സ്വന്തം വീട്ടിലെ ‘ഗസ്റ്റ്’- മകളുടെ വിവാഹം, അമ്മയുടെ പ്രതീക്ഷകൾ, പ്രാർഥനകൾ, ആശങ്കകൾ‌‌

mother-daughter
SHARE

മകളുടെ ജനനം മുതൽ അമ്മയുടെയും അച്ഛന്റെയും മനസ്സിൽ പ്രതീക്ഷകളും ആശങ്കകളും ഒരു പോലെ വളരുന്നു. മകളുടെ വിവാഹത്തെപ്പറ്റി അച്ഛനും അമ്മയും  ആവരവരുടെതായാ വേറൊരു വേർഷൻ ഉണ്ടാക്കിയിരിക്കുമായിരിക്കും, തീർച്ച! ഓരോ മകളും വളർന്നുവരുമ്പോൾ അമ്മമാരുടെ ആധിയും വളരുകയല്ലേ. എന്തൊരു വിങ്ങലാണ് അമ്മമാരുടെ മനസ്സുകളിൽ!  ഏതൊരമ്മയും ദിവസവും മെഴുതിരി പോലെ ഉരുകിയുരുകി ജീവിക്കുന്നു. പക്ഷെ ആ അമ്മ ആരോടും ഒരു പരാതിയും  പരിഭവവും  പറയാറില്ല! ആശങ്കകൾ, പ്രതീക്ഷകൾ, എന്തു ചെയ്യണം എങ്ങനെ ചെയ്യണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ മനസ്സിൽ കണക്കുകൾ കൂട്ടിത്തുടങ്ങുന്നു. ആരോടും ബോധിപ്പിക്കാതെ, മനസ്സിൽ കണക്കൂകൾ കൂട്ടിത്തുടങ്ങുന്നു. ഇത് പാവപ്പെട്ടവന്റെയും പണക്കാരന്റെയും വീട്ടിൽ ഒരേ വിധത്തിൽ, അവരവരുടെ വിവരത്തിനും പരിചയത്തിനു സാഹചര്യങൾക്കും അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കാം, പക്ഷെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുക്കുന്നു ഏതൊരു അമ്മയുടെയും  മനസ്സിൽ!

പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനുള്ള പണം സ്വരൂപിക്കുകയെന്നത് മാതാപിതാക്കൾക്കും വെല്ലുവിളിതന്നെയാണ്. എന്നാൽ, ഇന്നത്തെക്കാലത്ത് പെൺമക്കളെക്കുറിച്ചുള്ള അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് പറയതിരിക്കാനും വയ്യ! കാരണം ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ  ആത്മവിശ്വാസത്തോടെയാണ് വളരുന്നതും വളർത്തുന്നതും. നല്ല വിദ്യാഭ്യാസത്തിനു ശേഷം, ജോലി കണ്ടുപിടിച്ച്, സമ്പത്തുണ്ടാക്കി വിവാഹത്തിനു മുമ്പേ സ്വന്തം കാലിൽ നിൽക്കാൻ അവർ പ്രാപ്തി നേടിയിട്ടുണ്ടാകും. നമ്മൾ ഇന്ന് കാ‍ണുന്നതിൽ ചിലരെങ്കിലും സ്വയം പര്യാപ്തയുടെ ശക്തിയിൽ തയ്യാറെടുത്തുകഴിഞ്ഞു തന്റെ ജീവിതങ്ങൾക്കായി! എങ്കിലും അവിടെയും ചിന്തകളിൽ, പ്രവർത്തനങ്ങളിൽ , തയ്യാറെടുപ്പുകളിൽ വ്യത്യാസം അണുവിട പോലും വരാത്ത ഒരു വ്യക്തിയുണ്ട്, അമ്മ.  അന്നത്തെയും ഇന്നത്തെയും, എന്നത്തെയും അമ്മ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞിരിക്കും തന്റെ മകളുടെ വിവാഹത്തിനായി, അവളുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ തയ്യാറെടുപ്പുകൾക്കായി!

