മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ

oman-krishikkoottam-1
SHARE

പതീവില്ലാതെ  ബെന്നി വീട്ടിലേക്ക്  വരുന്നു എന്ന് പറഞ്ഞപ്പോ, സന്തോഷത്തോടെ സ്വീകരിച്ചു. അർച്ചനയും കുട്ടികളെയും കൂടെ കണ്ടത് അതിലും സന്തോഷമായി. വർത്തമാനത്തിനിടയിൽ മല്ലിയുടെ വിത്തുണ്ടോ ചേച്ചി എന്ന് ചോദിച്ചപ്പോ,ഇന്നും ഈ സമയങ്ങളിലും കൃഷിയെ സ്നേഹിക്കുന്നവരുടെ നീണ്ടനിര ഈ ഗൾഫിലും  ഉണ്ടല്ലോ എന്നതിൽ അഭിമാനം തോ‍ന്നി.”സാധാരണ ഞാൻ സുരേഷിന്റെ കയ്യിൽ നിന്നാണ് വാങ്ങാറ്” അദ്ദേഹം നാട്ടിൽ പോയിരിക്കയല്ലെ! കൃഷി ഒരു സംസ്കാരമായി കൊണ്ടു നടക്കുന്നവരുടെ  കൂട്ടായ്മയാണ് ഒമാൻ കൃഷിക്കൂട്ടം. 2014 മുതൽ എല്ലാ വർഷവും, മുടങ്ങാ‍തെ കൃഷിക്കാലം തുടങ്ങുന്നതിന് മുൻപേ, ചൂട് കുറയുവാൻ തുടങ്ങുന്നസമയം, വിത്തുവിതരണം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു. ഇത്തവണത്തെ വിത്തുവിതരണം എത്തവണത്തെയും പോലെ പോസ്റ്ററുണ്ടാക്കി, എല്ലാവർക്കുമായി ആഹാരവും തയാറക്കി, എല്ലാ കൃഷിക്കൂട്ടുകാരെയും ക്ഷണിച്ച് നടത്താൻ കോറോണകാലങ്ങൾ അനുവദിച്ചില്ല.എന്നാൽ കോറോണ പോയിട്ട് പ്രകൃതിയെ, കൃഷിയെ സ്നേഹിക്കുന്നവർക്ക് ‘തടസ്സം’ എന്നൊരു വാക്കില്ല എന്ന് ഒമാൻ കൃഷികൂട്ടത്തിന്റെ നടത്തിപ്പുകാർ പ്രവർത്തിച്ചു കാണിച്ചു.

oman-krishikkoottam-4

ജുലൈ മാസം മുതൽ ചിന്തിച്ചു തുടങ്ങി അഡ്മിന്മാരെല്ലാം,വിത്തു വിതരണം ഇത്തവണ എങ്ങനെ നടത്തും? നാട്ടിൽ പോയിരിക്കുന്ന ആരെങ്കിലും കോവിഡ് സമയത്ത്  തിരിച്ചെത്തുമോ?എത്തിയാലും ക്വാറന്റീൻ സമയം ഇതെല്ലാം നോ‍ക്കിയിരിക്കേണ്ടേ! എന്നാൽ നാട്ടിൽ നിന്ന് പതിവ് പോലെ Vegetable and fruit promotion Council kerala (VFPCK)യുടെ പുതിയ വിത്തുകൾ (2020)പല കടമ്പകളും കടന്ന്  ഒമാൻ കൃഷിക്കൂട്ടം മോഡറേറ്റർ കൂടെയായ Dr.റെജീനയും ഭർത്താവും,ആവശ്യമുള്ള വിത്തുകൾ വാങ്ങി അൻവറിന്റെ സുഹൃത്തിനെ ഏല്പിക്കുന്നു,അങ്ങിനെ വിത്തുകൾ മസ്കറ്റിലേക്കെത്തുന്നു. മസ്കറ്റിൽ നിന്ന് തക്കാളിയുടെയും , ശീതകാല വിളകളുടെയും വിത്തുകൾ സുനി,വിനോദ്, ഷൈജു എന്നിവർ വാങ്ങി.അതും പല അഡ്മിന്മാരുടെ വീട്ടുകാർ അടക്കം, വീടുകളിൽ തന്നെയിരുന്നു പാക്കറ്റുകൾ ആക്കി.പലരും കൃഷിക്കൊപ്പം അല്പം വിത്തുകളും ശേഖരിച്ചിരുന്നു അതും എല്ലാം പാക്കറ്റുകൾ ആക്കിയെടുത്തു. ഇതിനൊപ്പം ഏരിയയായി തിർച്ച്  ആരോക്കെ എവിടെയൊക്കെ, ഏതൊക്കെ സമയത്ത് എന്നുള്ളതും ഏതാണ്ട് തീരുമാനം ആയി. ജോലികഴിഞ്ഞെത്തി വിത്തുകൾ പെറുക്കിക്കൂട്ടി, സന്തോഷും,ഷൈജു,സുനി,അന്വർ,ഷഹനാസ്, വിനോദ്, സുരേഷും അവരുടെ കുടുംബവും കുട്ടികളും അടക്കം ഇരുന്ന് പാക്കറ്റുകൾ തയാറാക്കി. ഇനി അടുത്ത പടി, ഈ പാക്കറ്റുകൾ എങ്ങനെ ഒരോവീട്ടിലും എത്തിക്കും?

വിത്തു വിതരണത്തിനായി ഒമാൻ കൃഷിക്കൂട്ടം അഡ്മിൻസ് ആയ സുനി –വിനോദ് അംഗങ്ങളെ ഏരിയ തിരിച്ച് ഗ്രൂപ്പുകളാക്കി. ഓഗസ്റ്റ് 28 , 29 ദിവസങ്ങളിലായി മസ്കറ്റിലെ ഏരിയ തിരിച്ച് ദാർസൈറ്റ് - സന്തോഷ്‌, അൽഖുയർ, ഖുറം – അജീഷ്,ഗുബ്ര അസൈബ, ഗാല - വിനോദ്,ഹൈൽ, സീബ് - രശ്മി സന്ദീപ് ,മബെല - വിദ്യപ്രിയ വാദികബീർ,അൽ ബുസ്താൻ , റൂവി - ഷൈജു, എന്നിവരുടെ നേതൃത്വത്തിലും തൊട്ടടുത്ത ആഴ്ചകളിൽ സോഹാർ - അസീസ് ഹാഷിം,ബുറൈമി - കൃഷ്ണദാസ്,സലാല - സൈദ് എന്നിവരുടെ നേതൃത്വത്തിലും സാമൂഹിക അകലം പാലിച്ചു കൊണ്ട് വിത്തുകൾ ഒമാൻ കൃഷിക്കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ കൈകളിലേക്കെത്തിച്ചു. അങ്ങനെ വിത്ത് വിതരണത്തിന്റെ ഒന്നാം ഘട്ടം വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് വേണ്ടി ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞത് അഡ്മിൻ മോഡറേറ്റർ മാരുടെ ചിട്ടയായ പ്രവർത്തനം മൂലമാണ്.

oman-krishikkoottam-3

അധികം താമസിയാതെ തന്നെ വിത്തുകൾക്കായി റജിസ്റ്റർ ചെയ്ത ഫെയ്സ്ബുക്ക്‌ അംഗങ്ങൾക്കായി  വിത്ത് വിതരണം ഉണ്ടായിരിക്കും എന്ന് അഡ്മിൻ ഗ്രൂ‍പ്പ് അറിയിച്ചുണ്ട്. ഇനി നമ്മുടെ ഊഴമാണ്, വിത്തുകൾ പാകി കിളിർപ്പിച്ച് നടേണ്ട കാലമായി. വിത്തുകളെല്ലാം മണ്ണിലേക്ക് വേരുകളാഴ്ത്തി ആരോഗ്യമുള്ള ചെടികളായി വളരെട്ടെ എന്നും,ഈ കോവിഡ് കാലങ്ങളും ധാരാളമായി വിളവെടുക്കുന്ന ഒരു കാലമായി മാറട്ടെ. കൃഷിക്കായി തയ്യാറെടുക്കുബോൾ മണ്ണും പറമ്പും ഉള്ളവരാണെങ്കിൽ നിങ്ങളുടെ വീട്ടിലെ പച്ചക്കറി വെയിസ്റ്റുകളും, അരികഴുകുന്ന വെള്ളം, കഞ്ഞിവെള്ളം എന്നിവയെല്ലാം ചൂടുകാലങ്ങളിൽ മണ്ണിലേക്ക് തന്നെ ഒഴിച്ചിടുക. പച്ചക്കറി വെയിസ്റ്റുകൾ മണ്ണിലേക്ക് എന്നും കുഴിച്ചിടുക. സവാള,വെളുത്തുള്ളി എന്നിവയുടെ പോലും തൊലികൾ വെറുതെ മണ്ണിനു മുകളിൽ വിതറിയാലും മതി.കാപ്പിയും ചായയും കുടിക്കാത്തവരായി ആരുതന്നെ കാണില്ല, റ്റീബാഗുകളും കാപ്പിപ്പൊടിയുടെ ബാക്കി എന്നിവയെല്ലാം തന്നെ മണ്ണിലേക്ക് തന്നെയിടുക.ഇടക്കൊന്ന് മണ്ണിളക്കി വിടുകയും ചെയ്ത്, മണ്ണ് തയ്യാറാ ക്കിയെടുക്കുക.സമയവും സൌകര്യവും അനുസരിച്ച് അല്പം വെള്ളമൊഴിച്ച്  മിക്സിയിൽ അടിച്ച് വെള്ളം പരുവത്തിലാക്കി മണ്ണിലേക്ക് ഒഴിച്ചിട്ടാൽ മണ്ണിലേക്ക് എളുപ്പം ചേരുകയും ചെയ്യും.പിന്നെ മരങ്ങളും ഇലകളും ഉള്ളവരാണെങ്കിൽ  തൂത്തുവാരുന്ന എല്ലാ ഇലകളും മണ്ണിലേക്ക് തന്നെ നിരത്തിയിടുക,പുറത്തുകൂടി അല്പം വെള്ളവും ഒഴിച്ചിടുക.കുറച്ചുദിവസത്തിനകം അത് സ്വയം അഴുകി മണ്ണിലേക്ക്  ചേരുന്നു.

ഇനി കൃഷികൂട്ടുകാർക്കായി അല്പം കൃഷി സംരക്ഷണരീതികളും,കീടനാശിനികളും വീടുകളിൽ നമ്മുടെ അടുക്കളകളിൽ നിന്നുതന്നെ വളം എങ്ങനെ തയ്യാറാക്കാം  എന്നും മറ്റും  ചിലർക്കെങ്കിലും അറിയില്ലെങ്കിൽ ഇതിലൂടെ  ചെറിയ അറിവുകൾ കൂട്ടിച്ചേർക്കുന്നു. പുതിയ വിത്തുകൾ മുളപ്പിക്കാൻ മണ്ണൊരുക്കുമ്പോൾ ചാണകപ്പൊടിയും കരിയിലകളും ധാരാളം ഇട്ടു കൊടുക്കാം.നമ്മുടെ അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റിയതുണ്ടെങ്കിൽ അത് ചേർത്തുകൊടുക്കുന്നത് ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചക്കുള്ള രീതികൾ ഷാനാസ് അഷ്രഫിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാം.ഒരു അടപ്പുള്ള ബക്കറ്റ് എടുത്ത് മൂടിയിലും ബക്കറ്റിനടിയിലും ദ്വാരങ്ങൾ ഉണ്ടാക്കുക.ഡ്രില്ലറോ, ചൂടാക്കിയ കമ്പിയോ ദ്വാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാം.ബക്കറ്റിന്റെ അടിയിൽ ആദ്യം കുറച്ചു ചകിരിച്ചോറും പിന്നെ കരിയിലയും ഇട്ടു കൊടുക്കാം.അടുക്കളയിൽ നിന്നുള്ള മാലിന്യങ്ങൾ ഇട്ടു കുറച്ചു മോരും ചേർത്ത് നന്നായി ഇളക്കി വെക്കുക.ഇനി ബക്കറ്റ് നിറയുന്നത് വരെ ഓരോ ദിവസത്തെയും വേസ്റ്റ് ഇടാം.

ബക്കറ്റ് നിറഞ്ഞാൽ നന്നായി ഇളക്കി മുകളിൽ കുറച്ചു ചകിരിച്ചോറും ചേർത്ത് മൂടി വെക്കുക.രണ്ടു മാസം കഴിയുമ്പോഴേക്കും കമ്പോസ്റ്റ് തയ്യാറായിട്ടുണ്ടാകും,തുറന്നു ഇളക്കി യോജിപ്പിക്കുക.ഇവ മണ്ണിലേക്ക് ഇളക്കിച്ചേർക്കുക, ചട്ടികൾക്കായി മണ്ണ് തയാറാക്കുന്നതിലും യോജിപ്പിക്കുക.

oman-krishikkoottam-2

'ആവശ്യം കഴിഞ്ഞാൽ കരിവേപ്പില പോലെ' എന്നതാണ് നമുക്കെല്ലാവർക്കും അറിയാവുന്നത്, എന്നാൽ കരിവേപ്പില മരുന്നും കൂടിയാണ് എത്രപേർക്കറിയാം?കറിക്ക് രുചിയും മണവും നല്‍കാൻ മാത്രമല്ല, അതിന് ശേഷവും വലിച്ചെറിയേണ്ടതല്ല കറിവേപ്പിലകൾ.നമ്മുടെ ആരോഗ്യപൂർണമായ ജീവിതത്തിന് ഈ കറിവേപ്പില വഹിക്കുന്ന പങ്ക് എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കി നമ്മുടെ വീടുകളിൽ ഒരു കറിവേപ്പില ചെടിയെങ്കിലും നട്ടുവർത്തിയിരിക്കണം എല്ലാവരും!കാലാവസ്ഥ മാറുന്നതിനനുസരിച്ചു പെട്ടെന്ന് രോഗം ബാധിക്കുന്ന ചെടിയാണ് കറിവേപ്പില.നാം നട്ടുവളർത്തുന്ന കറിവേപ്പിലയെയും കീടങ്ങൾ  നശിപ്പിക്കാൻ വീട്ടിൽ വെക്കുന്ന ചോറിന്റെ കഞ്ഞിവെള്ളം എടുത്തു,അതിൽ ഇരട്ടി വെള്ളം കൂട്ടി നേര്‍പ്പിച്ച് കറിവേപ്പില ഇലകളിൽ തളിച്ചാൽ നശിപ്പിക്കാൻ വരുന്ന കീടത്തെ നമുക്ക് തുരത്താൻ സാധിക്കും.ആഴ്ചയിലൊരിക്കൽ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും.കൂടാതെ ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവിൽ കൂട്ടിക്കലര്‍ത്തി തടം കോരുകയും വേനല്‍ക്കാലത്ത് നല്ലപോലെ നനയ്ക്കുകയും ചെയ്താൽ വർഷങ്ങളോളം കറിവേപ്പില ചെടി നമുക്ക് നല്ല മണവും ഗുണവും ഉള്ള ഇലകൾ നൽകികൊണ്ടേയിരിക്കും. സോഹാറിൽ നിന്നുള്ള അസീസ് ഹാഷിം ആണ് കരിവേപ്പിലയുടെ പരിചരണവും നട്ടുവളർത്തുന്ന വിധം വിവരിച്ചത്.

കൃഷിയിലെ ഉസ്താദുകളാണ് മിക്ക അഡ്മിന്മാരും,അതിൽ എടുത്തു പറയേണ്ടത് ഷാനാസിനെയും സുനിയെയും കുറിച്ചാണ്. നാലുനില നടന്നുകയറി, മണ്ണും ചട്ടികളും ലിഫ്റ്റ് പോലും ഇല്ലാതെ ടെറസിൽ എത്തിച്ച്, വലിയ കന്നാസുകളിൽ ഏതുതരം പച്ചക്കറികളും ഷാഹനാസ് നട്ടുവളർത്തി.സുനി വീടിനടുത്തുള്ള വാദിയിൽ കപ്പനട്ട് വിളവെടുത്തു, മുന്തിരി നട്ട് വീട്ടിൽ പന്തൽ ഇട്ട്, കിലോകണക്കിന് മുന്തിരിങ്ങ വളർത്തിയെടുത്തു.ഈ കടുത്ത ചൂടിലും കോവക്കയും വെണ്ടയും ഉണ്ടായി. സന്തോഷും, ഷൈജുവും ഒന്നിനൊന്ന് മെച്ചമാണ് കൃഷിയിൽ.ആളിന്റെ ഇത്തിരി വലിയ ഫാം പ്രൊഫഷണൽ ആണ്. ഷെൽവിയും കൃഷിയിലും ഒന്നിനൊന്നു മെച്ചം! വിനോദും മൺവെട്ടി എടുത്ത് മണ്ണ് കിളച്ച്  തയാറെടുപ്പുകളോടെ കൃത്യമായി എല്ലാവർഷവും കൃഷി ചെയ്യുന്നു.സുരേഷും നാട്ടിലേക്കുള്ള യാത്രകൾക്കിടയിലും കൃഷിയെ മറന്നുപോകാറില്ല. കൃഷ്ണദാസും ബുറൈമിയിൽ ഒരു കേരളക്കരതന്നെ തീർത്തെടുത്തു. അങ്ങനെ അഡ്മിന്മാരുടെ ഉത്സാഹവും,പ്രോത്സാഹനവും ഒന്ന് മാത്രമാണ് വാട്ട്സാപ്പിലും ഫെയിസ്ബുക്കിലും നിറഞ്ഞു നിൽക്കുന്ന ഒമാൻ കൃഷിക്കൂട്ടത്തിന്റെ വിജയരഹസ്യം.  ഇതാണ് പറയുന്നത് ലീഡർ നന്നായാൽ ആ പാർട്ടിയും പച്ചപിടിച്ച്  പടർന്ന് പന്തലിക്കും എന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.