ഞാനുമൊരു 'മമ്മുട്ടി'യാകാൻ തീരുമാനിച്ചു

mammootty-birthday
SHARE

ദീർഘകാലം മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന 96കാരനായ മഹാതീർ മുഹമ്മദിനോട് ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു, താങ്കളുടെ ദീർഘായുസിന്റെ രഹസ്യമെന്താണെന്ന്. പുഞ്ചിരി തൂകിക്കൊണ്ട് അദ്ദേഹം പറഞ്ഞു: അതൊരു രഹസ്യമേയല്ല. എന്റെ മാതാവിന്റെ ഉപദേശം അനുസരിക്കുന്നു എന്ന് മാത്രം. അതു കേട്ട് എല്ലാവർക്കും ആകാംക്ഷയായി. അദ്ദേഹം തുടർന്നു: ഞാനത് വെളിപ്പെടുത്താം. മറ്റൊന്നുമല്ല, അമ്മ എന്നെ പണ്ടേ ഉപദേശിച്ചിരുന്നു, നിനക്കേതാണോ ഏറ്റവും ഇഷ്ടമുള്ള ആഹാരം, അതു വളരെ കുറച്ച് മാത്രം കഴിക്കുക. ഞാനിന്നും പിന്തുടരുന്ന ശീലമാണത്. 

ഇതേ രീതിണ് തനിക്കുമെന്ന് മലയാളികളുടെ സൗന്ദര്യബോധത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നടൻ മമ്മുട്ടിയും പറഞ്ഞുവച്ചിട്ടുണ്ട്. മിക്ക വാർത്താ സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും അദ്ദേഹം നേരിട്ട ചോദ്യം; എന്താണ് ഇൗ സൗന്ദര്യത്തിൻ്റെയും ഉൗർജത്തിൻ്റെയും രഹസ്യം?. പലപ്പോഴും കൃത്യമായി മറുപടി പറഞ്ഞില്ല,  സൂപ്പർ താരം. പിന്നീട് അദ്ദേഹത്തിൻ്റെ ഭക്ഷണക്രമവും ജീവിതശൈലിയും ആളുകൾ തിരിച്ചറിഞ്ഞു– ഇഷ്ടമുള്ള ഭക്ഷണം വളരെ കുറച്ച് കഴിക്കുക, മുടങ്ങാതെ വ്യായാമം ചെയ്യുക. 

mammootty
മമ്മുട്ടി മംസാർ പാർക്കിൽ

നാൽപതുകാരൻ്റെ ലൂക്കുള്ള ആരാധകരുടെ മമ്മുക്ക കഴിഞ്ഞ ദിവസം എഴുപതാം പിറന്നാൾ ആഘോഷിച്ചു. അരോഗദൃഢഗാത്രനായ പ്രിയ നടനെ നോക്കി മലയാളികൾ അസൂയപ്പെട്ടു, മനസിൽ കരുതി– എനിക്കും മമ്മുട്ടിയെ പോലെയാകണം. പക്ഷേ, ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഒരു പരിപാടി  സാധ്യമാകുമോ, അത്യാവശ്യം നടക്കാനെങ്കിലും സമയം കിട്ടുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങൾ.

സാധാരണ പ്രവാസികളുടെ ദിനചര്യയിലേക്ക് ഒന്നു കണ്ണോടിക്കാം. വൈകിട്ടത്തെ ചായയോടൊപ്പം ഒരു എണ്ണക്കടി പലർക്കും നിർബന്ധമാണ്. ദുബായിൽ കണ്ടു തുടങ്ങി മറ്റെല്ലാ എമിറേറ്റുകളിലേക്കും, എന്തിന് ഗൾഫ് മുഴുവൻ വ്യാപിച്ച സമോവാർ ചായയും എണ്ണ പലഹാരങ്ങളും. നാടിൻ്റെ ഗൃഹാതുരത്വമുണർത്തുന്ന സമോവാർ ചായ കണ്ടാൽ ഒന്നു രുചിച്ചുനോക്കാത്ത മലയാളിയുണ്ടോ? അപ്പോ, ചായയോടൊപ്പം എന്തെങ്കിലും കടിക്കാതെങ്ങനെ? തൊട്ടടുത്ത് കണ്ണാടിച്ചില്ലിനുള്ളിൽ മൊരിഞ്ഞുകിടക്കുന്ന പഴംപൊരിയും ഉള്ളിവടയും സമൂസയും ബോണ്ടയും എന്ന് വേണ്ട, മലബാറിലെ വിരുന്നുമേശകളിൽ സ്ഥാനം പിടിക്കാറുള്ള സകല എണ്ണപ്പലഹാരങ്ങളും തങ്ങളെ മാടി വിളിക്കുന്നത് പോലെ തോന്നാറില്ലേ? ഏതോ സിനിമയിൽ ഇന്നസെൻ്റിന്റെ കഥാപാത്രം , ആ കാച്ചിയ എണ്ണ, മുല്ലപ്പൂവ്, ആ മണം... അതുമായി അവളങ്ങനെ വന്നു മുന്നിൽ നിൽക്കുമ്പോ പിന്നെങ്ങനാടോ എന്ന് പറയുംപോലെ, ആ ഉന്നക്കായ, കട് ലറ്റ്... അത് നമ്മെ നോക്കി ചിരിക്കുമ്പോ പിടിച്ചുനിക്കുന്നതെങ്ങനാടോ!. നിത്യവും അവ അകത്താക്കുന്നു എന്നു മാത്രമല്ല, പൊതിഞ്ഞുകൊണ്ടുപോയി ഒാഫിസിലെ സഹപ്രവർത്തകരെയും വീട്ടിലിരിക്കുന്ന ഭാര്യയെയും മക്കളെയും തീറ്റിക്കുന്നവരുമേറെ. 

