വെറും പെണ്ണ്

General KTM-Kottayam-Manorama-First-A-03022013-1.indd
SHARE

സാധാരണദിവസം പോലെയുള്ള തുടക്കത്തിന്റെ ആദ്യപടി പത്രം വായന. തുടങ്ങുന്നതിനു മുൻപ്  മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു. കർത്താവേ‘ ഇന്നെങ്കിലും ബലാത്സംഗവും സ്ത്രീപീഡനവും നിയമസഭയിലെ ഇറങ്ങിപ്പോക്കും മാത്രമായിരിക്കരുതേ മുൻപേജ് വാർത്ത.

പതിവുപടി തന്നെ ഇന്നും.വിശ്വാസങ്ങളനുസരിച്ച് ദൈവം സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.ആകാശം, ഭൂമി, സൂര്യചന്ദ്രന്മാർ, താരാഗണങ്ങൾ തുടങ്ങിയവയെ ഓരോരോ ദിവസം സൃഷ്ടിച്ച ശേഷം ആറാംദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചതായി ബൈബിൾ പറയുന്നു. മണ്ണുകൊണ്ടു മനുഷ്യനെ മെനഞ്ഞുണ്ടാക്കിയ ദൈവം, മൂക്കിൽ ശ്വാസം ഊതി ജീവൻ നൽകി. സകല ജീവജാലങ്ങളുടെമേലും അവന് ആധിപത്യം നൽകി. 

മറ്റു ജീവജാലങ്ങളൊന്നും അവനു മതിയായ തുണയാവില്ല എന്നു മനസ്സിലാക്കിയതിനാൽ, ഹവ്വാ എന്ന സ്ത്രീയെ ദൈവം സൃഷ്ടിച്ചു. ആദാമിനെ ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽനിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്നു ബൈബിൾ വിശദീകരിക്കുന്നു. പാതിശരീരം കൊണ്ട്  മനുഷ്യനും സ്തീയും ഒന്നാണ് എന്ന് ദൈവം വ്യക്തമാക്കിയില്ലെ, ഇവിടെ?

ആഷിഖ് അബു അദ്ദേഹത്തിന്റെ മലയാളസിനിമയിലൂടെ ശക്തമായി പ്രതികരിച്ചു കഴിഞ്ഞു കടുംനിറത്തിൽ, സ്തീകൾ പ്രതിസന്ധികൾ തരണംചെയ്യാൻ സമർത്ഥരാണ്. ക്ഷമിച്ചും സഹിച്ചും ജീവിക്കാൻ പഠിച്ച അതേമനോഭാവം, പ്രകോപിക്കപ്പെട്ടാൽ ശക്തമായി പ്രതികരിക്കും എന്ന് അടിവരയിടുന്ന ചിത്രമാണ്  '22 ഫിമെയില്‍ കോട്ടയം'. 

പ്രായോഗികബുദ്ധിയോടെ സത്യസന്ധമായി സ്വയം ജീവിച്ചുകാണിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതം. ഇതു സിനിമ, ഒരു കഥമാത്രം, വികാരപരവശമായ മനസ്സുമായി എല്ലാവരും സിനിമ കണ്ടിറങ്ങി. വേട്ടയാടപ്പെടുന്ന സ്ത്രീകളോട് ചെറുത്തു നിൽക്കാൻ ആഹ്വാനം ചെയ്യുന്ന  സിനിമ. മലയാള സിനിമയിലെ സ്ഥിരം സ്ത്രീ സങ്കൽപം പൊളിച്ചെഴുതുന്നുണ്ട് ഈ സിനിമ. അവിടുന്നു തുടങ്ങുന്ന ജീവിതത്തിന്റെ പച്ചയായ കഥ. മനസ്സിൽ ഒരായിരം പ്രലോഭനങ്ങളും,വീരശൂരചിന്തകളും എല്ലാം ഒരുമിച്ചെത്തി, സിനിമാ ഡയലോഗുകൾ പോലെ!

