സാരി- പുതിയ കാലത്തിന്റെ ‘ട്രെന്റുകൾ’

saree-draping
SHARE

ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ്  സാരി. 4 മുതൽ 9 മീറ്റർ വരെ നീളമുള്ള തുണിയാണ് സാരിക്കായി ഉപയോഗിക്കുന്നത്. സാരിയുടെ ഒരറ്റം അരക്കെട്ടിൽ ഉറപ്പിക്കുകയും,അരക്കെട്ടിനു ചുറ്റുമായി അരക്കെട്ടു മുതൽ കാൽ വരെ മറയ്ക്കുന്ന രീതിയിൽ ചുറ്റുകയും, ഇതിൻറെ മറ്റേഅറ്റം ഇടതു തോളിൽക്കൂടെ പിന്നിലേക്ക് ഇടുകയും ചെയ്യുന്ന ഈ ശൈലിയാണ് കൂടുതലായും സ്ത്രീകൾ ഉപയോഗിച്ച് വരുന്നത്. രാജാ രവിവർമ്മ സാരിയുടുത്ത് നിൽക്കുന്ന യുവതിയുടെ ചിത്രങ്ങൾ ലോകപ്രസിദ്ധങ്ങളാണ്. വടക്കേ ഇന്ത്യയിലോ, തെക്കേ ഇന്ത്യയിലോ ആണ് സാരിയുടെ പിറവി എന്ന്  പറയപ്പെടുന്നെങ്കിലും  ഇപ്പോൾ, ഇന്ത്യയുടെ ഒരു പ്രതീകമായിരിക്കുകയാണ് ഈ  വസ്ത്രം.

ഫാഷന്‍ലോകത്തിനു ഭാരതത്തിന്റെ സംഭാവനയാണ് സാരി. ഋഗ്വേദത്തിലും ഗ്രീക്ക് പുരാണങ്ങളിലും പരാമർശമുള്ള 'സാരി' എന്ന വേഷത്തിലെ പുതുപുത്തൻ ട്രെന്‍ഡുകൾ സിനിമാലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് ഒരു വലിയ സത്യമാണ്. അഞ്ചര മീറ്റർ ആണ് സാരിയുടെ നീളം, വീതി 44 ഇഞ്ച്. സാരിയുടെ ബോർഡർ, മുന്താണി ഒരേ ഡിസൈൻ കൊടുക്കുകയോ, ഞൊറി വരുന്ന ഭാഗത്തു മറ്റൊരു തുണി വെച്ച് പിടിപ്പിച്ചോ നമ്മുടെ അഭിരുചിയ്‌ക്ക് അനുസരിച്ചു തയ്ച്ച് എടുക്കാവുന്നതെയുള്ളൂ. ബോർഡറിൽ ലേയ്സ് തയ്ച്ചു പിടിപ്പിക്കുകയോ, നെറ്റ് , ബ്രോക്കേഡ് തുണികൾ തുന്നിപ്പിടിപ്പിക്കുകയോ ആവാം.

വസ്ത്ര വിശേഷത്തിലെ മഹാത്ഭുതമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ച്‌ വ്യക്തമായ അറിവുകൾ ഇന്നും ലഭ്യമല്ല. എന്നാൽ പൗരാണിക കാലം മുതൽ തന്നെ ഇൻഡ്യയിൽ സാരി ഉപയോഗിച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത്‌ ഭഗവാൻ ശ്രീകൃഷ്ണൻ നല്‍കിയ ഒരിക്കലും അവസാനിക്കാത്ത സാരിയായി മഹാഭാരതത്തിൽ വരെ സാരി സ്ഥാനം നേടി. ചരിത്രതാളുകളിലൂടെ സഞ്ചരിക്കുമ്പോൾ മുന്‍കാലങ്ങളിലെ വീരവനിതകളും സാരിയുടെ പ്രണയിതാക്കളായിരുന്നു എന്നുകാണാം. ഝാന്‍സിയിലെ റാണി ലക്ഷ്മിബായി, ബോലാവിഡിയിലെ മല്ലമ്മ, കിത്തോറിലെ യെന്തമ്മ തുടങ്ങിയവർ യുദ്ധഭൂമിയിൽ ശത്രുവിനോട്‌ ഏറ്റുമുട്ടിയത്‌ സാരിവേഷധാരിയായിട്ടായിരുന്നു. ‘വീരാംഗകച്ച’ എന്നാണ്‌ അത്തരം സാരികൾ അറിയപ്പെട്ടിരുന്നത്‌.

സാരികളിലെ വ്യത്യസ്ഥത ഇന്ന് വളരെ വ്യക്തമാണ്,ഒരു ഫാഷൻ തരംഗം തന്നെ സൃഷ്ടിച്ചിരിക്കയാണ്. സാരികളിൽ കലാപരമായ,സൃഷ്ടിപരമായ ഐഡിയാകൾ സ്വയം പല സ്ത്രീകളും പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. കൈത്തുന്നലുകളും,മെഷീൻ എബ്രോയിഡറികളും, ചിത്രപ്പണികളും,ആപ്ലിക് വർക്കുകളും,മുത്തുകളും  സീക്വെൻസുകളും എന്നു വേണ്ട പലതരം സാരികൾ ഇന്ന് ലഭ്യമാണ്. ഇതെല്ലാം ഫാഷൻ ഡിസൈനർമാരല്ല, മറിച്ച് വീട്ടമ്മമ്മാരും, തയ്യൽ വിദഗ്ധകളും ആണ് തങ്ങളുടെ കരവിരുതുകൾ സാരികളിൽ  പരീക്ഷിച്ചിരിക്കുന്നത്. കാലാകാലങ്ങളായി മലയാളികളുടെ പ്രത്യേക ശൈലി തന്നെയായിരുന്നു സാരികളിലെ വിസ്മയിപ്പിക്കുന്ന ചാരുതകൾ! അവയിൽ കൈകൊണ്ടുള്ള നൂലിഴകളിൽ വിരിയുന്ന് എംബ്രോയികൾ, ആപ്ലിക് തുന്നലുകൾ, കട്ട് വർക്കുകൾ എന്നിവയാണ്.

സ്വന്തം സുഹൃത്തുക്കൾക്ക് അവരുടെ ഇഷ്ടത്തിനുള്ള നിറങ്ങളിൽ, സിൽക്, ഖാദി എന്നിങ്ങനെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങളിൽ പരീഷണങ്ങൾ നടത്തി വിജയിച്ചവരാണ് മിക്കവരും. ഇന്ന് റോൾ കണക്കിനു തുണികൾ വാങ്ങിവെച്ച് ‘കസ്റ്റമേഴ്സിന്റെ’ ഇഷ്ടത്തിനും, പ്രായത്തിനും, ശരീരഘടനക്കും അനുസരിച്ച് നിറങ്ങളും, രീതികളും, തുന്നലുകളും തീരുമാനിച്ച്, ബ്ലൊസിൽ വരെ വ്യകതമാ‍യ വ്യത്യസ്ഥകൾ,സ്റ്റൈലുകൾ വരുത്തി സാരികൾ കൃത്യസമയത്തിനുള്ളിൽ  തയ്ച്ചു കൊടുക്കുന്നു. ഇന്ന് വിവാഹസാരികൾ വരെ എബ്രോയിഡറി, കട്ട് വർക്ക് എന്നിവ ചെയ്തുകൊടുക്കപ്പെടുന്നുണ്ട്. അവയിൽ ചിലർ മാത്രമാണ്, മിനി ബിനിയ്,അശ്വതി തോമസ്,അനു നവീൻ എന്നീ മലയാളി സുഹൃത്തുക്കൾ!

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി  സാരി ഡിസൈന്‍ രംഗത്തേക്ക് കടന്നിരിക്കുന്നു.  ആഭരണ ഡിസൈന്‍ രംഗത്ത്  വിജയം നേടിയതിന്‍റെ ഊര്‍ജ്ജത്തിൽ നിന്നാണ്  ശില്‍പ്പ  സാരി ഡിസൈന്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. “ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വസ്ത്രമാണെന്നും,ഒരു സ്ത്രീയെ കാഴ്ച്ചയിൽ ഏറ്റവും ആകര്‍ഷകമാക്കുന്നതും ഗ്ലാമറസാക്കുന്നതുമായ വേഷമാണ് സാരി” എന്നും ശിൽപ്പ തീർത്തു പറയുന്നു. പാവാടയ്ക്ക് പകരം പാന്റിട്ടാണ് ഒരു നടി സാരിയുടുത്ത്, എത്തിയത്. മുള്‍ഭാഗം കണ്ടാൽ സാരിയാണെന്ന് പറയും, താഴ്ഭാഗം കണ്ടാൽ ചുരിദാർ ആണെന്ന് പറയും. അത്തരത്തിലായിരുന്നു താരരാജ്ഞിയും, ഫാഷൻ മൂർത്തികളിൽ ഒരാളായ രേഖയുടെ സാരിയുടെ രീതി . മലയാളി നടി അപർണ മുരളി ഏവരെയും അമ്പരിപ്പിച്ചാണ് ഒരു താരവിവാഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ചുവന്ന ജോർജറ്റ് സാരിക്ക് മുകളിൽ ഒരു സീക്വൻസ് വെച്ച നീളൻ ബ്ലാക്ക് ജാക്കറ്റ് ചേർത്തുള്ളതായിരുന്നുവേഷം. നല്ലൊരു പാർട്ടിവെയർ എന്നുള്ള ആശയമായിരുന്നു അതെന്ന് അപർണ്ണ വിശദീകരിച്ചു. എറണാകുളത്തെ “പ്രാണ” ഡിസൈനർ ഉടമസ്ഥ പൂര്‍ണിമ ഇന്ദ്രജിത്ത് ആണ്. പ്രാണയാണ് ഫിലിം അവാർഡ് വാങ്ങാനെത്തിയ മഞ്ജു വാര്യരുടെ  സാരി ഡിസൈൻ ചെയ്തിരിരുന്നത്. വര്‍ഷങ്ങളിലൂടെ ഫാഷൻ തരംഗമായി മാറിയിരിക്കുന്ന സാരിയെക്കുറിച്ച്, ഇംഗ്ലണ്ടിലെ വസ്ത്ര ഡിസൈനറായ ലാസൻ സിമോണ്‍സ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘ഞാന്‍ തന്നെ ഒരു ഡിസൈൻ ഉണ്ടാക്കുന്നുണ്ട്‌, കണ്ടാൽ സാരി പക്ഷേ പിറകിൽ പക്ഷെ സിബ് കാണും’ - ലാസന്‍ പറയുന്നു.

ഡിസൈനർ സാരികളുടെ പുതുലോകം ഇന്ന് ടീനേജ് കുട്ടികളിലേക്കും പടർന്നിരിക്കുന്നു.സാരി ഉടുക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കൊടിമാർ കുറവാണ്,പ്രത്യേകിച്ച് വിശേഷാവസരങ്ങൾക്കായി കാത്തിരിക്കുന്നു അവർ സാരിയുടുക്കാനായി!പത്തുവര്‍ഷങ്ങൾക്ക്  മുമ്പാണെങ്കില്‍ കാഞ്ചീപുരം സാരി മാത്രമായിരുന്നു ചോയ്‌സ്. ഇപ്പോഴാകട്ടെ വിവിധ മോഡൽ സാരികളുടെ ഒരു വൻ ശേഖരം തന്നെയുണ്ട്. പഴയകാല ഹാഫ് സാരി പോലെ തോന്നിക്കുന്ന ഡിസൈനര്‍ സാരികളുമുണ്ട്, ഇതാണ് പുതിയ ഫാഷന്‍ട്രെന്റ്. നിറയെ  മിനുക്കുപണികൾ ചെയ്തതും മുന്താണിയും ബോഡിയിൽ ഇടഭാഗം മാത്രം വര്‍ക്ക്ചെയ്തും ഉള്ള വ്യത്യസ്ഥകൾ  ഇന്ന്  ധാരാളാമാണ് സാരിയിടെ ഫാഷൻ രംഗത്ത്. സ്ത്രീക്ക്‌ ഏറ്റവും പ്രൗഢിയും കുലീനതയും നല്‍കുന്ന വേഷമേതാണെന്നു ചോദിച്ചാൽ മലയാളി ഒറ്റവാക്കിൽ ഉത്തരം നല്‍കും സാരിയെന്ന്‌.

വിശേഷാവസരങ്ങളിൽ സാരിയുടുത്ത്‌ കണ്ണഞ്ചിപ്പിക്കാനുള്ള ഒരവസരവും കളഞ്ഞുകുളിക്കാൻ തയ്യാറല്ല ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികൾ! ചിങ്ങം ഒന്നിനും കേരളപ്പിറവിക്കുമൊക്കെ ഒന്നു സാരിയുടുത്ത്‌ ചെത്താൻ കൊതിക്കുന്ന കോളജ്‌കുമാരിമാരും ഉദ്യോഗസ്ഥകളായ സ്ത്രീകളുമൊക്കെ മുന്‍പത്തെ അപേക്ഷിച്ച്‌ കൈത്തറി സാരികളും ,സെറ്റ്മുണ്ടുകളും കൂടുതലായി ഇന്ന് വാങ്ങുന്നു. സെറ്റ്‌ മുണ്ടുകളിലെ പെയ്ന്റിംഗ്‌, ഡിസൈനർ വര്‍ക്കുകൾ, ആപ്ലിക്കുകൾ ചെയ്ത സെറ്റുകൾ എന്നിവയിലെ പ്രത്യേകതയാണ് ഇവരെ ഇപ്പോൾ സാരികളിലേക്ക് ആകർഷിക്കുന്നത്. 300 രൂപ മുതൽ മുകളിലോട്ട്‌ വിലയുള്ള ഇത്തരം സാരികളുടെ പ്രത്യേകത, സാരിയെന്ന വേഷത്തോടൊപ്പം ഒരു മലയാളിത്തം കൂടി കിട്ടുന്നുവെന്നതാണ്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