എ ഡേ ഫോർ അമ്മ

amma-sapna
SHARE

ക്ഷമയുടെ പ്രതീകം  അനുകമ്പയുടെ തീര്‍ത്ഥം, സ്നേഹത്തിന്‍റെ പാരാവാരം. കവികൾ കവിതകളിലും  ലിഖിതങ്ങളിലും എത്ര എഴുതിയാലും തീരാത്ത വിഷയം. ആര്‍ക്കും പൂര്‍ണ്ണ അര്‍ത്ഥം മനസ്സിലാക്കാൻ ഇടം കൊടുത്തിട്ടില്ലാത്ത, ആരും തന്നെ നിര്‍വ്വചനം എഴുതിച്ചേര്‍ത്തിട്ടില്ലാത്ത സ്നേഹപര്‍വ്വം ആണ് അമ്മ.

എന്‍റെ മനസ്സിലും ജീവിതത്തിലും ശക്തമായി പ്രകടമായിരുന്ന, എന്നാൽ ഒരു സുഹൃത്തിന്‍റെ ലാഘവത്തോടെ എന്നും എന്നെ മനസ്സിലാക്കിയിരുന്ന, എന്നും എപ്പോഴും, എനിക്ക് ധൈര്യത്തോടെ ഓര്‍ക്കാൻ സാധിക്കുന്ന എന്‍റെ അമ്മ. ജീവിതത്തിന്‍റെ എല്ലാ കഥകളുടെ ഓര്‍മ്മകൾക്കിടയിൽ വ്യക്തമായി പ്രകടമാകുന്ന ഒരു മുഖം. ഏതൊരു പ്രശ്നങ്ങളുടെ ഇടയിലും മനസ്സിൽ ഓര്‍ക്കുമ്പോള്‍ത്തന്നെ പരിഹാരമായെത്തുന്ന മനസ്സ്. അതിലും അപ്പുറത്തായി, എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങളും ഉത്തരങ്ങളും ക്ഷാമമില്ലാതെ എത്തുന്നു. എന്‍റെ ചോദ്യങ്ങള്‍ തീരുന്നതിനു മുന്‍പ് ,മറുചോദ്യങ്ങള്‍ എത്തുന്നു. അവയിലൂടെ എന്‍റെ ഉത്തരങ്ങളിലേക്ക് എന്നെത്തന്നെ എത്തിക്കുന്നു. ആ ഉത്തരങ്ങള്‍ എന്‍റെ മനസ്സില്‍ നിന്നു വരുന്നതായതുകൊണ്ട് ഞാനുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടുന്നതായിരിക്കും  എപ്പോഴും. ശാസനകള്‍ക്ക് സ്നേഹത്തിന്‍റെ  തലോടല്‍ പരിഭവങ്ങള്‍ക്ക് ലാളനയുടെ താരാട്ട്. എന്തിനേറെ ഇല്ലായ്മകള്‍ പോലും ആഘോഷങ്ങളാക്കുന്ന സ്നേഹം. 

നമ്മുടെ പല ഏടുകളും എടുത്തു നോക്കുമ്പോള്‍ എല്ലാവരുടെയും ജീവിതത്തിന്‍റെ പ്രത്യക്ഷമായ ഒരു വലിയ ഭാഗം അമ്മയുടേതാണ്. കുടുംബനാഥന്‍ എന്ന അച്ഛന്‍റെ പ്രതിച്ഛായ ഒരു നിഴല്‍ മാത്രമാണ്. എന്നിരുന്നാലും അച്ഛന്‍ എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ആഗ്യം,കണ്ണ്,ചിരി,ഒരു മുഖഭാവം,മൂളല്‍ എന്നി ശാരീരികഭാഷകളാല്‍ തീരുമാനങ്ങളുടെ അവസാനക്കല്ല് എന്നും അമ്മയില്‍ നിന്നു തന്നെയാണ് വരുന്നത്. ഇത് അതീവ ശ്രദ്ധയോടെ, ജാഗ്രതയോടുംകൂടി, കുട്ടികളുടെ യാതൊരു അറിവും ഇല്ലാതെ, എല്ലാ തീരുമാനങ്ങളും അച്ഛന്‍ ഏടുത്തു എന്നു തന്നെയാണ് സ്ഥിരീകരിക്കപ്പെടുന്നത്. 

തനിക്കുവേണ്ടി ഒരു നല്ലവാക്കും നന്ദിയും പ്രതീക്ഷിക്കാതെ, എല്ലാം എല്ലാവര്‍ക്കും വേണ്ടി ചെയ്യുന്ന അമ്മ. എവിടെ തെറ്റുപറ്റുന്നു, എവിടെയാണ് പാളിച്ച പറ്റിയത് അല്ലെങ്കില്‍ വരാന്‍ സാധ്യതയുള്ളത് എന്നു കാലേകൂട്ടി തീരുമാനിക്കുന്നു. എന്‍റെ മകന്‍, മകള്‍ ഇന്നതു ചെയ്താല്‍ അതിന്‍റെ  വരുംവരാഴികകള്‍ നേരത്തെ തന്നെ അമ്മക്കറിയാം. അമ്മയുടെ ശരീരത്തിന്‍റെ ഭാഗമായ സ്വന്തം മക്കളുടെ കഴിവും, പരിമിതികളും‍, എത്രടം വരെ അവരുടെ മനസ്സും ശരീരവും ചെന്നെത്തും എന്ന് അതേപടി മനസ്സിലാക്കാന്‍ അമ്മക്ക് കഴിയുന്നു. 

