മനസ്സിൽ എന്നും ഓർത്തോർത്ത് സൂക്ഷിച്ചിരുന്ന ചില രുചികൾ. ചോക്കളേറ്റിന്റെ,പിന്നെ നനച്ചാലും തേച്ചാലും മാഞ്ഞു പോകാത്ത ഉടുപ്പിലെ സെന്റ്, മണം. ഇതൊക്കെ കുട്ടിക്കാലത്തെന്നോ ഓർത്തോത്തിരുന്നിരുന്ന, മറക്കാതെ മായാതെ കിടന്നിരുന്ന ഓർമ്മകൾ ആണ്. ബഹ്റൈനിൽ നിന്നെത്തിയിരുന്ന അമ്മയുടെ മൂത്ത സഹോദരി. മറക്കാതെ ഓരോരുത്തർക്കായും അവർ കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾക്കിന്നും അന്നും ഒരേ മണവും രുചിയും.
60, 70 കാലഘട്ടങ്ങളിലെ ‘പേർഷ്യ’ നമ്മുടെ നാട്ടിലേക്ക് പ്രത്യേകിച്ച് തിരുവല്ല, ചെങ്ങന്നൂർ ഭാഗത്തേക്ക് ഇത്തരം ധാരാളം സമ്മാനപ്പൊതികൾ എത്തിച്ചു. ‘ഗൾഫ് എയർ’എന്ന എയർലൈൻസ് കമ്പനിയിലും, നഴ്സ് ജോലികൾക്കായും കടൽ കടന്നവരായിരുന്നു,കൂടുതലും അക്കാലത്തു പേർഷ്യയിലേക്ക് എത്തിച്ചേർന്നവർ! എന്നാൽ അന്നവർ ചെയ്തിരുന്ന മറ്റൊരു സൽപ്രവർത്തികൂടെ ഉണ്ടായിരുന്നു.
കുടുംബത്തിലുള്ള ജോലിക്ക് തയ്യാറുള്ള എല്ലാവരെയും പേർഷ്യയിൽ എത്തിച്ചു.അങ്ങനെ അന്നും ഇന്നും ആ കേരളത്തിന്റെ ആ ഭാഗങ്ങൾ മൊത്തം പേർഷ്യക്കാരുടെ വീടുകളായി മാറി. അന്നൊക്കെ പേർഷ്യ നമ്മുടെ കുടുംബങ്ങൾക്ക് സമ്പദ്സമൃദ്ധി എത്തിച്ച രാജ്യങ്ങളായിരുന്നു.

ഇറാന്റെയും അറേബ്യൻ കടലിന്റെയും ഇടയിലുള്ള കടലിടുക്കിനാണ് പേർഷ്യൻ ഗൾഫ് എന്നു പറയുന്നത്. ‘ഗൾഫ്’ എന്നു പറഞ്ഞാൽ കടലിടുക്ക് എന്നാണർത്ഥം. ഇതിന്റെ തീരത്തുള്ള അറബ് നാടുകളുമായി കാലാകാലങ്ങളായി ഇന്ത്യക്കാർക്ക് ശക്തമായ ബന്ധങ്ങളാണുള്ളത്. ഗണിത ശാസ്ത്രത്തിലെ പ്രാചീനഭാരതീയ കണ്ടുപിടിത്തങ്ങൾ പുറംലോകത്തെത്തിയത് അറബികളിലൂടെയാണ് എന്ന് പറയപ്പെടുന്നു. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവയാണു ഗൾഫ് രാജ്യങ്ങൾ എന്നറിയപ്പെടുന്നത്. ഈ പെട്രോൾ ഉൽപാദക രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ ജിസിസി എന്ന പേരിൽ ഇക്കാലത്ത് നമ്മളോരൊരുത്തരും അറിയുന്ന ഗൽഫ് മേഖല. വരണ്ട ഭൂപ്രകൃതിയും സാമ്പത്തികപുരോഗതിയും ഉള്ളതിനാൽ, മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നു പേർഷ്യൻ ഗൾഫ് ഇന്നും വ്യത്യസ്തമായി നിലകൊള്ളുന്നു.
എന്നാൽ പേർഷ്യ എന്നൊരു വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ ജിസിസി അല്ലാതെ‘ അക്കരെ’ എന്നൊരു രാജ്യവും കാഴ്ചപ്പാടും ഉള്ള ഒരു കൂട്ടം മനുഷ്യരുണ്ട്. അവരും ഇപ്പറയുന്ന ഗൾഫ് രാജ്യങ്ങളിൽത്തന്നെ എത്തി. എന്നാൽ ചെന്നെത്തിയ രീതി വ്യത്യസ്തം, കടലിലെ തിരമാലകളിലൂടെ മച്ചുവയുടെ താരാട്ടിലൂടെ പാസ്പ്പോർട്ടുകളുമായി എത്തിച്ചേർന്നു. വിസയും,സ്പോൺസറും,ജോലിയും മറ്റും അവിടെ എത്തിച്ചേർന്നതിനു ശേഷം മാത്രം സംഭവിക്കാറുള്ളു എന്നേയുള്ളു. എന്നാൽ 60–ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ കപ്പലുകളിലും മറ്റും തീരദേശങ്ങളിൽ ചെന്ന് മാറ്റക്കച്ചവടങ്ങളും വിൽപ്പനകളും ചെയ്ത കൂട്ടത്തിൽ മനുഷ്യരെയും ജോലികൾക്കായി കൊടുത്തുതുടങ്ങിയതും ആവണം. അക്കാലം മുതൽ ഇന്നുവരെയും, 10–ാം തരം പോലും പാസാവാത്ത എല്ലാത്തരം രാജ്യക്കാരും ഗൽഫിൽ ഉണ്ട്.
കച്ചവടക്കാരായും,കൊട്ടാരം വെപ്പുകാരായും ,സൂക്ഷിപ്പുകാരായും,പാറാവുകാരായും മറ്റും എന്തുതരം ജോലികളിലും ഇവരെക്കാണാം! എപ്പോ വന്നു എന്ന ചോദ്യത്തിനൊരുത്തരം, എത്തിട്ട് 10– 30 വർഷങ്ങളായി.എന്നു തിരികെപ്പോകും,അതിനി പെട്ടിയിലെയുള്ളു! വിശദമായ മറുപടിക്ക് കാത്തുനിന്നാൽ നെടുവീർപ്പുകൾക്കിടയിലൂടെ എത്തുന്ന സങ്കടക്കടലിൽ ഒരേ ഒരു വാചകം മാത്രം, വീട്ടുകാർക്കെല്ലാം കിട്ടാനുള്ളതെല്ലാം ആയി! ഭാര്യക്ക് വീടായി, മക്കളുടെ പഠിത്തവും കല്ല്യാണവും കുടുംബവും ആയി, കൂടെ ജോലിയും ബിസിനസ്സും ആയി, ഇനി എന്റെ അസുഖങ്ങൾക്കും മരുന്നിനും അവർക്ക് തരാൻ കാശില്ലെന്ന് എനിക്ക് തീർച്ചയുണ്ട്! ഇനി ഇവിടെ കടയും ബിസിനസ്സും തുടങ്ങി, ഇത്തിരി ബുദ്ധി ഉപയോഗിച്ച് ജീവിതം പഠിച്ചവർ, അവരുടെ മക്കളെയും ഇവിടെ എത്തിച്ച് ബിസിനസ്സ് പഠിപ്പിച്ച് കടയുടെ ബാധ്യതയും ചുമതലയും ഏൽപ്പിച്ചു. എന്നാൽ യഥാർഥ ഒപ്പ് ഇന്നും സ്വന്തം കയ്യാൽ തന്നെ ഇട്ടുകൊടുക്കുന്നു. അങ്ങനെ ഉയരങ്ങളിൽ എത്തിച്ചേർന്നവർ ധാരാളം. ഇതാണോ നമ്മളറിയുന്ന പേർഷ്യ?
അക്കൂട്ടത്തിൽ എന്തു ജോലിയും ചെയ്യാനായി ‘അക്കരെ’ എന്ന വാക്കിനൊപ്പം, ഗൾഫ് എന്താണെന്ന് മനസ്സിലാകാതെ എതാണ്ട് 40 കളുടെ പ്രായത്തിൽ ഇവിടെ എത്തുന്നവരും ഉണ്ട്. അന്നും ഇന്നും അവർക്ക് വരവും പോക്കും ജോലിയും ഒരേ രീതി! ആർക്കോ 75000 മുതൽ 1 ലക്ഷം വരെ വിസക്കുള്ള കാശ് സ്വന്തം വീടു വിറ്റും കടം വാങ്ങിയും, കുടുംബത്തുള്ളവരുടെ നിർബന്ധത്തിൽ മാത്രം ഗൾഫിലെക്കെത്തിക്കപ്പെടുന്നു. എയർപോർട്ടിൽ ഇറങ്ങിക്കഴിഞ്ഞാൽ നേരിട്ട് ആരുടെയോ ഓഫിസിൽ എത്തുന്നു.
അവിടെ രാവിലെ മുതൽ വൈകിട്ടു വരെ ഇരുന്നതിനു ശേഷം ഒരു അറബിയുടെ പിക്കപ്പിൽ 1 – 2 മണിക്കൂർ യാത്രചെയ്ത് ഏതോ ഒരു വീട്ടിൽ എത്തുന്നു. ഭാഷ പോലും അറിയാതെ, ഒന്നോ രണ്ടോ ഇംഗ്ലീഷ് വാക്കിന്റെ അനുമാനത്തിൽ ആടിനെയും കോഴിയെയും വളർത്തുന്ന,പച്ചക്കറിയും ഈന്തപ്പനയും ഉള്ള ഫാമിൽ ആണ് ജോലി എന്ന് മനസ്സിലാകുന്നു. കൂടെ ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന 2, 3 പേരുണ്ടാകും.
എന്നാൽ മനുഷ്യ സമ്പർക്കം പോലും ഇല്ലാതെ വെറും കാട്ടുമനുഷ്യരുടെ ജീവിതം ജീവിച്ച് മരിക്കുന്നവരും ധാരാളം. ഇക്കഴിഞ്ഞ പത്രവാർത്തയിൽ ആണ് ആടുജീവിതം മതിയാക്കി ത്രിശ്ശൂരിലേക്ക് പോകാനായി പ്രേംനാഥിന്റെ കഥ ഒമാൻ പ്രവാസികൾ അറിഞ്ഞത്. ആടുകളെയും ഒട്ടകത്തെയും നോക്കി 9 വർഷം ഒമാന്റെ ഉൾപ്രദേശത്ത് സ്വദേശികളായ ബധുക്കൾക്കൊപ്പം ജീവിച്ചു. വർഷത്തിൽ രണ്ടോ മൂന്നോ തവണ നാട്ടിലേക്ക് കാശ് അയക്കാനായി മാത്രം ആൾത്താമസമുള്ള എവിടെയോ എത്തും. അസുഖങ്ങളും പരാധീനതകളും കടിച്ചമർത്തി വർഷങ്ങൾ പോയതറിയാതെ ജീവിച്ചു. പോലീസ് പരിശോധനകൾ ശക്തമായതോടെ, ശമ്പളക്കുടിശ്ശികപോലും തന്നുതീർക്കാതെ ഏതോ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പ്രേംനാഥിനെ നല്ലവരായ മലയാളി സാമൂഹ്യപ്രവർത്തകർ നാട്ടിലെത്തിക്കാനായി ശ്രമം തുടങ്ങി. ഇനി നാട്ടിൽചെന്ന് അമ്മയോടൊപ്പം ജീവിക്കണം എന്നും, കുടുംബവഴക്കിന്റെ പേരിൽ തന്നോ പൂർണ്ണമായി അകന്ന വീട്ടുകാർ ഇനി തന്നെ സ്വീകരിക്കില്ല എന്നും പ്രംനാഥിന് തീർച്ചയാണ്. എന്തിനായിരുന്നു ഈ ആടുജീവിതം” ഇതാണോ അക്കരെ അക്കരെ?
ഇനി അടുത്ത കൂട്ടർ, ഗൾഫ്,എൻ ആർ ഐ എന്ന പേരിൽ അഭിമാനപുരസരം നാട്ടിലും ഗൾഫിലും ജീവിക്കുന്നവർ! യോഗ്യതാ പര്യാപ്തമായ ജോലികിട്ടി.വ്യക്തമായ പേപ്പറുകളും,കോൺട്രാക്റ്റും മുന്നോട്ടുള്ള ജീവിതവും, എല്ലാത്തിനുംതന്നെ കൃത്യമായ ചിന്തകളും, പ്ലാനും എല്ലാ ഉള്ളവർ! അവർക്ക് ഒന്നും തന്നെ ഒരു പ്രശ്നമല്ല, എല്ലാം തീരുമാനിക്കാനും, പരിഹാരം കാണാനും അവർ ഇവിടെ എത്തുന്നതിനു മുൻപ് പഠിച്ചു കഴിഞ്ഞു, മറ്റുള്ളവരെക്കൊണ്ട്, മറ്റുള്ളവരുടെ സഹായമില്ലാതെതന്നെ ജീവിക്കാൻ പഠിച്ചു കഴിഞ്ഞവർ. ഇന്ന് അവരുടെ ലോകം ആണ്. ഒന്നുകൂടെ അടുത്തിടപഴകിയാൻ,നമ്മുക്ക് അറിയാൻ കഴിയും, അവരും പൊള്ളയായ ജീവിതത്തിന്റെ അവകാശികൾ മാത്രമാണെന്ന്! നല്ല കാറും, വീടും, ആഹാരവും എല്ലാ ഉണ്ട്. കൂട്ടത്തിൽ അവർക്ക് നഷ്ടമാകുന്ന അവരുടെ ജീവിതത്തിന്റെ വേരുകൾ, ബന്ധങ്ങൾ,സ്നേഹിക്കുന്നവർ ആണെന്ന് അവർതന്നെ മനസ്സിലാക്കുന്നില്ല!
ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിച്ചു എന്ന അഹങ്കാരം എന്നോ അവരറിയാതെ അവരുടെ മനസ്സിൽ കുടികേറിക്കഴിഞ്ഞു. വന്നസമയം മുതൽ അവർക്ക് കിട്ടുന്ന ശമ്പളം കൃത്യമായി സംബാദിച്ചു തുടങ്ങി, നാട്ടിലെ ബാങ്കുകളിലും, ഇൻഷ്വറൻസുകളിലും നിറഞ്ഞു കവിഞ്ഞു. കുട്ടികളെ കൃത്യമായ വ്യക്തമായ വിദ്ധ്യാഭ്യാസം നൽകി. കോടികൾ നൽകി അവർക്ക് എഞ്ചിനീയറിംഗിനും, മെഡിസിനും പഠിപ്പിച്ചു. കുട്ടികളുടെ വിദ്ധ്യാഭ്യാസത്തിന്റെ മാറ്റങ്ങൾക്കിടയിൽ ഭാര്യയും കുട്ടികളും നാട്ടിലേക്ക് ചേക്കേറി. കൂടെ നാട്ടിൽ കണ്ണായ സ്ഥലംവാങ്ങി വീടും വെച്ചു! അതിനെല്ലാം ഇടയിൽ ഇവിടെ ഗൽഫിലെ വീട്ടിൽ ആഹാരം കുറച്ചു, എന്നാൽ എറ്റവും ആഡംബരമായ കാറു വാങ്ങി. നാട്ടുകാരായവരുടെ എല്ലാ അലുമിനികളിലും ഗ്രൂപ്പുകളിലും ആഹാരം വിളംബാനും സ്പോൺസർ ചെയ്യാൻ മറന്നില്ല. സ്റ്റേജുകളിലും മറ്റും കിട്ടുന്ന അവാർഡുകളും, കോടി മുണ്ടുകളും വീട് തൂത്തുതുടക്കാൻ വരുന്ന പയ്യനു കൊടുത്തു തുടങ്ങി. പേരും, പെരുമയും വർദ്ധിച്ചു,ഇനിയെന്ത് എന്നൊരു ചോദ്യം പോലും മുന്നിലെത്തി.
അങ്ങനെ ഇരിക്കെ ഒരു ചെറിയ നെഞ്ചുവേദന ആശുപത്രിയുടെ എമർജൻസിയിൽ എത്തിച്ചു. അവിടുന്ന് പിന്നീടുള്ള ഫോൺ വിളികളെല്ലാം മരുന്നിനെക്കുറിച്ചും, നാട്ടിലേക്കുള്ള യാത്രകൾ തീരുമാനിക്കാനും ആയിരുന്നു. സ്വയം തീരുമാനിച്ചു വീട്ടിലെത്തി, ഒന്ന് ‘റെസ്റ്റ്’ എടുക്കാനും, പൂർവ്വാധികം ശക്തിയോടെ ആരോഗ്യം വീണ്ടെടുക്കാനും! എന്നാൽ ആദ്യത്തെ പുതുമോടി തിരിച്ചു വരലിന്റെ ഭാഗമായുള്ള ചേദ്യങ്ങളും അന്വേഷങ്ങളും, പരിചരണവും എല്ലാം മറ്റുള്ളവരുടെ ജീവിതത്തിനും ദിനചര്യകൾക്കും ഇടങ്കോലിടാൻ സ്വയം തുടങ്ങിയത് മനസ്സിലാക്കിയപ്പോൾ മടക്കയാത്രയായി.
അത്യധികം സന്തോഷത്തോടെ ഭാര്യ തന്നെ യാത്രയാക്കിയപ്പോൾ കണ്ണിൽ, സ്വന്തം കണ്ണിലെ ഒരിറ്റു കണ്ണുനീർ കാണാതിരിക്കാൻ, റെയ്ബാൻ എടുത്തണിഞ്ഞു! തിരിച്ചെത്തിയതിൽ എല്ലാ ഗ്രൂപ്പിനും സംഘാടകർക്കും സന്തോഷം , തങ്ങളും സ്പോൺസർ തിരിച്ചെത്തിയല്ലോ. അങ്ങനെ എൻആർഐ എതാനും വർഷങ്ങൾക്കു ശേഷം രണ്ടിരട്ടി വിമാനക്കാശും കൊടുത്ത് നീണ്ട് നിവർന്ന് കിടന്ന് നാട്ടിലെത്തി,വിലകൂടിയ മാർബിൽ ശവക്കല്ലറക്കുള്ളിൽ കിടന്നു. ഇതും ഒരു ഗൾഫ് തന്നെയാണോ?
ഒരു അടിക്കുറിപ്പ്
ആരോടും പറയാതെ അറിയാതെ വന്നു, ആരോടും പറയാതെ ചോദിക്കാതെ തിരിച്ചും പോകുന്നു , അത് ജീവിതം! എന്നാൽ ആടുജീവിതത്തോളം നികൃഷ്ടമായി ജീവിതത്തെ കൊത്തിനുറുക്കാൻ നമുക്കാർക്കും അവകാശം ദൈവം തന്നിട്ടുണ്ടോ, ഇല്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്! ബെന്യാമിൻ ക്ഷമയോടെ,സാവകാശത്തിൽ ,ആവേശത്തോടെ ആടുജീവിതം എഴുതിയില്ലായിരുന്നെങ്കിൽ ഗൽഫ് എന്ന മാസ്മരലോകം വെറും ആടുജീവിതമാണെന്ന് നാട്ടുകാർ അറിയുമായിരുന്നോ? ഇനിയെങ്കിലും ഉള്ള കാശും, മണ്ണും ,ജോലിയും,കുടുബവും ആയി ഇവിടെയങ്ങാണും കഴിഞ്ഞാൽ, ശവക്കുഴിയിൽ ഒരു പിടി മണ്ണു വാരിയിടാനും, നമ്മളെ ഓർത്ത് വാവിട്ടു കരയാനും ആരെങ്കിലും ഒക്കെ കാണും എന്നൊരു വിശ്വാസം എങ്കിലും ഉണ്ടാകും.