നാം ആരെയെങ്കിലും മനസ്സറിഞ്ഞ് സഹായിച്ചാൽ നമുക്ക് ഒരു ആവശ്യം വരുമ്പോൾ ആരെങ്കിലും നമ്മളെയും സഹായിക്കും. എല്ലാത്തരം വിശ്വാസങ്ങളിലും പറയുന്ന‘കർമ്മ’ ഇതാണ്.നാം എന്തു കൊടുക്കുന്നോ അത് നമുക്ക് തിരിച്ചു കിട്ടും,നല്ലതാണെങ്കിലും ചീത്തയാണെങ്കിലും.ഈ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്നും,എങ്ങനെയാണെന്നും, ഇതിനുള്ള പരിഹാരം എന്താണെന്നും ആലോചിക്കാത്തവർ ഇല്ല എന്നുതന്നെ പറയാം. മറു മരുന്നുകളില്ലാത്ത മഹാമാരി വന്നുകഴിഞ്ഞു.
കൊറോണയെന്ന ലാറ്റിൻ പദത്തിന് കിരീടം എന്നാണ് അർത്ഥം. മനുഷ്യനിലും മൃഗങ്ങളിലും പക്ഷികളിലും രോഗങ്ങൾ പരത്തുന്ന വൈറസുകളാണ് കൊറോണാ. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഈ വൈറസുകളെ നോക്കുബോൾ ഒരുതരം കിരീടാകൃതിയിൽ കാണുന്നതിനാലാണ് ഈ പേരുവന്നെതെന്നാണ് പറയപ്പെടുന്നത്. ഈ വൈറസിനെ ഭയക്കേണ്ടതില്ലെന്നും ജാഗ്രതയുണ്ടായാൽ മതിയെന്നും സർക്കാരും ആരോഗ്യരംഗത്തെ പല വിദഗ്ധരും ആവർത്തിച്ചു പറയുമ്പോഴും കൊറോണയെപ്പറ്റി ഊഹാപോഹങ്ങളും വ്യാജവിവരങ്ങൾ സമൂഹത്തിൽ,വാട്ട്സ് വഴിയും മറ്റും പ്രചരിക്കുകയാണ്. ഇത്തരം വ്യാജവിവരങ്ങളും ഭീതി പരത്തുന്ന സന്ദേശങ്ങളും വിശ്വസിക്കുകയോ മറ്റുള്ളവർക്കു അയച്ചു കൊടുക്കുകയോ ചെയ്യരുത് എന്ന് ഒട്ടുമിക്കവരും മനസ്സിലാക്കിക്കഴിഞ്ഞു.
കോവിഡ് 19 പകരുന്ന രീതി? വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും, സ്പർശത്തിലൂടെയും മറ്റുള്ളവരിലേക്കു പകരാം.രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും രോഗം പകരാം.ഇത്തരം ഇടങ്ങളിൽ തൊട്ടതിനു ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുന്നത്.രോഗലക്ഷണങ്ങൾ? ക്ഷീണം,വരണ്ട ചുമ,പനി എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. ചിലർക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവയും വന്നുകണ്ടിട്ടുണ്ട്.എന്നാൽ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരും ഇല്ലാതില്ല.രോഗികളിൽ 80% പേരും ചികിത്സയില്ലാതെ തന്നെ രോഗത്തിൽ നിന്ന് മുക്തി നേടാറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ എന്തു ചെയ്യണം?അസ്വസ്ഥത തോന്നിയാൽ വീട്ടിൽ തുടരുക. ചുമയോ പനിയോ ശ്വാസതടസ്സമോ നേരിട്ടാൽ വൈദ്യസഹായം തേടുക.
ഗൾഫിലെ സുരക്ഷാനടപടികൾ
കോവിഡ്–19 ഭീഷണി നിലനിൽക്കെ സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും പരീക്ഷ നടത്തേണ്ടതാണ്.എന്നാൽ കൊച്ചിയിലെ ചില സ്കൂളുകൾ മാതൃകാ രീതികൾ കാണിച്ചു കഴിഞ്ഞു. വിദ്യാർഥികൾക്കു വീടുകളിലിരുന്നു മാതാപിതാക്കളുടെ നിരീക്ഷണത്തിൽ പരീക്ഷ എഴുതാൻ അവസരമൊരുക്കുകയാണ് അവർ.കോപ്പിയടിച്ചെന്നു സംശയമുണ്ടായാൽ അവരുടെ മുൻ പരീക്ഷാഫലങ്ങൾ വച്ച് അധ്യാപകർക്ക് വിലയിരുത്താൻ സാധിക്കുകയും ചെയ്യും. ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലെ കോളജുകളും സ്കൂളുകളും വരുന്ന ഒരു മാസത്തേക്കു നിർത്തി വച്ചിരിക്കുകയാണ്.എല്ലാ സിനിമാശാലകളും മോസ്കുകളും അമ്പലങ്ങളും പള്ളികളും നിർത്തിവച്ചിരിക്കയാണ്. രോഗവിവരങ്ങൾ അറിയിക്കാനായി കോൾ സെന്ററുകൾ തുറന്നു. ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും എല്ലാത്തരം സൗകര്യങ്ങളും വിവരങ്ങളും നൽകാനായി, സഹായത്തിനായി പലരും തയ്യാറായി. ക്യാബുകളിലും മറ്റും തയ്യാറെടുപ്പുകൾ നടത്തി. ആഹാരസാധനങ്ങളും നിത്യോപക സാധനങ്ങളും പലരും ഫ്രീയായി എത്തിച്ചു കൊടുക്കുന്നുണ്ട്.
കേരളം
കേരളത്തിൽ ഇതുവരെ 22 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയ 300 ഓളം പേര്‍ ആശുപത്രിയിൽ ചികിത്സയിലും.5500 ഓളം പേർ വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മാനസികാരോഗ്യ പരിപാടികൾ ശക്തിപ്പെടുത്തണം എന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്.ഒരുവശത്ത് നിരീക്ഷണത്തിലുള്ളയാളിന്റെ മാനസികാവസ്ഥയും,അതേ ആളിന് മറുവശത്ത് തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തകളും വിഷമിപ്പിക്കും.
നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ വിദഗ്ധർ സംസാരിക്കുകയും പല ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.ഇങ്ങനെയൊരവസ്ഥയിൽ സ്വാഭാവികമായും ഏതൊരു മനുഷ്യനും ഉണ്ടായേക്കാവുന്ന ടെന്‍ഷൻ,വിഷമം,ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുക്കാനാണ് മനശാസ്ത്രഞനുമായുള്ള സംസാരം!ഇതിന് പുറമെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസോലേഷന്‍ വാര്‍ഡുകളിൽ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നല്‍കുകയും ചെയ്യുന്നതിനൊപ്പം അവരുടെ ആശങ്കകൾ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു പറ്റുന്നിടത്തോളം സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.ഓരോ ജില്ലയിലും ഇതിനായി ഒരു ഹെല്‍പ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ഹെല്‍പ് ലൈനുകൾ തുടങ്ങിയിട്ടുണ്ട്.പല ഗൂപ്പുകളായും,സഹകരസന്നദ്ധതകളായും സിഎംഎസ്സ് കോളജും മറ്റും മാസ്കുകളും സാനിറ്റൈസറുകളും നിർമ്മിച്ചു നൽകുന്നുണ്ട്. ആഹാരസാധങ്ങളും മറ്റും എത്തിച്ചുകൊടുക്കാൻ പല സംഘടനകളും ശ്രമിക്കുന്നുണ്ട്.
സാധാരണക്കാരന്റെ ജീവിതം
നമ്മുടെ ഒക്കെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീകൾ,ഒരു ദിവസത്തെ ജോലിക്കായി വരുന്ന കൂലിപ്പണിക്കാർ എന്നിവരെക്കുറിച്ച് ആരുംതന്നെ ഇതുവരെ ചിന്തിച്ചിട്ടില്ല.അവർക്കാരും,ഒരു മാസത്തെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കൊടുക്കാനില്ല .ഒരു മാസത്തെ ശമ്പളം വീട്ടിലെത്തിക്കാനും വീട്ടിൽ നിന്ന് ജോലിചെയ്യാനുള്ള അനുവാദം കൊടുക്കാനും ആരും ഇല്ല. ഒരുപക്ഷെ വീട്ടുജോലിക്ക് നിൽക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളവും കുറച്ചു ആഹാര സാധങ്ങളും കൊടുത്തെന്നു വരാം എങ്കിലും അവരുടെ മുന്നോട്ടുള്ള ജീവിതം പരിതാപകരമായിരിക്കും,തീർച്ച!അവർക്ക് സാനിറ്റൈസറും ബാർസോപ്പുകളും മറ്റും ആരുകൊടുക്കും? കോൾസെന്ററുകളിൾ വിളിക്കാനും മറ്റും ആര് അവരെ പ്രോത്സാഹിപ്പിക്കും.സാധാരണക്കാരെ,തുച്ഛമായ ശമ്പളം വാങ്ങുന്നവരെ ദൈവം കാക്കും എന്നുള്ള ഒരു ചിന്ത മാത്രം ബാക്കിയാകുന്നു.ഇത്തരം സംഭവങ്ങളും മഹാമാരികളും എത്തുന്ന സമയത്തു താഴേക്കിടയിലുള്ള മനുഷ്യരെപ്പറ്റി ആരും ആലോചിക്കാറില്ല.അവർക്ക് മരുന്നും ആഹാരവും എത്തിച്ചുകൊടുക്കാൻ ആരും മെനക്കെടാറില്ല. പിന്നെ ഇത്തരക്കാർ അവരുടെ സ്വയരക്ഷക്കായി ആശുപത്രികളിലും മറ്റും എത്തിച്ചേരാറില്ല. നമ്മൾ സമൂഹമായി എല്ലാക്കാര്യങ്ങളിലും ശ്രദ്ധിച്ച് എല്ലാവർക്കുമായി പ്രവർത്തിക്കുമ്പോൾ താഴേക്കിടയിലുള്ളവരുടെ കാര്യങ്ങളും മറന്നുപോകാതിരിക്കണം.
ഒമാൻ
ഒമാനിൽ കോവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനായി അതീവ ജാഗ്രത പുലർത്തുന്നു.കര കടൽ, വ്യോമമാർഗ്ഗം എന്നിവയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരെ ഇമിഗ്രേഷനു മുൻപായി പരിശോധിച്ച് രോഗം ഇല്ല എന്നുറപ്പുവരുത്തുന്നു.കൂടാതെ അവർ സഞ്ചരിച്ച രാജ്യങ്ങളിലും രോഗം ഇല്ല എന്നു ഉറപ്പുവരുത്തുകയും ചെയ്യുന്നു.രോഗബാധിതരെ സഹായിക്കാൻ മൊബൈൽ ആശുപത്രികൾ സ്ഥാപിക്കും എന്ന് ഗവണ്മെന്റ് അറിയിച്ചുകഴിഞ്ഞു.പല രാജ്യത്തുനിന്നെത്തുന്നവർ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകുകയും ചെയ്യുന്നുണ്ട്.സ്കൂളും കോളജുകളും വരുന്ന ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിവെച്ചിരിക്കുകയും, ബോർഡ് പരീക്ഷകൾ മാത്രം നടത്താനുള്ള നിർദ്ദേശങ്ങളും നൽകിക്കഴിഞ്ഞു.കൂടാതെ കോൾസെന്ററുകളും മറ്റും തുറന്നു കഴിഞ്ഞു.വളരെ വാപ്തിയും വ്യാസവും ഉള്ള ഒമാനിലെ ഓരൊ താലൂക്കുകളിലായുള്ള കോൾ സെന്ററുകളുടെ നമ്പറുകൾ എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു.
എന്തിന്,ആര്,എവിടുന്ന്
ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആർക്കും തന്നെയില്ല!115 രാജ്യങ്ങളിലായി ഏതാണ്ട് 7000 പേരോളം മരണപ്പെട്ടതിനാൽ കോറോണ വൈറസ് ഒരു മഹാമാരിയായി വേൾഡ് ഹെൽത്ത് ഒർഗനൈസേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു.എല്ലാ രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങൾ കൊണ്ടുവന്നു കഴിഞ്ഞതിനാൽ കുടുങ്ങിപ്പോയത് പ്രവാസികളാണ്.നമ്മുടെ വീട്ടിൽ ആർക്കെങ്കിലും ചിക്കൻ പോക്സോ മഞ്ഞപ്പിത്തമോ വന്നാൽ നാം കുടുംബമായി അവരിൽ നിന്ന് അൽപം അകന്നു നിൽക്കുന്നതു പോലെ മാത്രമെ ഈ വൈറസ് ബാധയെപ്പറ്റിയും ചിന്തിക്കേണ്ടതുള്ളു.
ഇതിനെ ഒരു അഭിമാനപ്രശ്നമായോ വിവേചനമായൊ നാം കാണേണ്ടതില്ല.മറിച്ച് പ്രാർത്ഥനയിലും സൗമനസ്യത്തിലുംകൂടി ലോകാമെംബാടുമുള്ള എല്ലാ മനുഷ്യരും ഒരുമിച്ചു പ്രവർത്തിച്ച് ഈ വൈറസിനെ തുടച്ചുമാറ്റുക തന്നെ വേണം.ചൈനയിൽ വന്ന രോഗത്തെ അവർ ഒറ്റക്കെട്ടായി നിന്ന് എതിർത്ത് തോൽപ്പിച്ചത്, അവരുടെ ഒത്തൊരുമയിലും സാങ്കേതിക പ്രവർത്തനങ്ങളും നാം അമ്പരപ്പോടെയാണു കണ്ടത്.നമ്മുടെ ഒരോരുത്തരുടെയും മനോഭാവങ്ങളിൽ ആണ് വ്യത്യാസം വരുത്തേണ്ടത്.വിദേശയാത്രകൾ കഴിഞ്ഞു വന്നാൽ ആരോഗ്യവകുപ്പിനെ അറിയിക്കുന്നതിലും സ്വയം ക്വാറന്റീൻ ചെയ്യുന്നതിലും നാം സത്യസന്ധരാകാം.