ആദ്യമായി മകളുടെ കാതുകുത്താനായി തട്ടാന്റെ അടുത്ത് പോയിരുന്ന അമ്മ ഇന്ന് ഇഎൻടി ഡോക്ടർമാർക്കരികിലും പോയിത്തുടങ്ങി! എങ്കിലും ഇന്നും  സ്ഥാനം തെറ്റാതെ തട്ടാന്മാർക്കു മാത്രമെ കാതുകുത്താനറിയാവൂ‍ എന്ന് ഏതു രാജ്യത്തു ജീവിക്കുന്ന ഇൻഡ്യൻ അമ്മമാർ ചിന്തിക്കുന്നു. ആ കാതുകുത്തിലൂടെ സ്വർണ്ണത്തിന്റെ  തയ്യാറെടുപ്പുകൾ തുടങ്ങാനുള്ള അമ്മയുടെ  താക്കോലാണത്.  അരയിലെ അരഞ്ഞാണം വെള്ളിയിലെങ്കിലും തീർക്കുന്നു, സ്വർണ്ണത്തിൽ തീർക്കുന്നവരും ഇല്ലാതില്ല, കാലിലെ കൊലുസ് നടക്കാൻ തുടങ്ങൂന്നതോടെ തയ്യാറാകുന്നു, കഴുത്തിലെ ചെറിയൊരു മാല, കയ്യിലെ രണ്ടു വളകളും എല്ലാം 5 വയസ്സിനുള്ളിൽ തയ്യാറായിക്കഴിഞ്ഞു. ഇതേ വളയും തളയും അരഞ്ഞാണവും കമ്മലും പൊതിഞ്ഞ് സൂക്ഷിച്ച്  വെക്കുന്നു കൊച്ചുമക്കൾക്കായി! അവിടെയും തയ്യാറെടുപ്പുകളുടെ ഭാഗം തന്നെ, മകളുടെ വീട്ടുകാരോട് മകളുടെ തയ്യാറെടുപ്പായി, അവളുടെ ദീർഘദൃഷ്ടിയെക്കുറിച്ചുള്ള വർണ്ണനകളോടെതന്നെ കൊച്ചുമകൾക്ക് സമ്മാനിക്കുന്നു. 

ചില അമ്മമാരുടെ ഓർമ്മകളിൽ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ദിവസമാണ് തന്റെ മകളുടെ വിവാഹ ദിവസം... റീമ ജോൺ തന്റെ മകളുടെ വിവാഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ വിവാഹത്തിന്റെ സമയത്ത്, അതിനോടനുബന്ധിച്ച ദിവസങ്ങളിലും  ഞാൻ അവളെ അത്രമാത്രം കണ്ടിരുന്നില്ല!  തയ്യാറെടുപ്പുകളുടെ എല്ലായിടത്തും ഞാൻ തന്നെ എത്തിച്ചേരണം എല്ലാം നന്നായി നടക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു മനസ്സിൽ. 12 ആം  ക്ലാസ്സിനു ശേഷം ഇവിടെ നമ്മുടെ പ്രവാസജീവിതത്തിന്റെ ഭാഗമായി അവർ നമ്മുടെ അടുത്തുനിന്ന് മാറി ജീവിക്കാൻ തുടങ്ങുന്നു! അതിനാൽ വിവാഹത്തിന്റെ ശരിക്കുള്ള ആ മാറ്റത്തിന്റെ തയ്യാറെടുപ്പ് മനസ്സുകൊണ്ട് അന്ന്  തുടങ്ങിക്കാണണം. അതിനാൽ ഇന്നും  അവൾ വിവാഹിതയായി എന്നും , ഒരു കുടുംബത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാൻ  ഇന്നും പ്രയാസമാണ്.  നമ്മളോരുത്തരും. അപ്പന്റെയും അമ്മയുടെയും വീട് ഏതൊരുകാലത്തും  ഓർത്തുകൊണ്ടും , നഷ്ടങ്ങളുടെ  നീണ്ട പട്ടികയുടെ ആദ്യത്തെ  വാക്കായിരിക്കും, എന്റെ വീട്! ആ വീട്ടിൽ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും കിട്ടുന്ന സുരക്ഷിതത്വം ഒരിക്കലും മറ്റെവിടെയും ലഭിക്കില്ല ആർക്കും! പഠനത്തിന്റെ കാലഘട്ടങ്ങളിൽ മാറിനിൽക്കുന്നവർക്ക് ആ വലിയ നഷ്ടത്തിന്റെ ‘ആഘാതം’  ക്ഷതം അല്പം  കുറഞ്ഞിരിക്കാം. എന്നിരുന്നാലും വിവാഹത്തോടെ അവൾ എന്റെതല്ലാതായി മാറുന്ന ആ ഒരു നിമിഷം എനിക്ക് എല്ലാം  നഷ്ടമാകുന്നു. പ്രത്യേകിച്ച് എനിക്ക് ഒരേഒരു മകൾ  ആണ്. എനിക്ക് കിട്ടിയത് മരുമകനെയല്ല ഒരു മകനെയാണ് എന്ന സന്തോഷം ആ നഷ്ടത്തെ ഇല്ലാതെയാക്കുന്നു എന്നതാണ് ദൈവത്തിന്റെ മറുമരുന്ന് എന്ന് ഞാൻ വിശ്വസിക്കുന്നു. 

മകളും അവളുടെതായ വിധത്തിൽ പല  ചെറിയ വിഷമങ്ങളിലൂടെയും കടന്നുപോകുന്നു ” ഇന്നലെ വരെ സ്വന്തമെന്ന് കരുതിയതിൽ നിന്നൊക്കെ ഇനി ഞാൻ  അകലുകയാണോ എന്നൊരു തോന്നൽ!.വിവാഹം പടിവാതില്‍ക്കലിൽ നില്‍ക്കെ ഉള്ളിൽ സന്തോഷങ്ങൾ നിറയും എങ്കിലും എവിടെയോ ഒരു വേദന എങ്ങലടിക്കുന്നു. കുറച്ചു ദിവസമായിട്ട് വല്ലാത്തൊരു വിമ്മിഷ്ടം, രാത്രി അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ അമ്മയുടെ അടുത്ത് കിടന്നിട്ട് മതിവരാത്തപോലെ തോന്നുന്നു! വിവാഹമടുക്കുമ്പോഴുള്ള ചങ്കിടിപ്പ്. പ്രിയപ്പെട്ട എന്തിനോടൊക്കെയോ വിടപറയുകയാണ് എന്ന തോന്നൽ, മായിച്ചിട്ടും മായാതെ കിടക്കുന്നു. കല്ല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ നിങ്ങൾക്ക് ഒരു സ്പെഷ്യൽ ഗസ്റ്റ് മാത്രം ആവില്ലെ അമ്മേ? എന്ന ചോദ്യം എല്ലാ അമ്മമാരെയും വേദനിപ്പിച്ചേക്കാം. സംസാരിക്കാനും ചര്‍ച്ച ചെയ്യാനും അച്ഛൻ എന്നും നല്ലൊരു  നല്ല കമ്പനിയായിരുന്ന.അമ്മയുടെ നിശബ്ദതകൾ പലപ്പോഴും പെൺകുട്ടികളെ വേദനിപ്പിച്ചു കാണണം. അവിടെയല്ലാം അവർ മനസ്സിലാക്കാത്ത ഒരു വേദനയുടെ  മൗനം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നിരിക്കണം. വിവാഹം തൊട്ടരികെ നിൽക്കുമ്പോഴും മനസിൽ നിറയെ സന്തോഷമുള്ള ഓര്‍മ്മകളുടെ തള്ളിക്കയറ്റത്തിലും, ''അമ്മയാണ് വീട്ടിലെ കേന്ദ്രം. അമ്മയില്ലാതെ വീട് ഒരു ദിവസം പോലും ഓടില്ല എന്നൊരു സന്തോഷത്തിൽ, ഞാനും അറിഞ്ഞില്ല, അമ്മയില്ലാതെ നാളെമുതൽ ഞാൻ എങ്ങനെ  ദിവസങ്ങളും, മണിക്കൂറുകളും, നിമിഷങ്ങളും ജീവിക്കും എന്ന്? എന്നാൽ ഞാനറിയാതെ എന്നെ എന്റെ അമ്മ തയ്യാറാക്കിയിരുന്നു ജീവിക്കാൻ , അമ്മയെപ്പോലെ മറ്റൊരു കുടുംബത്തിന്റെ അമ്മയാക്കാൻ  എന്നെ പഠിപ്പിച്ചിരുന്ന് എന്ന് ഞാൻ  വർഷങ്ങൾക്കു ശേഷം മാത്രമാണ് മനസ്സിലാക്കിയത്.”

നമ്മൾ നമ്മുടെ ഓര്‍മകളെയുമൊക്കെ പിന്നിലാക്കി കാലത്തിനൊപ്പം ജീവിതം എന്ന യാത്ര തുടരുമ്പോൾ, നമ്മുടെയെല്ലാം മനസിന്‍റെ താളിൾനിന്നും കൊഴിഞ്ഞു പോകുന്നത്‌ മകൾ എന്ന വലിയൊരു അദ്ധ്യായം ആണ്. ഇനി പുതിയ പ്രതീക്ഷകളോടെ അവൾ സ്വന്തം ജീവിതത്തിലേക്ക്  കാ‍ലെടുത്ത് വെക്കുമ്പോൾ പലപ്പോഴും ഒരു തിരിഞ്ഞു നോട്ടും ഉണ്ടാവും അമ്മയുടെ കണ്ണുകളിലേക്ക്! അവിടെ ഞാനടക്കം ഏതൊരുമ്മയും നെഞ്ചാണ് പിടയുന്നത്, അവളുടെ എല്ലാ അങ്കലാപ്പും, ഭയവും ചേർന്നുള്ള ഒരു നോട്ടം! എന്നാൽ അമ്മയുടെ മുഖത്തെ പുഞ്ചിരിയിലും , ഒരു മുത്തം തരുന്ന ഒരു മുഖഭാവത്തിന്റെ കാഴ്ചയോടെ മകളുടെ മുഖത്ത് ആ ചിരിയും ധൈര്യവും പകർന്നു കിട്ടുന്നു. ധൈര്യത്തോടെ അവൾ നടന്നടുക്കുന്നു അവളുടെ ജീവിതത്തിലേക്ക്.

ഒരു അടിക്കുറുപ്പ്:-  ആദ്യത്തെ കാ‍തുകുത്തലിനും കമ്മലിനുമൊപ്പം, അമ്മ ആ കണക്കു പുസ്തകം തുറക്കുന്നു,  മകളുടെ കല്യാണത്തിന്റെ സ്വർണ്ണത്തിന്റെ ! ഓരോ മാസവും ഒരു പവൻ എന്ന് 1  വയസ്സാകുബോൾ മുതൽ തുടക്കം വയ്ക്കുന്നു. ഏതൊരു  അമ്മയും, ഏതൊരു സാഹചര്യത്തിലും, പണക്കാരിയും, പാവപ്പെട്ടവളും എന്നൊരു വ്യത്യാസം ഇല്ലാതെ ഇടവിടാതെ ഈ ചിന്തകൾ ഒരേ രീതിയിൽ ഏതൊരമ്മയിലും പടർന്നുകയറുന്നു! ചിട്ടിപിടിക്കുക, മാസപ്പടിക്കു ചേരുക എന്നിവയാണ് ഒരു സാധാരണ കുടുംബ സ്ഥിതിയിലുള്ള എല്ലാ അമ്മമാരുടെയും രീതികൾ. പ്രവാസലോകത്ത് എന്നാൽ ഇതിന്റെ രീതികളിൽ അൽപം സ്വൽപം വ്യത്യാസം എന്തെന്നാൽ, സ്വർണ്ണകട്ടകൾ  ബില്ലോടുകൂടി , നാട്ടിലെ ലോക്കറുകളിൽ എത്തുന്നു. സ്വർണ്ണം  ഇടാൻ താൽപര്യം കാണിക്കാത്ത ഒരു തലമുറക്കായി അമ്മ കണ്ടുപിടിച്ച ഭാവി പരിപാടി! ഈ സ്വർണ്ണനിക്ഷേപങ്ങൾ അതേപടി അവൾക്കു നൽകിയാൽ ഭാവിയിലെ ആവശ്യങ്ങൾക്കുപകരിക്കും എന്ന ചിന്തയോടെയുള്ള നിക്ഷേപം! ഇതേരീതി ഇന്ന് നാട്ടിലെ അമ്മമാരും കണ്ടെത്തി ‘നിക്ഷേപരീതി‘  ഭാവിലേക്ക് ഒരു ഫ്ലാറ്റ്, അതിന്റെ ആദ്യത്തെ  നിക്ഷേപം ഏതാണ്ട് കുട്ടിക്ക്  5 വയസ്സാകുബോൾ തുടങ്ങി.  അവളുടെ കല്ല്യാണസമയം വരെ വീട്ടുചിലവിനു തന്നതിൽ നിന്ന് മിച്ചം പിടിച്ച് , മകളുടെ വീട് തയ്യാറാക്കിയ അമ്മമാരും ഉണ്ട്. മകളുടെ ഭാവി എന്നത് ഇന്ന് എല്ലാ അമ്മമാരുടെയും ചിന്തകളുടെ ഒരു വലിയഭാഗമാണ്, അത് ഏറ്റവും കാര്യക്ഷമതയോടെ അവർ നിർവ്വഹിച്ചു തീർക്കുകയും ചെയ്യുന്നു എന്നതാണ് വലിയൊരു കാര്യം. ആ തയ്യാറെടുപ്പുകളിൽ ആ അമ്മ, സാമ്പത്തികവിദഗ്ധയും , കുടുബക്ഷേമനിധിയും, ഫ്യൂച്ചർ പ്ലാനിംഗ് കമ്മീഷണറും ഒക്കെയായി മാറുന്നു ഒരു  പരിശീലനവും ഇല്ലാതെ, ഒരു  ഉപദേശങ്ങളും ഇല്ലാതെ, അതാണ് ഈ മകളുടെ മാത്രം ‘അമ്മ’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