിയപ്പെട്ടവരെ മഹാമാരി തട്ടിയെടുക്കുമ്പോൾ അവസാനമായി ആ മുഖം ഒന്നു കാണാൻ, ബന്ധുക്കളെ ഒന്ന് സാന്ത്വനിപ്പിക്കാൻ പോലും കഴിയാത്ത എത്രയോ മനുഷ്യർ ഇന്ന് ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള കാഴ്ചകൾ പ്രവാസികളിലുണ്ടാക്കുന്ന വേദനയുടെ ആഴം വിവരണാതീതമാണ്.

uae-ramzan-2

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ആദ്യ ഘട്ടത്തിൽ നിർത്തലാക്കിയപ്പോൾ യുഎഇ അടക്കം ഗൾഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം പ്രവാസികൾ അനുഭവിച്ച മാനസിക സംഘർഷം വളരെ വലുതായിരുന്നു. വിദേശത്ത് മരിച്ചവരുടെ മൃതദേഹം ഒരു നോക്കുകാണാനാകാതെ നാട്ടിലുള്ള ബന്ധുക്കൾ കരഞ്ഞു തളർന്നു. നാട്ടിൽ മരിച്ച പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയും പ്രവാസികൾ വിലപിച്ചു. അന്ന് എല്ലാവരെയും കരിയിപ്പിച്ച ഒരു സംഭവം ഒാർക്കുന്നു. മകന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയച്ച് അവന് വേണ്ടി പണികഴിപ്പിച്ച പുതിയ വീട്ടിൽ നടന്ന മരണാനന്തര ചടങ്ങുകൾ യുഎഇയിലിരുന്ന് ഒാൺലൈനിലൂടെ കാണേണ്ടി വന്ന ഹതഭാഗ്യരായ മാതാപിതാക്കൾ. അവരുടെ ഹൃദയത്തിലെ നീറ്റലിന്റെ തോത് അളക്കാൻ ഏതു മാപിനികൾക്ക് സാധിക്കും!

ഇന്ത്യയിലെ ഇന്നത്തെ കോവി‍ഡ് രൂക്ഷതയുടെ കാരണം എല്ലാവർക്കും അറിയാം. സ്വയം വരുത്തിവച്ച ദുരന്തമാണെന്നതിനാൽ ആരെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൽ അർഥമില്ല. കോവി‍ഡ് നിയന്ത്രണത്തിൽ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മുന്നിൽ നിൽക്കുന്നതിൽ പ്രവാസി മലയാളികൾ സന്തുഷ്ടരാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സംരക്ഷണം അവർ അതിന് കാര്യപ്രാപ്തിയുള്ള ഭരണാധികാരികളെയാണ് വീണ്ടും ഏൽപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഭൂരിഭാഗം പ്രവാസി മനസ്സും സർക്കാരിനോടൊപ്പമായിരുന്നു. പ്രളയങ്ങളും നിപ്പയും മികവുറ്റ രീതിയിൽ കൈകാര്യം ചെയ്ത സർക്കാരിൽ കോവി‍ഡ് ദുരന്ത നിവാരണത്തിലും അവർ പ്രതീക്ഷയർപ്പിച്ചു. ആദ്യ ഘട്ടത്തിൽ ആ സുരക്ഷ നേരിട്ടനുഭവിച്ചവർ ഏറെയുണ്ട്. അത് പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങളുടെ വോട്ടായി മാറിയിട്ടുമുണ്ട് എന്ന് അധികാരക്കസേരയിലിരിക്കുന്നവർ ഒാർക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് എല്ലാവരും.

***********
തേനീച്ചകളുടെ കാട്

നാട്ടിൽ നിന്ന് പുതിയ സിനിമകൾ തിയറ്ററുകളിലെത്താത്ത് പ്രവാസി 'സിനിമാപിരാന്തന്മാരെ' അലട്ടുന്നത് കുറച്ചൊന്നുമല്ല. നെറ്റ് ഫ്ലിക്സും ആമസോൺ പ്രൈമും പോലുള്ള ഒടിടികളാണ് ഇവരുടെ ഇപ്പോഴത്തെ ആശ്വാസം. ഇത്തരത്തിൽ പ്രവാസികൾക്ക് കാണാവുന്ന മനോഹമരമായ വിദേശ ചിത്രങ്ങൾ ഒാരോ 'അറബിക്കഥ'യിലും പരിചയപ്പെടുത്തുകയാണ്.

keeping-the-bees
കീപിങ് ദ് ബീസ് എന്ന ചിത്രത്തിലെ രംഗം

ആദ്യമായി കാടിന്റെ കുളിർമ പകരുന്ന കീപ്പിങ് ദ് ബീസ്(KEEPING THE BEES–TURKISH-NETFLIX) എന്ന ചിത്രത്തെക്കുറിച്ച് പറയാം. സംരക്ഷകൻ തേനീച്ചകളെയല്ല, തേനീച്ചകൾ സംരക്ഷകനെയാണ് തിരഞ്ഞെടുക്കുക എന്ന പറച്ചിലോ‌ടെയാണ് തുർക്കിഷ് ചിത്രമായ കീപിങ് ദ് ബീസ് (കോവൻ എന്ന് തുർക്കിഷിൽ) അവസാനിക്കുന്നത്. തേനീച്ചകളുടെ ജീവിതരീതികളിലൂടെയുള്ള യാത്ര കൂടിയാണ് ഇൗ ഒന്നരമണിക്കൂർ ചിത്രം. സിനിമ കണ്ടു തീരും വരെ പ്രേക്ഷകരുടെ ഹൃദയത്തിൽ വടക്കുകിഴക്കൻ തുർക്കിയിലെ കോക്കസസ് മലനിരകളിലെ കാടിന്റെ വന്യസൗന്ദര്യവും അന്തരീക്ഷത്തെ തണുപ്പിക്കുന്ന മൂടൽമഞ്ഞും മഴയും നിറഞ്ഞുനിൽക്കും.

സിനിമയ്ക്ക് ശേഷവും മനസിനെ മഞ്ഞുംമഴയും കാടിൻ്റെ നിശബ്ദ ഗാംഭീര്യത്തെ അകറ്റുന്ന പക്ഷികളുടെ ശാന്തസംഗീതവും പിന്നെ, െഎസെ എന്ന നായികയുടെ തേനീച്ച ഫാമും പിന്തുടർന്നു. ഒരു സിനിമയ്ക്ക് ഇത്രമാത്രം പ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ കഴിയുമോ എന്ന് ചിന്തിച്ചു പോയി. െഎസെ(മറിയം ഉസർലി) എന്ന യുവതി ജർമനിയിൽ നിന്ന് താൻ പഠിച്ചുവളർന്ന ഗ്രാമത്തിലേയ്ക്ക് വരുന്നിടത്താണ് അഭ്രപാളി ചലിച്ചുതുടങ്ങുന്നത്. മാതാവിന്റെ അവസാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ് െഎസെയുടെ ആഗമനം.

മരണക്കിടക്കയിൽ മാതാവിന്റെ അന്ത്യാഭിലാഷം, താൻ സ്വന്തം മക്കളെ പോലെ പരിചരിക്കുന്ന തേനീച്ചകളെ പൊന്നുപോലെ നോക്കണേ എന്നതാണ്. മാതാവ് ആ കാടും ഇൗ ലോകവും വിട്ടുപോയി. പക്ഷേ, തേനീച്ചകളെ പരിചരിച്ച് തേനുത്പാദിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുക എന്നത് തൻ്റെ ഏറ്റവും വലിയ ഭയമാണെന്നാണ് െഎസെ പറഞ്ഞത്. എന്നാൽ, പതിയെപ്പതിയെ അവളാ കർത്തവ്യത്തെ സ്നേഹിക്കുന്നു. തനിക്ക് തേനീച്ചകളെ സംരക്ഷിക്കാൻ സാക്കുമെന്ന് ഉറപ്പിക്കുന്നു. അവൾക്ക് സഹായിയായി മാതാവിൻ്റെ വലംകൈയായിരുന്ന അഹ്മത് (ഹകൻ കർസക്) ഉണ്ടായിരുന്നു. തേനീച്ചകളെ പരിചരിക്കുന്നതിനെക്കുറിച്ചും തേൻ ശേഖരിക്കുന്നതുമൊക്കെ അയാൾ അവളെ പരിശീലിപ്പിച്ചു.

എന്നാൽ അവളൊരു വിഡ്ഢിത്തം ചെയ്തു. ഇന്റർനെറ്റിലൂടെ മനസിലാക്കി അവൾ കൊണ്ടുവന്ന ഇംഗ്ലീഷ് തേനീച്ച എന്ന് അഹമത് വിശേഷിപ്പിച്ച വലിയ തേനീച്ചകൾ അവളുടെ കുഞ്ഞു തേനീച്ചകളെ കൂട്ടത്തോടെ കൊന്നുകളയുന്നു. തൻ്റെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ െഎസെ നടപ്പിലാക്കിയ പദ്ധതിയിൽ പ്രതിഷേധിച്ച് അഹ്മത് അവളെ ഉപേക്ഷിച്ചു പോകുന്നു. ഇതിനിടയിൽ തേൻ നുകരാൻ വേണ്ടി വരുന്ന കരടിക്കുഞ്ഞുങ്ങളാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. കരടിയെ അകറ്റാൻ െഎസെ നടത്തുന്ന ശ്രമം അവളെ കൊണ്ടെത്തിക്കുന്നത് വലിയൊരു ദുരന്തത്തിൽ. തത്കാലം കഥ പറച്ചിൽ ഇവിടെ നിർത്താം. കാരണം, കാണാനുദ്ദേശിക്കുന്നവരുടെ പഴി കേൾക്കേണ്ടല്ലോ.

എയ് ലം കഫ്താനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. അദ്ദേഹത്തിന്റെ പ്രതിഭയുടെ തിളക്കം കൊണ്ട് ലോകത്തിന് ലഭിച്ചത് മികച്ചൊരു സിനിമ. ജർമൻ–തുർക്കി അഭിനേത്രി മർയം ഉസർലിയുടെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിന്റെ ജീവൻ. കലുഷിത അന്തരീക്ഷത്തിൽ റിലാക്സ് സംഗീതം പോലെ മനസിനെ ശാന്തമാക്കുന്നു ഇൗ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.