m1
മമ്മുട്ടി മംസാർ പാർക്കിൽ സംസാരിക്കുന്നു

റമസാനിലായിരുന്നു വൈവിധ്യമാർന്ന എണ്ണപ്പലഹാരങ്ങൾ റസ്റ്ററൻ്റുകൾക്കും കഫ്റ്റീരിയകൾക്കും മുൻപിൽ ആദ്യകാലങ്ങളിൽ അണിനിരന്നിരുന്നത്. ഇത്രമാത്രം ആരാധകർ അന്നൊന്നുമുണ്ടായിരുന്നില്ല. മലയാളികളോടൊപ്പം ഫിലിപ്പീനികളടക്കമുള്ള ഇതര രാജ്യക്കാർ പോലും കേരളീയ പലഹാരങ്ങളുടെ ആരാധകരായി മാറിയതിൽ ബിസിനസ് സാധ്യകൾ കണ്ടെത്തിയ റസ്റ്ററൻ്റുകാർ സ്ഥിരമായി പ്രത്യേക ചായക്കടകൾ ഒരുക്കുകയായിരുന്നു. ഇത് പിന്നീട് മുക്കിന് മുക്കിന് പ്രത്യക്ഷപ്പെട്ടു. 

നാല് മണി ചായക്കടി നിർത്താൻ നമ്മൾ തീരുമാനിച്ച്, ഒരു ചായക്കടയിൽ സുഹൃത്തുക്കളുമായി ചെന്നു എന്നിരിക്കട്ടെ.  എത്ര വേണ്ടെന്ന് പറഞ്ഞാലും, ഇന്ന് ഇതൊന്നു തിന്നാ നീ മരിച്ചുപോകൊന്നല്ലെടാ എന്ന് പറഞ്ഞ് സ്നേഹ പരിഭവത്തോടെ അവർ നമ്മെ നിർബന്ധിക്കും, എന്നാൽ ഇന്നായിക്കളയാം എന്ന് കരുതി നാമത് അകത്താക്കും. ഒരു പഴം പൊരി രസമുകുളങ്ങളെ ഉണർത്തിയാൽ അത് രണ്ടും മൂന്നുമായിപ്പോകാറുമുണ്ട്. പിറ്റേന്നും തനിയാവർത്തനം. ഇനി രാത്രി ഭക്ഷണമാണെങ്കിലോ, അതുക്കും മേലെ. മിക്കവരും ദേശീയഭക്ഷണമായ പൊറോട്ട, ബീഫ് പ്രേമികളാണ്. ബീഫാണെങ്കിൽ പലതരം–വറുത്തത്, വരട്ടിയത്, ചുഴറ്റിയത്.. ഇപ്പോൾ മിക്ക റസ്റ്ററൻ്റുകളിലും കാട്ടുപോത്തിറച്ചിയുണ്ടെന്ന് എഴുതിവയ്ക്കുന്നത് കാണാറുണ്ട്. ദുബായ് കാടുകളിൽ നിന്ന് നേരിട്ട് പിടിച്ചുകൊണ്ട് വന്ന് അറുത്ത് കറിവയ്ക്കുന്നതെന്ന് മനസിലാക്കുമല്ലോ. ബീഫിഷ്ടമില്ലാത്തവർക്കാണെങ്കിൽ കോഴിയും ആടും നിർബന്ധമാണ്. വെള്ളിയാഴ്ചകളിൽ ബിരിയാണി കഴിച്ചില്ലെങ്കിൽ ജമാഅത്തിൽ നിന്ന് പുറത്താക്കുമെന്ന ഒരു പറച്ചിൽ പണ്ടേ ഉണ്ട്. അതായത്, നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കിയുള്ള കളി നമുക്ക് പറ്റില്ല. സാലഡ് മാത്രം കഴിച്ചും സുഖത്തോടെ ഉറങ്ങാം, അതാണ് ആരോഗ്യത്തിന് നല്ലത് എന്നൊക്കെ എത്രയാവർത്തിച്ച് കേട്ടാലും നമ്മൾ, മലയാളികളിൽ ഭൂരിഭാഗവും അതവഗണിക്കും. 

സമയം തെറ്റിയുള്ള ഭക്ഷണക്രമമാണ് മറ്റൊരു ഗുരുതര പ്രശ്നം. രാവിലെ വൈകിയെണീറ്റ് ജോലി സ്ഥലത്തേയ്ക്ക് ഒാടുമ്പോൾ ഒാംലെറ്റോ, ചിക്കനോ, ബീഫോ തിരുകിയുള്ള പൊറോട്ട സാൻഡ് വിച് കഴിച്ച് വിശപ്പടക്കും. ഉച്ചയ്ക്കും നോൺവെജ് മൃഷ്ടാന്നഭോജനം. ഇവയിലൊക്കെ അടങ്ങിയിട്ടുള്ള കലോറിയും കൊഴുപ്പും ശരീരത്തിൽ അടിഞ്ഞുകൂടി തടിച്ചുകൊഴുത്ത്, വയറ് ചാടി, പ്രമേഹവും രക്തസമ്മർദവുമായി അനാരോഗ്യവാനായി ജീവിച്ച് ആയുസ്സ് കുറയ്ക്കുന്നു. രാവിലെയോ വൈകിട്ടോ ഒന്ന് നടക്കാൻ പോലും സമയമില്ലാത്തത്ര ബിസിയാണ് നമ്മൾ.  

അപ്പോഴാണ് സുന്ദരക്കുട്ടപ്പനായി മമ്മുട്ടി വന്ന് മുന്നിൽ നിൽക്കുന്നത്. അദ്ദേഹത്തെ അസൂയയോടെ നോക്കി സ്വയം തീരുമാനിക്കുന്നു: എനിക്കും മമ്മുട്ടിയെ പോലെയാകണമെന്ന്. ഒാക്കെ, ഗുഡ്. അപ്പോ മമ്മുക്ക പറഞ്ഞ പോലെ ഇഷ്ടഭക്ഷണം കുറച്ച് കഴിച്ച്, രാവിലെയും വൈകിട്ടും കുറച്ച് നടന്ന്, നന്നായി വർക്കൗട്ട് ചെയ്തു തുടങ്ങാമല്ലേ? 

അയ്യോ, അതൊന്നും പറ്റില്ല.  എങ്കിലും, എനിക്കും മമ്മുട്ടിയെപ്പോലാകണം.

ദുബായിലെ 'മമ്മുട്ടിയനുഭവങ്ങൾ'

ചെറുപ്പത്തിൽ മമ്മുട്ടിയുടെയും മോഹൻലാലിൻ്റെയും ചിത്രങ്ങൾ പുസ്തകത്തിൽ വെട്ടിയൊട്ടിച്ചും പാഠപുസ്തകങ്ങൾ പൊതിഞ്ഞും നടക്കാത്ത സിനിമാ പ്രേമികൾ കുറവായിരിക്കും. ഞാനും അത്തരമൊരു കഥാപാത്രമായിരുന്നു. ഇല്ലാണ്ടായ തറവാടു വീടിന്‍റെ അട്ടത്തെ പത്തായത്തിൽ ഒളിപ്പിച്ചുവച്ച ആ 'ഒട്ടിപ്പു പുസ്തകങ്ങളൊ'ക്കെ ഇപ്പോഴും പോയകാലത്തെ മധുരസ്മരണകൾ സമ്മാനിക്കുന്നു. 

ഒരു സിനിമാ പ്രേമിയെന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ കണ്ടിരിക്കുക, മമ്മുക്കയുടെയും ലാലേട്ടൻ്റെയും ചിത്രങ്ങളായിരിക്കും എന്നതിൽ സംശയമില്ല. വീട്ടുകാരറിയാതെ സിനിമ കണ്ട് വാങ്ങിക്കൂട്ടിയ അടിയുടെ ചൂട്! ഇരുവരെയും നേരിട്ട് കാണുക അദമ്യമായ ആഗ്രഹമായിരുന്നു. യുഎഇയിലെത്തിയ ശേഷം മലയാളത്തിൻ്റെ അഭിമാനമായ രണ്ട് അഭിനേതാക്കളെയും കാണാനും രണ്ട് വാക്കെങ്കിലും സംസാരിക്കാനും കഴിഞ്ഞത് ഭാഗമായി കരുതുന്നു. 

തുടർച്ചയായി ഏഴ് ചിത്രങ്ങൾ (കാഴ്ച, തൊമ്മനും മക്കളും, തസ്കരവീരൻ, നേരറിയാൻ സിബി െഎ, ബ്ലാക്ക്, രാപ്പകൽ, രാജമാണിക്യം) ഹിറ്റായതിനെ തുടർന്ന് ഹിറ്റ് എഫ്എം, അഡ് വ മീഡിയ ഏജൻസി എന്നിവരുടെ നേതൃത്വത്തിൽ 2005 നവംബർ 25ന് ദുബായിൽ സംഘടിപ്പിച്ച, ചരിത്രപ്രസിദ്ധമായ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആദ്യമായി മമ്മുട്ടിയെ കാണുന്നത്. ദുബായ് പൊലീസിൻ്റെ അകമ്പടിയോട ഹെലികോപ്റ്ററിൽ മംസാർ പാർക്കിൽ വന്നിറങ്ങി ആരാധകരെ അഭിമുഖീകരിച്ച് അവിടെ നിന്ന് ഗ്രാൻഡ് ഹയാത് ഹോട്ടലിൽ സംഘടിപ്പിച്ച ഗാല ഡിന്നറിൽ പങ്കെടുക്കാൻ തുറന്ന വാഹനത്തിൽ പോകുന്നതായിരുന്നു പരിപാടി. 

പാർക്കിൻ്റെ മധ്യത്തിലെ വേദിക്ക് ചുറ്റും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. ഞാനടക്കമുള്ള മാധ്യമപ്രവർത്തകർ സ്റ്റിൽ–വിഡിയോ ക്യാമറകളുമായി നിലയുറിപ്പിച്ചു. പാർക്കിൻ്റെ ഒത്ത നടുവിൽ ഹെലികോപ്റ്റർ വന്നിറങ്ങിയതോടെ ആർപ്പുവിളികളുമായി ആളുകൾ അരികിലേയ്ക്ക് കുതിച്ചു. ഇത് സൂപ്പർ താരത്തിന് പക്ഷേ, അത്ര ഇഷ്ടമായില്ല. ആളുകൾ മാറി നിൽക്കുംവരെ അദ്ദേഹം ഹെലികോപ്റ്ററിൽ നിന്നിറങ്ങാൻ മടിച്ചു. മാധ്യമപ്രവർത്തകരെ ഒഴിച്ച് മറ്റാളുകളെ അകലേയ്ക്ക് മാറ്റാൻ ദുബായ് പൊലീസും കേരളാ പൊലീസിൻ്റേതുപോലുള്ള വേഷമണിയാറുള്ള ഫസൽ മനയിൽ അടക്കമുള്ള സുരക്ഷാ ജീവനക്കാരും ഏറെ അധ്വാനിച്ചു. തുടർന്ന് ഒാറഞ്ച് ടി ഷേർട്ടും നീല ജീൻസും സൺഗ്ലാസും ധരിച്ച മമ്മുട്ടിയെ കണ്ടപ്പോൾ വീണ്ടും ആളുകൾ അടുത്തേയ്ക്ക് നീങ്ങി. ഇതോടെ താരം പൊട്ടിത്തെറിച്ചു. അരികിൽ നന്ന് പടമെടുക്കുകയായിരുന്ന മാധ്യമപ്രവർത്തകരോടും ദേഷ്യപ്പെട്ടു. താനാരാടോ എന്ന പരുഷമായ ചോദ്യം എന്നോട്. മീഡിയ എന്ന് പറഞ്ഞപ്പോൾ, എന്തു മീഡിയയാടോ എന്ന് കയർത്തു. അന്ന് എൻ്റെ മനസിലെ താരത്തോടുള്ള ഇഷ്ടത്തിന് മങ്ങലേറ്റു. ഇത്രയേറെ ഇഷ്ടപ്പെടുന്ന എന്നോട് ഇതുവേണ്ടായിരുന്നു മമ്മുക്ക എന്ന് ഉള്ളാലെ വിഷമിച്ചു. മമ്മുട്ടി മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടു എന്ന തരത്തിൽ അന്തരിച്ച മാധ്യമപ്രവർത്തകൻ വി.എം.സതീഷ് വാർത്തയുമെഴുതി.

കുറേനാൾ താരത്തോട് വലിയ മതിപ്പ് തോന്നിയില്ലെങ്കിലും, പിന്നീട് അദ്ദേഹത്തിൻ്റെ മികച്ച സിനിമകൾ കണ്ട് ഇഷ്ടപ്പെട്ട് ആ നീരസമെല്ലാം അകന്നു. മാത്രമല്ല, അന്ന് തൻ്റെ അരികിലേയ്ക്ക് മഴവെള്ളപ്പാച്ചില്‍ പോലെ കുതിച്ചെത്തുന്ന വൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കേണ്ടി വന്ന ആ സാഹചര്യത്തിൽ ഒരു സൂപ്പർ താരത്തിൽ നിന്ന് അത്തരമൊരു പെരുമാറ്റമുണ്ടായതിൽ അദ്ഭുതം തോന്നിയില്ല. 

