sections
MORE

നിശബ്ദത എന്ന വൻമതിൽ

jesmi
SHARE

ഒരു വ്യക്തിയുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവകാശമില്ല എന്നത് ഒരു സത്യമാണോ? അല്ലന്നാണ് ഞാനടക്കമുള്ള 100% സാക്ഷരതയിൽ അഭിമാനിക്കുന്ന, അഹങ്കരിക്കുന്ന കേരളത്തിന്റെ ചിന്താഗതി! അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാനും, വ്യക്തമാക്കാനും, അത്എഴുതിവെക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നാണ് വെപ്പ്. അങ്ങനെ തന്നെയാണ് കണ്ടുവരുന്നതും, അതിനുള്ള ഉദാഹരണങ്ങൾ കാലാകാലങ്ങളായി വായിച്ചു വരുന്നതും. അനുഭവങ്ങൾ ലേഖനങ്ങളായും പുസ്തകങ്ങളായും പല സത്യങ്ങളും  രേഖകളായി എഴുതപ്പെട്ടുകഴിഞ്ഞു.

എന്നാൽ ഇതിനൊക്കെ അപ്പുറമായി സത്യം, മൂടിവെക്കപ്പടുന്നു. സ്വാതന്ത്രത്തോടെപറന്നുയരാൻ ഇതുവരെ സാധിച്ചിട്ടില്ല. രാഷ്ടീയക്കാരും, മഹാന്മാരും, എഴുത്തുകാരും, സിനിമ നാടക സംഗീതജ്ഞന്മാരടക്കം ധാരാളം പേർ തങ്ങളുടെ ജീവിതങ്ങൾ അക്ഷരങ്ങളിലേക്ക് പകർത്തിയപ്പോൾ സംപുഷ്ടമായത് നമ്മുടെ സാഹിത്യമാണ്, ചരിത്രങ്ങളാണ്. തങ്ങളുടെ ജീവിതങ്ങളുടെ അനുഭവങ്ങൾ, വേദനകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ സമൂഹത്തിനു മുന്നിലേക്ക് തുറന്നു വെച്ചവ ചരിത്രങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സ്വന്തം അനുഭവങ്ങൾ ഒരു പുസ്തകത്തിൽ എഴുതിവെക്കുക എന്നത് പലരുടെയും സ്വഭാ‍വമായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ മനസ്സിന്റെ ചാഞ്ചല്യങ്ങൾ, ഭയം എന്നിവക്ക് ഒരു സമാധാനം കൊടുക്കാനായി എല്ലാവരും കാണുന്ന ഒരു എളുപ്പവഴിയാണ് എഴുതിവെക്കുക എന്നത്. സമാനമായ പല പ്രലോഭനങ്ങളും,സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകുബോൾ, എല്ലാം മറ്റുള്ളവരോട് പറയാൻ മടിയുണ്ടാകും. എന്നാൽ അവയിൽ നിന്നെല്ലാം പാഠങ്ങൾ പഠിച്ച് , ദൈവം പലവിധത്തിലും നമ്മെ മുന്നോട്ട് നയിക്കും എന്നുള്ളൊരു വിശ്വാസം  ഓരോ മനസ്സിലും  ഉണ്ടാകാം. സമൂഹത്തിന്റെ പലതരം ദുഷ്ടാനുഭവങ്ങൾ, പീഠനങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നവർ ഒരു പക്ഷെ തങ്ങളുടെ മനസ്സിന്റെ ചിന്തകൾ എഴുതിവെച്ചിരിക്കാം. കൂടെ ജനിക്കാനൊരു കാലം, മരിക്കാനൊരുകാലം എന്നതുപോലെ സത്യം വിളിച്ചുപറയാനും അറിയിക്കാനും ഒരു സമയം ഉണ്ടാകാം. എന്നാൽ അവയെല്ലാം സമൂഹം, സുഹൃത്തുക്കൾ, കുടുംബം അംഗീകരിക്കണം എന്നുമില്ല, തീർച്ച!

ഇപ്പറഞ്ഞിതെല്ലാം ഉദാഹരണമായിരുന്നു, സിസ്റ്റർ ജെസ്മിയുടെ പുസ്തകം "ആമേൻ -ഒരു കന്യാസ്ത്രിയുടെ ആത്മകഥ‍". എല്ലാവരും വാങ്ങി, വായിച്ചു,വിമർശിച്ചു, വിശകലനം ചെയ്തു എങ്കിലും ആരും അതിന്റെ അംഗീകരിച്ചതായി,തുറന്നു പറഞ്ഞില്ല. അതിനു പുറകെ എസ്.ഹരിഷിന്റെ 'മീശ'എന്ന പുസ്തകം ഇറങ്ങിയപ്പോൾ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുകളിലുള്ള വല്ലാത്തൊരു കടന്നുകയറ്റമാണെന്നാണ്  പറഞ്ഞത്. കള്ളൻ മണിയൻപിള്ള, നളിനി ജമീല എന്നിവരുടെ ആത്മകഥകൾ പ്രസിദ്ധീകരിച്ചു. അതിലൂടെ അവരുടെ ഏറ്റുപറച്ചിൽ, ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങൾ സമൂഹത്തിനിടയിലേക്ക് എത്തിച്ചു കൊടുത്തു എന്നതുമാത്രമാണ് ചെയ്തത്.

ഇത്തരം പുസ്തകങ്ങളെക്കുറിച്ച്, സമൂഹത്തെ പേടിച്ചിട്ടാവാവാം, എങ്കിൽപ്പോലും തരംതാഴ്ന്ന തരത്തിൽ  സിസ്റ്റർ ജസ്മിയെപ്പോലുള്ളവരെ വരുച്ചുകാണിക്കപ്പെട്ടു. ഇതൊന്നും സമൂഹത്തിന്റെ ആവശ്യമല്ലല്ലോ എന്ന് ചില സ്ത്രീകൾ പോലും എടുത്തു ചോദിച്ചു.പുസ്തകങ്ങൾ എഴുതുന്നതൊന്നും ആരുടെയും തകർച്ചക്ക്  വേണ്ടിയിട്ടല്ല, മറിച്ച് ഒരു നവീനതക്ക് വേണ്ടിയാണ്. തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലുംകാലത്ത്  തിരുത്തപ്പെടണം എന്നൊരു സദുദ്ദേശത്തോടെയാണ്. ഇത്തരം പുസ്തകങ്ങൾ എഴുതുന്നവരെല്ലാം“ഇക്കിളി” സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള സമൂഹത്തിന്റെ ചിന്താഗതിയാണ് ആദ്യമായി  മാറേണ്ടത്.

വേദപുസ്തകത്തിന്റെ  ആത്മീയത നിശബ്ദ്ധതയെ മറികടക്കുന്നതാണ്.അവ ദൈവത്തെ വാക്കായിട്ടാണ്, വെളിപ്പെടുത്തൽ ആയിട്ടാണ് ചിത്രീകരിക്കുന്നത്. അങ്ങനെയാണ് സത്യം വെളിപ്പെട്ടുവരുന്നത്. അതിൽ  തെറ്റുണ്ടെങ്കിൽ നമുക്ക് തിരുത്താവുന്നതെയുള്ളു.എ ന്നാൽ ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങൾ മറ്റുള്ളവരുമായി തുറന്നു കാണിക്കുന്ന രീതിയിൽ പറയുവാനും,എഴുതുവാനും പാടില്ല എന്നത്, വളരെ നീചമായ വസ്തുതയാണ്. ധനം കൊണ്ടും അധികാരം കൊണ്ടും സ്വയം മനസ്സിലാക്കാൻ പോലും സാധിക്കാത്ത ഒരു സമൂഹവും, നേതാക്കന്മാരുമാണോ നമുക്കുള്ളാത് എന്നുപോലും ചിന്തിക്കേണ്ടിയിരിക്കുന്നു? ചരിത്രങ്ങൾ വായിച്ചും പഠിച്ചു മനസ്സിലാക്കിയവർക്ക് ഒന്നറിയാം, മതസംബന്ധമായ കാര്യങ്ങൾ അവരവരുടെ മതിൽക്കെട്ടിനുള്ളിത്തന്നെ  പരിഹരിക്കാവുന്നതെയുള്ളു, അങ്ങനെയെ പാടുള്ളു. സമുഹത്തിന്റെ മുന്നിലേക്ക് തുറന്നു കാണിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുംബോൾ അതിന്റെ ആത്മീയത നശിച്ച്, വിപരീതമായ  പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഇതുപോലെയുള്ള പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുമ്പോൾ, അത് വ്യക്തികളുടെ രോദനങ്ങളെ, എവിടെയോ ഉള്ള പ്രശനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.

ഒരു ഇര കരഞ്ഞാൽ അത് സമൂഹത്തിനുനേരെ, സഭയ്ക്കുനേരെ, ചരിത്രത്തിനു നേരെയുള്ള അട്ടഹാസമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കരുത്. സത്യം എന്നത് മൂടിവയ്ക്കപ്പെടുന്നു, അവരുടെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. ഇതിനു മുൻപും വന്ന സിസ്റ്റർ ജസ്മിയുടെ ‘ആമേൻ’ ആണ് ഈ കാലഘട്ടത്തിൽ വന്ന പുസ്തകം. എന്നാൽ  80 കാലഘട്ടത്തിൽ വന്ന പൊൻകുന്നം വർക്കിയുടെ‘ രണ്ടു മുത്തുമണികൾ “എന്ന പുസ്തകത്തിലും ധാരാളം കാര്യങ്ങൾ പച്ചയായി തുറന്നു കാണിച്ചിരുന്നു. മുട്ടത്തുവർക്കി അക്കാലത്ത് വലിയ വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു.

സിസ്റ്റർ ലൂസിയുടെ പുസ്തകമാണ്, വീണ്ടും വിവാദമായിരിക്കുന്നത്. പുസ്തകം  പിൻവലിക്കണം എന്ന ഹർജി തള്ളി. പുസ്തകത്തിനെതിരെ  പരാതിയുണ്ടെങ്കിൽ അത് പൊലീസിലാണ് പരാതിപ്പെടേണ്ടത് എന്നൂം കോടതി വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA