അശുഭ വേളകളോട് വിട പറയൂ; ശുഭദിനങ്ങൾക്ക് കാത്തിരിക്കൂ

naif
ദുബായ് ദെയ്റ നായിഫ് (ഫയൽ ചിത്രം)
SHARE

ആശങ്കകൾ കറുത്ത ഭൂതങ്ങളായി വേട്ടയാടിയ ആ ദിനങ്ങളിലൊന്ന്. അക്ഷരങ്ങളെയും ആ പിശാചുക്കൾ വെറുതെവിട്ടില്ല. മനസ്സമാധാനവും ഉറക്കവും തകർത്ത വേളകൾ... ഒാർക്കുന്നു, നാട്ടിൽ നിന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞു: നായിഫിലെ ഫ്ലാറ്റിലെ ഒരു മുറിയിൽ കുറേ ജീവിതങ്ങൾ കടുത്ത സമ്മർദങ്ങളിലാണ്. ഒന്നു വിളിച്ചു അന്വേഷിക്കുമോ?. ഫോൺ വയ്ക്കാൻ നേരം സുഹൃത്ത് ഇതു കൂടി പറഞ്ഞു, കാസർകോട്ട് ആദ്യമായെത്തിയ കോവി‍ഡ് രോഗി താമസിച്ചിരുന്നത് ഇവരുടെ മുറിയിലാണ്!

ദുബായ് ദെയ്റയിൽ മലയാളികൾ തിങ്ങിപ്പാർക്കുകയും ചെറുകിട കച്ചവടം ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ് നായിഫ്. വ്യാപാരികളും ജീവനക്കാരുമെല്ലാം വലിയ സൗകര്യമില്ലാത്ത മുറികളിലാണ് താമസം. അവിടെ വൈറസ് കടന്നുകൂടിയാൽ പിന്നെ അനിയന്ത്രിതമായിരിക്കും കാര്യങ്ങളെന്നോർത്ത് ഞാൻ ഞെട്ടി. ആലോചിച്ചു നിൽക്കാതെ സുഹൃത്ത് തന്ന ഒരു നമ്പരിൽ വിളിച്ചു. രണ്ട് മുറികളിലായി പതിനാല് പേർ താമസിക്കുന്നു. ചിലർക്ക് നേരിയ പനിയും തൊണ്ട വേദനയുമൊക്കെ ഉള്ളതിനാൽ കൊറോണ വൈറസ് തങ്ങളെ പിടികൂടിയോ എന്ന ആശങ്ക അവരുടെ മനസ്സമാധാനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. കുറേ നാളുകളായി അവർക്ക് പുറം ലോകവുമായി ബന്ധമില്ല. ആരോ അറിയിച്ചതനുസരിച്ച് സാമൂഹിക പ്രവർത്തകർ നിത്യവും ഭക്ഷണം വാതിൽക്കൽ വരെ എത്തിക്കുന്നുണ്ട്. പക്ഷേ, അത് പലർക്കും കഴിക്കാൻ സാധിക്കുന്നില്ല. അവരുടെ രുചിമുകുളങ്ങൾക്ക് മേൽ ആരോ കയ്പുനീർ കുടഞ്ഞിരിക്കുന്നു. അവരെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കുകയും വേണം. പക്ഷേ, സഹായിക്കാൻ ആരുമില്ല.

പേടിക്കാനൊന്നുമില്ല, ഞാൻ വേണ്ടത് ചെയ്യാം എന്ന് പറഞ്ഞ് ‍ഞാനവരുടെ നെഞ്ചിലെ തീയണക്കാൻ ശ്രമിച്ചു. കോവി‍ഡ് യുഎഇയിൽ റിപോർട് ചെയ്തു വരുന്നതേയുള്ളൂ. എങ്കിലും തങ്ങളെ പി‌ടികൂടാനെത്തിയ  ഏതോ അ‍ജ്ഞാത ഭീകര ജീവിയെ ഒാര്‍ത്ത് പേ‌ടിച്ചു വിറയ്ക്കുകയായിരുന്നു അവർ. പിന്നീട്, കോവിഡ് രൂക്ഷമായ ദിനങ്ങളിൽ കേട്ട ഒട്ടേറെ കണ്ണീർക്കഥകളുടെ തുടക്കം മാത്രമായിരുന്നു അത്.

saudi-transport
'അലജം' ബസ് (ഫയൽ ചിത്രം)

 എത്രയും വേഗം ആശുപത്രിയിൽ പരിശോധിച്ച് ഡോക്ടർ വിധിയെഴുതിയില്ലെങ്കിൽ തങ്ങൾ പനിച്ചൂടിൽ ഉരുകിപ്പോകുമോ എന്ന ആശങ്ക ആ യുവാക്കളെ ജീവിതത്തിലെ ഏറ്റവും ഭീതിതമായ അവസ്ഥയിലെത്തിക്കും എന്ന് തോന്നി. എൻ്റെ ആശ്വാസവാക്കുകൾക്കും അപ്പുറമാണ് അവരുടെ ആശങ്കയുടെ തീനാളങ്ങളെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്നിലെ മാധ്യമപ്രവർത്തകനിലുപരി മനുഷ്യനാണ് ഉണർന്ന് പ്രവർത്തിക്കേണ്ടതെന്ന് ഉള്ളിൽ നിന്നാരോ പറഞ്ഞു.

അറിയിച്ചപ്രകാരം പാഞ്ഞെത്തിയ സാമൂഹിക പ്രവർത്തകർ ആ യുവാക്കളെ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ അവരെയടക്കം, കോവിഡ് ലക്ഷണങ്ങൾ കാണിച്ചവരെയെല്ലാം ആശുപത്രികളിലേയ്ക്ക് മാറ്റി. നായിഫിൽ അവരെ കൊണ്ടുപോകാൻ ആംബുലൻസ് എത്തിയപ്പോൾ തങ്ങൾക്കും ഇതേ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മറ്റു ചില കെട്ടിടങ്ങളിൽ താമസിച്ചിരുന്ന യുവാക്കളെത്തി ഒാടിക്കയറിയത് ആഗതമാകുന്ന രോഗാതുര കാലത്തേയ്ക്കുള്ള സൂചനയായിരുന്നു. തുടർന്ന് നായിഫിൽ നിന്ന് ഒട്ടേറെ പേർ ആശുപത്രികളിലെത്തി. ആ പ്രദേശത്ത് പ്രത്യേക ലോക് ഡൗൺ നടപ്പിലാക്കി. അണുനശീകരണം നടത്തി. അവരെല്ലാം പിന്നീട് സുഖപ്പെട്ടു എന്നറിഞ്ഞപ്പോഴുണ്ടായ ആശ്വാസം അക്ഷരങ്ങളിൽ പകർത്താനാവില്ല.

 ഇതുപോലുള്ള എത്രയോ ഫോൺ വിളികൾ തുടർന്നുമുണ്ടായി. എല്ലാ സമാശ്വാസ വാക്കുകൾക്കും അപ്പുറമായിരുന്നു ചിലരുടെ ആശങ്കകൾ. ആശുപത്രികളിലെയും കോവി‍ഡ് കേന്ദ്രങ്ങളിലെയും ഏകാന്ത വാസങ്ങളില്‍ അവരുടെ രാത്രികളെ കൃത്യമായ രൂപമില്ലാത്ത വികൃത ജീവി ഉപദ്രവിച്ചുകൊണ്ടിരുന്നു. നിദ്രാവിഹീനമായ രാപ്പകലുകൾ. പകൽസ്വപ്നങ്ങളിൽ പോലും പേടിപ്പെടുത്തുന്ന രംഗങ്ങൾ മാത്രം. തങ്ങൾ ഒടുങ്ങാൻ പോകുന്നു എന്ന അപചിന്തകൾ പലരുടെയും ആരോഗ്യത്തെ തളർച്ചയിലേയ്ക്ക് നയിച്ചു. ആരുടെയും സാന്ത്വനങ്ങൾക്ക് അതീതമായിരുന്നു അവ. നാട്ടിൽ നിന്നുള്ള പ്രിയപ്പെട്ടവരുടെ ആശങ്ക കലർന്ന വാക്കുകൾ അതിന് ആക്കം കൂട്ടി. എങ്കിലും ഇൗ അറബ് രാജ്യങ്ങളുടെ ഭരണകർത്താക്കളുടെ കരങ്ങൾ തങ്ങളെ കൈവിടില്ലെന്ന അറിവ് അവര്‍ക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അതിന്റെ കരങ്ങൾ പിടിച്ചാണ് അവർ ജീവിതത്തലേയ്ക്ക് തിരിച്ചുവന്നത്.

