ശ്രീകൃഷ്ണജയന്തി

sree-krishna
SHARE

മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി  നക്ഷത്ര ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി,അഷ്ടമിരോഹിണി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം.അതികൊണ്ട് അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർഥനയും നടക്കും.ഈ പുണ്യദിനം കൃഷ്ണാഷ്ടമി,ഗോകുലാഷ്ടമി,അഷ്ടമി രോഹിണി,ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ്,സെപ്റ്റംബർ മാസങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി വരിക.

കൃഷ്ണന്റെ അർഥം

സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ എന്ന വാക്കിന്റെ അർഥം 'ഇരുട്ട്' എന്നാണ്, ഭൗതിക ബന്ധങ്ങളാൽ അന്ധരായവർക്ക് അദൃശ്യവും അജ്ഞാതവുമായി നിലനിൽക്കുന്ന പരമോന്നത ബോധത്തെ സൂചിപ്പിക്കുന്നു. കൃഷ്ണനെ നീല നിറത്തിലും, മഞ്ഞ വസ്ത്രങ്ങൾ ധരിച്ചും ചിത്രീകരിച്ചിരിക്കുന്നു. നീലനിറം ആകാശത്തോടും മഞ്ഞനിറം ഭൂമിയുമായും ബന്ധപ്പെട്ടിരിക്കുന്നു. അനന്തമായ അവബോധം ഭൂമിയിലേക്ക് അവന്റെ പരിമിതമായ രൂപത്തിൽ നിലനിൽക്കാൻ നിർദ്ദേശിക്കുന്നു. വിഷ്ണുസഹസ്രനാമത്തിൽ  അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്.കറുത്തനിറത്തോടുകൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം.വല്ലഭ സമ്പ്രദായത്തിൽ ബ്രഹ്മസംബന്ധമന്ത്രയിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണൻ എന്ന പദത്തിൽ അഭിസംബോധന ചെയ്യുന്നു. മഹാഭാരതം ഉദ്യോഗപർ‌വ്വത്തിൽ 'കൃഷ്' എന്നും 'ണ' എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. 'കൃഷ്’ എന്ന പദമൂലത്താൽ ‘ഉഴുവുക’ എന്നു പ്രക്രിയയെയും, 'ണ’ എന്നതിനാൽ ‘പരമാനന്ദം’ എന്നതിനെയും സൂചിപ്പിക്കുന്നു. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരെയും ആകർഷിക്കുന്നവൻ എന്ന അർഥത്തെ കുറിക്കുന്നു. കൃഷ്ണന്റെ ഈ പ്രത്യേകത ഭാഗവതത്തിന്റെ ആത്മരാമപാദത്തിൽ കാണാൻ കഴിയും. ആദിശങ്കരന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തിൽ  പരമാനന്ദത്തിന്റെ ഇരിപ്പിടം എന്ന പദവി ആണ് കൃഷ്ണനു നൽകിയിരിക്കുന്നത്. കൃഷ്ണൻ തന്റെ കഥകളുമായി ബന്ധപ്പെട്ട് പല പേരുകളിൽ അറിയപ്പെടുന്നു. ഇവയിൽ ‘ഗോപാലൻ‘ പശുക്കളുടെ സം‌രക്ഷകൻ എന്നും, ‘ഗോവിന്ദൻ‘ പശുക്കളുടെ രക്ഷിതാവ്, എന്നീ പേരുകൾ കുട്ടിക്കാലവുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കൂടാതെ കേശവൻ, പാർഥസാരഥി മുതലായ നാമങ്ങളിലും കൃഷ്ണൻ അറിയപ്പെടുന്നു.

 ജനനം

പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകൽപനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപാണ്. ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു. കൃഷ്ണൻ മഥുരയിലെ  രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര  യദുവംശത്തിന്റെ (യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ കംസൻ, പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്ര സമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയെയും ഭർത്താവ് വസുദേവരെയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളെയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായി കൃഷ്‌ണൻ പിറക്കുന്നത്. കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ,അമ്പാടിയിലുള്ള നന്ദഗോപരുടെയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു. 

അവതാരലക്ഷ്യം

ഭഗവാൻ വിഷ്ണു മനുഷ്യലോകത്തിന്റെ നന്മയ്ക്കു അപകടങ്ങളോ, ദോഷങ്ങളോ സംഭവിക്കുമ്പോൾ സംരക്ഷണത്തിനായി അവതരിക്കുമെന്നു പറയപ്പെടുന്നു. അതുപ്രകാരം ദുഷ്ടന്മാരെ നിഗ്രഹിച്ചു ധർമ്മം പുനഃസ്ഥാപിക്കാനായി ഭൂമിദേവിയുടെയും ദേവന്മാരുടെയും അപേക്ഷപ്രകാരം ഭഗവാൻ വിഷ്ണു കൃഷ്ണനായി അവതരിച്ചു എന്ന് ഭാഗവതത്തിലും,വിഷ്ണുപുരാണത്തിലും എഴുതപ്പെട്ടിരിക്കുന്നു. 

ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ പിറന്നു. അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു. സന്താനങ്ങളാൽ അവർ തങ്ങളുടെ വംശം വർധിപ്പിച്ചു. അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ നയിക്കുകയും ലോകത്തിനു അത്യന്തം ദോഷങ്ങളുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് കാരണം ഭൂമിദേവി ക്ഷീണിതയായിക്കൊണ്ടിരുന്നു. ഭൂമിയെ അസുരന്മാർ കൊള്ളയടിച്ചുകൊണ്ടിരുന്നു. അങ്ങനെ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ഭൂമിക്കൊരു ഭാരമായിത്തീർന്നു. 

ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു.അങ്ങനെ കംസൻ ആരാലും എതിർക്കപ്പെടാത്ത അതിശക്തനായ നേതാവായി ഭൂമി ഭരിച്ചു. കംസന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരെല്ലം തോന്നിയമട്ടിൽ ജീവിക്കുകയും,പാപം ചെയ്യുകയും ചെയ്തു. അങ്ങനെയായപ്പോൾ ഭൂമീദേവി ദേവലോകത്ത് പോയി തന്റെ ദുരിതപൂർണ്ണമായ ജീവിതം ദേവന്മാരെ അറിയിച്ചു.ദേവന്മാർ ഭൂമിദേവിയെയും കൂട്ടി ബ്രഹ്‌മാവിനോട് തങ്ങളുടെ പ്രശ്നം പറഞ്ഞു. എന്നാൽ ബ്രഹ്മാവ് കംസനു വരം നൽകിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു. അവരെല്ലാം മഹാവിഷ്ണുവിനോട് അവരുടെ സങ്കടാവസ്ഥ പറഞ്ഞത് കേൾക്കുകയും, താൻ ഭൂമിയിൽ അവതരിച്ച് അസുരന്മാരെ വധിക്കുമെന്നും അറിയിച്ചു. എന്തും ഒറ്റയ്ക്ക് ചെയ്യുവാൻ കഴിവുള്ളവനാണ് ഈശ്വരൻ. അദ്ദേഹം വൈകുണ്ഠത്തിൽ വിഷ്ണുവായും, കൈലാസത്തിൽ ശിവനായും, സത്യലോകത്തു ബ്രഹ്‌മാവായും ജീവിക്കുന്നു. അങ്ങനെ മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ചു. ദേവന്മാരെല്ലാം അദ്ദേഹത്തിൻറെ സഹായികളായി അതത് രാജകുലങ്ങളിലും അവതാരമെടുത്തു. അങ്ങനെ കംസന്റെ സംഹാരം നടന്നു.

കലാരൂപങ്ങളിൽ, ചിത്രകലയിൽ, ഭക്തിയിൽ, കവിതയിൽ കൃഷ്ണൻ

പ്രാർഥനാ ശ്ലോകങ്ങളിലും ഭക്തിയിടെ മൂർധ്യന്യതയിലും കലാരൂപങ്ങളിലും, ചിത്രകലയിലും നിറഞ്ഞു നിൽക്കുന്ന ഒരു സ്വരൂപമാണ് ക്രിഷ്ണൻ. കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം കൃഷ്ണലീലയിൽ അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു. ഇന്ത്യൻ രംഗകലകളെപ്പറ്റിപ്പറയുമ്പോൾ ഹോറിറ്റ്സ് പതഞ്ജലിയുടെ മഹാഭാഷ്യത്തിൽ ക്രി.മു 150 ആം വർഷത്തിൽ കംസവധത്തെക്കുറിച്ചു പരാമർശിച്ചുകാണുന്നു. ഭാസന്റെ  ബാലചരിത്രവും, ദൂതവാക്യവും ക്രി. മു 400 വർഷത്തിൽ കൃഷ്ണകഥകളെ അടിസ്ഥാനപ്പെടുത്തി രചിച്ച സംസ്കൃത നാടകങ്ങളാണ്. ആദ്യത്തേത് കൃഷ്ണന്റെ കുട്ടിക്കാലത്തെക്കുറിച്ചും രണ്ടാമത്തേത് മഹാഭാരതയുദ്ധകാലത്തെ അടിസ്ഥാനമാക്കി രചിച്ച ഏകാംഗനാടകവുമാണ്.

ഭക്തിയുടെ വളർച്ചയോടു കൂടി കൃഷ്ണകഥ വൻതോതിൽ കലാരൂപങ്ങളെ സ്വാധീനിക്കാൻ തുടങ്ങി. ഗീതഗോവിന്ദം ഭാരതം മുഴുവൻ പ്രശസ്തി ആർജ്ജിച്ചു. കവികൾ ചിട്ടപ്പെടുത്തിയ ഭക്തിഗാനങ്ങൾ നാടോടി-ശാസ്ത്രീയ സംഗീത മേഖലകളിൽ നിരവധി എഴുതപ്പെട്ടു. ഒഡീസിയിലും മണിപ്പൂരിയിലും കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി നൃത്തങ്ങൾ രചിച്ചു. രാസലീലയുടെ നൃത്തരൂപം കഥക്, കൃഷ്ണനാട്ടം എന്നിവയുമായി വിവർത്തനം ചെയ്യപ്പെട്ടു. കഥകളിയുടെ മുൻഗാമിയായ കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിലാണ് അവതരിപ്പിച്ചിരുന്നത്. മഹാരാഷ്ട്രയിൽ രൂപപ്പെട്ട ‘ഹരികഥ’ നൃത്തം, സംഗീതം എന്നിവയുടെ സഹായത്തോടെ വിപുലമായി അവതരിക്കപ്പെട്ടു. ഇത് തമിഴ്‌നാട്, കേരളം മുതലായ തെക്കൻ സംസ്ഥാനങ്ങളീലേക്കും വ്യാപിച്ചു. ഈ കലാരൂപത്തിൽ നിന്നാണ് കഥാപ്രസംഗം വികസിക്കപ്പെട്ടത്. കർണ്ണാടകത്തിൽ കാണപ്പെടുന്ന ‘യക്ഷഗാനം’ പുരാണത്തിലെ കൃഷ്ണകഥയെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടത്. പല ഇന്ത്യൻ ഭാഷകളിലെയും ചലച്ചിത്രങ്ങളെ കൃഷ്ണകഥ സ്വാധീനിച്ചിട്ടുണ്ട്.

കൃഷ്ണഭക്തി:- പ്രാർഥനാ ശ്ലോകങ്ങളിലും ഭക്തിയിടെ മൂർധ്യന്യതയിലും കലാരൂപങ്ങളിലും,ചിത്രകലയിലും നിറഞ്ഞുനിൽക്കുന്ന ഒരു സ്വരൂപമാണ് കൃഷ്ണൻ. ഈ ശ്ലോകം ഒരു പ്രാർഥനകൂടിയാണ് 

കൃഷ്ണായ വാസുദേവായ

ഹരയേ പരമാത്മനേ

പ്രണതക്ലേശനാശായ

ഗോവിന്ദായ നമോ നമഃ

ഭക്തി എന്നത് ദൈവവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എങ്കിലും ഹൈന്ദവവിശ്വാസത്തിൽ, പ്രത്യേകിച്ചും ദൈവസങ്കൽപം എന്നാൽ കൃഷ്ണനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA