ചിരിയുടെ രാജാവ്, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നിത്യാനന്ദത്തിലേക്ക് മടങ്ങി

philipose-mar-chrysostom
SHARE

നുഷ്യരുടെ മനസ്സിൽ പുഞ്ചിരിയുടെ തെളിനീരായി എന്നും ഒഴുകിയെത്തുന്ന ഒരു മുഖം, സ്വർഗ്ഗം ഇപ്പോൾ ആ ചിരിയിൽ മുഴങ്ങുന്നുണ്ടെന്നെനിക്ക് ഉറപ്പുണ്ട്! മനുഷ്യരാശിക്കു നൽകിയ അത്ഭുതകരമായ ഈ അദ്വിതീയൻ എന്ന ദാനത്തിന് സർവശക്തന് നന്ദി. മനുഷ്യമനസ്സിൽ ഇതുപോലൊരു ഒരു ചിരപ്രതിഷ്ട നേടിയ ഒരു തിരുമേനി ഇനി സ്വപ്നങ്ങളിൽ മാത്രമെ ഉണ്ടാവൂ, തീർച്ച! എളിമയുടെ, ദൈവസ്നേഹത്തിന്റെ മകുടം, മലങ്കര സഭയുടെ സ്വർണ്ണ നാവ്, മാർത്തോമ സുറിയാനി സഭയുടെ വലിയ ഇടയൻ, ജാടകളില്ലാത്ത നർമത്തിന്റെ തമ്പുരാൻ എന്നൊക്കെ വിശേഷിപ്പീക്കാം. ദൈവം ഇമ്പങ്ങളുടെ പറുദീസയിൽ ശ്രേഷ്ട ആചാര്യനെ ചേർത്തുകഴിഞ്ഞു.ലോകത്തിന് നന്മ ചെയ്യാൻ തന്റെ ആയുസ്സ് ഉപയോഗപ്പെടുത്തിയ സന്യാസി വര്യൻ! മനുഷ്യൻ ഇദ്ദേഹത്തെ മാതൃക ആക്കിയെങ്കിൽ!

പത്മഭൂഷൺ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ 1:15 AM ന് കാലം ചെയ്തു. ആ വലിയ ഇടയന് ലോകം കണ്ണീരോടെ വിടനൽകി. ചിരഞ്ജീവിയായിരിക്കണേ എന്ന് ആഗ്രഹിച്ചിരുന്ന ഒരു മഹദ് വ്യക്തിയായിരുന്നു അദ്ദേഹം.പദ്മഭൂഷൺ അവാർഡ് നേടിയ ഏക ബിഷപ്പ്, അതിന് യോഗ്യമായ യഥാർത്ഥ മാനുഷിക കാഴ്ചപ്പാടും ആഗോള കാഴ്ചപ്പാടും ഉള്ള ഒരു മികച്ച മതപ്രതിഭ.

ജീവിതത്തെ ഒരു ആഘോഷമായി കണ്ട ആത്മീയ ആചാര്യനായിരുന്നു അദ്ദേഹം. ക്രൈസ്തവ ബിഷപ്പുമാരെക്കുറിച്ചുള്ള സകല പരമ്പരാഗത ധാരണകളെയും വെല്ലുവിളിച്ചും തിരുത്തിക്കുറിച്ചുമായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതം. തിരുമേനി സ്വയം അതിനെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്“എനിക്ക് ബിഷപ്പ് എന്ന പദവിയെക്കുറിച്ച് ചില സ്വപ്നങ്ങളുണ്ടായിരുന്നു. മാർത്തോമ്മ മെത്രാപ്പോലിത്തയായപ്പോൾ അവയൊന്നും പ്രയോഗത്തിൽ വരുത്തുവാൻ സാധിച്ചില്ല. റിട്ടയർ ചെയ്തപ്പോൾ അതിനു മുൻപുള്ള ബന്ധങ്ങളും കാഴ്ചപ്പാടുകളും നടത്തിയെടുക്കാൻ, പ്രായോഗികമാക്കാൻ സാധിച്ചു. ജീവിതം ഒരു തുടർച്ചയാണ്, ഓരോ ഘട്ടങ്ങളും ഓരോ ആഘോഷങ്ങളാക്കി മാറ്റാനാണ് ഞാൻ ശ്രമിച്ചത്, അത് ഒരു പരിധിവരെ എനിക്ക് സാധിച്ചു എന്നും കരുതുന്നു”.