അപ്പോഴും മനസിനെ നൊമ്പരപ്പെടുത്തിക്കൊണ്ട് ചില സംഭവങ്ങളും  അപമൃത്യുവും അരങ്ങേറി. ഇന്ത്യയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് പൊന്നു മോൻ്റെ നിശ്ചേതന ശരീരം നാട്ടിലേയ്ക്കയച്ച്, അവന് വേണ്ടി പണിത പുതിയ വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൻ്റെ തത്സമയ ദൃശ്യങ്ങൾ യു ട്യൂബിലൂടെ കണ്ട മലയാളി മാതാപിതാക്കളുടെ കണ്ണീരിൻ്റെ സാന്ദ്രത ആർക്കാണ് തിട്ടപ്പെടുത്താനാകുക? ഭാര്യയുടെ മൃതദേഹം ഒരു നോക്കു കാണാൻ വേണ്ടി വിമാനത്തിൽ ഒരു ഇരിപ്പിടം കിട്ടാനായി രാജ്യാന്തര വിമാനത്താവളത്തിൽ ചെന്ന് ആർത്തലച്ചു കരഞ്ഞ മലയാളി, അർബുദം ബാധിച്ച് മരിച്ച ഭർത്താവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാകാതെ ദുബായിലെ ഒരു കൊച്ചുമുറിയിൽ ഏകാകിയായി നിൽക്കേണ്ടി വന്ന മലയാളി യുവതി.. ഇവരുടെയൊക്കെ മുഖങ്ങൾ എന്നെങ്കിലും മാഞ്ഞുപോകുമോ?  കോവി‍ഡ് നൽകിയ മാനസിക സംഘർഷം സഹിക്കാനാകാതെ ജബൽ അലിയിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മരണത്തിലേയ്ക്ക് ചാടിയ മലയാളി യുവാവും മഹാമാരിക്കാലത്ത് ബിസിനസ് തകർച്ച നേരിട്ടതിനാൽ ബഹുനില  കെട്ടിടത്തിൽ നിന്ന് മരണത്തിലേയ്ക്ക് എടുത്തുചാടിയ മലയാളി സമ്പന്നനും... ആ സമ്മർദ ദിനങ്ങളുടെ തീവ്രത എന്നെപ്പോലെ യുഎഇയിലെ ഒാരോ മാധ്യമപ്രവർത്തകനും നൽകിയ മുറിവ് ഏത് ഔഷധത്തിനാണ് ഉണക്കാനാകുക?

മൾട്ടി നാഷനൽ 'അലജം'

എവിടെ നിന്നും ആർക്കു വേണമെങ്കിലും കയറാം. ഇഷ്ടമുള്ളിടത്ത് ഇറങ്ങാം. 'അലജം' എന്ന് നീട്ടിയൊന്നു വിളിച്ചാൽ മതി. മറ്റേതോ ലോകത്തിലൂടെ കടന്നുപോകുന്ന ഡ്രൈവറിൻ്റെ ചിന്തകളെ അത് ഉണർത്തണമെന്നുമാത്രം. കേട്ടാൽ മറുത്തൊരു ചോദ്യമോ പ്രതിശബ്ദമോ മറ്റോ ഇല്ല. പക്ഷേ, കൃത്യമായി ബ്രെയ്ക്കിൽ കാല് പതിയും.

സൗദി അറേബ്യയിലെ മലയാളം ന്യൂസിൽ ജിദ്ദ റിപോർട്ടറായി ജോലിയിൽ പ്രവേശിച്ചതിന്‍റെ ആദ്യ ദിനങ്ങളിലാണ് അലജം ബസിനെ പരിചയപ്പെട്ടത്. ചുരുങ്ങിയത് പതിനഞ്ച് പേർക്കിരിക്കാവുന്ന മിനി യാത്രാ ബസ്. ചുവപ്പും നീലയും കലർന്ന തടിയൻ വരകളിട്ട് മൊഞ്ചാക്കിയ ശകടം. ഡ‍്രൈവറും കണ്ടക്ടറും ക്ലീനറുമെല്ലാം ഒരാൾ തന്നെ. അലസമായി കന്തൂറ ധരിച്ച, തലയിൽ പേരിന് മാത്രം വെള്ളത്തട്ടം ചുറ്റിയ യുവാക്കളാണ് കൂടുതലും. സൗദി ഗതാഗത വകുപ്പിന് കീഴിലുള്ള ഇൗ ബസ് ഡ്രൈവർ തസ്തിക ഗോത്ര വർഗക്കാരായ ബദുക്കൾക്ക് സംവരണം ചെയ്തിരിക്കുകയാണ്.

അതുകൊണ്ട് തന്നെ തോന്നിയ പോലെയാണ് സ‍ഞ്ചാരം. നഗരത്തിലെ ഒരു റസിഡൻഷ്യൽ ഏരിയയിലൂടെ അലജം ബസ് സഞ്ചരിക്കുന്നു എന്നിരിക്കട്ടെ. നമ്മൾ യാത്ര പുറപ്പെടാനായി കുളിച്ചൊരുങ്ങുകയായിരിക്കാം. റോഡിലൂടെ പോകുന്ന അലജം ബസ് ഡ്രൈവർ നമ്മൾ കുപ്പായം ധരിക്കുന്നത് ജനാലയിലൂടെ കാണുന്നു. തുടരെ ഹോണടി. സാൾട് ആൻഡ് പെപ്പറിൽ കുക്ക് ബാബുവിനോട് കാളിദാസ് ചോദിക്കും പോലെ പോരുന്നോ കൂടെ എന്ന ചോദ്യം ഹോണിലൂടെ ഉയരും. വരുന്നു, ഒരു നിമിഷം നിൽക്കൂ.. എന്ന ആംഗ്യത്തിലൂടെ കാണിച്ചാൽ, പിന്നെ ഡ്രൈവർ ഒരു സിഗററ്റിന് കൂടി തിരി കൊളുത്തി കാത്തിരിക്കും. ഇല്ലെന്ന് ആംഗ്യം കാണിച്ചാൽ ആക്സിലേറ്ററിൽ പരുപരുത്ത കാൽപാദം അമരും. പിന്നെ, അലജം കുതിക്കുകയായി. മറ്റേതോ ലോകത്താണ് ഡ്രൈവറാണുള്ളതെങ്കിൽ, അലജം എന്ന് അലറിയിട്ടൊന്നും കാര്യമില്ല. ഡ്രൈവർ ബ്രെയ്ക്ക് ചവിട്ടിയാൽ ഭാഗ്യം എന്നേ കരുതേണ്ടൂ.

അകത്ത് കയറിയാൽ  സാധാരണക്കാരായ എല്ലാ രാജ്യക്കാരെയും കാണാം. പലരും ചെറിയൊരു ആശങ്കയോടെയാണ് അകത്തിരിക്കുക (അതിൻ്റെ കാരണം അടുത്ത പ്രാവശ്യം പറയാം). ചിലപ്പോൾ ഏറ്റവും പിന്നിലായിരിക്കും സീറ്റൊഴിഞ്ഞിരിക്കുക. അവിടേയ്ക്ക് എത്തണമെങ്കിൽ ഇരിക്കുന്നവർ എണീറ്റ് സീറ്റ് മടക്കി വഴിയൊരുക്കണം. പഴയ ബസാണെങ്കിൽ ചാടിച്ചാടി, കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര കഴിയുമ്പോൾ നടു ഒരു പരുവത്തിലാകും. 

എന്താണ് അലജം ബസ്? എൻ്റെ അന്വേഷണം എത്തിച്ചേർന്നത് മലയാളികളുടെ നാമകരണ വൈദഗ്ധ്യത്തിലെ പ്രത്യേകതകളിലേയ്ക്കാണ്. 'അല ജംബ്' എന്ന് അറബിക് വാക്കിനർഥം 'ഒാരത്ത്' എന്നാണ്. റോഡിന് ഒാരത്ത് നിർത്തൂ എന്നാണ് കവി ഉദ്ദേശിക്കുന്നത്. ആളിറങ്ങാനുണ്ടേ... എന്ന നമ്മുടെ നാടൻമൊഴി തന്നെ. അത് ശോഷിച്ച് ശോഷിച്ച് അലജം എന്നായിപ്പോയതാണ്. ജിദ്ദയുടെ മുദ്രകൾക്ക്, കൂ‌‌ട്ട ബിൽഡിങ്, ഉജാല ബിൽഡിങ്, സൈക്കിൾ റൗണ്ടെബൗട്ട് എന്നൊക്കെ തങ്ങളുടേതായ ഭാഷ്യം ചമച്ച മലയാളികളുടെ കുസൃതി തന്നെയാണ് അലജത്തിന് പിന്നിലും.