വീറും വാശിയോടെ എല്ലാവരും ഫെയിസ് ബുക്കിലും വാരികകളിലും പത്രങ്ങളിലും തകർത്ത് എഴുതി, ടിവി ചാനലുകൾ ഘോരഘോരം വാദിച്ചു. സോഷ്യൽ നെറ്റ്‍‌വർക്കുകൾ പുതിയ തലമുറയുടെ ചിന്താഗതിയും സ്വഭാവവും നിർവ്വീര്യമാക്കുന്നു എന്നു പറഞ്ഞവർ, ഒരു നിമിഷം  ഉണർന്നു ചിന്തിച്ചു. 

ന്യൂഡൽഹി സംഭവത്തിന്റെ രണ്ടാം ദിവസം പകൽ രാഷ്ട്രവും രാഷ്ട്രനഗരവും രാഷ്ട്രത്തലവന്മാരും കുടഞ്ഞെഴുന്നേറ്റു. സെക്കൻഡുകളും മിനിറ്റുകളും വച്ച് ലക്ഷോപലക്ഷം ആൾക്കാർ ജീവനോടുമല്ലിടുന്ന പെൺകുട്ടിക്കായി നിരത്തിലിറങ്ങി. കൂടെ ഗവണ്മെന്റും സൈന്യവും പോലീസും ക്രൈസിസ് ഫോഴ്സും എന്നു വേണ്ട എല്ലാവരും കൊടുംതണുപ്പിലും വിയർത്തു. ജനങ്ങളുടെ ഒത്തൊരുമക്ക്  സോഷ്യൽനെറ്റ്‌വർക്ക് താങ്ങും തണലുമായി.

എന്തുകൊണ്ടാണ് സ്തീകൾ ബലാൽക്കാരത്തിനിടയാകുന്നത്?എന്തായിരിക്കണം അവരുടെ പ്രതികരണം?  വെറും ഒരു കുപ്പത്തൊട്ടിയായി, സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നും സുഹൃത്തുക്കൾക്കിടയിൽ നിന്നു പോലും തിരസ്കരിക്കപ്പെടുന്ന ഇവർ ജീവിതത്തിൽ എന്തു ചെയ്യണം എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്?

പി.ജെ. ആന്റണി, കഥകൃത്തും പത്രപ്രവർത്തകനും എച്ച്ആർ അഡ്മിനിസ്ട്രേറ്ററും പരിവർത്തകനും ആയ, ഇദ്ദേഹത്തിന്റെ വിദഗ്ധാഭിപ്രായത്തിൽ, സ്ത്രീകൾ സ്വയം മനസ്സിനെ ധൈര്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കന്യകാത്വം ഒരു പുരുഷമേധാവിത്വത്തിന്റെമേൽക്കോയ്മ വിളിച്ചറിയിക്കുന്ന ഒരു മാനദണ്ഡം മാത്രമാണ്. ബലാത്സംഗം അതു തീർപ്പാക്കാൻ വേണ്ടി  ഉപയോഗിക്കുന്ന ഒരു തെളിവ് മാത്രം. സ്തീകൾ പ്രകോപനപരമായ  അവസരങ്ങൾ കഴിവതും ഒഴിവാക്കുക. ജീവിതത്തിൽ സധൈര്യം മുന്നോട്ടുപോകും എന്നൊക്കെ തീരുമാനിച്ച് അബദ്ധങ്ങളിൽ ചെന്നുപെടാതിരിക്കണം.

ഇത്തരം അനുഭവങ്ങളെ മറന്നുകളയാൻ വേണ്ടിയുള്ള ഒരു അനുഭവം ആയി കാണണം, അത്രമാത്രം. അല്ലാതെ കത്തിയെരിഞ്ഞ്, ബലഹീനയാണെന്നു സ്വയം കരുതാതിരിക്കുക. ഇത്തരം അനുഭവങ്ങളിലൂടെ സ്തീകൾ ഒന്നും തന്നെ നഷ്ടപ്പെടുത്തുന്നില്ല എന്ന് അവർ സ്വയം തീരുമാനിക്കണം. ഇവിടെ  കൺഫ്യൂഷ്യസിന്റെ വാക്കുകൾ പ്രസക്തമാണ്, നമ്മുടെ സകല ശക്തിയും ഉപയോഗിച്ച ബലാത്സംഗത്തെ എതിർക്കുക, എന്നാൽ തടയാൻപറ്റാത്ത അനുഭവങ്ങൾ, ഒരു അനുഭവം എന്നു മാത്രം കരുതുക.

രാജേശ്വരി അശോക് മസ്കറ്റിൽ ഒമാൻ എയറിൽ ജോലിചെയ്യുന്നു, അതുമാത്രമല്ല ഒരു ജേർണലിസ്റ്റായും ഇവർ ജോലി ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്തുപോലും, ബലാത്സംഗച്ചെയ്യപ്പെടുന്ന ഏതൊരു സ്ത്രീക്കും, കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ സഹായസഹകരണങ്ങളോ സഹായമോ കിട്ടുന്നില്ല.

സ്ത്രീകളുടെതല്ലാത്ത ഒരു തെറ്റിനു,വളരെ പൈശാചികമായ മാനസികാവസ്ഥയിലുള്ള മനസ്സിനെ ശാന്തമായി,ദയയോടെ ഇടപെടുന്നതിനു പകരം, നികൃഷ്ടമായിചോദ്യം ചെയ്യപ്പെടുന്നു. ഇതൊന്നും സ്വന്തം ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നു കിട്ടുന്നില്ല എങ്കിൽ,അവ സ്വയം കണ്ടെത്തി സധൈര്യം തലയുയർത്തി നടക്കാനുള്ള മാസസികാവസ്ഥ ഉണ്ടാക്കിയെടുക്കണം. ശരിയായ മരണം വരുന്നതുവരെ, ജീവിച്ചു മരിക്കുന്ന അവസ്ഥ.അതാണ് ബലാത്സംഗത്തിന്റെ അനുഭവത്തിൽ ഉണ്ടാകുന്നത്. 

ഇവിടെ ഉത്തരം ഒന്നുമാത്രം, സ്വയം പരിരക്ഷിക്കുക,ആരുടെയും സഹായം പ്രതീക്ഷിക്കാതെ.ഈ അടുത്തിറങ്ങിയ മലയാളം സിനിമയുടെ കഥകേട്ട് , വളരെ പ്രതീക്ഷയോടെയാണ് 22 ഫീമെയിൽ കോട്ടയം സിനിമ കാണാൻ പോയത്, പതിവിനു വിപരീതമായി, ഒരു ലോകം പിടിച്ചടക്കിയ അഹങ്കാരത്തിൽ ആണ് ഞാൻ വീട്ടിലെത്തിയത്. സിനിമ മനുഷ്യനെ ഉത്തേജിപ്പിക്കുന്നു, വഷളാക്കുന്നു. എന്നതിന് മറുപടിയായി, അതിലെ കഥാപാത്രത്തെ ഷണ്ടനാക്കുന്ന രംഗം, ഒരു ദിവസത്തേക്കെങ്കിലും എന്റെ മനസ്സിനെ ധൈര്യപ്പെടുത്തി.എല്ലാ സ്ത്രീകൾക്കും സ്വയം ഹോമിക്കാതെ പരിഹാരവും കണ്ടെത്താം എന്ന് മനസ്സിൽ ഉറപ്പിച്ചു.

സൈക്കോളജിസ്റ്റും,പ്രൊഫസ്സറും,സ്ഥിരോത്സാഹിയായ ബ്ലോഗർ കൂടിയായ ഡോക്ടർ മത്തായി ഫെൻ പറയുന്നത്, ബലാത്സംഗത്തിന്റെ ഇരയുടെ മാനസികാവസ്ഥയിൽ ഒരു ഫിലോസഫിയും വിലപ്പോകില്ല. നമ്മളെ സ്നേഹിക്കുകയും മനസ്സിലാക്കുയും ചെയ്യുന്നവരുടെ കൂടെ ജീവിക്കുക, നമുക്ക് നമ്മളെ സ്വയം സ്നേഹിക്കാൻ തുടങ്ങുന്നിടം വരെ. സമൂഹത്തിന്റെ താറടിച്ച സദാചാരബോധമാണ് , ഇത്തരം സ്ത്രീകളെ കളങ്കപ്പെട്ടവരും നികൃഷ്ടരുമായി വരച്ചുകാട്ടുന്നത്. ഒരു പക്ഷെ ഏതെങ്കിലും ഒരു കാലത്ത്  ഈ സദാചാരബോധം കാറ്റിൽ‌പ്പറത്തി തനിക്ക് സ്വയം സ്നേഹിക്കാൻ കഴിയുന്ന ആരെയും സ്വീകരിക്കാൻ അവർ തയ്യാറായെന്നു വരും.

പലതരത്തിലുള്ള പ്രവർത്തനമേഖലകൾ ഇന്ന് സ്ത്രീകൾക്ക് ലഭ്യമാണ്. എന്നാൽ 100 % സാക്ഷരതക്ക്  കേൾവികേട്ട കേരളം അടങ്ങുന്ന ഇൻഡ്യാ മഹാരാജ്യം ഇന്നും സ്ത്രീകളോടൂള്ള സമീപനത്തിൽ  വിദ്യാഭ്യാസം വട്ടപ്പൂജ്യം തന്നെ. തന്നിലുംഉയർന്ന മാനസമ്മാനങ്ങൾ കൊടുത്താൽ കൈവിട്ടു പോകുന്നത് സ്വന്തം സ്ഥാനം ആണെന്ന അപകർഷാബോധം മാത്രമല്ലെ ഇത്?

ജയാനനൻ വിൻസെന്റ് , വിവിധ ഭാഷകളിലെ സിനിമകളിലൂടെ, ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു മുൻനിര സിനിമാറ്റോഗ്രാഫർ ആണ്. ഹിന്ദു ദിനപ്പത്രം അത്യഭൂതാ‍യ ക്യാമറ ചാതുര്യത്തെ മുൻനിർത്തി അദ്ദേഹത്തെ ഇന്ത്യയുടെ “എയ്സ് ലെൻസ് മാൻ’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ  അഭിപ്രായത്തിൽ സിനിമാലോകം സ്ത്രീകൾക്ക് വളരെ സെയ്ഫ് ആണ്. എന്നാൽ കാസ്റ്റിം കൗച്ച് എന്നത് തികച്ചു വ്യത്യസ്ഥമായ ഒരു സംഗതിയാണ്.  സ്ത്രീകളെ ദൈവമായി കണ്ട് പൂജിക്കുന്ന ഈ രാജ്യത്ത് ബലാത്ക്കാരം ചെയ്യപ്പെടുന്ന സ്ത്രീ, ദൈവത്തിന്റെ പ്രതിരൂപം അല്ലാതായിത്തിരുമൊ?

നമ്മുടെ രാജ്യത്തിന്റെ നിയമങ്ങൾ കഠിനവും കർക്കശവും അല്ല, എന്ന ഒറ്റകാരണത്താൽ ദില്ലിയിലെ ബലാത്സംഗത്തിലെ കുറ്റവാളികളെപ്പോലെയുള്ള ചിത്തരോഗികൾ നമ്മുടെ സമൂഹത്തിലെ എല്ലാ കോണിലും ഉണ്ട്. സ്ത്രീകൾക്കു നേരെയുള്ള ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ സമാപ്തിയുണ്ടാവണം. പക്ഷെ  എന്ന് എപ്പോൾ ,ആരാൽ? എവിടെനി ന്നുവരും താൽക്കാലികമായ പരിഹാരം? ഇന്നുവേണം പരിഹാരം, കോടതി കയറിയിറങ്ങി, വർഷങ്ങൾ കഴിഞ്ഞാലും, മനസ്സും ചെരുപ്പും തേഞ്ഞുമാഞ്ഞ്, ജീവിതം തീരുന്ന കാലത്തല്ല!!

ഒരു സീനിയ  അഭിഭാഷകനായ , ജോർജ്ജ് കോശിയുടെ അഭിപ്രാ‍യത്തിൽ സ്തീകൾക്കായി ഗവണ്മെന്റ് പലതരം ദീർഘദർശിയായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശ്  ഒരു വിക്റ്റിം കോംബൻസേഷൻ സ്കീം കൊണ്ടുവന്നു കഴിഞ്ഞു. അതിൻപ്രകാ‍രം, ഇത്തരം ഹിംസകൾക്ക് ഇരയാക്കപ്പെടുന്നവർക്കും അവരുടെ കുടുംബാഗങ്ങൾക്കും വേണ്ടി സാമ്പത്തിക സഹായങ്ങളും മറ്റു സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുവാൻ വേണ്ടിയുള്ളതാണ് ഈ നിയമം. ഇത്തരം  ആപത്തുകൾ നേരിട്ടവരുടെ കൂട്ടത്തിൽ,ബലാസംഗം, ആസിഡ് ഒഴിച്ചുകത്തിക്കപ്പെട്ടവർ, ജോലിതേടിപ്പോയിചതിക്കപ്പെടുന്നവർ എല്ലാത്തരം സ്ത്രീകളും ഉൾപ്പെടുന്നു.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഅഞ്ചിൽ സുപ്രീം കോർട്ട് ഗവണ്മെന്റിനോട് ബലാംസംഗത്തിന് ഇരയാക്കപ്പെടുന്നവർക്കായുള്ള പുനരധിവാസവും, സാമ്പത്തിക സഹായങ്ങൾക്കുമായുള്ള പദ്ധതികൾക്കായി നിർദ്ദേശിച്ചിരുന്നു. എന്നാൽ 18 വർഷത്തിനു ശേഷവും യാതൊരു വ്യത്യാസവും നമ്മുടെ നിയമങ്ങൾക്കു വന്നിട്ടില്ല.

സ്ത്രീ എന്നും ക്ഷമയുടെയും ,സഹനശക്തിയുടെയും പ്രതീകമായി മാത്രമായി ചിത്രീകരിക്കപ്പെട്ടിരുന്നു ഇതിഹാസങ്ങളിലും, മതഗ്രന്ഥങ്ങളിലും മറ്റും. എന്നാൽ സാധാരണജീവിതത്തിൽ എല്ലാ ചുമതലകളും  അത്യധികം ചാതുര്യത്തോടെ നടത്തുകയും  ചെയ്യുന്ന സ്ത്രീകൾ ധാരാളം. പണ്ടും ഇന്നും പുരുഷനൊപ്പം ഒപ്പത്തിനൊപ്പം തൊഴിൽ ജീവിതത്തിനും സർവ്വപ്രാധാന്യം നൽകുകയും ജീവിത വിജയം കൈവരിക്കുകയും ചെയ്യുന്നു. ഏതൊരു മേഖലയിലും സ്ത്രീസാന്നിധ്യം ഇന്നു സർവ്വ സാധാരണമാണ്. 

പുരുഷനെക്കാളും ഒരു പിടിമുന്നിലേക്ക് പോലും സ്ത്രീകൾ മുന്നേറിക്കഴിഞ്ഞു.എന്നാൽ ഇന്നും ഒരുപകരണം എന്ന തരംതാഴ്ന്ന ചിന്താഗതിയിലേക്ക് ചവിട്ടിതാഴ്ത്തപ്പെടാൻ നിമിഷങ്ങൾ പോലും  എടുക്കാത്ത സമൂഹവും ഒരുപിടി പുരുഷജന്മങ്ങളും. 

സുഹൃത്തുക്കൾക്കും ,അടുത്തറിയാവുന്നവർക്കും, ‘ പ്രതാപ് ‘എന്നറിയപ്പെടുന്ന , മലയാളികളുടെ പ്രണയനായകന്റെ സ്ത്രീകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ, നമ്മുടെ ചിന്താഗതിയെ പലദിശകളിലേക്ക് കൊണ്ടുപോകുന്നു. സംവിധായകൻ, എഴുത്തുകാരൻ, പ്രൊഡ്യൂസർ, എന്നിങ്ങനെ പലപൊൻ തൂവലുകൾക്കും പ്രതാപ് പോത്തൻ എന്നപേരിനൊപ്പം ഉണ്ട്. പല ഭാഷകളിലായി തൊണ്ണുറ്റി അഞ്ചിലേറെ സിനിമകളിൽ അഭിനയിച്ച പ്രതാപ് പോത്തൻ സ്ത്രീകളേക്കുറിച്ചുള്ള ചോദ്യങ്ങൾ ഒരു 100 കോടിയുടെ വിലകൽ‌പ്പിക്കുന്നതിനൊപ്പം, ബലാത്ക്കാരങ്ങളും, ഹീനകൃത്യങ്ങളും  മനുഷ്യനുണ്ടായ കാലംമുതൽക്കേയുണ്ട് എന്നു കരുതുന്നു.

മനുഷ്യന്റെ ചിന്താഗതിക്ക് മാറ്റം വരാനുള്ള നമ്മുടെ പ്രതീക്ഷകൾ തികച്ചു അസ്ഥാനത്താണെന്ന് .ഹീനമായി  ഉപദ്രവിക്കപ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നും, എങ്ങനെ ജീവിതത്തോടൂ പ്രതികരിക്കും എന്നതിനും, ശരിയായ ഉത്തരം ആർക്കും തരാൻ സാധിക്കും എന്നു തോന്നുന്നില്ല. എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ദു:ഖപര്യവസായി സംഭവങ്ങൾക്ക് അടിമപ്പെട്ടുകിടക്കുന്നു. സഹകരിക്കാൻ മനസ്സില്ലാത്തെ ഭാര്യയോടു ഭർത്താവു ചെയ്യുന്നതും ബലാൽക്കാരം അല്ലെ? 

ജീവതത്തെ അത്യധികം സ്നേഹിക്കുന്ന, അർത്ഥങ്ങളും, പരിഹാരങ്ങളും, ധുദ്ധങ്ങളും, പ്രാർത്ഥനകളും നയിക്കാൻ മുന്നിട്ടിറങ്ങുന്ന സ്ത്രീകൾ  അന്നും ഇന്നും വിരളമല്ല. ചരിത്രങ്ങളും, ഇതിഹാസങ്ങളും, മതഗ്രന്ഥങ്ങളും ഇതിനു സാക്ഷിയാണ്.

രാധികാ നായരുടെ ഈ വാക്കുകളിൾ സ്ത്രീകളുടെ പ്രതീക്ഷകളും,സ്വപനങ്ങളും ഊതിനിറച്ചിട്ടില്ലെ!! “പ്രണയദിനത്തിൽ പ്രണയിക്കുകയും,അതിനു വേണ്ടി കവിതേം കഥയും എഴുതുകയും വേണ്ട. പരസ്പരം  ബഹുമാനിക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് ഉണ്ടായാൽ മതി. സുരക്ഷിതത്വം ആവശ്യമുള്ളവരാണെന്നും സ്വാതന്ത്ര്യത്തിന് ഞങ്ങൾക്കും അവകാശമുണ്ടെന്നും ഓർത്താൽ മതി. കുറ്റപ്പെടുത്തലുകൾ കൊണ്ട് വേദനിപ്പിക്കാതിരുന്നാൽ മതി. അവഗണന കൊണ്ട്നെഞ്ചു പിളർക്കാതിരുന്നാൽ മതി“.

പക്ഷെ പരിസരബോധവും, പ്രതികരണ ശേഷിയും ഉണ്ടാവണം എന്നു കരുതി വിജയശാന്തിയുടെ സൈലിൽ കൈനീർത്തി ഒന്നു പൊട്ടിക്കണം എന്നല്ല, പരിസരവും,അവസരവും അറിഞ്ഞു പ്രതികരിക്കാനുള്ള സംയമനവും മാനസികാവസ്ഥ ഉണ്ടാവണം. ഇന്നത്തെ ലോകത്തു ജീവിക്കാനുള്ള അറിവും ,വിദ്യാഭ്യാസവും പോലെതന്നെ ചെറുപ്രായത്തിൽ തന്നെ തുടങ്ങണം. ലോകം മാറുന്നതനുസരിച്ച് നമ്മളും വളരണം, ചിന്താഗതികൾ വികസിക്കണം എന്നൊക്കെ പറയുന്നതിന്റെ പൂർണ്ണാർത്ഥം ഇതൊക്കെത്തന്നെയല്ല? അല്ലാതെ, പ്രലോഭനപരമായ വസ്ത്രധാരണം നിർത്തണം, സന്ധ്യകഴിഞ്ഞ് സ്ത്രീകൾ എന്തിനാണ് പുറത്തുപോകുന്നത് എന്ന ചോദ്യോപദേശങ്ങൾ വീണ്ടും അപ്രസക്തമാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