ഓണം, ഒരു ഓർമ്മപ്പെടുത്തൽ

onam-swapna
SHARE

കൂട്ടായ്മയുടെയും കുടുംബബന്ധങ്ങളുടെയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമയങ്ങൾ! ഓണം  എന്നാണെന്നും ഏതു ദിവസം വരും എന്നും മറ്റും കലണ്ടറിൽ നോക്കി വേണം അറിയാൻ ഇന്നത്തെക്കാലത്ത്! അമേരിക്കയിലും ഗൾഫിലും ഇന്ന് അലുമ്നൈ കൂട്ടായ്മകളുടെയും പ്രവാസി സംഘടനകളുടെയും ഒന്നിനൊന്നു മെച്ചപ്പെടുത്താനായുള്ള നെട്ടോട്ടങ്ങൾ! എന്നാൽ ഒരുകാര്യം വ്യക്തമാണ്,ആത്മാർത്ഥതയോടെ എല്ലാ രീതികളോടും കൂടി ഓണം ഇന്നും പ്രവാസലോകത്തു തന്നെയാണ് ആഘോഷിക്കുന്നത് തീർച്ച. നാടിന്റെ ഓർമ്മകൾ ആണോ അതോ സ്വന്തം ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണോ എന്നറിയില്ല!

മതിലുകളെക്കൊണ്ട് തിരിച്ച് ജീവിക്കുന്ന ഒരു സമയം ആണിന്ന്, ഒരു കരച്ചിൽ കേട്ടാൽ  അടുത്ത വീട്ടിൽ ഓടിയെത്തുന്ന കാലം കഴിഞ്ഞു. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടാൽ അഭിപ്രായങ്ങൾ പറഞ്ഞാൽ നമ്മൾക്കുള്ള സമാധാനം കൂടി ഇല്ലാതാകും എന്നുള്ള ചിന്ത മുന്നിട്ടു നിൽക്കുന്നു. അവരവരുടെ ജീവിതവുമായി നാലു ചുവരുകൾക്കുള്ളിലുള്ള ജീവിതം! അതിന്റെ മതിലുകൾ ഭേദിക്കപ്പെടുന്നത്, വെറും ഇ മെയിലുകളിലുടെയും, വാട്ട്സ്അപ്പ് മെസ്സേജികളിലൂടെയും മാത്രം! ഫോൺ സന്ദേശങ്ങൾ മാത്രം.........ഇല്ല, ഫോൺ വിളികൾ ഇല്ലെയില്ല!!! 

നാടിന്റെ നന്മക്കും ഉയർച്ചക്കും വേണ്ടി നാം ഓണം ആഘോഷിക്കുന്നത് നന്നാണ്, അത് നാടിനെത്തന്നെ ഒന്നിപ്പിക്കുന്നു. ഓണത്തിനായി എല്ലാവരും ഒത്തുചേരുന്നു. പരസ്പരബന്ധം  ഒന്നുകൂടി ഉറക്കുന്നു. ചേട്ടന്റെയും അനിയന്റെയും കുട്ടികൾ അന്യോന്യം അറിയുന്നില്ല! പലനാടുകളിൽ പലദേശങ്ങളിൽ ജീവിക്കുന്ന ഇവർ ഒത്തുകൂടുന്നത് ഓണത്തിന് കുടുബവീട്ടിൽ അല്ലെങ്കിൽ തറവാട്ടിൽ ! ആ കാഴ്ചയിലും ബന്ധത്തിലുംനിന്ന് ഒരു ആത്മവിശ്വാസം വളരുന്നു. കുട്ടികൾക്ക് അവരുടെ അനിയനും ചേട്ടനുമായി ബന്ധപ്പെടാൻ സാധിക്കുന്നു.

“എനിക്ക് സപ്പോർട്ട് ഉണ്ട്, ഞാനെന്നെ വ്യക്തിക്കുള്ള, ബലവും ശക്തിയും വീണ്ടൂം ഉറപ്പിക്കപ്പെടുന്നു. ഓണം എന്ന ആഘോഷം മനസ്സിന്റെ ധൈര്യവും ശരീരത്തിന്റെ ശക്തിയും വീണ്ടെടുക്കാൻ ഒരോരുത്തരെയും സഹായിക്കുന്ന ഒന്നാണ്.

pookalam-2

എതു ദേശത്താണെങ്കിലും ഓണത്തിനു നാട്ടിലെത്തുക, കുട്ടികൾക്കായി, അഛനമ്മമാർക്കായി! ഓണപ്പൂക്കളം ഇടുമ്പോഴും എല്ലാവരുടെയും ഒത്തൊരുമ പ്രകടമാകുന്നു, കുട്ടികളും മുതിർന്നവരും, എല്ലാവരും ചേന്നിടുന്ന പൂക്കളങ്ങൾ! എല്ലാവരും ചേർന്നുള്ള പാചകം, അമ്മച്ചിമാരുടെ വകയായ ഭരണികളിൽ മാസങ്ങൾക്കു മുൻപ് കെട്ടിയുണ്ടാക്കിവെച്ചിരുന്ന  അച്ചാറുകൾ!

അമ്മാച്ചന്മാരും, അമ്മാവിമാരും മറ്റും എത്തിച്ചേരുന്ന ഓണസദ്യ. ജാതിമതഭേദമില്ലാതെ എല്ലാ മതസ്ഥരുടെ വീടുകളിൽ സന്തോഷത്തിന്റെ അലയടികൾ ഉയരുന്നു. കൂട്ടികളുടെ ഒച്ചയും ബഹളവും, വർഷങ്ങൾക്കു ശേഷമുള്ള അവരുടെ കൂടിക്കാഴ്ചകൾ തന്നെ എത്രയോ മനോഹരമായിത്തീരുന്നു. എല്ലാവരും ഓരോവർഷവും തീർച്ചയായും ഇതിനായി തയ്യാറെടുക്കേണ്ടതാണ്. അന്യദേശത്ത് നമ്മളോരൊരുത്തരും ഉണ്ടാക്കിയെടുക്കുന്ന ബാങ്ക്ബാലൻസുകളെക്കാൾ ഒക്കെ ഉപരിയായി, അവർക്ക് നമ്മൾ നൽകുന്ന ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ വലുതാണ്.

അറിയാതെ, പറയാതെ,വീണ്ടും വന്നു ഈ മസ്കറ്റിലെ കൊടും ചൂടിൽ ഓണം. കുട്ടികളുടെ നിര്‍ബന്ധം, ’ഇലയില്‍ത്തന്നെ‘ഓണം’ ഉണ്ണണം, ആകട്ടെ എന്നു വിചാരിച്ചു. സ്കൂളിൽ അത്തപ്പുക്കളം ഇട്ടതിന്റെ, സന്തോഷത്തിന്റെ ബാക്കിയാണെന്നു തോന്നൂന്നു. എല്ലാ കൂട്ടങ്ങളും പോയി വാങ്ങി എത്തി. നമ്മുടെ നാട്ടിൽ കാണുന്നതിലും കൂടുതൽ പച്ചക്കറി, ലുലു സെന്ററില്‍ ഉണ്ടോ എന്നു തോന്നിപ്പോയി. തൂശനിലയും, തുമ്പപ്പൂവും, പൂക്കളത്തിനുള്ള പൂക്കൾ വരെ പാക്കറ്റിൽ കിട്ടുന്നു.എല്ലാം വാങ്ങി വീട്ടിൽ എത്തി. വാരാന്ത്യപതിപ്പായ, 'weekend' ൽ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം. എത്ര തരം വേണം, എത്ര കൂട്ടാൻ വേണം,18 ഓ,21 ഓ, ചോദിക്കേണ്ട താമസം, വീട്ടിൽ വരെ കൊണ്ടുത്തരും. നമ്മൾ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാൽ മാത്രം മതി..

ഖത്തറിലെ കോളേജ് അലുമ്നൈലും ഇന്ത്യൻ ക്ലബിലും 100, 150 പേര്‍ക്കു എല്ലാ കൂട്ടുകാരും, വീട്ടുകാരും ചേര്‍ന്നു സദ്യയൊരുക്കി, ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും, പോയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്. പിന്നെ ഇതെല്ലാം ചെയ്താൽ, ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്! പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ് ”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രവാസത്തിന്റെ ഇടയിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും. അതിന്റെ കൂടെ വരുന്ന’ ആഘോഷങ്ങളും, അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.

ലുലുവിൽ നിന്നു വാങ്ങി വച്ചിരുന്ന ഇല പ്രയോജപ്പെട്ടു. രാവിലെതന്നെ എന്റെ  കുട്ടികളുടെ വക പൂക്കളം ഒരുങ്ങി. ‘കൂടെ ഞാനും ചേച്ചി’ എന്ന അനിയന്റെ സഹായവാഗ്ദാനം മറികടന്നു, അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി നിന്ന ചെറിയകുട്ടി ’happy onam' എഴുതി. സ്കൂളിലെ പൂക്കളം കോംബറ്റീഷനിൽ സബ് ജൂനിയർ വിഭാഗത്തിൽ, തന്റെ ക്ലാസ്സിനു കിട്ടിയ,ഒന്നാം സമ്മാനം അവന്റെ കലാവാസനക്കു നല്ല പ്രചോദനം തന്നെയെന്നു തോന്നുന്നു. അല്ലങ്കിൽ കലയെ കൊലയാക്കുന്നവനാണ്, ഈ സന്തതി. സ്കൂളിൽ മറ്റുള്ളവരുടെ പൂക്കളത്തിനു, കടലാസും,കുങ്കുമവും, രംഗോളി പൊടികളും, കളർ ചേര്‍ത്ത ഉണക്കത്തേങ്ങാ‍പ്പൊടികളും മറ്റുള്ള കുട്ടികൾ ഉപയോഗിച്ചപ്പോൾ സ്കൂളിന്റെ പൂന്തോട്ടത്തിൽ നിന്നു പറിച്ച ബൊഗെന്‍വില്ലായും, നന്ദ്യാര്‍വട്ടത്തിന്റെ വകഭേദങ്ങളും മറ്റും ചേര്‍ത്തു വെച്ചുണ്ടാക്കി, ഒന്നാം സമ്മാനം അടിച്ചെടുത്തു, ഈ 5ാം ക്ലാസ്സുകാർ. ഉച്ചക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി. എല്ലാകൂട്ടങ്ങളും വിളമ്പി, പ്രാര്‍ത്ഥനയോടെ ഇരുന്നു എല്ലാവരും. വീണ്ടും പഴയ ഓര്‍മ്മകൾ അയവിറക്കി. ഓര്‍മ്മകളിലും, പോയ കാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല, പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു. മറ്റൊരു ഓണത്തെ വരവേല്‍ക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മനസ്സുമായി.

ഒരടിക്കുറിപ്പ് വർഷങ്ങൾക്കു ശേഷം:- ഓണം പ്രവാസിക്ക്  നൽകുന്ന സന്തോഷങ്ങൾക്ക് അതിരില്ല, അളന്നു തൂക്കാനും പറ്റില്ല! നാട്ടിലെത്തുന്ന എല്ലാ അന്യദേശവാസികൾക്കും ഫോട്ടൊയും സെൽഫിയും അടുത്ത ഒരു വർഷത്തേക്ക് അയവിറക്കാനുള്ള ഓർമ്മകൾ സമ്മാനിച്ചു നീങ്ങൂന്നു. ഇതിനൊക്കെ ഇടക്ക് എല്ലാവരും മറന്നുപോകുന്ന ഒരു വ്യക്തിയുണ്ട്, അമ്മ! എല്ലാ വീട്ടിലും വിരുന്നുകാരായി ആരൊക്കെയെത്തും,ആർക്കൊക്കെ  സമ്മാനങ്ങൾ  വാങ്ങണം, വീട്ടു ജോലിക്കാർക്ക്  ഓണക്കോടി വാങ്ങണം, പലർക്കു കടക്കാർക്ക്  പാ‍യസം കൊടുത്തുവിടണം! പ്രവാസി അമ്മമാർക്കും ലിസ്റ്റ് ധാരാളം. അടുത്തുള്ള അമേരിക്കക്കാരനും അറബി വീട്ടിലും പായസം എങ്കിലും എത്തിക്കണം,അഥവാ ഊണിനെത്തുകയാണെങ്കിൽ മേശയിലായിരിക്കണം ഇല ഇടേണ്ടത്! ഇങ്ങനെ എന്തെല്ലാം ചിന്തകളും  ആലോചനകളും പ്ലാനുകൾക്കും ശേഷം, കാലുനീട്ടി ഓണ ഊണുകഴിഞ്ഞ് ഒന്ന് നടുനിവർക്കുമ്പോൾ കാലും തിരുമിക്കൊടുക്കാൻ  പോലും ആരും  ഓർക്കാത്ത ഒരു കാലത്തേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു! പിന്നല്ലേ  ഓണക്കോടിയും ആശംസകളും വാക്കുകളും ചേർത്ത് അമ്മയൊരുക്കുന്ന പായസങ്ങൾക്ക്  മേമ്പൊടി ചേർക്കുന്ന വാക്കുകൾ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