എല്ലാ രാജ്യക്കാരും ഒത്തൊരുമയോടെ യാത്ര ചെയ്യുന്ന ഇൗ അലജം ബസിൽ ചില അത്ര ശുഭകരമല്ലാത്ത സംഭവങ്ങളൊക്കെ നടക്കാറുണ്ട്. രണ്ട് വർഷത്ത ജിദ്ദ വാസം എനിക്ക് സമ്മാനിച്ചത് അവിസ്മരണീയമാ കുറേ ഒാര്‍മകൾ. പ്രിയ പ്രവാസ കവി സത്യൻ മാടാക്കരയുടെ കവിതയിലെ ഒരു വരി കടമെടുത്ത് പറഞ്ഞാൽ, ഉണക്കാനിട്ട മലനിരകളിലൂടെ പൊള്ളലേറ്റ് നടന്നുനീങ്ങുമ്പോഴും ജിദ്ദ മുത്തശ്ശിയുടെ തലോടലെന്ന പോലെ ഒാർത്തോർത്തു ചിരിക്കാൻ കുറേ രസകരമായ സംഭവങ്ങൾ.. കോവിഡ് കാലത്തെ വിരസതകളോട് പോയിപ്പണി നോക്കാൻ പറയാവുന്ന ആ ഒാർമകൾ വരും ദിനങ്ങളിൽ പങ്കിടാം.

പ്രണയത്തിന്റെയും സംഗീതത്തിന്റെയും ദ്വീപ്

gua

പ്രണയത്തെയും സംഗീതത്തെയും പ്രണയിക്കുന്നവർക്ക് ഒരു കടലോര വിരുന്നായിരിക്കും അമേരിക്കൻ ചിത്രമായ 'ഗുഅവ െഎലൻഡ്' (GUAVA ISLAND). അമേരിക്കയിലെ മനോഹരമായ കൊച്ചുദ്വീപിനെ ചുറ്റിപ്പറ്റി സംഗീതസാന്ദ്രവും ലളിതവുമായൊരു പ്രണയകഥ പറയുകയാണ്ന വാഗത സംവിധായകനായ ഹിറോ മുറായ്.

കോഫി നോവിയ(റിഹാന്ന)യുടെ വിവരണത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പ്രാദേശിക സംഗീത കലാകാരനായ ദേനി മറൂണുമായി കോഫി ഇഷ്ടത്തിലാണ്. എപ്പോഴും ഗിറ്റാറുമായല്ലാതെ ദേനിയെ ആർക്കും കാണാനാകില്ല. ദ്വീപിൻ്റെ ജീവോത്സവത്തിൽ പങ്കെടുത്ത് ശ്രദ്ധേയനാകുകയാണ് റെഡ് കാർഗോയിലെ ജീവനക്കാരൻ കൂടിയായ ദേനിയുടെ ജീവിതാഭിലാഷം. അതിനെ ഇല്ലാതാക്കാൻ പ്രതിനായകനായ കാർഗോ മുതലാളി റെഡ് ശ്രമിക്കുന്നു. ദേനിക്ക് ഉത്സവത്തിൽ പങ്കെടുക്കാനാകുമോ? റെഡ് നശിപ്പിച്ച തൻ്റെ ഗിറ്റാറിന് പകരം ദരിദ്രനായ അവനെന്തു ചെയ്യും? കോഫിയുടെ സാന്ത്വന വാക്കുകൾ അവനെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കുമോ? തുടങ്ങിയ ആകാംക്ഷ ഗുഅവ െഎലൻഡിനെ   നല്ലൊരു ത്രില്ലറാക്കി മാറ്റുന്നു.

വലിയ ആർഭാഡമില്ലാത്ത തിരക്കഥയും സംവിധാന രീതിയുമാണ് ചിത്രത്തിൻ്റെ ഒരു മികവ്. സ്റ്റീഫൻ ഗ്ലോവറിൻ്റേതാണ് തിരക്കഥ. ഡൊണാൾഡ് ഗ്ലോവർ, റിഹന്ന എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. റിഹന്നയെ മലയാളികൾക്ക് നന്നായി അറിയാം. അതെ, ഇന്ത്യയുടെ കാർഷിക നയങ്ങൾക്കെതിരെ പോരാടുന്ന പഞ്ചാബിലെ കർഷകരെ പിന്തുണച്ച് വിവാദത്തിലായ അമേരിക്കൻ പോപ് ഗായിക തന്നെ. തന്നിലെ അഭിനേത്രിയെ വെളിപ്പെടുത്തിയ റിഹന്ന ചിത്രത്തിൽ പാടുന്നുമുണ്ട്. ഗുഅവഐലൻഡ് ആമസോൺ പ്രൈമിൽ ലഭ്യമാണ്.

വാൽശല്യം: ലേബർ ക്യാംപില്‍ ഉപേക്ഷിക്കപ്പെട്ട ഡയറിയിൽ നിന്ന് : നാട്ടിലെ വേനൽക്കാലത്ത് ഇവിടെ പൂക്കുകയും മഴക്കാലത്ത് ഉണങ്ങുകയും ചെയ്യുന്ന ഒരു മരമാണ് ഞാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.