ചീക്ക എന്ന പ്രകൃതി സ്നേഹി

Cheekka
SHARE

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കാലാകാലങ്ങളായുള്ളതാണ്. പരിസ്ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള നമ്മുടെ മനസ്സിന്റെ പ്രചോദനങ്ങൾ ധാരാളമാണ്. അതിന് ഉത്തമ ഉദാഹരണമാണ് പ്രകൃതിസ്നേഹം തുളുമ്പുന്ന സോഹാറിലെ അസീസ് ഹാഷിമിന്റെ വീട്. ഒരു ചെറിയ തൈ നട്ടുവളർത്തിയ ലാഘവത്തോടെയാണ് അസീസ് ഒമാൻ കൃഷിക്കൂട്ടത്തിലേക്ക് എത്തിച്ചേർന്നതും എല്ലാവരുടെയും മനസിലേക്ക് ഇടം പിടിച്ചത്. ആ തൈ വളർന്നു പടർന്നു മരമായി നമ്മുടെ മനസിൽ തന്നെ നിൽക്കുകയാണ്. പ്രത്യേകിച്ചൊരു മുഖവുരയും ഇല്ലാതെയുള്ള സംബോധന, അതിന് ബന്ധങ്ങൾ സ്വയം നിർവചിച്ചുണ്ടാക്കുക. 

ഈ കഥയിലെ നായകൻ നമ്മൾ ചീക്കാക്ക എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അസീസ് ഹാഷിം ആണ്. ചീക്കാ കുറച്ചു കാലമായി ഒമാനിലെ സൊഹാർ എന്ന സ്ഥലത്താണ് ജോലിയും കുടുംബസമേതമുള്ള താമസവും. മസ്കത്തിൽ നിന്നും സൊഹാറിലേക്ക് മാറിയിട്ട് ഇപ്പോൾ ഏഴു വർഷത്തോളമായി. മസ്കത്തിനെ അപേക്ഷിച്ച് സൊഹാറിൽ പൊതുവേ ശാന്തമായ ജീവിതമാണ്. നഗരത്തിന്റെ തിരക്കുകളും മറ്റു വിനോദങ്ങളും കുറവാണ്. ചീക്കാക്ക സൊഹാറിൽ എത്തിയപ്പോൾ എടുത്ത വില്ലയിൽ കുറച്ച് പറമ്പ് ഉണ്ട്. ജോലിക്ക് ശേഷം കിട്ടുന്ന സമയം എങ്ങനെ ചിലവാക്കണമെന്ന് പിന്നെ ആലോചിക്കേണ്ടി വന്നില്ല. തോട്ടം റെഡിയാക്കുന്ന പണിയായി പിന്നീട്. ഇതിനുമുമ്പ് കാര്യമായ കൃഷിപ്പണിയൊന്നും കക്ഷി ചെയ്തിട്ടില്ല. 

മുറ്റത്ത് നല്ല മണ്ണിറക്കി, വിത്തും കൈക്കോട്ടും വാങ്ങി.പിന്നീടങ്ങോട്ട് കഠിനാധ്വാനമായിരുന്നു. ഇഷ്ടത്തോടെ ഏതൊരു കാര്യം ചെയ്യുമ്പോഴും അത് ഭാരമായി തോന്നില്ല. കണ്ടു നിൽക്കുന്നവർക്ക് കഠിനാധ്വാനമായി തോന്നുകയും ചെയ്യും. എന്നാൽ, ചീക്കാക്കക്ക് ഈ പുതിയ മേഖല ഒരു ആവേശമായിരുന്നു. പതിയെ പതിയെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടുതുടങ്ങി. മുറ്റത്ത് വിതച്ച വിത്തുകളിൽ നിന്ന് തളിർ നാമ്പുകൾ പൊട്ടി. പിന്നീടങ്ങോട്ട് ചരിത്രമാണ്.

ഇന്ന് അവിടെ വളരാത്ത പച്ചക്കറികളില്ല. തോട്ടത്തിൽ പക്ഷികൾക്ക് കുടിക്കാനും കുളിക്കാനുമായി ഒരു ചെറു ജലാശയവുമുണ്ട്. തോട്ടത്തിലെ പച്ചപ്പിൽ കൂടുകൂട്ടിയ കുറേ ചെറുപക്ഷികളുമുണ്ടിവിടെ. ഇന്ന് ചീക്കാക്കാന്റെ തോട്ടം കാണാൻ മസ്കത്തിൽ നിന്നും ദുബായിൽ നിന്നും വരെ ബന്ധുക്കളും സുഹൃത്തുക്കളും വരുന്നുണ്ട്. 

സ്വന്തം ആവശ്യത്തിനുള്ള വിഷം കലരാത്ത പച്ചക്കറികൾ കിട്ടുന്നുവെന്നു മാത്രമല്ല ബാക്കി വരുന്നത് തോട്ടം കാണാൻ വരുന്നവർക്കും അയൽവാസികൾക്കും കൊടുക്കാറുമുണ്ട്. പലർക്കും പ്രചോദനമാണ് ചീക്കാക്കാന്റെ കൃഷി ജീവിതം. ഇത് കണ്ട് കൃഷി തുടങ്ങിയ പലരുമുണ്ട്‌ നാട്ടിലും ഗൾഫിലും. ഇന്ന് സമൂഹമാധ്യമങ്ങളിലെ പല കൃഷി ഗ്രൂപ്പുകളിലും സജീവ സാന്നിധ്യമാണ് ചീക്കാ. ‘കഴിഞ്ഞ അഞ്ചു വർഷമായി പഠിക്കാൻ ശ്രമികുന്ന, പഠിച്ചു കൊണ്ടിരിക്കുന്ന ചിലകാര്യങ്ങളും മനസ്സിലാക്കിയ ചില കാര്യങ്ങളും ഞാനിവിടെ പറയട്ടെ. തെറ്റുകൾ ഉണ്ടാകാം നിങ്ങൾ അതു തിരുത്തി തരണം’– ചീക്കയുടെ വാക്കുകൾ. 

Cheekka1

ആവണക്കു, പാല, കാഞ്ഞിരം തുടങ്ങീ അനേകം വൃക്ഷങ്ങളും മൽസ്യങ്ങൾ, പന്നി, പാമ്പ്, കാക്കകൾ തുടങ്ങീ പല ജീവികളും നമ്മുടെ പരസരവും പ്രപഞ്ചവും ശുദ്ധീകരിക്കുന്നതിൽ എത്രമാത്രം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് നിങ്ങൾക്കു അറിയാമോ? ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ എവിടെയെങ്കിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടുമ്പോൾ അവിടെയൊക്കെ ആവണക്ക് പൊട്ടിമുളച്ചു വളരുന്നത് കാണാൻ സാധിക്കും. ഇതുപോലെ നാം നട്ടു പിടിപ്പിക്കാതെതന്നെ പല സസ്യങ്ങളും ഇങ്ങിനെ തഴച്ചു വളരുന്നത് നമുക്ക് കാണാനാൻ കഴിയും. നാഗകർണ്ണം അതായതു പാമ്പിൻ ചെവി എന്ന മറ്റൊരു പേരുള്ള ഈ ആവണക്ക്

ഭൂമിക്കടിയിലെ വിഷാംശങ്ങൾ മുഴുവൻ വലിച്ചെടുത്ത് ഭൂമിയെ രക്ഷിക്കുന്നു. അതുപോലെതന്നെ ഉമ്മം, എരുക്ക്, അമൽപൊരി, കാഞ്ഞിരം എന്നി ചെടികളും മണ്ണിനടിയിലെ വിഷാശം വലിച്ചടുത്ത് നമ്മുടെ ഭൂമിയെയും രക്ഷിക്കുന്നു. മാത്രമല്ല ഭൂമിക്കടിയലെ മാലിന്യങ്ങൾ സസ്യങ്ങൾ വേരിലൂടെയും ഉപരിതലത്തിലേത് പക്ഷികളും വെള്ളത്തിലേത് മത്സ്യങ്ങളും വലിച്ചെടുത്ത് പ്രപഞ്ചത്തെ സംരക്ഷിക്കുന്നു. അധികമായാൽ അമൃതും വിഷം എന്നു പറഞ്ഞതുപോലെ വിഷച്ചെടികൾ അധികമായി വളർന്നാൽ കൃഷി നശിക്കും. മാത്രമല്ല  പ്രകൃതിയുടെ

സന്തുലിതാവസ്ഥ തകരാറിലാകുകയും ചെയുന്നു. ഈ ജീവജാലങ്ങൾ ഏതു യൂണിവേഴ്സിറ്റിയിൽ നിന്നുമായിരിക്കും ബിരുദങ്ങൾ എടുത്തിട്ടുണ്ടാവുക? തീർച്ചയായും പടച്ചതമ്പുരാന്റെ മാർഗ്ഗനിർദ്ദേശമല്ലാതെ ഇവർക്കു മറ്റെവിടുന്നാണ് നിർദ്ദേശങ്ങൾ കിട്ടുന്നത്? അതുകൊണ്ടുതന്നെ നമ്മുടെ പ്രവർത്തിയായി ഭൂമിയിലെ ഒരു ചെറുജീവികളെയും,സസ്യങ്ങളെയും നാം വിഷമിട്ടു നശിപ്പിക്കരുത്!

പ്രിയമുള്ളവരേ ഒന്നു കൂടെ പറഞ്ഞോട്ടെ, ‘പടച്ചവൻ നമ്മുക്കു നൽകിയ ഈ മനോഹരമായ പ്രകൃതിയെ പ്ലാസ്റ്റിക് തുടങ്ങി മറ്റു പല മാലിന്യങ്ങൾ ഉപയോഗിച്ചു നശിപ്പികുന്നത് എത്രയും പെട്ടെന്നു നിർത്തണം. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലും പൊതു വഴിയിലും വലിച്ചെറിയാതിരിക്കണം. കഴിയുന്നിടത്തോളം അവയൊക്കെ നല്ല രീതിയിൽ സംസ്കരികാൻ ശ്രമിക്കണം. നാം വരുത്തി തീർക്കുന്ന വീപത്തിനു നാം തന്നെയാണ് ഉത്തരവാദി എന്നുകൂടി മനസ്സിലാക്കുക’. 

ചീക്ക എന്ന അസീസ് ഹാഷിമിനെക്കുറിച്ച് ഇത്രയും പറഞ്ഞത് അദ്ദേഹത്തെ അറിയാത്തവർക്ക് പരിചയപ്പെടുത്താനാണ്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച കഥ ഇങ്ങനെയാണ്: ചീക്കാക്ക തന്റെ മക്കളെ സ്കൂളിൽ വിടാൻ പോകുന്ന വഴിക്ക് ഒരു വലിയ മരമുണ്ട്. നിറയെ ചില്ലകളും അതിൽ തിങ്ങിനിറഞ്ഞ പച്ച ഇലകളോടും കൂടിയ മരം. സന്ധ്യ അടുക്കുമ്പോൾ ഇതിലേക്ക് ആയിരകണക്കിന് ചെറു പക്ഷികൾ വന്ന് കൂടണയും. ആ സമയത്തെ പക്ഷികളുടെ ഒന്നിച്ചുള്ള കളകള ശബ്ദവും ചിറകടിയും എല്ലാം വളരെ മനോഹരമായിരുന്നു. ഈ ശബ്ദം ചീക്കാക്ക തന്റെ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തുവെച്ച് കേൾക്കാറുണ്ടായിരുന്നു. ഒരു ദിവസം അതിലേ നടന്നുപോവുമ്പോൾ ഈ മരത്തിൽ എന്തോ അടയാളപ്പെടുത്തിയത് കണ്ടിരുന്നു. പിറ്റേ ദിവസം കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു.ആ വൻമരം മുറിച്ച് മാറ്റപ്പെട്ടിരിക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി തയാറാക്കിയ പ്ലാനിൽ ഈ മരം ഇരുന്ന സ്ഥലവും ഉൾപ്പെട്ടതാണ് മരം മുറിക്കാൻ കാരണമായത്. 

വളരെയധികം ദു:ഖിതരായിരുന്നു അന്ന് ചീക്കാക്കയും മക്കളും. ഇവിടെ കൂട് കൂട്ടിയിരുന്ന പക്ഷികളെല്ലാം തൊട്ടടുത്തുള്ള മരത്തിലേക്കും മറ്റും കൂടുമാറി. പക്ഷികൾക്ക് മുട്ടകളൊക്കെ നഷ്ടപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് രാവിലെ മക്കളെ സ്കൂളിൽ വിടാൻ പോകുമ്പോൾ തൊട്ടടുത്ത മരത്തിലും നേരത്തെ കണ്ട അതേ അടയാളം വരച്ചിരിക്കുന്നു. ചീക്കാന്റെ മക്കൾ സങ്കടത്തോടെ പറഞ്ഞു ‘ഉപ്പാ, അവർ ഈ മരവും മുറിക്കും എങ്ങനെയെങ്കിലും ഇതിനെ രക്ഷിക്ക് ഉപ്പാ’. മക്കളെ സ്കൂളിൽവിട്ട ശേഷം അസ്വസ്ഥമായ മനസ്സോടെ എന്തുചെയ്യണമെന്ന് ആലോചിച്ചു. വരാൻ വൈകുമെന്ന് ഓഫിസിൽ പറഞ്ഞു. നേരെ മുൻസിപ്പൽ ഓഫിസിൽ ചെന്നു. എൻഞ്ചിനീയറിംഗ് വിഭാഗത്തിലെത്തി. അറിയാവുന്ന അറബിയിൽ മുദീറിനെ (വകുപ്പ് മേധാവി) കാണണമെന്ന് ആവശ്യപ്പെട്ടു. കീഴ്ജീവനകാർക്ക് എന്തോ തമാശകണ്ട ഭാവമായിരുന്നു.

ശബ്ദംകേട്ട് പുറത്ത് വന്ന മുദീർ പക്ഷേ, ചീക്കാക്കക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടു. കൂട്ടത്തിൽ താൻ നേരത്തെ റെക്കോഡ് ചെയ്ത് വെച്ചിരുന്ന പക്ഷികളുടെ ശബ്ദവും കേൾപ്പിച്ചു. ഇത്രയും ആയതോടെ മുദീറും വല്ലാതായി. ചീക്കാക്കയോട് ഇരിക്കാൻ പറയുകയും കുടിക്കാൻ നൽകുകയും ചെയ്തു. ചീക്കാന്റെ മുന്നിൽ വെച്ച് തന്നെ രണ്ടു മൂന്നു ഫോൺ കോളുകൾ ചെയ്തു. അൽപം കഴിഞ്ഞപ്പോൾ രണ്ടു മൂന്നു പേർ കുറേയധികം പ്ലാനുകളുടെ ഡ്രോയിംഗുകളുമായി മുദീറിന്റെ മുറിയിലെത്തി. അപ്പോൾ മുദീർ വന്ന് ചീക്കാനെ കെട്ടിപ്പിടിക്കുകയും ധൈര്യമായി പോക്കോള്ളാനും പറഞ്ഞു. രണ്ടു

ദിവസം പിന്നെ അവിടെ റോഡ് പണി നടന്നില്ല. മൂന്നാമത്തെ ദിവസം നോക്കുമ്പോഴുണ്ട് ഈ മരമുൾപ്പെടെയുള്ള മരങ്ങൾ ഒഴിവാക്കി കൊണ്ടുള്ള പുതിയ മാർക്കിംഗ് ചെയ്തിരിക്കുന്നു. അന്ന് തന്നെ മുദീറിന്റെ ക്ഷണം എത്തി ‘ഓഫീസിൽ വന്ന് കാണാൻ പറഞ്ഞു.അന്ന് കണ്ട കീഴ്ജീവനക്കാർ ഇന്ന് പക്ഷേ വളരെയധികം സ്നേഹത്തോടെയാണ് ചീക്കാക്കാനെ മുദീറിന്റെ മുറിയിലേക്ക് കൊണ്ടുപോയത്. ചീക്കാനെ കണ്ടപ്പോൾ മുദീർ പറഞ്ഞു: പഹയാ.നീ കാരണം പ്ലാൻ മാറ്റി വരക്കാനും മറ്റുമായി ഒരുപാട് കാശ് നഷ്ടം വന്നു. പക്ഷേ,  നമുക്ക് തിരിച്ച് കിട്ടിയത് വിലമതിക്കാനാവാത്ത പുണ്യവും പ്രകൃതിയെ രക്ഷിക്കാനുള്ള അവസരവുമാണ്. നന്ദി സൂചകമായി മുൻസിപ്പാലിറ്റി വക ഒരു സർട്ടിഫിക്കറ്റും നൽകി.

ഒരാൾ അത്മാർഥമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടിയെടുക്കാനായി പ്രപഞ്ചം മുഴുവൻ അയാൾക്ക് വേണ്ടി ഗൂഡാലോചന നടത്തുമെന്ന് എഴുതിയ പൗലോ കൊയ്‍ലോയുടെ വരികൾ അന്വർഥമാക്കുന്നതായി തോന്നി ചീക്കാക്കാന്റെ കഥ. 

കർഷകർക്ക് ഒരു ജൈവപ്രതിവിധി

ഒരൽപ്പം വെളുത്തുള്ളി ഒരു ഗ്ലാസിൽ ഇട്ടു മുങ്ങിക്കിടക്കാൻ മാത്രം ആവശ്യമുള്ള വെള്ളമൊഴിച്ചു ഒരു ദിവസം കുതിരാൻ വെക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പെയ്സ്റ്റ് ആക്കി, കൂടെ ഒന്നു രണ്ട് പച്ചമുളകും ഒരൽപ്പം ഇഞ്ചിയും അൽപം വെള്ളം കൂട്ടി അരച്ചു പേസ്റ്റാക്കി രണ്ടു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഇളക്കി അരിച്ചെടുത്തു ചെടികളുടെ ഇലകളിൽ തളിക്കുക. ഇതു ഇലകളെയും ആ ചെടിയെയും എല്ലാവിധ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