ദുബായിൽ നടന്ന ഗൾഫ് മൂവി അവാർഡായിരുന്നു അടുത്ത സംഗമവേദി. ഇൗ പരിപാടിയും ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ തന്നെയാണ് നടന്നത്. മമ്മുട്ടിയെ കൂടാതെ, പ്രമുഖ ഹിന്ദി, തമിഴ് ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്ത പരിപാടി. അന്ന് മമ്മുക്ക മാധ്യമങ്ങളെ അഭിമുഖീകരിച്ചു. ഇംഗ്ലീഷ് മാധ്യമങ്ങളില്ലാത്തതിനാൽ കുറച്ച് അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പയ്യെപ്പയ്യെ അതൊക്കെ ഇല്ലാണ്ടായി. പടമെടുക്കാനായി എല്ലാവരോടൊപ്പം സന്തോഷത്തോടെ നിന്നു.

മമ്മുക്കയുടെ ഇഷ്ടകേന്ദ്രമായ ദുബായിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിലെ ഒരു പരിപാടിയിലായിരുന്നു അടുത്ത കണ്ടുമുട്ടൽ. 2014 ലാണെന്നാണ് ഒാർമ. മാധ്യമപ്രവർത്തകരും അഭ്യുദയകാംക്ഷികളും മാത്രം പങ്കെടുത്ത പരിപാടി. ആരാധകരുടെ ഇടിച്ചുകയറ്റമില്ലാത്തതിനാൽ അടുത്തു നിന്ന് സംസാരിക്കാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമായി. അന്ന് മമ്മുക്കയുടെ 'വര്‍ഷം' എന്ന സിനിമ ഹിറ്റായ സമയമായിരുന്നു. മകൻ നഷ്ടപ്പെട്ട പിതാവിൻ്റെ ഭാവപ്രകടനങ്ങൾ  താരത്തെ പ്രേക്ഷകര്‍ ഒന്നുകൂടി ചേർത്തുനിർത്താൻ വഴിയൊരുക്കി. പരിപാടി കഴിഞ്ഞ്, ഒരുവേള ഞാനദ്ദേഹത്തോട് പറഞ്ഞു, വർഷം ഏറെ ഇഷ്ടമായി. മമ്മുക്കയുടെ പ്രകടനം ഗംഭീരം.  എന്തായിരിക്കും പ്രതികരണം എന്ന് ചിന്തിക്കാതെയായിരുന്നു പറച്ചിൽ. പക്ഷേ, മറുമൊഴിയില്ലായിരുന്നുവെങ്കിലും മുഖത്ത് പുഞ്ചിരി വിടർന്നതിൽ നിന്ന് എൻ്റെ വാക്കുകൾ സന്തോഷം പകർന്നതായി മനസിലായി. അനുനിമിഷം അപ്രതീക്ഷിതമായി, വരൂ എന്ന് പറഞ്ഞ് തൊട്ടടുത്തെ ഇരിപ്പിടങ്ങളിലേയ്ക്ക് എന്നെ ക്ഷണിച്ചു. സന്തോഷമടക്കാനായില്ല. കസേരകളിൽ മുഖാമുഖമായി ഇരുന്നുകൊണ്ട് അദ്ദേഹം പേരും നാടും മറ്റും അന്വേഷിച്ചു. 

അതേ വർഷം തന്നെ അടുത്ത കൂടിക്കാഴ്ച. ദുബായ് ഗ്രാൻഡ് ഹയാത് ഹോട്ടൽ തന്നെ വീണ്ടും വേദി. മമ്മുട്രീ(MAMMOOTREE)  എന്ന പേരിൽ രാജ്യാന്തര തലത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഹോട്ടൽ അങ്കണത്തിൽ അദ്ദേഹം വൃക്ഷത്തൈ നടുന്നു. ഹോട്ടൽ അധികൃതരും മാധ്യമപ്രവർത്തകരും മാത്രം പങ്കെടുത്ത പരിപാടി. ഇത്തിരി കാത്തിരുത്തിയെങ്കിലും വന്നപ്പോൾ എല്ലാവരുമായും നിറമനസ്സോടെ സൗഹൃദം പങ്കിട്ടു. അന്ന് പദ്ധതിയെക്കുറിച്ച് പൊതുവായി പറഞ്ഞ് മമ്മുക്ക പോയി.