'സ്വന്തം,സ്വാര്‍ഥത' എന്നീ രണ്ടുവാക്കുകള്‍ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും പ്രവര്‍ത്തിയില്‍ നിന്നും എടുത്തു കളഞ്ഞ എന്‍റെ അമ്മ. പുതിയ ഉടുപ്പും ബുക്കും, വെള്ള നിറത്തിലുള്ള റിബണും, പച്ച പിനോഫോർ യൂണിഫോമുവായി ഞാന്‍ സ്കൂളിന്‍റെ പടിവാതിലുകള്‍ അമ്മയുടെ കൈ പിടിച്ചു കയറി. സ്കൂള്‍ റ്റീച്ചര്‍ കൂടിയായ അമ്മയുടെ പിച്ചും, ഞുള്ളും എന്‍റെ സ്കൂള്‍ ജീവിതവും പഠനവും ഏറെ ലളിതമാക്കി. കൂട്ടുകാരും ദിവസങ്ങളും ഓടി മറഞ്ഞു കൊണ്ടേയിരുന്നു. വളര്‍ന്നു വരുന്ന എന്നെ സ്ത്രീത്വത്തിന്‍റെ കൈപിടിച്ചുയര്‍ത്തുമ്പോള്‍ ‍, അമ്മയുടെ തലോടലിന്‍റെ ചെറുചൂടില്‍ ഞാന്‍ എന്‍റെ പരിഭ്രാന്തികള്‍ക്ക് കടിഞ്ഞാണിട്ടു. 

കൂട്ടുകാരും, സുഹൃത്തുക്കളും എല്ലാം ഒത്തിണങ്ങിയ എന്‍റെ കോളജ് ജീവിതത്തില്‍ ഒന്നിനും തന്നെ എനിക്കു അമ്മ തടസ്സം നിന്നില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്, അത് എവിടെ എപ്പോ എങ്ങിനെ എന്നു പറഞ്ഞു തന്നു. മനസ്സിന്‍റെ വിലക്കുകള്‍ തീരുമാനിക്കാനുള്ള പരിധിയും ഉപദേശിച്ചു തന്നു. തീരുമാനം സ്വന്തമായിരിക്കും, അതു തീരുമാനിക്കാനുള്ള മനസിന്‍റെ പക്വത എന്‍റെ അമ്മ എന്നെ പഠിപ്പിച്ചു.എന്‍റെ ആദ്യാനുരാഗങ്ങള്‍ അമ്മയുടെ ചൂരലിന്‍റെ ചൂടറിഞ്ഞു. എന്നാല്‍ ജീവിതത്തിന്‍റെ അര്‍ത്ഥം കോര്‍ത്തിണക്കപ്പെടേണ്ട മുഖത്തിനു നേരെ അമ്മ പുഞ്ചിരിച്ചു. ധൈര്യം വാരിക്കോരിത്തന്ന ആ മുഖത്തെ ചിരി എനിക്ക് പിതാവിന്‍റെ മുന്നില്‍ അവതരിപ്പിച്ചനുവാദം വാങ്ങാനുള്ള ധൈര്യം തന്നു. 

വീടും വീട്ടുകാരും സ്വന്തം ബന്ധം ഇവക്കെല്ലാം അര്‍ത്ഥങ്ങള്‍ ജീവിതത്തില്‍ അവയുടെ ആവശ്യകത മനസ്സിലാക്കിത്തന്നു. വാക്കുകളെക്കാളേറെ പെരുമാറ്റത്തിലൂടെ ബന്ധങ്ങളുടെ കെട്ടുറപ്പുകള്‍ വരുത്താം എന്ന് അമ്മ പഠിപ്പിച്ചു. 

വാക്കുകളും പെരുമാറ്റങ്ങളുമായി സ്വയം ക്ഷമയുടെ പാരാവാരമായി അമ്മ. ബന്ധങ്ങളുടെ കെട്ടുറപ്പും, അതിന്‍റെ ആവശ്യകതയും ഓതിത്തന്നു. പരസ്പര സ്നേഹമില്ലാതെ ജീവിക്കാന്‍, എല്ലാം പൊട്ടിച്ചെറിയാന്‍  എല്ലാവര്‍ക്കും സാധിക്കും, എന്നാല്‍ ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍  എല്ലാവര്‍ക്കും സാധിക്കില്ല.'ഞാന്‍ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ നീ നിന്‍റെ  കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍ , ഇന്ന് അമ്മ പറയുന്നത് അന്നു നീ മനസ്സിലാക്കും" . ഇന്ന് എന്‍റെ  3 മക്കള്‍ക്ക് ഞാനൊരമ്മയായപ്പോള്‍ എന്‍റെ  അമ്മയുടെ ക്ഷമയും, അന്നത്തെ  എന്‍റെ  അക്ഷമയും ഞാന്‍ മനസ്സിലാക്കി. എന്‍റെ  തീരുമാനങ്ങളെയും സ്നേഹത്തെയും മറികടന്ന്, എന്‍റെ അമ്മ എന്നെ വിട്ടു പിരിഞ്ഞു 2002 ൽ, ക്യാന്‍സറിന്റെ പിടിയിൽ അമ്മ വെന്തു വെണ്ണിറായി. നേരത്ത  തീരുമാനിച്ചുറക്കാത്ത യാത്ര!!. എന്‍റെ മനസ്സിന്‍റെ  ധൈര്യം നിന്ന നില്‍പ്പിൽ  ചോരുന്നു, ആരുടെയും സ്വാന്തനങ്ങൾ എന്‍റെ മനസ്സിൽ നിറഞ്ഞില്ല, അന്നും  ഇന്നും!!!

ഒരിക്കലും തിരിച്ചു കിട്ടാത്ത എന്‍റെ അമ്മയുടെ സ്നേഹത്തിനായി ഞാനിന്നും കാത്തിരിക്കുന്നു. എന്നാൽ നമ്മുടെയെല്ലാം തീരുമാനങ്ങളെ മറികടന്ന് കാലത്തിന്റെ മാറ്റം ഇന്നു പല അമ്മമാരെയും “ഓൾഡ് ഏജ് ഹോം’’ ൽ എത്തിച്ചിരിക്കുന്നു എന്നതും അമ്മ എന്ന സത്യത്തിന്റെ ഭാഗം ആണ്! അമ്മക്ക് ഇന്ന് standard ‘പോര, മക്കളുടെ whatsapp കൾച്ചറീനു കൂടെ ചേർന്നു പോകാൻ അമ്മക്കു കഴിയുന്നില്ല എന്നൊരു തോന്നൽ! മണിക്കൂറുകൾ  കരച്ചിൽ മാറ്റാനായി അമ്മ പാ‍ട്ടുപാടി  എടുത്തു നടന്നതും, പനിച്ചു വിറച്ചു കിടന്ന രാത്രികളിൽ ഉറക്കമളച്ച് അമ്മ നെറ്റിയിൽ തുണിനനച്ചിട്ടു കൂട്ടിരുന്നതും, സ്കൂളിൽ സ്പോർട്ട്സ് ഡെയിൽ  വീണു കാലിൽ ചോരയൊലിപ്പിച്ച് വീട്ടിലെത്തിയപ്പോഴും, അമ്മ എന്നും അമ്മയായിരുന്നു!!!

ഉറക്കമിളച്ചു കൂടെയിരിക്കാനും,  രാത്രിയfൽ ഉറക്കം വരാതിരിക്കാൻ  കട്ടൻ കാപ്പിയുണ്ടാക്കാനും  അമ്മ മറന്നില്ല! ഫോണിൽ അലാറം അടിക്കാതെ, നോട്ട് പാഡിൽ റിമൈൻഡർ ഇടാതെ അന്നും അമ്മ കൃത്യസമയത്ത്  എഴുന്നേറ്റു!! ഇതൊന്നും ഉപയോഗിക്കാത്ത, കാലിൽ വാതം വന്ന് , കോച്ചിവലിക്കുന്ന വേദനയുള്ള, കണ്ണടവെച്ചിട്ടും കാഴ്ച ശരിയാകാത്ത, പ്രഷറിന്റെ ഗുളികൾക്ക് കീഴടങ്ങി വലിഞ്ഞു നിരങ്ങി നടക്കുന്ന അമ്മയെ  അമ്മയുടെ പ്രായക്കാർക്കിടയിലേക്ക് , “സ്വാന്തനഭവനത്തിലേക്ക” മക്കൾ ഇന്ന് കരുണയോടെ കൈമാറുന്നു. അമ്മയുടെ പ്രായത്തിലുള്ള , അമ്മക്ക് ആശയങ്ങൾ പങ്കുവെക്കാവുന്ന, അമ്മക്ക്  ഈസി കമ്യൂണിക്കേഷൻ  സാധിക്കുന്നവരാകുമ്പോൾ അമ്മക്ക് പ്രയാസമില്ല, സന്തോഷം കൂടുകയേയുള്ളു എന്ന മക്കളുടെ ദീർഘദൃഷ്ടി ഇവിടെ പ്രാബല്യത്തിൽ വന്നു!!!!. ഇതെല്ലാം ഇന്നും ഒരു പുഞ്ചിരിയോടെ ,സന്തോഷത്തോടെ മക്കൾക്കു വേണ്ടി  അമ്മ ഏറ്റെടുത്തു , “ഓ ഇതൊക്കെ മതി, ഇവിടെ എല്ലാവരും ഇല്ലെ, ആവശ്യം പോലെ നിന്നെ മൊബൈലിൽ കിട്ടുമല്ലോ, മക്കളു പോയിട്ടു വാ “ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