ഒരു ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന രാഹാബിനെക്കുറിച്ചുള്ള വിശകലനങ്ങളും, വിവരണങ്ങളും ധാരാളമാണ് ബൈബിളിൽ! ഇസ്രായേൽക്കാരായ രണ്ടു ഒറ്റുകാരെ ശത്രുക്കളിൽനിന്ന് ഒളിപ്പിക്കാൻ അവൾ ധൈര്യം കാണിച്ചു. എന്നാൽ ഏതൊരു സ്ത്രീയെപ്പോലെയും ആദ്യം രെഹാബ് ആലോചിച്ചത്, തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ആയിരുന്നു. ഇസ്രായേൽ പിടിച്ചടക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന യുദ്ധത്തിൽ തന്റെ കുടുംബം സുരക്ഷിതമായിരിക്കണം, അവരുടെ വീട്ടിൽ ഒരു ചുവന്ന ചരട് വീടിന്റെ ഉമ്മറത്ത് അടയാളമായി കെട്ടാനായി ചട്ടം കെട്ടുകയും ചെയ്തു. തന്റെ രാജ്യത്തെ ഒറ്റുകൊടുക്കുകയാണ് എങ്കിൽക്കൂടെയും, ദൈവത്തോടുള്ള വലിയ വിശ്വാസം രെഹാബ് തന്റെ പെരുമാറ്റത്തിലൂടെ വെളിപ്പെടുത്തിക്കാണിക്കുന്നു.
ബൈബിളിലെ പഴയനിയമത്തിൽ ‘യോശുവ’ എന്ന അദ്ധ്യായത്തിൽ പറയുന്നത് ജെറിക്കോ എന്ന രാജ്യത്ത് താമസിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു രെഹാബ്. പഴയ നിയമത്തിൽ വേശ്യയായ രാഹാബ് എന്നും, ഇസ്രായേൽ ചാരന്മാരെ സ്വാഗതം ചെയ്യുകയും അവരെ സഹായിക്കുകയും ചെയ്തു എന്നും ആണ് പറഞ്ഞിട്ടുള്ളത്. അവളുടെ വിശ്വാസം നിമിത്തം യുദ്ധസമയത്ത്, അനുസരിക്കാന്‍ വിസ്സമ്മതിച്ചവരെപ്പോലെ അവൾ കൊല്ലപ്പെട്ടില്ല. എന്നാൽ പുതിയ നിയമത്തിൽ രെഹാബ് മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ചിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്!
ഏതാണ്ട് ഇങ്ങനെയാണ് കഥ:- ഇസ്രായേല്യർ യോർദ്ദാൻ കടന്ന് കനാൻ ദേശത്തേക്കു പ്രവേശിക്കാനുള്ള സമയം ആയിരിക്കുന്ന കാലത്ത് അങ്ങനെ ചെയ്യുന്നതിനു മുമ്പ് യോശുവ രണ്ട് ഒറ്റുകാരെ അയയ്‌ക്കുന്നു. അവൻ അവരോടു പറയുന്നു: ‘പോയി ദേശവും യെരീഹോ പട്ടണവും നോക്കി പഠിച്ച് മനസ്സിലാക്കുക.’ ഒറ്റുകാർ രാഹാബിന്റെ വീട്ടിലേൽ ചെല്ലുന്നു. എന്നാൽ ആരോ ചെന്ന് യെരീഹോയിലെ രാജാവിനോട് ഈ വിവരം അറിയിക്കുന്നു. ‘ ഈ ദേശം ഒറ്റുനോക്കുന്നതിന് രണ്ട് ഇസ്രായേല്യർ എത്തിയിട്ടുണ്ട്.’ ഇതുകേട്ട് രാജാവ് രാഹാബിന്റെ വീട്ടിലേക്ക് ഭടന്മാരെ അയയ്‌ക്കുന്നു. അവർ അവളോട്, ‘നിന്റെ വീട്ടിലുള്ള ആളുകളെ പുറത്തുകൊണ്ടുവരിക’ എന്നു പറയുന്നു. എന്നാൽ രാഹാബ് ഒറ്റുകാരെ വീടിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അവൾ തന്റെ രാജ്യത്തെയല്ല മറിച്ച് ഒറ്റുകാരെ രക്ഷപെടുത്തുന്നതിനായി ഇങ്ങനെ പറയൂന്നു: ‘ചില ആളുകൾ എന്റെ വീട്ടിൽ വന്നിരുന്നു. പക്ഷേ അവർ എവിടെ നിന്നുള്ളവരാണ് എന്ന് എനിക്കറിയില്ല.

ഇരുട്ടിത്തുടങ്ങിയപ്പോഴേക്കും പട്ടണവാതിൽ അടയ്‌ക്കുന്നതിനു മുമ്പ് അവർ പോയി. വേഗം പോയാൽ നിങ്ങൾക്ക് അവരെ പിടിക്കാം!’ ഭടന്മാർ ആ പുരുഷന്മാരെ അന്വേഷിച്ചുപോയി.അവർ പോയിക്കഴിഞ്ഞ് രാഹാബ് തന്റെ വീടിന്റെ മേൽക്കൂരയിലേക്കു ചെല്ലുന്നു. ‘ ദൈവമായ ‘യഹോവ’ ദേശം നിങ്ങൾക്കു തരുമെന്ന് എനിക്കറിയാം,‘ നിങ്ങൾ ഈജിപ്‌തിൽനിന്നു പോരുമ്പോൾ അവൻ ചെങ്കടൽ വറ്റിച്ചതും അങ്ങനെ രക്ഷയുടെ പല കഥകളും, അവനെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുണ്ട്. ഞാൻ നിങ്ങളോടു ദയ കാണിച്ചതുപോലെ പകരം, യുദ്ധസമയത്ത് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കും എന്നുള്ള ഉറപ്പെനിക്കു തരണം! തങ്ങൾ അങ്ങനെ ചെയ്യുമെന്ന് ഒറ്റുകാർ ഉറപ്പുകൊടുത്തു. രാഹാവിനോട് അടയാളമായി ഇങ്ങനെ ചെയ്യാൻ ഒറ്റുകാർ ആവശ്യപ്പെട്ടു ‘ഈ ചുവന്ന ചരട് വീടിന്റെ ജനാലയിൽ കെട്ടുക. നിന്റെ ബന്ധുക്കളോടെല്ലാം നിന്റെ വീട്ടിലേക്കു വരാൻ പറയുക. ഞങ്ങൾ യെരീഹോവിലേക്കു തിരിച്ചുവരുമ്പോൾ ജനാലയ്‌ക്കൽ ഈ ചരടു കണ്ടാൽ ഇവിടെയുള്ള ആരെയും കൊല്ലുകയില്ല,’ ഒറ്റുകാർ പറഞ്ഞു. അവൾ അതുപോലെ ചെയ്യുകയും, രെഹാബും കുടുംബവും സുരക്ഷിതരായിരിക്കുകയും ചെയ്തു എന്ന് പഴയനിയമത്തിൽ വ്യക്തമായി പറയുന്നു.

കഥയുടെ അവസാനഭാഗം ഇങ്ങനെ വിശദീകരിക്കാം. ദാവീദ് രാജാവിന്റെ പിൻ തലമുറക്കാരനായിരുന്ന മനുഷ്യനെ രെഹാബ് വിവാഹം കഴിക്കുകയും ചെയ്തു. അതായത്, ദാവീദ് രാജാവ് ദൈവത്തിന്റെ പിൻ തലമുറക്കാരനായിരുന്നു എന്ന് ചരിത്രവും വ്യക്തമാക്കുന്നുണ്ട്. ദൈവത്തിൽ അലംഘടിതമായ വിശ്വാസവും ധൈര്യവും സ്നേഹവും ഉള്ള ഒരു സ്ത്രീയായിരുന്നു രെഹാബ് എന്ന് എവിടെയും അവരെക്കുറിച്ചുള്ള പ്രതിപാദനങ്ങൾ വ്യക്തമാക്കുന്നു.
ദൈവം നമുക്ക് ‘അനുസരണം, വിശ്വാസം’ എന്നിവക്ക് ഉദാഹരണമായി കൊടുക്കുന്ന ഒരു വ്യക്തിയാണ് രെഹാബ് എന്ന സ്ത്രീ. തന്റെ സ്വഭാവത്തിലുള്ള ഒരു ചീത്തയായ സ്വഭാവത്തെപ്പോലും അതിജീവിക്കുന്ന വിശ്വാസം അവളിൽ ഉണ്ടായിരുന്നു എന്നാണ് ഇവിടെ വ്യക്തമാക്കുന്നത്. ദൈവത്തിന്റെ ഒറ്റുകാരെ രക്ഷപ്പെടുത്തുന്നതിനായി കള്ളം പറഞ്ഞതു പോലും ആലോചനാപ്രേരകമായ ഒരു കാര്യമായിട്ടാണ് ബൈബിളിൽ പോലും വിശദീകരിക്കപ്പെടുന്നത്. രാഹാബിന്റെ കഥയിൽനിന്ന് എന്തു പഠിക്കാം? യഹോവ ചെയ്‌ത അത്ഭുതങ്ങളെപ്പറ്റി രാഹാബ് കേട്ടറിഞ്ഞിരുന്നു. അതുകൊണ്ട് അവൾ യഹോവയിൽ വിശ്വസിച്ചു. എന്നാൽ രെഹാബ് ഒരു വേശ്യാസ്ത്രീയായി പരാമർശിക്കപ്പെട്ടിരുന്നു എന്ന കാര്യം ബൈബിളിൽ ഒരിക്കലും മറച്ചുവെക്കപ്പെടുന്നില്ല എന്നതും ശക്തമായ ഒരു വസ്തുതയാണ്.
ഒരടിക്കുറുപ്പ്:- ഇന്ന് നമുക്ക് മുന്നിൽ ദൈവത്തിന്റെ മണവാട്ടിമാർ പ്രാർത്ഥനയിലും, ഉപവാസത്തിലും, ജീവിച്ചു കാണിച്ചതിൽ മനുഷ്യന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നവർ തങ്ങളുടെ വിശ്വാസങ്ങൾക്കും അംഗീകാരങ്ങൾക്കും, സുരക്ഷക്കുമായി തെരുവിൽ ഇറങ്ങി സമരം ചെയ്യാൻ നിർബന്ധിതരായിത്തീർന്നിരിക്കുന്നു. കന്യാസ്ത്രീകൾ എന്ന വാക്കിൽത്തന്നെ അവരെക്കുറിച്ചുള്ള വിശകലനങ്ങൾ നിറഞ്ഞിരിക്കുന്നു, “കന്യകയായ , ദൈവത്തിന്റെ മണവാട്ടിമാർ “.മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന്റെ കാതലായ ഒരു ഏടായിരുന്നു ഇവർ! സ്കൂളുകളിലും, കോളേജുകളിലും പള്ളികളിൽ സർവ്വസാന്നിദ്ധ്യം! വീടുകളിലും കുടുംബങ്ങളിലും ഒരു കന്യാസ്തീയെ പള്ളിക്കു സമർപ്പിക്കുക എന്നത് അനുഗ്രഹമായി കരുതിയിരുന്ന കാലം! ഇതൊന്നും പുതിയ അറിവല്ല, എന്നിരുന്നാലും, നിസ്സഹായതയുടെ മൂടുപടം കൂടി എടുത്തണിയേണ്ടി വന്ന ഈ മണവാട്ടിമാർക്ക്, രെഹാബ് എന്ന് സ്തീയുടെ ജീവിതത്തിൽ സംഭവിച്ചതുപോലെ , നീതിക്കായി ദൈവം സ്വയം ഇറങ്ങി പ്രവർത്തിക്കട്ടെ!