2019 ഏപ്രിലിൽ 'മധുരരാജ'യുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ടായിരുന്നു അവസാനമായി നേരിൽ കണ്ടത്. ലോകത്തെ ഏറ്റവും ഉയരം കൂടി മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിലായിരുന്നു വാർത്താ സമ്മേളനം. പൊതുവിവരങ്ങളിൽ അദ്ദേഹത്തെ വെല്ലാൻ മലയാള സിനിമയിൽ ആരുമില്ലെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം അവിടെ അരങ്ങേറി. സാധാരണ വാർത്താ സമ്മേളനങ്ങൾക്ക് മറ്റു ചടങ്ങുകൾ പോലെ അവതാരകരുണ്ടാകാറില്ലായിരുന്നുവെങ്കിലും ഇൗ പരിപാടിക്ക് ഒരാൾ ആ റോളിൽ വന്നു. മമ്മുക്കയെ കുറിച്ചും സിനിമയെക്കുറിച്ചും ഒാരോ കാര്യങ്ങൾ പറഞ്ഞ ശേഷം മാധ്യമപ്രവർത്തകരോട് കൈയടിക്കൂ എന്ന് അവതാരകൻ പറഞ്ഞുകൊണ്ടേയിരുന്നു. വാർത്താ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ കൈയടിക്കാറില്ല എന്ന കാര്യം അവതാരകന് അറിയാമായിരുന്നില്ലെന്ന് തോന്നുന്നു. പക്ഷേ, ആരും കൈയടിക്കാൻ തയാറായില്ല. ഇത്തിരി ചമ്മലോടു കൂടി അവതാരകൻ വീണ്ടും നിർബന്ധിച്ചു. അപേക്ഷാ സ്വരത്തിൽ പറഞ്ഞിട്ടും എന്താണിവർ കൈയടിക്കാൻ തയാറാകാത്തത്,  വേദിയിലിരിക്കുന്ന മറ്റു പലരും ഞങ്ങളെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നായിരുന്നു മമ്മുക്കയുടെ ആ ഗംഭീര ഇടപെടൽ:

ജേണലിസ്റ്റുകൾ വാർത്താ സമ്മേളനത്തിൽ കൈയടിക്കാറില്ലെടോ, നിർബന്ധിക്കേണ്ട..

ഇൗ വാക്കുകൾ കേട്ടപ്പോൾ ഹാളിലുയർന്ന നിറഞ്ഞ കൈയടിയിൽ മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു.

പ്രണയനദി ഒഴുകുന്നു

''മാറ്റത്തിന്റെ കാറ്റ് ഇന്ന് രാത്രി വീശുന്നു. അമാൻഡ. അവളുടെ പേര് അമാൻഡയായിരിക്കുമെന്ന് ആർക്കറിയാം. എന്തൊരു മുഖം. എന്തൊരു വ്യക്തിത്വം. 

എന്റെ ചുണ്ടുകൾ പറഞ്ഞു: ഹലോ, സുഹൃത്തേ. പക്ഷേ എന്റെ ഹൃദയം പറഞ്ഞു: ഹലോ എന്റെ ജീവിതപങ്കാളി..''

96
ബ്ലൂ ജേയിലെ രംഗം (ഇടത്) '96 ലെ രംഗം (വലത്)

വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരുടെയും സംഗമം. അമാൻഡയും ജിമും.  ഹൈസ്കൂള്‍ പ്രണയിനികൾ കലിഫോർണിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ അവിചാരിതമായി കണ്ടുമുട്ടുകയായിരുന്നു. തൊഴിൽ നഷ്ടമായി, പോയ കാലത്തെയോർത്ത് കണ്ണീരണിഞ്ഞ് ജീവിച്ചിരുന്ന ജിം. ഗർഭിണിയായ സഹോദരിയെ കാണാൻ നഗരത്തിലെത്തിയ അമാൻഡ. അവളാണ് ജിമിനെ ആദ്യം തിരിച്ചറിഞ്ഞത്. അമാൻഡ വിവാഹിതയും രണ്ടാനമ്മയുമാണ്. ജിം അവിവാഹിതൻ. കുറേ നേരം ഇരുവരുടെയും സംഭാഷണം കുശലാന്വേഷണങ്ങളിൽ ഒതുങ്ങി. പിന്നെ, പിരിഞ്ഞു. തുടർന്ന് സൂപ്പർമാർക്കറ്റിൻ്റെ പാർക്കിങ്ങിൽ കണ്ടുമുട്ടുന്ന ഇരുവരും കോഫി കഴിക്കാൻ തീരുമാനിക്കുന്നു; പണ്ട് ഒന്നിച്ച് ഏറെ സമയം ചെലവഴിച്ചിരുന്ന  ബ്ലൂ ജേയ്( BLUE JAY) എന്ന കോഫിഷോപ്പില്‍ നിന്ന്. അതാണ് 2016 ൽ പുറത്തിറങ്ങിയ മനോഹരമായ ഇൗ അമേരിക്കൻ പ്രണയ ചിത്രത്തിൻ്റെ പേര്. കലിഫോർണിയയിൽ കണ്ടുവരുന്ന നീലയും വെള്ളയും നിറങ്ങളുള്ള ഭംഗിയാർന്ന കുരുവിയാണ് ബ്ലു ജേയ്.

