സുരയ്യ മരിച്ചു, ഗീതാ ദത്ത് മരിച്ചു, മുഹമ്മദ് റഫി മരിച്ചു, തലത് മെഹമൂദും മുകേഷും മരിച്ചു. കിഷോർ കുമാറും ഭൂപേൻ ഹസാരികയും മരിച്ചു,പി. ബി. ശ്രീനിവാസ്, പി. ലീല, കമുകറ പുരുഷോത്തമൻ,കെ. പി. ഉദയഭാനു. ഇപ്പോൾ ലതാ മങ്കേഷ്കറും. പക്ഷേ ഇവരൊക്കെ ശരിക്കും മരിച്ചുവോ? ഇല്ല,എല്ലാവരും ഇപ്പോഴും നമ്മുടെ കൂടെയുണ്ടല്ലോ,അവരുടെ ആത്മാവിലൂടെ, ശബ്ദത്തിലൂടെ, ഭാവങ്ങളിലൂടെ, അക്ഷരങ്ങളിലൂടെ, വലിയൊരു ലോകം നമുക്ക് മുന്നിൽ ഭാഷയുടെ, രാജ്യങ്ങളുടെ, സ്നേഹത്തിന്റെ വലിയ ലോകം നമുക്ക് മുന്നിൽ മലർക്കെ തുറന്നു വച്ച്,അവർ നമുക്കൊപ്പം തന്നെയുണ്ട്!
ലതാജിയുടെ പാട്ടുകൾ കൊണ്ട് മാത്രം ഇപ്പോഴും ഓര്‍ക്കപ്പെടുന്ന സിനിമകൾ ഉണ്ട്. വളരെ നേര്‍ത്ത ശബ്ദം എന്ന് ആദ്യകാലത്തു പറഞ്ഞ് ഒഴിവാക്കിയിരുന്ന ആ ശബ്ദം ഏതു വികാരത്തെയും ഉള്‍ക്കൊള്ളുന്ന തരത്തിൽ രൂപാന്തരപ്പെടുന്നത് അരനൂറ്റാണ്ടിൽ ഇന്ത്യൻ സംഗീത ലോകം വിസ്മയത്തോടെ കണ്ടു. നെല്ല് എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ" എന്ന് തുടങ്ങുന്ന, വയലാർ രാമവർമ്മയുടെ വരികൾക്ക്, സലിൽ ചൗധരി ഈണമിട്ട ഈ ഒരേ ഒരു ഗാനം മാത്രമാണു ലത മങ്കേഷ്കർ മലയാളത്തിൽ പാടിയിട്ടുള്ളത്.
സംഗീതത്തിനു ഭാഷയും ദേശവുമില്ലെന്നു തെളിയിച്ച്,ആരാധക ഹൃദയങ്ങളെ ഏഴു പതിറ്റാണ്ടായി കീഴടക്കുന്ന ദൈവികനാദമാണ് ഇന്നലെ നിലച്ചത്.ലതാ മങ്കേഷ്‌കർ എന്ന പേര് ഇന്ത്യയുടെ അഭിമാനമുദ്രയായിരുന്നു. വാനമ്പാടിയെന്ന് ആലങ്കാരത്തിനായി വിളിച്ചിരുന്നതല്ല. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ശബ്ദസാന്നിധ്യം അടയാളപ്പെടുത്തി തലമുറകളെ കോരിത്തരിപ്പിച്ച മറ്റൊരു ശബ്ദം വേറെയുണ്ടാവില്ല. ഇന്ത്യയുടെ ബഹുസ്വരതയെ കോര്‍ത്തിണക്കിയ നാദപ്രവാഹമായിരുന്നു അത്. ആകാശവാണിയിലൂടെയും ബ്ലാക്ക് ആന്റ് വൈറ്റ് വെള്ളിത്തിരകളിലൂടെയും ഒഴുകിയെത്തിയ ലത മങ്കേഷറെന്ന വൈകാരിക സ്വരഭാവം കാലപ്രവാഹത്തിലും ഒരു പോറലുമേല്‍ക്കാതെ അന്നും ഇന്നും എന്നും നിലനിൽക്കും.ആപ്കി നസറോം നെ സംഝാ, ലഗ് ജാ ഗലെ, പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ, അജീബ് ദാസ്താം ഹെ യെ, ശീഷാ ഹോ യാ ദില്‍ ഹൊ,തേരേ ബിനാ സിന്തഗി എന്നീ പാട്ടുകളടക്കം,കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനങ്ങളുടെ പട്ടിക നീളുകയാണ്.
മധ്യപ്രദേശിലെ ഇന്‍ഡോറിൽ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും മകളായി 1929ൽ ജനിച്ച ലതാ മംഗേഷ്ക്കറിനെ അച്ഛന്‍ വിളിച്ചിരുന്നത് ഹേമ എന്നാണ്. അച്ഛനിൽ നിന്ന് സംഗീതം അഭ്യസിച്ചു.പതിനൊന്നാം വയസ്സിൽ നാരദന്റെ വേഷം അഭിനയിച്ച് നാടക രംഗത്തെത്തി.1942ൽ അച്ഛൻ മരിച്ചു. അച്ഛന്‍ മരിച്ച് എട്ടാം ദിവസം 'പഹിലി മംഗളാ ഗൗർ' എന്ന മറാത്തി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.'പഹിലി ഗംഗളാ ഗൌറാ'ണ് ആദ്യം പാടി റിലീസായ ചിത്രം.മൂന്ന് അനുജത്തിമാരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു.'ഗജഭൌ' എന്ന ചിത്രത്തിലാണ് ആദ്യമായി ഹിന്ദിയില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു.അമാനത് അലിഖാന്റെ കീഴിൽ കൂടുതൽ സംഗീതം അഭ്യസിച്ചു.ഉസ്താദ് അമാനത് ഖാന്‍ ദേവസ്വാലേ, പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലും കൂടുതൽ സംഗീതം പഠിച്ചു. നൗഷാദിന്റെ അന്ദാസിനു വേണ്ടി പാടിയതോടെയാണ് ലത ശ്രദ്ധേയയായത്.ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത ‘മേരാ ദിൽ തോഡാ’ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്.15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്.
ഇരുപതു ഭാഷകളിലായി ഗാനങ്ങൾ പാടിയ ലതാ മങ്കേഷ്കർ,"കദളീ ചെങ്കദളി "പാടിയാണ് മലയാളത്തിലെത്തിയത്. ബംഗാൾ, ആസാം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര,കേരളം എന്നിവിടങ്ങളിലെല്ലാം നാടന്‍ സംഗീതത്തിന്റെ മാധുര്യം കൊണ്ടുവന്നത് ലതയാണ്. ആരി ആ നന്ദിയാ,മധുമതയിലെ ആജാരേ പര്‍ദേശി, പരഖിലെ ഓ സജ്നാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്.8 ചിത്രങ്ങളിൽ അഭിനയിക്കുകയും 5 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുകയും 3 ചിത്രങ്ങൾ നിര്‍മ്മിക്കുകയും ചെയ്തു.1969ല്‍ പത്മഭൂഷണും '99ല്‍ പത്മവിഭൂഷണും 2001 ൽ ഭാരതരത്നം പുരസ്കാരവും ലഭിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ആറ് സര്‍വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.1962ൽ ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ,ആ വേദനയിൽ ലത മങ്കേഷ്കർ പാടിയ “ ഹെ മേരെ വതൻ കെ ലോഗോം,’ എന്നപാട്ട് കേൾക്കാത്തവർ ഉണ്ടാവില്ല,തീർച്ച.
ഇന്ത്യന്‍ ചലച്ചിത്രവേദിയിൽ ഒരു കുടുംബവാഴ്ചയാണ് മങ്കേഷ്‌കർമാരുടേത് എന്നും പറയാം.പിതാവ് ദീനനാഥ് മങ്കേഷ്‌കറുടെ പൈതൃകം മൂന്നാം തലമുറയില്‍ സുധേഷ് ബോസ്ലെ വരെയുള്ളവർ പിന്തുടര്‍ന്നു വരുന്നു. ശാസ്ത്രീയസംഗീതവും മെലഡിയുമായിരുന്നു മൂത്ത മകള്‍ ലതയുടെ കൈമുദ്രയെങ്കില്‍,പൊപ് സംഗീതത്തോട് സാമ്യമുള്ളതും,നൃത്തഭാഷാ സാന്നിദ്ധ്യമുള്ളതും ആയി പാട്ടുകളായിരുന്നു ആശ ബോസ്ലെയുടെ കരുത്ത്. ആശയുടെ മകൾ വര്‍ഷ ഭോസ്ലെയും പാട്ടുകൾ പാടിയിരുന്നു. അവരുടെ മകൻ ഹേമന്ത് ഭോസ്ലെ സംഗീതസംവിധായകനാണ്.ആശയുടെ ഇളയ സഹോദരി ഉഷ,7 ഭാഷകളിലായി അനേകം പാട്ടുകൾ പാടിയിരുന്നു എങ്കിലും സിനിമാസംഗീതത്തിൽ സജീവമായില്ല.ഒരു പക്ഷേ ദേശീയ ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ഒരേ കുടുംബത്തിൽ നിന്ന് രണ്ടുപേർ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടുന്നത് ലതയും ആശയുമാണ്. ലതയും ഉഷയും വിവാഹം കഴിച്ചിട്ടില്ല.ഇളയ സഹോദരി മീന മങ്കേഷ്‌കറും മറാത്തിയിലും ഹിന്ദിയിലും ധാരാളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.ഇവരുടെ മക്കൾയോഗേഷും,രചനയും ഗായകരാണ്. ഒരേയൊരു സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കർ ഇന്ത്യയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനും ഗായകനുമാണ്.ഹൃദയനാഥിന്റെ ഈണത്തിൽ ചേച്ചിമാർ പാടിയിട്ടുമുണ്ട്.ഹൃദയനാഥിന്റെ മക്കളിൽ രാധ മങ്കേഷ്‌കറും ഹിന്ദുസ്ഥാനി ഗായികയെന്ന നിലയിൽ ശ്രദ്ധേയമായ ശബ്ദമാണ്.
അവസാന വരികൾ:-സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ഇന്നലെ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ നടന്നു കഴിഞ്ഞു.രാവിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം.പ്രിയ ഗായികയോടുള്ള ആദരസൂചകമായ 2 ദിവസത്തേക്ക് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.ഔദ്യോഗികമായ വിനോദ പരിപാടികൾ ഉണ്ടാകില്ല.
തു ജഹാ ജഹാ ചലേഗാ, മേരാ സായാ സാത്ത് ഹോഗാ
മേരാ സായാ, മേരാ സായാ, മേരാ സായാ, മേരാ സായാ
കഭീ മുച്ഛകോ യാദ് കർകെ ജോ ബഹേംഗെ തേരേ ആസൂ
തു വഹിപെ റോക് ലേഗാ ഉനെ ആകെ മേരെ ആസൂ
തൂ ജിധർ കാ രുഖ് കരേഗാ,മേരാ സായാ സാത്ത് ഹോഗാ.