“കോറോണം” വന്നു വന്നു വന്നു

coronam
SHARE

സമൂഹവും കൂട്ടായ്മകളും കുടുംബബന്ധങ്ങളും കൊറോണ ഭയത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്ന സമയങ്ങൾ! ഓണം  എന്നാണെന്നും ഏതുദിവസം വരും എന്നും, മറ്റും കലണ്ടറിൽ നോക്കിവേണം അറിയാൻ. അമേരിക്കയിലും ഗൾഫിലും ഇന്ന് അലുമ്നൈ കൂട്ടായ്മകളുടെയും പ്രവാസി സംഘനകളുടെയും ഒന്നിനൊന്നു മെച്ചപ്പെടുത്താനുള്ള നെട്ടോട്ടങ്ങൾ ധാരാളം. എന്നാൽ ഒരുകാര്യം വ്യക്തമാണ്, ആത്മാർത്ഥതയോടെ എല്ലാ രീതികളോടും കൂടി ഓണം ഇന്നും പ്രവാസലോകത്തു തന്നെയാണ് ആഘോഷിക്കുന്നതെന്നു തീർച്ച. നാടിന്റെ ഓർമ്മകൾ ആണോ അതോ സ്വന്തം ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണൊ എന്നറിയില്ല!  

മതിലുകളെക്കൊണ്ട് തിരിച്ചു ജീവിക്കുന്ന ഒരു സമയം ആണിന്ന്, ഒരു കരച്ചിൽ കേട്ടാൽ അടുത്ത വീട്ടിൽ ഓടുന്ന ഒരു കാലം കഴിഞ്ഞു. ഇന്ന് ആദ്യം അന്വേഷിക്കുന്നത് മാസ്കും സാനിറ്റൈസറും ആണ്. മറ്റുള്ളവരുടെ കാര്യങ്ങളിൽ എടപെട്ടാൽ അഭിപ്രായങ്ങൾ പറഞ്ഞാൽ നമ്മൾക്കുള്ള സമാധാനം കൂടി ഇല്ലാതാകും എന്നുള്ള ചിന്ത മുന്നിട്ടു നിൽക്കുന്നു. അവരവരുടെ ജീവിതവുമായി നാലുചുവരുകൾക്കുള്ളിലുള്ള ജീവിതം, ഈ കോറോണ കാലങ്ങൾ എല്ലാം തകിടം മറിച്ചു! ബന്ധങ്ങളുടെ  മതിലുകൾ ഭേദിക്കപ്പെടുന്നത്, വെറും ഇമെയിലുകളിലുടെയും, വാട്ട്സ്അപ്പ് മെസ്സേജുകളിലൂടെയും മാത്രം എന്ന സമയവും മാറി. സൂം കാലങ്ങൾ എന്നു വേണമെങ്കിൽ പറയാം. മാവേലി സൂമിൽ വന്നു,മാസ്കും ധരിച്ച്, കാലിൽ പ്ലാസ്റ്റിക് കവറും ഇട്ട്, കുടവയറും കുടയും മാത്രം മാറിയിട്ടില്ല! 

നാടിന്റെ നന്മക്കും ഉയർച്ചക്കും വേണ്ടി നാം ഓണം ആഘോഷിക്കുന്നത് നന്നാണ്, അത് നാടിനെത്തന്നെ ഒന്നിപ്പിക്കുന്നു. ഓണത്തിനായി എല്ലാവരും ഒത്തുചേരുന്നു. പരസ്പരബന്ധം  ഒന്നുകൂടി ഉറയ്ക്കുന്നു. ചേട്ടന്റെയും അനിയന്റെയും കുട്ടികൾ അന്യോന്യം അറിയുന്നില്ല!പലനാടുകളിൽ പലദേശങ്ങളിൽ ജീവിക്കുന്ന ഇവർ ഒത്തുകൂടുന്നത് ഓണത്തിന് കുടുബവീട്ടിൽ അല്ലെങ്കിൽ തറവാട്ടിൽ! ആ കാഴ്ചയിലും ബന്ധത്തിലുംനിന്ന് ഒരു ആത്മവിശ്വാസം വളരുന്നു. കുട്ടികൾക്ക് അവരുടെ അനിയനും ചേട്ടനുമായി ബന്ധപ്പെടാൻ സാധിക്കുന്നു. “എനിക്ക് സപ്പോർട്ട് ഉണ്ട്, ഞാനെന്നെ വ്യക്തിക്കുള്ള,ബലവും ശക്തിയും വീണ്ടൂം ഉറപ്പിക്കപ്പെടുന്നു. ഓണം എന്ന ആഘോഷം മനസ്സിന്റെ ധൈര്യവും ശരീരത്തിന്റെ ശക്തിയും വീണ്ടെടുക്കാൻ ഒരോരുത്തരെയും സഹായിക്കുന്ന ഒന്നാണ്.

ഇതിനെല്ലാം ഈ കൊറോണകാലങ്ങൾ കൊണ്ട് ഒരു പ്രയോജനം ഉണ്ടാ‍യത്, നേരിട്ട് കാണാനും സംസാരിക്കാനും സൂം വഴി എല്ലാവരും പഠിച്ചു. വീട്ടിൽ നിന്ന് അച്ഛനും അമ്മയും ജോലി ചെയ്യാൻ  തുടങ്ങിയപ്പോൾ എല്ലാ തയ്യാറെടുപ്പുകളും ഒരുമിച്ച് ചെയ്യാൻ സാധിച്ചു എന്നതാണ് ഈ ‘കൊറോണം’ കൊണ്ടുണ്ടായ പ്രയോജനം. ഇത്രനാളും കാണതിരുന്ന ഫോണും വാട്സ് ആപ്പും ഉപയോഗിക്കാൻ  അറിയാത്തവർ പോലും സൂമിലെത്തി. മറ്റൊരാൾക്ക് നമ്മെ സൂമിലേക്ക്  വിളിച്ച് എല്ലാം ‘സെറ്റ്’ നൽകാൻ കഴിയും എന്നത്,ഒരു വലിയ ചുവടുവെപ്പു തന്നെയായിത്തീർന്നു.

എതു ദേശത്താണെങ്കിലും ഓണത്തിനു നാട്ടിലെത്തുക, കുട്ടികൾക്കായി, അഛനമ്മമാർക്കായി ഓണപ്പൂക്കളം ഇടുന്നതിലൂടെ എല്ലാവരുടെയും ഒത്തൊരുമ സജീവമാകുന്നു!കുട്ടികളും മുതിർന്നവരും ചേന്നിടുന്ന പൂക്കളങ്ങൾ ഒന്നും ഇല്ലാതായി, അതും സൂമിലോടെ എല്ലാവരും സ്വയം പൂക്കണം ഇട്ട്, എല്ലാവരെയും കാണിക്കുന്നു. എല്ലാവരും ചേർന്നുള്ള പാചകം, ഭരണികളിൽ മാസങ്ങൾക്കു മുൻപ് ഉണ്ടാക്കിവച്ചിരുന്ന അച്ചാറുകൾ, അമ്മാച്ചന്മാരും,അമ്മാവിമാരും മറ്റും എത്തിച്ചേരുന്ന ഓണസദ്യ ഇതെല്ലാം ഇത്തവണ ഒർമ്മകൾ മാത്രമായി. 

കൂട്ടികളുടെ ഒച്ചയും ബഹളവും,വർഷങ്ങൾക്കു ശേഷമുള്ള അവരുടെ കൂടിക്കാഴ്ചകൾ എല്ലാം സൂമിൽ മാത്രമായി!എത്രയോ മനോഹരമായിത്തീർന്നിരുന്ന ഓണം,അന്യദേശത്ത് നമ്മളോരൊരുത്തരും ഉണ്ടാക്കിയെടുക്കുന്ന ബാങ്ക് ബാലൻസുകളെക്കാൾ ഒക്കെ ഉപരിയായിരുന്നു. അവ നമ്മൾക്കു നൽകുന്ന ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ വലുതായിരുന്നു എന്ന് എല്ലാവരും ഏതാണ്ട് വേദനയോടെ മനസ്സിലാക്കി.

അറിയാതെ,പറയാതെ, വീണ്ടും വന്നു ഈ മസ്കറ്റിലെ കൊടുംചൂടിൽ ഓണം. ആരും മറന്നില്ല,എന്നാൽ  കോറോണ എല്ലാ ആഘോഷങ്ങൾക്കു സൂം ആഘോഷമാക്കി മാറ്റി. എങ്കിലും ഹോട്ടലുകാർ നേരത്തെ തയ്യാറെടുത്തു, ബോക്സ് പാക്കുകളിൽ സൌകര്യത്തിനായി ഓണം ഊണിന്റെ തയ്യറെടുപ്പുകൾ,പ്രീ ഓർഡുകളെക്കൊണ്ട് നിറച്ചു.എന്നിരുന്നാലും സുപ്പർമാർക്കറ്റുകളിൽ കൂട്ടങ്ങളും, ഇലയും ഓണപ്പുക്കളക്കിറ്റുകളും വന്നെത്തി.പതിവിനു വിപരീതമായി ഒരു തള്ളിക്കയറ്റം ഇല്ലയിരുന്നു എന്നു തന്നെ  പറയാം. തൂശനിലയും, തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കൾ വരെ പാക്കറ്റിൽ തന്നെ വന്നു. ഓണസദ്യ 18 ഓ,21 ഓ കൂട്ടം ചോദിക്കേണ്ട താമസം, വീട്ടിൽ വരെ കൊണ്ടുത്തരും, എന്നാൽ ഇത്തവണ കോറോണയെ മുൻനിർത്തിയുള്ള പാക്കിംഗ്, കൈതൊടാതെയുള്ള ബോക്സ് പാക്കിങ് വലിയ മാർക്കറ്റ്  സ്ട്രാറ്റജി ഏറ്റെടുത്തു. നമ്മൾ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാൽ മാത്രം മതി, അവിടെ ബോക്സിൽ ഓണസദ്യ, ഒരോരോ ചെറിയ ഡിസ്പോസ്ബിൾ പാക്കിൽ, ഇലക്കൊപ്പം എത്തി!

പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”.പക്ഷെ എത്രമാത്രം നമ്മളോരുത്തരും ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രവാസത്തിന്റെ ഇടയിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും. അതിന്റെ കൂടെ വരുന്ന’ ആഘോഷങ്ങളും അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.ഇത്തവണയും സൂം അതിനുള്ള വഴിയൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ കൂട്ടായ്മയിലൂടെ.160 ഓളം രാജ്യങ്ങളിലുള്ള മലയാളികൾ ഒത്തുചേർന്ന കൂട്ടായ്മ. എല്ലാ രാജ്യക്കാരും അവരവരുടെ സൂം അത്തപ്പൂക്കള മത്സരങ്ങളും ഡാൻസുകളും പാട്ടുകളും തിരുവാതിരയും എല്ലാം എല്ലാവരും അവരവരുടെ വീടുകളിൽ ഷൂട്ട് ചെയ്ത്,അല്ലെങ്കിൽ നേരിട്ട് ക്യാമറയിലൂടെ കലകൾ അവതരിപ്പിച്ചു. 

രാവിലെതന്നെ കുട്ടികളുടെ വക എല്ലാ വീട്ടിലും പൂക്കളം ഒരുങ്ങി,അത്തപ്പൂവിന്റെ ഓരം ചാരിനിന്ന കുട്ടികൾ ’happy onam' എഴുതി.സ്കൂളിലെ പൂക്കളം മത്സരങ്ങളിൽ സമ്മാനം വാരിക്കൂട്ടിയിരുന്ന കുട്ടികൾ  ഇന്ന് സൂം’ മിലൂടെ തന്റെ കലാവാസനകൾക്ക് നല്ല പ്രചോദനം തന്നെയായി എന്നു തോന്നുന്നു.മറ്റുള്ളവരുടെ പൂക്കളത്തിനു കടലാസും കുങ്കുമവും രംഗോളി പൊടികളും കളർ ചേര്‍ത്ത ഉണക്കത്തേങ്ങാ‍പ്പൊടികളും മറ്റുള്ളവർ  ഉപയോഗിച്ചപ്പോൾ വീടിന്റെ പൂന്തോട്ടത്തിൽ നിന്നും,പറിച്ചെടുത്ത ബൊഗെന്‍വില്ലായും, നന്ദ്യാര്‍വട്ടത്തിന്റെയും, ചെമ്പരത്തിയും കുറച്ചു മുല്ലപ്പുക്കളും ഇലവർഗങ്ങളും കൊണ്ടുണ്ടാക്കിയ കലാപരമായ വകഭേദങ്ങളോടെയുള്ള പൂക്കളം വേൾഡ് മലയാളി ഫെഡറേഷൻ ‘ഒമാൻ’ ചേർത്തുവച്ചുണ്ടാക്കി,ഒന്നാം സമ്മാനം അടിച്ചെടുത്തു. അതിന്റെ എല്ലാ ‘ക്രെഡിറ്റും’ഡിജി, സുധാകർ, പ്രീജിഷ്, നീതു, അനിൽ, അനന്തവിഷ്ണു, ധന്യ ,അമൽ എന്നിവർക്കാണ്.എല്ലാ ഒരുക്കങ്ങൾക്കൊപ്പം ജഡ്ജികൾക്ക് പോലും മറ്റൊരു അഭിപ്രായമില്ലാത്തവണ്ണം സുന്ദരമായിരുന്നു. മത്സരത്തിനുണ്ടായിരുന്ന എല്ലാ രാജ്യക്കാരുടെയും ഓണപ്പുക്കളങ്ങൾ.

ഉച്ചയ്ക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും അവരവരുടെ വീടുകളിൽ ത്തന്നെ കൂടി.എല്ലാ കൂട്ടങ്ങളും വിളമ്പി, പ്രാര്‍ത്ഥനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്‍മ്മകൾ അയവിറക്കി.ഓര്‍മ്മകളിലും, പോയകാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല. പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു.സൂം വീഡിയോയിലൂ‍ടെ ഇത്തവണത്തെ ഓണം എല്ലാവരും മുടങ്ങാ‍തെ ആഘോഷിച്ചു.

എങ്കിലും എല്ലാവീട്ടിലെയും മുത്തശ്ശിമാരെയും അമ്മച്ചിമാരെയും,അവരുടെ സാമിപ്യവും പാട്ടുകളും എല്ലാവരും ‘മിസ്സ്’ ചെയ്തു തീർച്ച. ഓണവള്ളംകളികളും ഊഞ്ഞാലുകളും അടുത്തവർഷമെങ്കിലും  മാസ്കില്ലാതെ സൂം വീഡിയോയില്ലാതെ മറ്റൊരു ഓണത്തെ വരവേല്‍ക്കാനായി തയാറെടുത്തു നില്‍ക്കുന്ന മനസ്സുമായി എല്ലാവർക്കും “ഓണത്തപ്പന്റെ അനുഗ്രഹങ്ങൾ“.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.