കെപിഎസി ലളിത: തിരശ്ശീലയിലെ അനുപമ വിസ്മയം

kpac-lalitha
SHARE

കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായ് സംസാരമുള്ള അമ്മ, ഭാര്യ വേഷങ്ങൾ. ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധങ്ങൾ നിറഞ്ഞ വേഷങ്ങൾ ‘ലളിതാമ്മ’ പ്രേക്ഷക മനസ്സിൽ, സ്വയം നമ്മൾ തന്നെയോ എന്നോർമ്മിപ്പിക്കും വിധം എന്നും നിറഞ്ഞുനിന്നിരുന്നു. അതിന് ഉദാഹരണങ്ങളാണ് വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സിഐഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ലളിത നിറഞ്ഞാടിയ വേഷങ്ങൾ.

ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണത്രേ ‘മഹേശ്വരി’യെന്ന് പേരിട്ടത്. പിന്നീട് കെപിഎസിയിൽ ചേരുകയും തോപ്പിൽ ഭാസിയാണ് ‘ലളിത’ എന്നു പേരിട്ടത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ അടങ്ങിയ ഒരു കുടുംബം ആയിരുന്നു മഹേശ്വരിയുടേത്. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്ന മഹേശ്വരി, കലോൽസവങ്ങളിൽ ധാരാളം സമ്മാനം നേടി. 

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. സിനിമയിൽ എത്തിയതിന് ശേഷമാണ് പേരിനൊപ്പം കെപിഎസി എന്ന് കൂടി ചേർക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ച ലളിത, തന്റെ പത്താം വയസിൽ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. 50 വർഷത്തോളം അഭിനയരംഗത്ത് നിറഞ്ഞുനിന്നു കെപിഎസി ലളിത.

സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയിൽ ലളിതാമ്മ അഭിനയിച്ചിട്ടുണ്ട്. 1970 ൽ കെ എസ് സേതുമാധവന്റെ ‘കൂട്ടൂകുടുംബം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതാമ്മക്ക്. അതിനു ശേഷമാണ് സിനിമയിൽ സജീവമായത്. നീല പൊന്‍മാൻ, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദർ, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. അങ്ങനെ നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനഹൃദയങ്ങളിൽ നിറഞ്ഞു. കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ലളിതാമ്മ തന്റെ അഭിനയമികവ് പ്രകടിപ്പിച്ചു. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടവ.

സിനിമയിൽ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടൻ ഇന്നസെന്റിനായിരുന്നു. ഗജകേസരിയോഗം, അപൂര്‍വ്വം ചിലർ, കോട്ടയം കുഞ്ഞച്ചന്‍, മക്കൾ മാഹാത്മ്യം, ശുഭയാത്ര, മൈ ഡിയർ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ്, കള്ളനും പൊലീസും, അര്‍ജുനൻ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറിനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു.സഹനായിക വേഷങ്ങളിലായിരുന്നു കെപിഎസി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതാമ്മയെ ജനപ്രിയനടിയാക്കിയത്. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളിൽ ശബ്ദവിന്യാസം കൊണ്ട് ലളിതാമ്മ തീര്‍ക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാൻ സാധിക്കില്ലായിരുന്നു. സുകുമാരി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നാടൻ വേഷങ്ങളിലായിരുന്നു ലളിതാമ്മ കൂടുതലും പ്രത്യക്ഷപ്പെട്ടത്. 

1978 ൽ ഭരതനെ വിവാഹം കഴിച്ചു. സിനിമയിൽ കലാസംവിധാനരംഗത്തായിരുന്നു ഭരതൻ ആദ്യം അരങ്ങേറ്റം കുറിച്ചത്.മാധവിക്കുട്ടി, ചക്രവാകം,നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിതാമ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ചുനാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിതാമ്മ, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ സിനിമയിൽ സജീവമായി.

ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 നീലപ്പൊന്മാൻ,1978  ആരവം, 1990 അമരം,1991 ൽ കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ,സന്ദേശം എന്നിവയിൽ സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.ലളിതാമ്മയുടെ അഭിനയത്തിന്റെ മികവിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണ്. അടൂർ‌ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷൻ  പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. മകൻ സിദ്ധാർഥ് ചലച്ചിത്ര നടനും സംവിധായകനുമാണ്, മകൾ ശ്രീക്കുട്ടി.

സിപിഎമ്മിനോട് ചേര്‍ന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം. തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷ കൂടിയാണ്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. മലയാളത്തിന്റെ അഭിനയ വിസ്മയം കെപിഎസി ലളിത  ഇനി നമ്മുടെ ഓർമ്മകളിലും,തിരശ്ശീലകളിലും മാത്രമായി.

ഒരടിക്കുറിപ്പ്: ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു. എന്നും ഓർമിക്കാനാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം അഭിനയ പ്രതിഭയ്ക്ക് ആദരാജ്ഞലികൾ. ഈ എഴുത്തിനൊപ്പം ചേർത്തിരിക്കുന്ന ചിത്രം വരച്ചത് ജിനീഷ് പീലിയണ്. ഈ ചിത്രം ലളിതാമ്മ കണ്ട് ജിനീഷിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS