പതിവു ദിനചര്യകൾ, പതിവു കൂട്ടുകാർ, പതിവു ഇമെയിലുകൾ .... അനാവശ്യ മെയിലുകൾ കളഞ്ഞു വരുന്ന കൂട്ടത്തിൽ റ്റിറ്റി തോമസ്, അതാരാ അപ്പാ എനിക്ക് ഇമെയിലയക്കാൻ?
ഒരു മുൻ വിധിയോടെ തുറന്നു ഇമെയിൽ..’ഇത് സപ്ന അനു തോമസ് ‘ആണോ? എങ്കിൽ നീ എന്റെ കൂടെ 1970 1 മുതൽ 4 വരെ പഠിച്ചിട്ടുണ്ട്,ഞാൻ റ്റിറ്റി ആണ്? മറുപടി അയക്കുമല്ലൊ?സസ്നേഹം റ്റിറ്റി. ഓർമ്മ വരുന്നില്ല, ഇമെയിൽ പേരിനെക്കുറിച്ച് ഒരു ഓർമ്മയും പരിചയവും ഇല്ല.......... വിശ്വസിക്കാമൊ?
ആ, ആരായലെന്താ ഈ ഈമെയിൽക്കൂടി ഉപദ്രവം ഒന്നും ഉണ്ടാകില്ലല്ലോ? ഒരു കയ്യിൽ ഇരുന്നു കരഞ്ഞ എന്റെ മൂന്നാമത്തെ സന്തതിയെ മറ്റെകയ്യിലേക്കു മാറ്റി,ഒരു കൈ കൊണ്ട് ‘റിപ്ലൈ’ ബട്ടൺ അമർത്തി......
ഇനി ഇവനെന്തു മറുപടി എന്തയക്കും?.... ഞാൻ സപ്ന തന്നെ എന്നയക്കണോ? അതോ നീ ആരാ എന്ന ചോദ്യം വേണോ? ..... വേണ്ട... എവിടെയോ മറന്ന ഒരു പേരു പോലെ!
‘അതെ’ എന്ന ഒറ്റവാക്കിൽ മറുപടി ഇമെയിൽ അയച്ചു ,തിരിഞ്ഞു കുഞ്ഞിനെയും എടുത്തു നടക്കുംബോൾ ‘ഇന്നു മറുപടി എത്തുമോ’ എന്നൊരു ആകാംഷ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു...........................

രണ്ടു മണിക്കൂറിനകം മറുപടി എത്തി....ഓരോ പ്രാവശ്യവും ലോഗിൻ ചെയ്യുംബോൾ പോകുന്ന കാശും , സമയവുമൊന്നും ആലോചിച്ചില്ല,എന്റെ ''കൊച്ചുക്ലാസ്സിലെ കൂട്ടുകാർ' എന്നൊരു സന്തോഷം മാത്രം മനസ്സിൽ തുള്ളിക്കളിച്ചു.
എന്നത്തെയും പോലെത്തെ എന്റെ ജീവിത്തിൽ എന്തു നേടി എന്നുചോദിച്ചാൽ ഉത്തരം ഉടനടി എത്തും ഞാൻ നേടിയ വലിയ ബാങ്ക് ബാലൻസ്, ’എന്റെ സുഹൃത്തുക്കൾ’
ഒരിക്കലും കുറയാതെ മറയാതെ, എന്നും എന്റെ ശക്തിയായി ഞാൻ കണ്ടിട്ടുള്ള, എന്റെ ഹൃദയം കവർന്നവർ!. ഇന്നും ഇവരുടെ ഓരോ മുഖങ്ങളിലും ഞാനെന്റെ ബാല്യം തിരയുന്നു, അന്നെനിക്കു കൈവിട്ടു പോയ മറക്കാൻ പറ്റാത്ത മുഖങ്ങൾ. ഞാൻ കരുതന്നതുപോലെ എന്നെത്തേടി അധികം ആരും വന്നില്ല, എന്നാൽ പൂർണ്ണമായി വന്നില്ല എന്നു പറയാനും പറ്റില്ല, ചിലർ വന്നു. എല്ലാം സുഹൃത്തുക്കൾക്കു വേണ്ടി, സ്നേഹിക്കുന്നവർക്ക് വേണ്ടി ഉഴിഞ്ഞു വച്ചു. എന്നാൽ ഞാൻ എടുത്ത അളവുകോൽ വളരെ വലുതും, എന്റെ നേരെ ചൂണ്ടിയ സ്നേഹത്തിന്റെ ചൂണ്ടുവിരലുകളുടെ അളവ് വളരെ ചെറുതും ആയിരുന്നു, എന്നും!. പക്ഷെ ഞാൻ അതൊരിക്കലും മനസ്സിലാക്കിയില്ല, ഒരിക്കലും.
പേരെടുത്തു ഞാൻ പറയുബോൾ ഇന്നും ഓർക്കുന്നത്, അല്ലെങ്കിൽ ആദ്യം മനസ്സിൽ വരുന്നത് എന്റെ കൊച്ചുസ്കൂൾ, ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ, കോട്ടയം. നഴ്സറിയിൽ, 4 വരെയുള്ള ക്ലാസ്സുകളിൽ ഇന്നും എന്റെ മനസ്സിൽ നിന്നു മായാത്ത മുഖങ്ങൾ, മിനി, ഇരട്ടകളായ അനില/അനിത,ഷേബ, സുരേഷ് ഫിലിപ്പ്, മഹേശ്വരി, മിനി മത്തായി, അശോക്,മിനി ജോൺ,മീര ശങ്കർ, മീരാ ജേക്കബ്, രാജേഷ്, ലക്ഷ്മി, ജെയ് സൂസൻ,ജെസ്സി, ആശ മത്തായി, ശോശാമ്മ, ജെയ്ജു പേരോർക്കാത്ത ഒരു പറ്റം മുഖങ്ങൾ കുര്യൻ, മാത്യു ജേക്കബ്.....
3 ആം ക്ലാസ്സിൽ കുറച്ചു നാൾ ബോർഡിങ്ങിൽ നിന്നതിന്റെ ഓർമ്മകൾ. ഇരുട്ടിനെ എന്നും പേടിച്ചിരുന്ന ഞാൻ രാത്രിയിൽ അടുത്തു കിടന്നിരുന്ന, ജീനയുടെ കയ്യും പിടിച്ചാണ് ഉറങ്ങിയിരുന്നത്. ഡോമെറ്റ്ട്രിയിൽ നിന്നു ഇത്തിരി നടന്നു വേണം, മെസ്സിലേക്കും പോകാൻ അവിടെയും, കൈപിടിച്ചു നടന്നു പോയ എന്റെ അന്നത്തെ പേരറിയാത്ത കൂട്ടുകാരി. 4ആം ക്ലാസ്സ് കഴിയുമ്പോഴ് ആൺകുട്ടികൾ വേറെ സ്കൂകൂളുകളിലേക്ക് പോകുന്നു.അതിനുമുൻപ് ഒരു ഗ്രൂപ്പ് ഫോട്ടോ,ഉണ്ടാവും! എന്നോ എന്റെ കയ്യിൽ, അത് സ്കാൻ ചെയ്ത് വച്ചിരുന്നു. നഷ്ടപ്പെട്ടുപോയ ആ ഒറിജിനൽ ഫോട്ടൊയ്ക്കുവേണ്ടി ഞാൻ ഇന്നും പരതുന്നു എന്റെ വീടും, അലമാരികളും.
വർഷങ്ങളുടെ പ്രവാസജീവിതം ഖത്തറിനെ മറ്റൊരു സ്വദേശം ആക്കിത്തീർത്തു. സിഎംഎസ് കോളേജിലെ കല, ബിസിഎം മ്മിലെ ബീന, CETAAQ ലെ ലാലി,ബിന്ദു എന്നിങ്ങനെ സ്വന്തത്തിലും,രക്തത്തിനും അപ്പുറത്തുള്ള സ്നേഹം തന്നവർ. കൈവിട്ടു പോയ മാതാപിതാക്കൾ, ഒരിക്കലും എനിക്കൊരു സുഹൃത്തിന്റെ ആവശ്യം അവർ തോന്നിപ്പിച്ചിട്ടില്ല. എന്റെ ജീവിതപങ്കാളിയുടെ തീരഞ്ഞെടുപ്പും ഡാഡിയും അമ്മയും തുറന്ന മനസ്സോടെ സ്വീകരിച്ചു. ഇന്നും എന്റെ മനസ്സിന്റെ ശക്തി ആ ഒരു നല്ല തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. ജീവിതപങ്കാളി എന്നും ഒരു നല്ല സുഹൃത്തായിരിക്കണം.പുതിയ തലമുറയുടെ മാറ്റങ്ങളിൽ ഏറ്റവും നല്ല അനുകരണങ്ങളിൽ ഒന്നാണ് ‘കോളേജ് അലൂമിനി’കൾ. സിഎംഎസ് കോളേജിന്റെ അലൂമിനി ഖത്തറിൽ ഞാൻ രൂപീകരിച്ചു, 70 മെംമ്പർമാരും ആയി! പുതിയ, പഴയ മുഖങ്ങൾ....... കുടവയറും കഷണ്ടിയും, ഉള്ള ധാരാളം ആൾക്കാരെ ഞാൻ ഇന്നും കാണുന്നു. അന്നത്തെ വില്ലാളിവീരന്മാർ ഇന്നു പ്രാരാബ്ധം, ജീവിതം, ഭാവീ എന്നതിനെക്കുറിച്ചൊക്കെ വാചാലമായി സംസാരിക്കുമ്പോൾ ചിരിപൊട്ടി എങ്കിലും, സാഹചര്യത്തിനുസരിച്ചു വളർന്ന് അവരുടെ മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു.
അന്നത്തെ സുഹൃത്തുക്കളിൽ ഇവിടെ ഖത്തറിൽ വന്നു വീണ്ടും പരിചയപ്പെട്ടവരിൽ പ്രമുഖർ,എബിയും ഭാര്യ രജിതയും,ബിജുവും മിനിയും,തോമാച്ചൻ, ഫിലിപ്പ്, ചെറിയാൻ ജോർജ്ജ് ,സിജി, കല, അനില എന്നിങ്ങനെ പലരും പിന്നെ പേരും നാളും മുഖവും ഓർക്കാത്ത ഒരു പറ്റം ആൾക്കാരും. എന്റെ മാത്രം താല്പര്യത്തിൽ രൂപീകരിച്ച അലുമിനി എന്റെ സമയക്കുറവുമൂലം നിർത്തിവെച്ചു, പിന്നെ ആരും തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്നു തോന്നുന്നു. ഖത്തറിൽ നിന്നും എനിക്ക് കലയെപ്പോലെയുള്ള ആത്മാർഥ സുഹൃത്തുക്കളെ എന്നന്നേക്കുമായി ലഭിച്ചു.എന്നാൽ ഇന്നും ദുബായ് അലൂമ്നിയിൽ നിന്നും, ഇനിയും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത രാരിച്ചനും, ജോജിയും,’ദുബായിൽ വരുമ്പോ വിളിക്കണം’ എന്നു ചാറ്റിൽ /ഇമെയിലിൽ റ്റൈപ്പ് ചെയ്ത് കാണുമ്പോൾ, ആരെങ്കിലും ഇന്നും ഓർക്കുന്നുണ്ടല്ലൊ എന്ന സമാധാനം.
പ്രവാസലോകം എന്നൊരു രാജ്യത്തിൽ പ്രവാസികൾ എന്നൊരു ‘ജാതി‘ തന്നെ ഉടലെടുത്തു. മറ്റുള്ളവരിൽ നിന്നു വ്യത്യസ്ഥമായി പ്രവാസികൾ! ഇവിടുത്തെ ചൂടും കാറ്റും പൊടിയും ആയിരിക്കും അവരെ അമേരിക്കക്കാരിൽ നിന്നും മറ്റേതു രാജ്യത്തേക്കും കുടിയേറിയ മലയാളികളിൽ നിന്നും വ്യത്യസ്മാതക്കിയെടുത്തത്. പിന്നെ പ്രാരാബ്ധത്തിന്റെ കദനകഥകൾ ധാരാളം. കണ്ണുനീരാൽ നനഞ്ഞ ഈ മണൽക്കാറ്റുകൾക്ക് ചാറ്റമഴയുടെ ഗന്ധം ആയിരുന്നു എന്നും.
ഇവിടെ നിന്നു വരുന്ന കഥകൾക്കും കവിതകൾക്കും എന്നും എന്തെങ്കിലും വേദനകളും, യാതനകളും പറയാൻ കാണും. ഇവിടെയും ബന്ധങ്ങൾ വളർന്നു, സൗഹൃദം ഉണ്ടായി. സഹായഹസ്തങ്ങൾക്ക് പേരുകളും,കുടുംബബന്ധങ്ങളും ആയി. അതും കുടുംബം പോലെ തലമുറകളായി വളർന്നു, സൗഹൃദത്തിന്റെ വളച്ചകൾക്ക് വളമായി, തടമായി. എന്നും കുമിളകൾ പോലെ പൊട്ടിമുളക്കുന്ന ചെറുചെറു സംഘടനകൾ സൗഹൃദങ്ങൾ വളർത്തി. ഇന്നും പലരുടെയും ജീവിതങ്ങൾ ഈ സൗഹൃദങ്ങൾ കരുപ്പിടിപ്പിക്കുന്നുണ്ട്. ഇന്നും തീരാത്ത മങ്ങാത്ത സൗഹൃദങ്ങൾ അതിനായി ഈ വാക്കുകളാൽ ഞാൻ പറഞ്ഞവസാനിപ്പിക്കട്ടെ”"It is better to be in chains with friends, than to be in a garden with strangers."