അമാൻഡയും ജിമും തെരുവിലൂടെ മുട്ടിയുരുമ്മി നടന്നു. പ്രയണകാലത്ത് അമാൻ‍ഡയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജെല്ലിബീൻസ് വാങ്ങാൻ പണ്ടത്തെ കടയിൽ കയറി. രണ്ട് ലവ് ബേർഡ്സും ഒന്നിച്ച് തന്നെയാണോ എന്ന് വയോധികനായ വെയ് നി എന്ന കടക്കാരൻ ചോദിച്ചപ്പോൾ, അതെ, കഴിഞ്ഞ 24 വർഷമായി ഒന്നിച്ചുള്ള ദമ്പതികൾ വിവാഹവാർഷികം ആഘോഷിക്കുന്നു എന്ന് പറഞ്ഞ് ചിരിക്കുകയും പരസ്പരം പ്രണയാർദ്രമായി നോക്കുകയും ചെയ്തു. എനിക്ക് നിൻ്റെ തറവാട് വീട് കാണണമെന്ന് അമാൻഡ പറഞ്ഞപ്പോൾ ജിം സന്തോഷപൂർവം അവളെ കൂട്ടിക്കൊണ്ടുപോയി. ആ വീട്ടിലെ ഒാരോ വസ്തുക്കളിലും അവൾ കണ്ണോടിച്ചു. അന്ന് ഇരുവരും കൈമാറിയ വസ്തുക്കളെല്ലാം അവൾ കണ്ടു. അവിടെ അലമാരയിൽ അവളുടെ പഴയ ജാക്കറ്റ്. അവൻ്റെ പഴയ ഷേർട്ട് കണ്ടപ്പോൾ, പോയ കാലത്തിൻ്റെ ഒാർമകൾ അവളുടെ ഉള്ളം ഇളക്കിമറിച്ചു. ആ ഷേർട്ടെടുത്ത് അവൾ മുഖത്തോട് ചേർത്ത് അവൻ്റെ ഗന്ധം നുകർന്നു. അയാൾ അവൾക്ക് നൽകാനായി 'ടു അമാൻഡ' എന്നെഴുതി ഒട്ടിച്ചുവച്ച കത്ത്  ജിം അറിയാതെ തൻ്റെ ജാക്കറ്റിൻ്റെ കീശയിലിട്ടു. പിന്നീടവർ പഴയ പാട്ടുകേട്ട് പരസ്പരം കൈകൾ കോർത്ത് നൃത്തച്ചുവടുകൾ വച്ചു. ഇരുവരുടെയും പോയകാലത്തെ ഏതോ ഒരു സുന്ദര നിമിഷത്തിലെ സംഭാഷണമുള്ള കാസറ്റ് ടേപ്പ് റെക്കോർഡറിലിട്ടു കേട്ടു. അവളവന് സവിശേഷമായ ഡിന്നറൊരുക്കി. ഇടയ്ക്ക് അവൾ ഭർത്താവിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അദ്ദേഹം തന്നെ നന്നായി നോക്കുന്നു എന്ന് പറഞ്ഞിരുന്ന അവളുടെ ആ ഫോൺ സംസാരത്തിൽ നിന്ന്, അത് കള്ളമായിരുന്നുവെന്നും അവളൊരു സങ്കടക്കടൽ ഉള്ളിലൊതുക്കി കഴിയുകയാണെന്നും അയാൾക്ക് മനസിലായി. പുറത്തെ മിനി ട്രക്കിൽ മലർന്ന് കിടന്നു, ആകാശത്തെ നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി അവൾ ജമിനോട് ചോദിച്ചു: നീ എന്നെയൊന്നു ഉമ്മ വയ്ക്കുമോ? അയാളതിനായി കാത്തിരിക്കുകയായിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് അവളിലേയ്ക്ക് ലയിക്കാൻ തുടങ്ങിയപ്പോൾ അവൾ അവനെ തടഞ്ഞു. പണ്ട്, തങ്ങളുടെ കുഞ്ഞിനെ ഗർഭഛിദ്രം നടത്തിയതായിരുന്നു ഇരുവരുടെയും വേർപിരിയലിന് കാരണമായിരുന്നത്. അവനിൽ നിന്ന് കുതറിമാറിയ അവൾ പെട്ടെന്ന് പോകാനൊരുങ്ങി. അതവന് സഹിക്കാനാകുമായിരുന്നില്ല. ജിം അമാൻഡയെ തടഞ്ഞു. 

നിനക്കറിയില്ലേ, ഞാൻ വിവാഹിതയും അമ്മയുമാണെന്ന് എന്ന് അവൾ പൊട്ടിത്തെറിച്ചു.  പൊടുന്നനെയാണ് അവളുടെ ജാക്കറ്റിൽ നിന്ന് ആ കത്ത് പുറത്തേയ്ക്ക് തെറിച്ചുവീണത്. അതു കണ്ട് അയാൾ ഞെട്ടി. ഇതെൻ്റെ കത്താണ്. അത് നീയെന്തിനാണ് എടുത്തതെന്ന് അയാൾ നിറകണ്ണുകളോടെ ചോദിച്ചു. കത്ത് വായിക്കണമെന്ന് അവൾ വാശിപിടിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. കൗമാരപ്രണയം ദാമ്പത്യത്തിലേയ്ക്ക് നയിക്കാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് അയാൾ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തി.

പിറ്റേന്ന് പ്രഭാതത്തിൽ അവളെ യാത്രയയക്കുമ്പോൾ ആ കത്ത് അയാളവൾക്ക് വായിക്കാൻ നൽകി. 

''അമാൻഡ, നമ്മുടെ കുഞ്ഞിനെ എനിക്ക് വേണം...''

കത്ത് വായിച്ച്, നീ എന്തുകൊണ്ടാണ് ഇത് അന്ന് അയക്കാത്തത് എന്ന് ചോദിച്ച് അവൾ പൊട്ടിക്കരഞ്ഞു. പിന്നെ ഇരുവരും നിറകണ്ണുകളോടെ ചിരിച്ചു.

മാർക് ഡുപ്ലസിൻ്റെ തിരക്കഥയിൽ അലക്സ് ലെഹ് മാൻ ആണ് ബ്ലൂ ജേയ് എന്ന ഇൗ പ്രണയകാവ്യം ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്തത്. കറുപ്പിലും വെളുപ്പിലുമാണ് ചിത്രം ഒരുക്കിയതെങ്കിലും ഏതൊരു ബഹുവർണ ചിത്രത്തിലേതിനേക്കാളും സുന്ദരമായി പകർത്തിയ പുറംകാഴ്ചകൾ പ്രേക്ഷകർക്ക് വിസ്മയം പകരും. രണ്ട് പ്രധാന കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ  സാറോ പോൾസൺ അമാൻഡയായും മാർക് ഡുപ്ലസ് ജിം ആയും ജീവിക്കുകയാണ്. സാഹിത്യഭംഗി നിറഞ്ഞ സംഭാഷണവും പുഴയൊഴുകും പോലെയുള്ള പശ്ചാത്തലസംഗീത(ജൂലിയൻ വാസ്)വുമാണ് മറ്റൊരു പ്രധാന ആകർഷണം. കണ്ടുതീരും വരെ ഇൗ പ്രണയനദി പ്രേക്ഷകരുടെ മനസിലൂടെ ഒഴുകിക്കൊണ്ടിരിക്കും. ജിമിനെയും അമാൻഡയെയും പോലെ നഷ്ടസ്മൃതികളുമായി ജീവിക്കുന്നവരുടെ കണ്ണുകൾ ഇടയ്ക്കിടെയെങ്കിലും ഇൗറനണിയിക്കും.

2016 ഡിസംബർ മുതൽ നെറ്റ് ഫ്ലിക്സിൽ ഉള്ള ഇൗ ചിത്രത്തിന്,  2018 ഒക്ടോബറിൽ റിലീസായ തമിഴ് ഹിറ്റ് സിനിമ '96 ന്റെ പ്രമേയവുമായി സാമ്യം തോന്നുന്നുവെങ്കിൽ പ്രചോദനമുൾക്കൊണ്ടതാണെന്ന് കരുതി സമാധാനിക്കുക. കാരണം, ആ തമിഴ് ചിത്രവും വളരെ മനോഹരമായ അനുഭവമാണല്ലോ സമ്മാനിച്ചത്.

വാൽശല്യം:

''ന്താടാ, നീയങ്ങ് തടിച്ചുകൊഴുത്തല്ലോ?''

''ങാ.. കോവിഡ് കാലമല്ലേ, വർക് ഫ്രം ഹോമാ...''

(ആത്മഗതം: കോവിഡ് കഴിഞ്ഞാ ഇവനോടൊക്കെ എന്തു പറയുമോ, ആവോ!)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS