ചങ്കിൽ തീ കത്തിക്കേറുമ്പോൾ

vikruthi
SHARE

‘നിയമത്തിനും പൊലീസിനും ഒന്നും ചെയ്യാൻ സാധിക്കില്ലായിരിക്കാം, പക്ഷേ, മനുഷ്യനായ നമുക്ക് ക്ഷമിക്കാനും മറക്കാനും സാധിക്കില്ലെ’? വികൃതി എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ‘എൽദോ’ പറഞ്ഞവസാനിപ്പിക്കുന്ന വാക്കുകളാണിത്. എന്നാൽ തുടക്കം മുതൽ എവിടെയൊക്കെയോ എല്ലാവരെയും കണ്ണുനീരിന്റെ വക്കിലെത്തീക്കാനും, സ്വന്തം മനസാക്ഷിയോട് ചോദ്യങ്ങൾ നിരത്താനും സ്വയം ചോദ്യങ്ങൾ ചോദിക്കാനും ഈ ചിത്രം നമ്മോളോരൊരുത്തരെയും നിർബന്ധിതരാക്കുന്നു.

സമൂഹ മാധ്യമങ്ങൾ ജീവിതം ആക്കിയ ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മളോരൊരുത്തരും. എന്നാൽ ഏതിലും നന്മയും തിന്മയും ഒളിഞ്ഞിരിപ്പുണ്ട് എന്നതും സത്യമാണ്. എന്തും ഏതും സമൂഹമാധ്യമങ്ങളിൽ പകർത്തുന്നത് എല്ലാവരുടെയും ഒരു ‘ഹോബി’ യായി മാറിയിരിക്കുകയാണ്. സ്കൂളുകളുടെ  പേജുകൾ, കോളേജിന്റെ പേജുകൾ, ടീച്ചർമാരുടെ പേജുകൾ എഴുത്തുകാരുടെ പേജുകൾ, മാജിക് പേജുകൾ, സംസ്ഥാനങ്ങൾ, മന്ത്രിമാരുടെ പേജുകൾ, പ്രസിഡന്റ്,  പ്രധാനമന്ത്രിമാർ എന്നുവേണ്ട എല്ലാവർക്കും സമൂഹമാധ്യമ പേജുകൾ ഉണ്ട്. അത് ഇക്കാലത്ത്, ഒരുമിച്ച് എല്ലാവർക്കും അഭിപ്രായങ്ങളും തീരുമാനങ്ങളും വിവരങ്ങൾ അറിയാനും,അറിയിക്കാനും പ്രയോജനകരം  തന്നെയാണ്. എല്ലാ നല്ല വശങ്ങൾക്കും എല്ലാ പകലിനും ഒരു രാത്രിയുണ്ടെന്ന് പറയുന്നതുപോലെ, ഈ സോഷ്യൽ സെറ്റപ്പിനും ഒരു മറുവശങ്ങളും ഉണ്ട്. യാതൊരു പരിചയവും ഇല്ലാത്തവർക്ക് നമ്മുടെ സ്ഥലം, ജോലി വിവരങ്ങൾ തുടങ്ങിയവ ലഭിക്കുന്നു. ഫോൺ നമ്പറുകൾ ലഭിക്കുന്നു. ഇവിടുന്നങ്ങോട്ട് നമ്മളെ പരിചപ്പെടുന്ന ഇവർ എങ്ങനെയൊക്കെ, എന്തൊക്കെ നമ്മളോട് മാത്രമായി സംസാരിക്കാൻ, പരിചയപ്പെടാൻ ശ്രമിക്കും എന്നതും കൃത്യമായി അറിയില്ല. ആവശ്യമില്ലാത്തെ പലതരം കാര്യങ്ങൾ ഇത്തരം സോഷ്യൽ മീഡിയായിൽക്കൂടെ നടക്കാം. എന്നാൽ  പ്രയോജനകരമായ പല കാര്യങ്ങളും ഇതിലൂടെ നമുക്കോരോരുത്തർക്കും ചെയ്തു തീർക്കാനും അറിയാനും സാധിക്കും. ധാരാളം നല്ല ചാരിറ്റി ഗ്രൂപ്പുകളും, ആരോഗ്യസംബന്ധമായ സഹായങ്ങൾ ആവശ്യമുള്ള പലരുടെയും വിവരങ്ങൾ ഗ്രൂപ്പുകളിൽ എത്തിക്കാനും നമുക്ക്  സാധിക്കുന്നു. അതാണ് സോഷ്യൽ മീഡിയക്കുള്ള’ എറ്റവും നല്ല ഗുണം.

അതേ സോഷ്യൽ മീഡിയ ഉപയോഗം കൊണ്ട് യാതൊരു പരിചയവും ഇല്ലാത്ത ആൾക്കാരുടെ ഫോട്ടൊയും വിവരങ്ങളും  ഫോർവേഡ് ചെയ്യുന്നതിനൊപ്പം, അനാവശ്യ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതുവഴി അവരുടെ ജീവിതം തകർക്കുക കൂടിയാണെന്ന് മനസ്സിലാക്കാൻ സാധാരണ ചിന്താഗതിയും ബുദ്ധിയും മാത്രം മതി. എന്നാൽ ഇതൊന്നും നോക്കാതെ സോഷ്യൽ മീഡിയ ഒരു ‘എന്റെർറ്റെയിൻമെന്റ്’ ആയിമാത്രം കാണുന്നവരുടെ നാടാണ് നമ്മുടേത്. അതിന്റെ ദോഷങ്ങളും പ്രതികരണങ്ങളും മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാ‍ക്കാൻ പോകുന്നതിനെക്കുറിച്ച് ആലോചിക്കണ്ടെ കാര്യം പറയുന്നവർക്കില്ല. അവർക്കിത്  വെറും എന്റെർറ്റെയിൻമെന്റ് മാത്രം ആണ്. അതിന്റെ  വരുംവരായ്കകളെക്കുറിച്ചും ആലോചിക്കേണ്ട കാര്യം അവർക്കില്ല.  പറയുന്നതും ഫോട്ടോ  ഇടുന്നതും എഴുതുന്നവരും അവരുടെ ആരും അല്ലാത്തതിനാൽ, അന്വേഷിക്കേണ്ട കാര്യം അവർക്കെന്താണ്? ഈ സമയത്ത്  അവരുടെ  കുട്ടികളും വീട്ടുകാരും വളരെ സുരക്ഷിതരായി വീടുകളിൽ ഉണ്ടെന്നുള്ള ധൈര്യം. അതിനൊപ്പം അവരുടെ പെങ്ങൾ, കുട്ടികൾ എന്നിവരെ സോഷ്യൽ മീഡിയ പോയിട്ട്, ഒരു ഫോൺ പോലും കയ്യിൽ കൊടുക്കാറില്ല, ഇതേ കാര്യങ്ങൾക്കുറിച്ചുള്ള പേടികൾ, കാര്യവിവരങ്ങൾ അറിയാവുന്നതുകൊണ്ട്. അല്ല എന്ന് ഈ  പറയുന്ന  സോഷ്യൽ മീഡിയ  ജീവികൾ  പറയട്ടെ!

ഇത്തരം സത്യസന്ധമായ പ്രതികരണങ്ങൾക്കായി ആരും പ്രതീക്ഷിച്ചിരിക്കണ്ട. ഒരിക്കലും അവർ സമ്മതിച്ചു തരികയുമില്ല, അനുവദിക്കുകയും ഇല്ല. മാത്രമല്ല ഒരു സംവാദത്തിനോ സംസാരത്തിനോ ആരും മുതിരാതിരിക്കുകയാവും ഭേദം. അവരുടെ കാരണങ്ങളും വിവരങ്ങളും ശരിയാണെന്ന്  സ്ഥാപിച്ചെടുക്കാൻ ഏതു തരം നിയമങ്ങളും നിരത്താൻ തയാറാകും. അടുപ്പവും പരിചവും ഇല്ലാത്തവർ ആരായിരുന്നാലും അവരുടെ ഫോട്ടൊ എടുക്കാനും വിവരങ്ങൾ തെറ്റാ‍യ വിധത്തിൽ വ്യാഖ്യാനിക്കാനും അവർക്ക്  ഒരു മടിയും ഇല്ല.‘ ഞാൻ ശരിയാണ്’,കാരണം അവരവരുടെ കുടുംബം സുരക്ഷിതരാണ്. ആ സുരക്ഷിതത്വവും, സംരക്ഷണയും സോഷ്യൽ മീഡിയയിൽ ഉള്ള ഒരോരുത്തർക്കും ഉണ്ടാവണം എന്ന് പ്രതീക്ഷിക്കാനും ഉറപ്പു വരുത്താനും നമ്മൾ ഒരോരുത്തരും തയാറാകണം എന്നില്ലല്ലോ?

വികൃതി സിനിമയിലെ ഒരോ കഥാപാത്രങ്ങൾക്കും നമ്മളിൽ ഒരോരുത്തരുടെയും മുഖച്ഛായയുണ്ട്! എന്നാൽ അതിന്റെ ഭാഗമായി മാത്രമാവാം സിനിമാകാണാനെത്തിയ ഒരോരുത്തരുടെ കണ്ണുനിറഞ്ഞൊഴുകാൻ അധികനേരം വേണ്ടി വന്നില്ല. കൂടെ കുട്ടികളും കൗമാരക്കാർക്കും അമ്മയെയും വീട്ടുകാരെയും ഓർമ്മിപ്പിക്കാനും അധികം നിമിഷങ്ങൾ വേണ്ടി വന്നില്ല ‘കണ്ടോ അമ്മാ,ഇതുകൊണ്ടാ പറയുന്നത് സോഷ്യൽ മീഡിയയിൽ  ചിത്രങ്ങൾ  ഇടരുത് എന്ന്?: എന്നാൽ കോളേജിലും സ്കൂളിലും പഠിക്കുന്ന സമയത്ത് സോഷ്യൽ മീഡിയ ഒരു ‘സെക്കന്റ് ഹോം’ ആയി കണക്കാക്കിയിരുന്നു. അതും വീട്ടിലുള്ള അപ്പന്റെ അമ്മയുടെ തന്നെ കുറ്റമാണ്. കുട്ടികളായിരിക്കുന്ന സമയത്ത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി,അവർക്ക് നേരെ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കാതെ അവരുടെ ഇഷ്ടങ്ങൾ അനുവദിച്ചു കൊടുത്ത് കുട്ടികളുടെ കൂടെ ജീവിതം ജീവിക്കുക.അതുവഴി എവിടെ എന്ത്? എന്തിനുവേണ്ടി എന്നുള്ള തിരിച്ചറിവ് അവർക്ക് ജീവിതം ജീവിച്ചു തുടങ്ങുന്നതിലൂടെ മനസ്സിലാകുന്നു. അപ്പനമ്മമാരുടെ സ്വഭാ‍വരീതികൾ മനസ്സിലാക്കി ജീവിക്കുന്നതുവഴി കുട്ടികളോട് തങ്ങളുടെ ജീവിതങ്ങൾ സംസാരിക്കുന്നതും വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതു വഴി അവർ  സ്വയം നല്ലതും ചീത്തയും തിരഞ്ഞെടുക്കാൻ തയാറാക്കപ്പെടുന്നു. എന്നാൽ അത്തരം ചിന്താഗതികൾ കുട്ടികളുടെ മനസ്സിൽ വരുകയും, വളർന്നു വരുന്നതു വഴി അവർ കുടുംബത്തോടൊപ്പം സമൂഹത്തെക്കുറിച്ച് കരുതാനും സ്നേഹിക്കാനും തയാറാകുന്നു. 

സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച സംസാരശേഷിയില്ലാത്ത അഛൻ എന്ന കഥാപാത്രം നമ്മെ ജീവിതം പഠിപ്പിക്കുന്നു. തന്റെ ന്യൂനതകൾ സഹിച്ച് കുട്ടികൾക്കൊപ്പം സമൂഹത്തിനൊപ്പം ജീവിക്കേണ്ടത് എങ്ങനെയെന്ന് ഒരോ പ്രേക്ഷകരെയും ഉദാഹരണസഹിതം മനസ്സിലാക്കിത്തരുന്നു. കുട്ടികളോട് സംസാരത്തിലൂടെയല്ല സ്നേഹവും കരുതലും എത്തിക്കേണ്ടത് വെറും മൂളലും ശംബ്ദാവലികളും മാത്രം മതി എന്ന്  സ്ഥാപിച്ചെടുക്കുന്നു. സ്നേഹത്തിനും കരുതലിനും അതിരുകളില്ല അതെല്ലാ ബന്ധനങ്ങളെയും  ഭേദിക്കുന്നു. സിറാജിന്റെയും ഭാര്യയായി സുരഭി ലക്ഷ്മി അഭിനയമികവിൽ ഒപ്പത്തിനൊപ്പം എത്തുന്നു. ഏതു പ്രതിസന്ധികളിലും ഭാര്യമാർ ജീവിതത്തെ സന്തോഷകരമാക്കുന്നുവെന്നും അവരുടെ ഒരു കൈത്താങ്ങ് അവ്യക്തമെങ്കിലും ശക്തമാണെന്നും കാണാം. ഭാര്യയും രണ്ടു മക്കളുമാണ് അയാളുടെ ലോകം. ഗള്‍ഫുകാരനായ സമീർ ഒരു മാസത്തെ ലീവിന് നാട്ടിൽ എത്തുന്നതും, സോഷ്യൽ മീഡിയ ജീവിയായ സമീറിന്റെ ഒരു ഫോട്ടൊയിലൂടെയാണ് ബാക്കി കഥ പുരോഗമിക്കുന്നത്. പക്ഷേ, ഈ സിനിമ തീയറ്ററിൽത്തന്നെ  പോയിക്കാണെണ്ടതാണ്.

ഒരടിക്കുറിപ്പ്: പുതിയ സംവിധായകനായ എംസി ജോസഫിന്റെ സംവിധാനം പ്രേക്ഷകർ അംഗീകരിക്കുന്നു എന്നു കാണാം. കൂടെ ബിജിബാലിന്റെ സംഗീതം മനസ്സിൽ തട്ടി നിൽക്കുന്നു. ചില കാര്യങ്ങൾ നമ്മേ സ്വയം  ഓർമ്മിപ്പിക്കുന്നതിനും സമൂഹവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നുള്ള ഒരു തിരിച്ചറിവും ഈ സിനിമ നമ്മളെ മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്നുണ്ട്. നമ്മുടെ താൽപര്യങ്ങൾ എന്നും എവിടെയും നാം സ്വയം പ്രോത്സാഹിപ്പിക്കണം, കണ്ടെത്തെണം, എന്നാൽ അത് മറ്റുള്ളവരുടെ ജീവതങ്ങൾ തകിടം മറിച്ചുകൊണ്ടാകരുത് എന്നു മാത്രം. സോഷ്യൽ മീഡിയ എന്നതിനെ ഏറ്റവും ഗുണകരമായ രീതിയിൽ ഉപയോഗിച്ചാൽ അത് ധാരാളം മനുഷ്യർക്ക്  പ്രയോജനകരമാക്കാവുന്നതേയുള്ളു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