1200-mar-chrysostom

എല്ലാ മതങ്ങളിലുമുള്ളവരാൽ ‘ഐകൊണിക്’ വ്യക്തിത്വമായി ബഹുമാനിക്കപ്പെട്ടിരുന്ന ഒരു ബിഷപ്പായിരുന്നു അദ്ദേഹം.”ദൈവം ലോകത്തെ സ്നേഹിച്ചുവെന്നാണ് പറയുന്നത്, സഭയെ സ്നേഹിച്ചുവെന്നല്ലെന്നാണ് തിരുമേനി എപ്പോഴും പറഞ്ഞിരുന്നത്. ലോകത്തിന്‍റെ രക്ഷക്ക് വേണ്ടി ദൈവം തിരഞ്ഞെടുത്ത സമൂഹമാണ് സഭ. ഇന്ന് സഭയുടെ ഉദ്ധാരണത്തിന് വേണ്ടി നാം ലോകത്തെ ഉപയോഗിക്കുയല്ലെ എന്നുകൂടി തിരുമേനി കുറ്റപ്പെടുത്തുന്നു. മതനേതാവ് എന്ന നിലയിൽ,അദ്ദേഹത്തെ ആരാധിക്കുന്നവർ ധാരാളമാണ്. അദ്ദേഹത്തിന്റെ ഒരോ പ്രസംഗങ്ങളും ഒരോ ഗുണപാഠങ്ങൾ ആയിട്ടാണ്, ഒന്നല്ലാതെ എല്ലാവരും കരുതിയത്. സാർവത്രിക സാഹോദര്യത്തിന്റെ പ്രാധാന്യം അദ്ദേഹം തന്റെ ജീ‍വിതത്തിലൂടെ,സംസാരങ്ങളിലൂടെ നമ്മളെ പഠിപ്പിച്ചു. നമ്മുടെ കാലത്തെ ഏറ്റവും വലിയ ‘ആത്മീയ ഡൊയിൻ‘, ആണെന്ന് ജാതിമത,വ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിച്ചു.നർമ്മം കലർത്തി ഏതു വിഷയവും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ മാർഗം എല്ലാ തലത്തിലുമുള്ള ആൾക്കാർക്കും വളരെ ഇഷ്ടപ്പെട്ടിരുന്നു.

ഉദാഹരണമായി,”ഒരു പത്രത്തിന്‍റെ വിദ്യാഭ്യാസ സപ്ലിമെന്റിനെക്കുറിച്ച് മെത്രാപ്പോലീത്തയും സ്കൂൾ കുട്ടികളും തമ്മിലുള്ള സംവാദം ഇങ്ങനെയായിരുന്നു... 

‘‘ നിങ്ങൾ ചക്കക്കുരു കണ്ടിട്ടുണ്ടോ? ’’മെത്രാപ്പോലീത്ത ചോദിച്ചു.‘‘ഉണ്ട്.., കുട്ടികൾ.’’ അതിനുള്ളിൽ എന്താ ഉള്ളത്?’’ചിലർ നിശ്ശബ്ദരായി,ചിലർ പറഞ്ഞു‘‘ഒന്നും ഇല്ല’’.അപ്പോൾ മെത്രാപ്പോലീത്ത പറഞ്ഞു,‘‘ ഒരു ചക്കക്കുരുവിൽ ഒരു പ്ലാവും അതു നിറയെ ചക്കകളുമുണ്ട്.’’അതുകേട്ടു കുട്ടികൾ ചിരിച്ചപ്പോൾ അദ്ദേഹം തുടർന്നു...‘‘ചക്കക്കുരുവിനുള്ളിൽ ഒരു പ്ലാവും നിറയെ ചക്കകളും നിങ്ങൾക്ക് കാണാനാവുന്നതാണു വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതു കൊണ്ടു മാത്രം വിദ്യാഭ്യാസമാകുന്നില്ല.’’എല്ലാ മതങ്ങളിലും അദ്ദേഹത്തെപ്പോലെ ചില മേലധ്യക്ഷന്മാർ ഉണ്ടായിരുന്നെങ്കിൽ മലയാളികൾ ഇന്ന് അനുഭവിക്കുന്ന ആത്മീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയോ, സ്വാശ്രയ കോളജ് പ്രതിസന്ധിയോ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, എത്ര സങ്കടകരം, നമ്മുടെ നാട്ടിൽ തിരുമേനിയുടെ ചിന്താഗതിയുള്ളവർ ഇല്ല എന്നുതന്നെ തീർത്തു പറയാം.

Philipose-Mar-Chrysostom
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (ഫയൽ ചിത്രം)

തിരുമേനിയോട് ചോദിച്ച ചില ചോദ്യങ്ങളും അദ്ദേഹത്തിന്‍റെ അവിസ്മരണീയമായ ഉത്തരങ്ങളും കൂടി ഇവിടെ ചേക്കട്ടെ

•ആരോഗ്യം സൂക്ഷിക്കുന്നതിന്‍റെ ചിട്ട? മെത്രാപ്പോലീത്ത :മാസത്തിൽ രണ്ടുദിവസം രാത്രി ഞാൻ വെറും നിലത്തു കിടന്നുറങ്ങും. മിക്ക ദിവസവും രാത്രികഞ്ഞിയാണ്. എന്നുവച്ചു ഒരു ഹോട്ടലിൽ കൊണ്ടുപോയിരുത്തിയാൽ പിണങ്ങിയിറങ്ങിവരില്ല.

•കമ്യൂണിസത്തെ എങ്ങനെ കാണുന്നു? മെത്രാപ്പോലീത്ത : ഞാൻ മുമ്പും എതിരല്ലായിരുന്നു. ഇപ്പോൾ തീരെയില്ല. കമ്യൂണിസം ഇപ്പോഴില്ലെന്നു വിശ്വസിക്കുന്നയാളാണു ഞാൻ.പക്ഷേ, കമ്യൂണിസത്തിന്‍റെ വലിയ സംഭാവന ഇല്ലായിരുന്നെങ്കിൽ നമ്മുടെ ദളിത് ഗ്രൂപ്പുകൾക്ക്കിട്ടിയ സ്ഥാനം ഇന്നു കിട്ടുമായിരുന്നില്ല. 

•സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെക്കുറിച്ച്?മെത്രാപ്പോലീത്ത : രാഷ്ട്രത്തെ ഭരിക്കുന്നജോലി സഭയെ ഏൽപ്പിച്ചിട്ടില്ല.

തിരുമേനി ജനങ്ങളുടെ ഹൃദയത്തിൽ നൂറ്റാണ്ടുകളോളംജീവിക്കും.ജാതി മത ചിന്തകൾക്കതീതമായ കമ്മ്യൂണിറ്റി വേർതിരിച്ചുണ്ടാക്കിയെടുക്കുക എന്നതായിരുന്നു തിരുമേനിയുടെ സ്വപ്നവും ദർശനവും.ക്രിസോറ്റം തിരുമേനി മരിക്കുന്നില്ല.തിരുമേനിയുടെ ആശയങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്തു കൊണ്ടേയിരിക്കും. തിരുമേനിയുടെ ധന്യമായ ജീവിതത്തിനു മുൻപിൽ പ്രണാമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA