അന്നമ്മ തോമസ്-കാത്തിരുന്ന അമ്മ

amma-sapna
SHARE

ക്ഷമയുടെ പ്രതീകം , അനുകമ്പയുടെ തീർഥം, സ്നേഹത്തിന്‍റെ പാരാവാരം. കവിതകളിലും  ലിഖിതങ്ങളിലും എത്ര എഴുതിയാലും തീരാത്ത വിഷയം. ആർക്കും പൂർണ്ണ അർഥം മനസ്സിലാക്കാൻ ഇടം കൊടുത്തിട്ടില്ലാത്ത, ആരും തന്നെ നിർവ്വചനം എഴുതിച്ചേർത്തിട്ടില്ലാത്ത സ്നേഹപർവ്വം ആണ് അമ്മ.

എന്‍റെ മനസ്സിലും ജീവിതത്തിലും ശക്തമായി പ്രകടമായിരുന്ന, എന്നാൽ ഒരു സുഹൃത്തിന്‍റെ ലാഘവത്തോടെ എന്നും എന്നെ മനസ്സിലാക്കിയിരുന്ന,എന്നും എപ്പോഴും, എനിക്ക് ധൈര്യത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്ന എന്‍റെ അമ്മ. ജീവിതത്തിന്‍റെ എല്ലാ കഥകളുടെ ഓർമ്മകൾക്കിടയിൽ വ്യക്തമായി പ്രകടമാകുന്ന, തെളിഞ്ഞു വരുന്ന ഒരു മുഖം. ഏതൊരു പ്രശ്നങ്ങളുടെ ഇടയിലും മനസ്സിൽ ഓർക്കുമ്പോൾ തന്നെ പരിഹാരവുമായെത്തുന്ന മനസ്സ്. അതിലും അപ്പുറത്തായി,എല്ലാ പ്രശ്നങ്ങൾക്കും പരിഹാരങ്ങളും ഉത്തരങ്ങളും ക്ഷാമമില്ലാതെ എത്തുന്നു. എന്‍റെ ചോദ്യങ്ങൾ തീരുന്നതിനു മുൻപ് , മറുചോദ്യങ്ങൾ എത്തുന്നു. അവയിലൂടെ എന്‍റെ ഉത്തരങ്ങളിലേക്ക് നമ്മളെതന്നെ എത്തിക്കുന്നു. ആ ഉത്തരങ്ങൾ നമ്മുടെ മനസ്സിൽ നിന്നു വരുന്നതായതുകൊണ്ട്  നമ്മളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നവയായിരിക്കും  എപ്പോഴും. ശാസനകൾക്ക് സ്നേഹത്തിന്‍റെ  തലോടൽ പരിഭവങ്ങൾക്ക് ലാളനയുടെ താരാട്ട്. എന്തിനേറെ ഇല്ലായ്മകൾ പോലും ആഘോഷങ്ങളാക്കുന്ന സ്നേഹം.

നമ്മുടെ പല ഏടുകളും എടുത്തു നോക്കുമ്പോൾ എല്ലാവരുടെയും ജീവിതത്തിന്‍റെ പ്രത്യക്ഷമായ ഒരു വലിയ ഭാഗം അമ്മയുടേതാണ്. കുടുംബനാഥൻ എന്ന അച്ഛന്‍റെ പ്രതിച്ഛായ ഒരു നിഴൽ മാത്രമാണ്. എന്നിരുന്നാലും അച്ഛൻ എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ആഗ്യം, കണ്ണ്, ചിരി, ഒരു മുഖഭാവം, മൂളൾ എന്നീ ശാരീരികഭാഷകളാൽ തീരുമാനങ്ങളുടെ അവസാനകല്ല് എന്നും അമ്മയിൽ നിന്നു തന്നെയാണ് വരുന്നത്. ഇത് അതീവശ്രദ്ധയോടെ, ജാഗ്രതയോടും കൂടി, കുട്ടികളുടെ യാതൊരു അറിവും ഇല്ലാതെ, എല്ലാ തീരുമാനങ്ങളും അച്ഛൻ ഏടുത്തു എന്നു തന്നെയാണ് സ്ഥിരീകരിക്കപ്പെടുന്നത്. തനിക്കുവേണ്ടി ഒരു നല്ലവാക്കും നന്ദിയും പ്രതീക്ഷിക്കാതെ, എല്ലാം എല്ലാവർക്കും വേണ്ടി ചെയ്യുന്ന അമ്മ. 

എവിടെ തെറ്റുപറ്റുന്നു, എവിടെയാണ് പാളിച്ച പറ്റിയത് അല്ലെങ്കിൽ വരാൻ സാധ്യതയുള്ളത് എന്നു കാലേകൂട്ടി തീരുമാനിക്കുന്നു. എന്‍റെ മകൻ, മകൾ ഇന്നതു ചെയ്താൽ അതിന്‍റെ  വരുംവരായ്കകൾ നേരത്തെ തന്നെ അമ്മക്കറിയാം. അമ്മയുടെ ശരീരത്തിന്‍റെ ഭാഗമായ സ്വന്തം മക്കളുടെ കഴിവും പരിമിതികളും‍ എത്രത്തോളം വരെ അവരുടെ മനസ്സും ശരീരവും ചെന്നെത്തും എന്ന് അതേപടി മനസ്സിലാക്കാൻ അമ്മക്ക് കഴിയുന്നു. 

'സ്വന്തം, സ്വാർഥത' എന്നീ രണ്ടുവാക്കുകൾ ജീവിതത്തിൽ നിന്നും,മനസ്സിൽ നിന്നും പ്രവർത്തിയിൽ നിന്നും എടുത്തു കളയുന്നു അമ്മ. പുതിയ ഉടുപ്പും ബുക്കും,വെള്ള നിറത്തിലുള്ള റിബണും,പച്ച പിനോഫോം യൂണിഫോമുവായി  സ്കൂളിന്‍റെ പടിവാതിലുകൾ അമ്മയുടെ കൈ പിടിച്ചു കയറി. സ്കൂൾ ടീച്ചർ കൂടിയായ അമ്മയുടെ പിച്ചും,ഞുള്ളും എന്‍റെ സ്കൂൾ ജീവിതവും പഠനവും ഏറെ ലളിതമാക്കി. കൂട്ടുകാരും ദിവസങ്ങളും ഓടി മറഞ്ഞുകൊണ്ടേയിരുന്നു. വളർന്നു വരുന്ന എന്നെ സ്ത്രീത്വത്തിന്‍റെ കൈപിടിച്ചുയർത്തുമ്പോൾ‍, അമ്മയുടെ തലോടലിന്‍റെ ചെറുചൂടിൽ ഞാൻ എന്‍റെ പരിഭ്രാന്തികൾക്ക് കടിഞ്ഞാണിട്ടു. 

കൂട്ടുകാരും സുഹൃത്തുക്കളും എല്ലാം ഒത്തിണങ്ങിയ എന്‍റെ കോളജ് ജീവിതത്തിൽ ഒന്നിനും തന്നെ എനിക്കു അമ്മ തടസ്സം നിന്നില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്,അത് എവിടെ എപ്പോ എങ്ങനെ എന്നു പറഞ്ഞുതന്നു. മനസ്സിന്‍റെ വിലക്കുകൾ തീരുമാനിക്കാനുള്ള പരിധിയും ഉപദേശിച്ചു തന്നു. തീരുമാനം സ്വന്തമായിരിക്കും,അതു തീരുമാനിക്കാനുള്ള മനസിന്‍റെ പക്വത എന്‍റെ അമ്മ എന്നെ പഠിപ്പിച്ചു. 

എന്‍റെ ആദ്യാനുരാഗങ്ങൾ അമ്മയുടെ ചൂരലിന്‍റെ ചൂടറിഞ്ഞു. എന്നാൽ ജീവിതത്തിന്‍റെ അർത്ഥം കോർത്തിണക്കപ്പെടേണ്ട മുഖത്തിനു നേരെ അമ്മ പുഞ്ചിരിച്ചു.ധൈര്യം വാരിക്കോരിത്തന്ന ആ മുഖത്തെ ചിരി എനിക്ക് പിതാവിന്‍റെ മുന്നിൽ അവതരിപ്പിച്ചനുവാദം വാങ്ങാനുള്ള ധൈര്യം തന്നു. വീടും വീട്ടുകാരും സ്വന്തം ബന്ധം ഇവക്കെല്ലാം അർത്ഥങ്ങൾ ജീവിതത്തിൽ അവയുടെ ആവശ്യകത മനസ്സിലാക്കിത്തന്നു. വാക്കുകളെക്കാളേറെ പെരുമാറ്റത്തിലൂടെ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ വരുത്താം എന്ന് അമ്മ പഠിപ്പിച്ചു.

വാക്കുകളും പെരുമാറ്റങ്ങളുമായി സ്വയം ക്ഷമയുടെ പാരാവാരമായി അമ്മ. ബന്ധങ്ങളുടെ കെട്ടുറപ്പും,അതിന്‍റെ ആവശ്യകതയും ഓതിത്തന്നു. പരസ്പര സ്നേഹമില്ലാതെ ജീവിക്കാൻ, എല്ലാം പൊട്ടിച്ചെറിയാൻ എല്ലാവർക്കും സാധിക്കും, എന്നാൽ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടു പോകാൻ എല്ലാവർക്കും സാധിക്കില്ല.'ഞാൻ ഇന്നു ചെയ്യുന്ന കാര്യങ്ങൾ നീ നിന്‍റെ കുട്ടികൾക്കു പിന്നീട് പറഞ്ഞു കൊടുക്കുമ്പോൾ, ഇന്ന് അമ്മ പറയുന്നത് അന്നു നീ മനസ്സിലാക്കും". ഇന്ന് എന്‍റെ മക്കൾക്ക് ഞാനൊരമ്മയായപ്പോൾ എന്‍റെ  അമ്മയുടെ ക്ഷമയും, അന്നത്തെ എന്‍റെ അക്ഷമയും ഞാൻ മനസ്സിലാക്കി. 

എന്‍റെ തീരുമാനങ്ങളെയും സ്നേഹത്തെയും മറികടന്ന്,എന്‍റെ അമ്മ എന്നെ വിട്ടു പിരിഞ്ഞു 2002ൽ,  ക്യാൻസറിന്‍റെ പിടിയിൽ അമ്മ വെന്തു വെണ്ണിറായി.നേരെത്ത ഒന്നു  തീരുമാനിച്ചുറക്കാത്ത യാത്ര.  എന്‍റെ മനസ്സിന്‍റെ ധൈര്യം നിന്ന നിൽപ്പിൽ ചോരുന്നു, ആരുടെയും സ്വാന്തനങ്ങൾ എന്‍റെ മനസ്സിനെ സങ്കടങ്ങളെ തടഞ്ഞു നിർത്തിയില്ല,ആശ്വസിപ്പിച്ചില്ല. ഒരിക്കലും തിരിച്ചു കിട്ടാത്ത എന്‍റെ അമ്മയുടെ സ്നേഹത്തിനായി ഞാനിന്നും കാത്തിരിക്കുന്നു. 

എന്‍റെ അമ്മ. 

എന്നെന്നും തഴുകാനായി,മന്ദമാരുതനായി വർഷങ്ങൾ, 

കാറ്റിന്റെ വേഗത്തിൽ ‍,നിമിഷങ്ങളായി ഇനിയെന്നും 

ഓർമ്മകൾ മാത്രമായി, മെഴുകുതിരിവെട്ടമായി മാത്രം 

പ്രകാശിക്കുമോ എൻമുന്നിൽ ഇനിയുള്ള സന്ധ്യകളിൽ ! ‍.

അമ്മയായി എന്നരുകിൽ ‍,നീ ഉണ്ടായിരുന്നെങ്കിൽ ‍?

ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ,തലോടലിൻ സാന്ത്വനം

മൂർദ്ധാവിലൊരു ചുംബനമായി, നെടുവീർപ്പുകൾ അലിഞ്ഞു

നിർലോഭമായ വാക്കുകളാൽ നീ ജീവിതം നിർവചിച്ചു.

വ്യഥ,ഭയം,സങ്കടം എന്നിവക്കു നിൻ ലാഖമായ താക്കീത്

'ജീവിതം എൻ മകൾക്കു പൂക്കളുടെ നനുത്ത പാതയാക്കൂ ' ,

അവളുടെ നഷ്ടങ്ങളും,വ്യഥകളും എന്റെ മടിയിൽ ‍,

തലചായ്ച്ചുറങ്ങട്ടെ,എന്നന്നേക്കുമായി, നിർലോഭം.

വർഷങ്ങളുടെ നഷ്ടം, നിൻ സാന്നിധ്യം കൂടുവിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.