'ലേഡി വിത്ത് ദി ലാമ്പ്'- രാജ്യാന്തര നഴ്സ് ദിനം

nurses-day
SHARE

ഫ്ലോറെൻസ് നൈറ്റിംഗേൾ 130 വർഷം മുൻപ്, ലണ്ടനിൽ  ഇതുപേലെ പറഞ്ഞിരുന്നു “ ഞാൻ ഒരു പേരു മാത്രമാകുന്ന കാലത്ത് എന്റെ ഈ ശബ്ദം നിങ്ങൾ കേൾക്കും. എന്റെ ജീവിതത്തിലെ മഹത്തായ പ്രവർത്തനങ്ങളെ എല്ലാവരും ഓർക്കുകയും, അനശ്വരമാക്കുകയും ചെയ്യൂം എന്നു ഞാൻ പ്രതീക്ഷിക്കുന്നു.” ശരിയായ വൈദ്യ പരിചരണത്തിലൂടെ 19–ാം നൂറ്റാണ്ടുകളിൽ നഴ്സിംഗ് ജോലിയിൽ ശ്രദ്ധേയായ ഒരു വ്യക്തിത്വമായിരുന്നു ഫ്ലോറൻസ് നൈറ്റിംഗേൽ. മുറിവേറ്റ പാവപ്പെട്ട രോഗികളുടെ ദയനീയസ്ഥിതി ഫ്ലോറൻസിന്റെ മനസ്സിനെ ഉലച്ചു. അവരുടെ രോഗശമനത്തിനായി താൻ കൂടുതൽ പഠിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ആവശ്യമാണെന്നവൾ മനസ്സിലാക്കി. അക്കാലത്തെ ഏറ്റവും മോശപ്പെട്ട ജോലിയായ നഴ്‌സിംഗിനായി ‘നൈറ്റിംഗേൾ‘ പോകുന്നത് സമ്പന്നരായ അവളുടെ കുടുംബത്തിന് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അങ്ങനെ പാവപ്പെട്ട രോഗികളെ സഹായിക്കാനായെത്തിയ നൈറ്റിംഗ് ഗേളിന്റെ റൗണ്ടുകളെ ആസ്പദമാക്കിയാണ്, 'ലേഡി വിത്ത് ദി ലാമ്പ്' എന്ന ചിത്രം വരക്കപ്പെട്ടത്.

ഈ "നഴ്സസ് ദിന"ത്തിൽ വേൾഡ് മലയാളി ഫെഡറേഷനിലും ലോകത്തെമ്പാടുമുള്ള നമ്മുടെ ഈ പ്രിയപ്പെട്ട ഈ മാലാഖമാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ! ഇവർ മാലാഖമാരല്ല, മാന്ത്രികരല്ല, പോരാളികളാണ്. നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമാണ്,സ്നേഹത്തിന്റെ,കരുതലിന്റെ തലോടലാണ്, കെടാത്ത പ്രതീക്ഷയുടെ തിരുനാളമാണ്.മാലാഖമാർ എന്ന് പുകഴ്ത്തിയില്ലെങ്കിലും,ഒന്നോർക്കുക,അവരും മനുഷ്യരാണ്, എന്നെ പോലെ,നിങ്ങളെ പോലെ സന്തോഷങ്ങളും സങ്കടങ്ങളും വികാരങ്ങളുമെല്ലാമുള്ള, സാധാരണ മനുഷ്യർ! അവർക്കുമുണ്ട് പേരുകൾ,വേറിട്ട മുഖങ്ങൾ,അവർക്കും നൽകാം, നന്ദിയുടെ ഒരു നല്ല വാക്ക്, സ്നേഹത്തിന്റെ ഒരു ചെറുചിരി. 

അവരോടായി ഞാൻ ചോദിച്ച ചില ചോദ്യങ്ങൾക്ക് സൗദി ആർമ്ഡ് ഫോഴ്സ് ഹോസ്പിറ്റലിലെ ഹെഡ് നേഴ്സ് ആയ ‘പ്രിയ സിൽജൊ’, കുവൈത്തിൽ നഴ്സിംഗ് സ്പെഷ്യലിസ്റ്റ് ആയ ‘രെഞ്ചിനി രാധിക’, ഒമാനിനിന്നുള്ള “മാജി ബിജു മാത്യു”, “ബിനോൾ ബാ‍ലചന്ദർ“, കരീബിയൻ സ്കൂൾ ഓഫ് നഴ്സിംഗ്, ജെമെയിക്ക യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ലെക്ച്ചറർ എന്നിവരുടെ പ്രതികരണങ്ങൾ വേൾഡ് മലയാളി ഫെഡറേഷന്റെ അഭിമാനം ഉയർത്തിക്കാട്ടി. സമയക്കുറവു കാരണം നമ്മുടെ വേൾഡ് മലയാളി ഫെഡറേഷനിലുള്ള ധാരാളം മെംബർ ആയവർക്ക് മറുപടി പറയാനോ, സഹകരിക്കാൻ പറ്റാതെപോയവർക്കും ‘നഴ്സ്’ എന്ന ജോലി തെരെഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ.

1. ഇതൊരു പ്രതിസന്ധി ഘട്ടം, ഇപ്പോൾ നിങ്ങളുടെ എന്തൊക്കെ പ്രവർത്തനങ്ങളാണ്,കൂടുതലായി സമൂഹം പ്രതീക്ഷിക്കുന്നത്?

ബിനോളിന്റെ ചിന്താ‍ഗതിയിൽ ‘പൗരന്മാരും സർക്കാരുകളും അവരുടെ നഴ്സിംഗ് സാഹോദര്യത്തെക്കുറിച്ച് പ്രതിസന്ധിഘട്ടത്തിൽ മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നത് ഖേദകരമാണ്. അസാധാരണ ശക്തിയുള്ള സൂപ്പർഹീറോകളും,ചിറകില്ലാത്ത “മാലാഖമാരും” ആയിരിക്കണം ഒരോ നഴ്സുമാരും എന്ന് സർക്കാരും അവിടുത്തെ ജനങ്ങളും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, നഴ്സുമാർ മനുഷ്യലോകത്തോട് പ്രതിബദ്ധത പുലർത്തുകയും ചിറകുകളില്ലാതെ പറന്ന് സാമൂഹിക പ്രതീക്ഷകളെ മറികടന്ന് അവരുടെ പരോപകാരം തെളിയിക്കുന്നു. അനുകൂലമല്ലാത്ത ജോലി സാഹചര്യങ്ങളോ വ്യക്തിപരമായ സാഹചര്യങ്ങളോ ഉണ്ടായിരുന്നിട്ടും നഴ്‌സുമാർ അവരുടെ പരിചരണത്തിലുള്ള രോഗികളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കാൻ എപ്പോഴും തയാറായിരിക്കണമെന്നും സമൂഹം പ്രതീക്ഷിക്കുന്നു.

അതേസമയം, മിക്ക രോഗികളുടെ പരിചരണം പൂർണ്ണമായും നഴ്‌സുമാരെ ഏൽപ്പിക്കുന്നു. മാത്രമല്ല, വേണ്ടത്ര വ്യക്തിഗത സംരക്ഷണം, അപകടസാധ്യത, ശാരീരിക അസൌകര്യങ്ങൾ, അനിശ്ചിത ജോലിസമയം, കൂടാതെ മതിയായ പ്രതിഫലം ഇല്ലാതിരുന്നിട്ടുപോലും മിക്ക നഴ്സുമാരും ഈ പ്രതിസന്ധി ഘട്ടത്തിൽ സ്ഥിതിഗതികൾ മനസ്സിലാക്കി അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ അത്യാസന്നഘട്ടത്തിൽ നഴ്‌സുമാർ മനപ്പൂർവ്വം മാനവികതക്കായി സ്വയം സമർപ്പിക്കുകയും മഹാമാരിയെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. 

വാക്സിനേഷൻ, പൊതുപ്രവർത്തനങ്ങൾ,നേരിട്ടുള്ള പരിചരണം തുടങ്ങി വിവിധ സേവനങ്ങളിൽ നഴ്‌സുമാർ ഏർപ്പെടാറുണ്ടെന്ന് പൊതുജനങ്ങൾക്ക് നന്നായി അറിയാം. പരിചരണ ഏകോപനത്തിലും, സഹകരണത്തിലും നഴ്‌സുമാർ അവിഭാജ്യരാണെന്നുള്ള കാര്യം പൊതുജനങ്ങൾക്ക് എന്നും മനസ്സിലാക്കിയിരിക്കണം.

ഇത് പറഞ്ഞുകഴിഞ്ഞാൽ, സമൂഹത്തിൽ നിന്നും സർക്കാരുകളിൽ നിന്നും നഴ്സിംഗ് നേതൃത്വത്തിൽ നിന്നും നഴ്സുമാർ എന്താണ് പ്രതീക്ഷിക്കുന്നത്? അവരുടെ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കനും, പരിശോധിക്കുന്നതിനുമുള്ള സമയമാണിത്. കാരണം രാജ്യങ്ങളുടെ ആരോഗ്യപരിപാലന നിലവാരം നഴ്സ്മാരുടെ കൈകളിലാണ്. ആരോഗ്യസംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നഴ്സിംഗ് തൊഴിലാളികളെ ശാക്തീകരിക്കുകയും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പല രാജ്യങ്ങളിലും ആരോഗ്യ പരിഷ്കരണത്തിന്റെ ട്രയൽബ്ലേസർമാർ തെളിയിച്ചിട്ടുണ്ട്.വിപ്ലവ കവി കുമാരനാസന്റെ പ്രസിദ്ധമായ കവിത “മാട്ടുവിൻചട്ടങ്ങളെ” ഞാൻ ഓർക്കുന്നു എന്ന് നഴ്സിംഗ് ലക്ചറർ കൂടിയായ ബിനോൾ പറയുന്നു. 2021 ലെ രാജ്യാന്തര നഴ്‌സുമാരുടെ ദിനത്തിന്റെ തീം “നഴ്‌സസ്: എ വോയ്‌സ് ടു ലീഡ് - എ വിഷൻ ഫോർ ഫ്യൂച്ചർ ഹെൽത്ത് കെയർ എന്നിവയായിരുന്നു. ഈ നൂറ്റാണ്ടിൽ നേഴ്സുമാർ തങ്ങളുടെ തൊഴിലിനെ എങ്ങനെ നയിക്കുമെന്നും രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ, എങ്ങനെ പരിവർത്തനം ചെയ്യുമെന്നും തെളിയിക്കാൻ നഴ്‌സുമാർ പ്രതിജ്ഞാബദ്ധരാണ്.

മാജി കൊല്ലത്ത് ബിഷപ്പ് ബേനസിജർ സ്കൂൾ ഓഫ് നഴ്സിംഗിൽ ചേരുമ്പോൾ കൂടുതൽ ഒന്നും മനസ്സിൽ ഇല്ലായിരുന്നു. പഠനം തുടങ്ങിയപ്പോൾ ആണ് അത് അത്ര നിസ്സാരമായി ചെയ്തുതീർക്കാവുന്ന ഒന്നല്ല എന്ന് മനസ്സിലായത്. ഒരു ജോലി എന്നതിലുപരി പലവിധ രോഗങ്ങളാലും പ്രയാസങ്ങളാലും ബുദ്ധിമുട്ടുന്നവരെ മനസ്സിലാക്കാനും ശുഷ്രൂഷിക്കുവാനും സാധിക്കണം. ആദ്യ നാളുകളിൽ നേരിട്ട പ്രധാന വെല്ലുവിളി അതായിരുന്നു. ആ സമയത്ത് പെട്ടന്ന് പ്രായത്തിൽകവിഞ്ഞ പക്വത കാട്ടേണ്ട പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഈ അവസ്ഥയിൽ നാം കൂടുതൽ അനുകമ്പയും സഹാനുഭൂതിയും കാണിക്കണമെന്ന് സമൂഹം ആഗ്രഹിക്കുന്നു എന്നാണ് രഞ്ചിനി പറഞ്ഞത്. എന്നാൽ സ്നേഹത്തോടെയുള്ള പരിചരണം, ആത്മാർഥതയോടെയുള്ള സേവനമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നാണ് പ്രിയക്ക്  പറയാനുള്ളത്.

2. നഴ്സായി ഒരു കരിയർ സ്വയം തിരഞ്ഞെടുത്തതാണോ, അതിനെക്കുറിച്ച് പറയൂ?

’നേഴ്സ് സ്പെഷ്യലിസ്റ്റ്’ ആയ രഞ്ചിനി സ്വയം തിരഞ്ഞെടുത്ത ഒരു കരിയറാണ് നേഴ്സിംഗ്! ”എന്റെ ചെറുപ്രായത്തിൽത്തന്നെ എനിക്ക് മെഡിക്കൽ മേഖലയോട് ഒരു അടുപ്പം തോന്നിയിരുന്നതാണ് ഞാൻ നഴ്സിംഗ് തിരഞ്ഞെടുക്കനുള്ള കാരണം. അത് ദരിദ്രരും രോഗികളുമായ ആളുകളുകളെ സേവിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്തു.

മാജി പത്തനംതിട്ട,നന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽനിന്നും പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയപ്പോൾ,ഇനി എന്ത്‌ എന്ന ചോദ്യത്തിന് രണ്ട് ചോയ്സ് ആയിരുന്നു, ‘ടീച്ചിംഗ് അല്ലെങ്കിൽ നേഴ്സിംഗ്’.അമ്മയുടെ ആഗ്രഹമായിരുന്നു നഴ്സിംഗ് തിരഞ്ഞെടുക്കാൻ പ്രചോദനമായത്.

എന്നാൽ ബിനോൾ ഇങ്ങനെയാണ് പറഞ്ഞത്”അതെ,നഴ്സിംഗ് എന്റെ വ്യക്തിപരമായ കരിയർ തിരഞ്ഞെടുപ്പായിരുന്നു.80 കളിൽ കുട്ടിയായിരിക്കുംബോൾ നഴ്‌സുമാരുടെ ആകർഷകമായ വെളുത്ത യൂണിഫോം എന്നെ വളരെ ആകർഷിച്ചു.ഞാൻ വളർന്നപ്പോൾ,അനുകമ്പ,കരുതലും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും എന്നിലെ എന്നിൽ “നേഴ്‌സിംഗ് ഗുണങ്ങൾ” ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.വ്യക്തികൾ ദേഷ്യപ്പെടുംമ്പോഴും,സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിലും എന്റെ തന്മയത്വം എല്ലായ്പ്പോഴും വിലമതിക്കപ്പെട്ടിരുന്നു. ദൈവം നൽകിയ വിലയേറിയ ഒരു കഴിവായി ഞാൻ അതിനെ അംഗീകരിക്കുകയും ചെയ്തു. ഇതിനുപുറമെ, ആഗോളതലത്തിൽ,ഇന്ത്യയിലും,നേഴ്സിംഗ് വിലകുറഞ്ഞതായി കണക്കാക്കിയീരുന്നെങ്കിലും,രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക നില കണക്കിലെടുക്കാതെ,എവിടെയും എല്ലായ്പ്പോഴും ആർക്കും ജോലി കണ്ടെത്താൻ കഴിയുന്നൊരു തൊഴിലാണ് നഴ്സിംഗ്.വ്യക്തിപരമായി മികച്ച പ്രതീക്ഷകൾ നൾകുമെന്നും,എന്തുകൊണ്ടും നഴ്സിംഗ് എനിക്കും ചെയ്തുകൂടാ എന്നും ഞാൻ മനസ്സിലാക്കി!

പ്രിയയും ഏതാണ്ട് സ്വന്തം താല്പര്യത്തെക്കുറിച്ചുതന്നെയാണ് പറഞ്ഞത് “അതെ, സ്വന്തം ഇഷ്ടപ്രേകാരം തിരഞ്ഞെടുത്ത ജോലിയാണ്. സയൻസ് ആയിരുന്നു +2 വിന് വിഷയം തിരഞ്ഞെടുത്തത്‌.നല്ല മാർക്ക് ലഭിച്ചതുകൊണ്ട് ബി എസി നഴ്സിംഗിനു കിട്ടി.ആ സമയത്തു നഴ്സിംഗ് ഒരു ട്രെന്റ് കൂടിയായിരുന്നു. അതുകൊണ്ട് ആതുര സേവനം തന്നെ തിരഞ്ഞെടുത്തു. 

3.ജോ‍ലിചെയ്തുതുടങ്ങിയ സമയം, ഡോക്ടർമാർ,മാനേജ്മെന്റ് ഇവരോടൊക്കെയുള്ള ഇടപെടലുകൾ എങ്ങനെയൊക്കെയായിരിക്കണം?

പ്രിയ 2010 ഡിസംബറിൽ  പാസ്സായി .2011 ജനുവരിയിൽ പൂനെയിലെ ആദിത്യ ബിർള മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോലി ആരംഭിച്ചു.അന്ന് മുതൽ ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും നല്ല പിന്തുണ ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്ല എന്നു പറയുന്നില്ല അന്നൊക്കെ പൊരുതി നിന്നു.രഞ്ചിനിയും 2003 ൽ തന്റെ കരിയർ ആരംഭിച്ചു എന്ന് പറയുന്നു.എല്ലായ്‌പ്പോഴും പ്രൊഫഷണലായിരിക്കുക. എന്നും,എപ്പോഴും ആദ്യത്തെ മുൻഗണന രോഗിക്കായിരിക്കണം.

ബിനോളിന്റെ അഭിപ്രായം, നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം ”ആരോഗ്യസംരക്ഷണമേഘലിയിലുള്ള മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള രാഷ്ട്രീയ ഇടപെടലുകൾ കാരണം നഴ്‌സുമാർ പൊതുവെ നമ്മുടെ സമൂഹത്തിൽ പലതരം വെല്ലുവിളികൾ നേരിടുന്നു. അതിനുമുകളിൽ, ബഹുമാനവും ആദരവും ഇല്ലാത്തത് ഒരു തീരാത്ത പ്രശ്നമാണ്, ഇത് നിരവധി നഴ്‌സുമാരുടെ മനോധൈര്യത്തെ വല്ലാതെ ബാധിച്ചു. നഴ്‌സുമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച്,പല പ്രതിസന്ധി ഘട്ടങ്ങളിൽ മാധ്യങ്ങളുടെ പ്രശംസകളാൽ ഞങ്ങൾ സന്തോഷിക്കുന്നില്ല!ഇത് ഗവൺമെന്റിന്റെയും മാനേജ്മെന്റിന്റെയും സമൂഹത്തിന്റെയും നഴ്‌സുമാരോടുള്ള സമീപനം,ഞങ്ങൾക്ക് ലഭിക്കുന്ന പെരുമാറ്റത്തിൽ പ്രതിഫലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നഴ്‌സുമാരുടെ ജോലിസാഹചര്യങ്ങളും മാനദണ്ഡങ്ങളും ഉയർത്തുന്നതിൽ സാമൂഹിക-രാഷ്ട്രീയക്കാരുടെ ഇടപെടലുകളെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. രാഷ്ട്രീയം,ലിംഗഭേദം,സാമൂഹികവിവചനം,മതം,ജാതി, വിശ്വാസം എന്നിവ കണക്കിലെടുക്കാതെ നഴ്‌സുമാക്കായി ഏകീകൃത ശബ്ദത്തോടെ സ്വയം പ്രതിനിധീകരിക്കുന്ന ഒരു യുഗത്തെക്കുറീച്ചാണ് ഞാൻ സ്വപ്നം കാണുന്നത്”.

മാജി ബിജു,നഴ്സിംഗ് പഠനം പൂർത്തിയാക്കീനെത്തുടർന്ന് നാലു വർഷം അവിടെത്തന്നെ ജോലിചെയ്തു. പിന്നീട് വിവാഹം,അതേത്തുടർന്നു ഭർത്താവുമായി 2001 ൽ ഒമാനിൽ എത്തി.2002 ൽ മസ്കത്ത് പ്രൊവെറ്റ് ഹോസ്പിറ്റലിൽ കുട്ടികളുടെ വിഭാഗത്തിൽ നഴ്സ് ആയി ജോലി തുടങ്ങി. സമൂഹത്തിന്റെ പല തലത്തിലുള്ള രോഗികളെ പരിചരിക്കുന്നതിനും അടുത്തിടപഴകുന്നതിനും അവസരം ലഭിച്ചു. വിവിധ രാജ്യക്കാരായമേലുദ്യോഗസ്ഥർ ഡോക്ടർമാർ, സഹപ്രവർത്തകർ എല്ലാവരിൽനിന്നും വളരെ നല്ല അനുഭവങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.

4. രോഗികളുകായിഏറ്റവും അടുത്തിടപെടുകയും അവരുടെകാര്യങ്ങൾ എല്ലാംതന്നെ ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്നിങ്ങൾ, അത് അംഗീകരിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടോ?

രഞ്ചിനിക്ക് വ്യസ്ഥമാ ഒരു അഭിപ്രായം ആണ് ഉള്ളത് ,”പലതവണ നമുക്ക് അർഹമായത് അന്തസ്സ് ലഭിക്കുന്നില്ല, എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കർമ്മത്തിൽ വിശ്വസിക്കുന്നു.എനിക്കത് പൂർണ്ണഹൃദയത്തോടെ ചെയ്യാനും കഴിയുന്നുണ്ട്.

തീർച്ചയായും, ബിനോൾ കൂടതൽ വ്യക്തമായി പറഞ്ഞു”ഞാൻ നഴ്സിംഗ് ഇഷ്ടപ്പെടുന്നു,ഒപ്പം ആളുകളെ പരിപാലിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. ഒന്നാമതായി,നഴ്സിംഗിന് സവിശേഷമായ വൈദഗ്ധ്യവും അറിവും ഉൾക്കൊള്ളുന്ന ഒരു ജനാധിഷ്ഠിത തൊഴിലാണ്.നിങ്ങൾക്ക് ഏറ്റവും പ്രശസ്തനായ ഡോക്ടറുടെ സേവനം ലഭിക്കുന്നുണ്ടെങ്കിൽ പോലും നഴ്സിംഗ് സേവനങ്ങൾ നിലവാരത്തിൽ താഴെയാണെങ്കിൽ,ഇത് രോഗിയുടെ വീണ്ടെടുക്കൽ,പുനരധിവാസം,രോഗിയുടെ സങ്കീർണതകൾ,ആശുപത്രി താമസത്തിന്റെ ദൈർഘ്യം,ആരോഗ്യ പരിപാലന ചെലവ് എന്നിവയെ ബാധിക്കുന്നു.അതിനാൽ,നഴ്സിംഗ് പരിചരണം രോഗിയുടെ ആരോഗ്യ ഫലങ്ങൾക്ക് നേരിട്ട് വലിയ അളവിൽ സംതൃപ്തിയും നൽകുന്നു.അതിനാൽ, മികച്ച പരിചരണം,വെല്ലുവിളികൾ,അനിശ്ചിതത്വങ്ങൾ എന്നിവ നേരിടാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ നഴ്സിംഗ് നിങ്ങളുടെ ചായക്കപ്പല്ല! ”അതൊരു ഉൾവിളിയാണ്;നിങ്ങളുടെ മനസ്സിൽ അങ്ങനെയൊരു ആവേശം ഇല്ലെങ്കിൽ ഈ തൊഴിലിനോട് നീതി പുലർത്താൻ കഴിയില്ല.”

അതേ ശ്വാസത്തിൽ,ഞാൻ അഭിമാനത്തോടെ പറയും, നേരിട്ടുള്ള രോഗികളുടെ പരിചരണത്തിൽ നിന്നുകിട്ടുന്ന സന്തോഷത്തെ മാറ്റിക്കളയാൻ ഭൂമിയിലോ സ്വർഗ്ഗത്തിലോ ഉള്ള ഒന്നിനും കഴിയില്ല. ഓരോ വ്യക്തിക്കും അനുഭവപ്പെടുന്ന ആശ്വാസം, അവർ ഉണ്ടാക്കിയെടുക്കുന്ന വിശ്വാസം, ഞങ്ങൾ ലഘൂകരിക്കുന്ന കഷ്ടപ്പാടുകൾ, കൃതജ്ഞത വളരെ പ്രകടമാണ് രോഗികളിൽ നിന്ന്!ഞാൻ അക്കാദമിയിൽ പഠിപ്പിക്കുന്നതിനാൽ നിങ്ങൾക്ക് ഊഹിക്കാവുന്നതിലുമധികം ഞാൻ ഇവയെല്ലാം നഷ്‌ടപ്പെടുന്നു.ഒരു ആശുപത്രി ജൊലിക്രമത്തിലല്ലെങ്കിലും ഞാൻ ഇപ്പോഴും അവസരങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നു.ഞാൻ ഒരു ആശുപത്രിയിൽ അല്ല, എന്റെ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്കുവേണ്ടി ഞാൻ അത് നിസ്വാർത്ഥമായി പല പ്രവർത്തനങ്ങളും ചെയ്യുന്നു. 

കരുതലുള്ള ഓരോ നഴ്‌സിനും  മനസ്സിന്റെ സന്തോഷവും ആത്മവിശ്വാസവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ, നമ്മുടെ നഴ്‌സുമാരോട് ശരിയായ മനോഭാവം, കഴിവുകൾ, അറിവ് എന്നിവ പഠിപ്പിക്കുന്നതിന് ഒരു നല്ല ആത്മാർഥതയുള്ള ഒരു നഴ്‌സിനു മാത്രമെ അവരുടെ അധ്യാപകനാകാൻ കഴിയൂ. നഴ്‌സിംഗിനോടുള്ള എന്റെ അഭിനിവേശമാണ് ഒരു അധ്യാപക എന്ന നിലയിൽ എന്റെ പങ്ക് ഞാൻ ഉത്തരവാദിത്വത്തോടെ നടത്താൻ സഹായിക്കുന്നത്. ഭാവിയിലെ നഴ്‌സുമാരെ വിജയകരമായി രൂപപ്പെടുത്താൻ എനിക്ക് കഴിയും, കൂടെ എന്റെ വിദ്യാർഥികളുടെ പ്രത്യേകളും ആവശ്യങ്ങളും മനസിലാക്കാനും എനിക്ക് സാധിക്കും എന്നൊരു ആത്മവിശ്വാസവും എനിക്കുണ്ട്. എന്റെ ചുറ്റുമുള്ള ആളുകൾക്ക് ഈ മഹാമാരിയുടെ സമയത്ത് വൈദ്യസഹായം ലഭിക്കാത്ത വ്യക്തികൾക്കായി ഞാൻ എനിക്കുള്ള അറിവുകൾ പറഞ്ഞു മനസ്സിലാക്കുകയും, എന്റെ സേവനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

പ്രിയയുടെ നഴ്സ് എന്ന ആത്മവിശ്വാസം ആണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്”,തീർച്ചയായും ഇഷ്ടപെടുന്നുണ്ട്, അംഗികരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

5. എന്തൊക്കെയാണ്ഒരു നേഴ്സ് എന്ന കരിയറിനെക്കുറിച്ച്, ഇനിയുള്ളകുട്ടികൾക്ക്  പറഞ്ഞുകൊടുക്കാനുള്ളത്? ഇവിടെനിന്നുള്ള ഉയർച്ച എംഡിക്കായി ഡോ ക്ടർമാർ പഠിക്കുന്നതുപോലെ ഭാവിയിൽഎന്തൊക്കെ പ്ലാൻ ചെയ്യാം?

പ്രിയക്കും വ്യക്തമായ അഭിപ്രായമാണുള്ളത് ”സമൂഹത്തോട് പ്രതിബധത ഉള്ള വ്യക്തികളായിരിക്കണം ഓരോ നഴ്സുമാരും.എങ്കിൽ മാത്രമേ നമ്മുക്ക് ഓരോ രോഗികളെയും പരിചരിക്കാൻ കഴിയൂ.ഒരു ജോലി എന്നതിനേക്കാൾ ഉപരി ഇതൊരു സേവനവും ആണെന്ന് മനസിലാക്കി ജോലി ചെയ്താൽ, നമ്മുടെ മുമ്പിൽ ഉള്ളവർ നമ്മുടെ പ്രിയപ്പെട്ടവർ ആണെന്ന് കരുതിയാൽ, ജോലി ഒരു ബുദ്ധിമുട്ടായി തോന്നുകയില്ല.മാജി, ഇന്ന് നഴ്സിംഗ് കരിയറിൽ 24 വർഷങ്ങൾ പൂർത്തിയാകുന്നു. മസ്കത്ത് പ്രൈവെറ്റ് ഹോസ്പിറ്റലിൽ  വുമൺസ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ പ്രധാന നേഴ്സ് ആയി തുടരുന്നു. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാരത്താണ്ഡവം രണ്ടാം വർഷത്തിലേക്കും, തരംഗത്തിലേക്കും എത്തിനിൽക്കുമ്പോൾ, കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളിൽ പ്രധമസ്ഥാനത്താണ് നഴ്സുമാർ.. വിളക്കേന്തിയ വനിതയുടെ ജന്മദിനത്തിലും പി പി ഇ കിറ്റിനുള്ളിൽ വെന്തുരുകി കർമനിരതരായി പോരാട്ടത്തിന്റ മുൻ നിരയിൽ നിൽക്കുന്ന എല്ലാ നഴ്സമാർക്കും നേഴ്സസ് ദിനാശംസകൾ...ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കും..ഒരു നഴ്സ് ആയതിൽ ഞാനും അഭിമാനിക്കുന്നു...

ബിനോളിന്റെ അഭിപ്രായത്തിൽ ആഗോളതലത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ബിരുദങ്ങളിലൊന്നാണ് ബാച്ചിലർ ഓഫ് സയൻസ് ”നഴ്സിംഗ്”.നഴ്‌സിംഗിൽ നൽകുന്ന കോഴ്‌സുകളുടെ ആഴവും വ്യാപ്തിയും നിങ്ങളിൽ പലർക്കും അറിയില്ല.ഇന്ത്യയിൽ, ഒരു നഴ്സിന് അവന്റെ/അവളുടെ തൊഴിൽ തിരഞ്ഞെടുക്കാം അല്ലെങ്കിൽ അതിൽ സാമ്യതയുള്ള മറ്റൊരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.നഴ്സിംഗ് ബിരുദം ,നഴ്സിംഗ് അച്ചടക്ക-നിർദ്ദിഷ്ട കോഴ്സുകൾ മുതൽ ജനറൽ, ഹെൽത്ത് എഡ്യൂക്കേഷൻ,സോഷ്യൽ സയൻസ്, നഴ്സിംഗ് ഡിസിപ്ലിൻ കോഴ്സുകൾ, ഇൻഫർമേഷൻ ടെക്നോളജി മുതലായവ വരെയുള്ള നിരവധി കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഈ മാറ്റം സാധ്യമാണ്. 

അതിനാൽ,നിങ്ങൾക്ക് ഒരു ‘ബി‌എസ്‌എൻ‘ അല്ലെങ്കിൽ ‘ബി‌എസ്‌സി‌എൻ‘ ഉണ്ടെങ്കിൽ,നിങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും നഴ്സിംഗ്,അനുബന്ധ വിഷയങ്ങളിൽ നിരവധി ബിരുദാനന്തര പ്രോഗ്രാമുകൾ പഠിക്കാനും കഴിയും. കൂടാതെ,എം‌ബി‌എ, പൊതുജനാരോഗ്യത്തിൽ മാസ്റ്റേഴ്സ്,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,അനാട്ടമി,ഫിസിയോളജി, ബയോകെമിസ്ട്രി, സൈക്കോളജി, കൗൺസിലിംഗ്,സോഷ്യോളജി, ന്യൂ‍ട്രീഷൻ, ഗവേഷണം, അനുബന്ധ ബിരുദങ്ങളിലേക്ക് തിരിഞ്ഞു പോകാനും സാധിക്കും.

കൂടാതെ,ഡിപ്ലോമ / ബി‌എസ്‌എൻ ഉള്ളവർക്ക് ജീവിത/ജോലി /പഠന രാജ്യത്തെ ആശ്രയിച്ച് വിവിധ നഴ്‌സിംഗ് സ്‌പെഷ്യാലിറ്റികളിൽ പ്രൊഫഷണൽ പഠത്തിനായുള്ള വിദ്യാഭ്യാസം തുടരാൻ അർഹതയുണ്ട്.വികസിത രാജ്യങ്ങളിലെ നഴ്‌സ് പ്രാക്ടീഷണർമാരെയും സ്വതന്ത്ര പരിശീലകരായി കണക്കാക്കുന്നു.മറ്റ് പല സ്പെഷ്യലിസ്റ്റ് നഴ്‌സിംഗ് ബിരുദങ്ങളും ആ രാജ്യങ്ങളിൽ വാഗ്ദാനം ചെയ്യുന്നു.ബിരുദം നേടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജ്യത്തെ ആശ്രയിച്ച് നഴ്സിംഗ്,അനുബന്ധ മേഖലകളിൽ ഞങ്ങൾക്ക് പോസ്റ്റ്-ഡോക്ടറൽ ബിരുദവുമെടുക്കാം.അതിനാൽ, നഴ്‌സിംഗിൽ,മറ്റേതൊരു തൊഴിലിനേക്കാളും, സാധ്യതകൾ അനന്തമാണ്. ഇന്ത്യയിൽ,നഴ്‌സുമാർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിന് ശരിയായ അവസരങ്ങൾ നൽകുന്നത് തൊഴിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് ആവശ്യമാണ്. ആരോഗ്യമേഖലയിലുടനീളം പ്രതിഫലവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തി സർക്കാരുകൾ നഴ്‌സുമാരെ നിലനിർത്തുകയും വേണം.

രഞ്ചിനി പറയുന്നു”ആരാണെങ്കിലും രോഗികളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന ഒരു തൊഴിലാണ് നഴ്സിംഗ്.ഒരു അംഗീകാരവും പ്രതീക്ഷിക്കരുത്. 

6. നിങ്ങളുടെകുടുംബത്തിന്റെ സംഹകരണം, സപ്പോർട്ട്, സഹായം ഈ  കരിയറിൽഎത്രമാത്രം ആവശ്യമാണ്?

പ്രിയക്ക് കുടുംബതിൽ നിന്നു നല്ല രീതിൽ സപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. “അവരുടെ സപ്പോർട്ട് ആണ് നമ്മുടെ ഊർജം”.രെഞ്ചിനിയുടെ ജോലിയുടെ സാഹചര്യങ്ങൾ വിദേശത്തായതിനാൽ ഇങ്ങനെ പറയുന്നു,”പാശ്ചാത്യ രാജ്യങ്ങൾ നഴ്‌സ് പ്രാക്ടീഷണർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും ഇഷ്ടപ്പെടുന്ന നിരവധി സാധ്യതകളുമുണ്ട്. പക്ഷേ, മറ്റ് രാജ്യങ്ങൾ ഇത് പിന്തുടരുന്നില്ല.നഴ്സിംഗ് തൊഴിലിലെ പ്രധാനകാര്യം കുടുംബ പിന്തുണയാണ്. 

ദൈവകൃപയാൽ എന്റെ കുടുംബത്തിന്റെ പ്രചോദനം എനിക്കുള്ളത് ഒരു അനുഗ്രഹമായി കരുതുന്നു. മാജിയുടേത്, ഭർത്താവ് ബിജു മാത്യുവും മകൻ ഏബലും അടങ്ങുന്ന ചെറിയ കുടുംബമാണ്. തിരക്കേറിയതും മാറി മാറിവരുന്നതുമായ ഡ്യൂട്ടി ഷെഡ്യൂളിൽ അവരുടെ സപ്പോർട്ട് ഒരു പ്രധാന ഘടകം തന്നെയാണ്. ബിനോളിന്റെ കാഴ്ചപ്പാടിൽ ആതുരസേവന രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നവരാണ് നഴ്സുമാർ. കാലാകാലങ്ങളായി ത്യാഗപൂർണ്ണമായ സേവനം നടത്തുന്ന അവർ ഇപ്പോൾ ഏറ്റവും വലിയ ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സേവനത്തിന്റെ പാതയിലുടനീളം നന്മയുടെ തിരികെടാതെ കൊണ്ടുപോവാൻ സാധിക്കട്ടെ. ഊർജ്ജസ്വലരായി മുന്നേറാൻ അവരെ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ.

നന്ദിയുടെ ഒരു കുറിപ്പ്: നഴ്സുമാർ എന്ന പോരാളികൾ നിലയ്ക്കാത്ത കരുതലും കരുത്തുമായ നമ്മുടെ ജീവിതങ്ങൾക്ക് തുണയായ നിൽക്കുന്ന ഈ അവസരത്തിൽ സ്നേഹസമ്മാനമായി ഈ ലേഖനം ഇസ്രയേലിൽ മരണമടഞ്ഞ മലയാളി നേഴ്സ്   “സൗമ്യ സന്തോഷിനായി” സമർപ്പിക്കുന്നു. എവിടെയും ഒരു നഴ്സ് ഇല്ലാത്തൊരു കേരളസംസ്ഥാനം,നഗരം,ഗ്രാമം ഇല്ല എന്നു തന്നെ പറയാം! കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിൽ ധാരാളമായി ഇന്നും ഒരു ശക്തമായ സാന്നിദ്ധ്യമാണ് കേരളത്തിലെ നിന്നുള്ള ഈ മാലാഖമാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.