യുക്രെയ്ൻ ബങ്കറുകളിൽ കുടുങ്ങി വിദ്യാർഥികൾ

russia-invasion-ukraine-2
SHARE

‘നാലു ദിവസമായി ബങ്കറിൽ, ഭക്ഷണമില്ല, ടോയ്‌ലെറ്റ് സൗകര്യമില്ല’വാട്സാപ്പ് സന്ദേശങ്ങളിലൂടെ മലയാളി വിദ്യാർഥികൾ പറയുന്നതാണിത്. ചില യുക്രെയ്ൻ സൈനികർ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന മലയാളി വിദ്യാർഥികളെ ചവിട്ടുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്നും സൈനികർ ആകാശത്തേക്ക് വെടിവച്ച് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറയുന്നു.‘കമ്മ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ട്’ ആവാൻ പോവുകയാണ് യുക്രെയ്നിൽ എന്നാണ് പുതിയ വാർത്തകൾ! ഇനി മലയാള മാധ്യമങ്ങൾക്ക് കുട്ടികളുടെ ഫോണിലൂടെയുള്ള വാർത്തകളും, അവരവരുടെ കുടുംബവും ആയുള്ള  ആശയവിനിമയം എങ്ങനെ നടക്കും? മുമ്പോട്ടുള്ള കുട്ടികളുടെ രക്ഷാപ്രവർത്തനത്തിൽ ഇത് കാര്യമായ തടസ്സങ്ങൾ വരത്തല്ലേ എന്ന് പല രക്ഷിതാക്കളും ആലോചിച്ചു തുടങ്ങി.

ഇത് വെള്ളപ്പൊക്കമോ, ഭൂചലനമോ അല്ല, മറിച്ച് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമാണ്. എയർസ്പേസ് അടച്ചിരിക്കുന്നു, അവിടെ "നോ ഫ്ളൈ സോൺ" ഉണ്ട്. ശത്രു മിസൈലുകളും റോക്കറ്റുകളും ലക്ഷ്യം വെയ്ക്കാതെ ചീറിപ്പായുന്നു ആകാശത്തോളം! എന്നിട്ടും ഇതുവരെ നാല് എയർ ഇന്ത്യ വിമാനങ്ങൾ ആ രാജ്യത്തേക്ക് പറന്ന്, ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു കഴിഞ്ഞു. നമ്മുടെ പൗരന്മാരെ പരിക്ക് കൂടാതെ സുരക്ഷിതമായി നാട്ടിലേക്ക് ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു. നിരുത്തരവാദപരമായ മനോഭാവം കാണിച്ച് സുരക്ഷാ സേനയെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് സംയമനം പാലിച്ച് ചാനലുകളും പൗരന്മാരും ക്ഷമയോടെ സഹകരിക്കണം എന്ന് വീണ്ടും വീണ്ടും ട്വിറ്റർ, ചാറ്റ്, ഫെയ്സ്ബുക്ക് മെസ്സേജുകൾ അയച്ച് അവരാൽ ആകുന്ന സഹായ സഹകരണങ്ങൾ ചെയ്യുന്നവരും ഉണ്ട്. ഇത് ജീവിതവും മരണവും തമ്മിലുള്ള കളിയാണ് എന്ന് എല്ലാവരും മനസ്സിലാക്കണം.

kerala-students-ukraine

യുക്രെയ്നിൽ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്.യുദ്ധം തുടങ്ങിയാൽ എന്താ ചെയ്യാനുള്ളത് എന്ന്, അത് തുടങ്ങുന്നതിനു മുമ്പ് തന്നെ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും ഇന്ത്യൻ സർക്കാർ നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. യുക്രെയ്ൻ വിടാനുള്ള ഗവണ്മെന്റ് നിർദ്ദേശത്തിനൊപ്പം, അതിനുള്ള ഹെൽപ് ഡസ്കും തുറന്നു. കൂടെ വേൾഡ് മലയാളി ഫെഡറേഷൻ പോലെയുള്ള വലിയ സംഘടനകൾ ഫസ്റ്റ് എയിഡ്, ആഹാരം, താമസ സൗകര്യങ്ങൾ എന്നിവയും തയാറാക്കി. സമൂഹമാധ്യമങ്ങൾ വഴി നമ്പറുകളും എത്തിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും ഉടൻ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്. പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളോടാണ് ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ എടുത്തു പറയുന്നത്. കൂടാതെ യുക്രെയിനിൽ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം അധികൃതരെ എത്രയുപെട്ടെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു. അത്യാവശ്യമെങ്കിൽ ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുക്രെയ്നിലെ മിക്കരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു കഴിഞ്ഞു. തങ്ങളുടെ പൗരന്മാരോട് ഉടൻ തന്നെ രാജ്യം വിടാൻ അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മുൻപ് ഒക്കെ യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ നിന്ന് ജീവനോടെ തിരിച്ചു വരിക എന്നത് തീർത്തും ദുഷ്കരം തന്നെ ആയിരുന്നു. എന്നാൽ ഇന്ന് യുദ്ധരാജ്യങ്ങളിൽ കുടുങ്ങിയവർക്ക് അൽപം ബുദ്ധിമുട്ട് സഹിച്ചിട്ടാണെങ്കിലും സ്വന്തം രാജ്യത്തേയ്ക്ക് ജീവനോടെ തിരിച്ചു വരുവാൻ കഴിയുന്നു എന്നത് ആശ്വാസകരം ആണ്. 250 ൽ അധികം ഇന്ത്യൻ വിദ്യാർഥികളെയും കൊണ്ട് മൂന്നാമത്തെ വിമാനവും ഇന്ത്യയിലേക്ക് തിരിച്ചു കഴിഞ്ഞു. ഇന്ത്യൻ എംബസി പറഞ്ഞത് അനുസരിച്ച് സമയം പാഴാക്കാതെ അതിർത്തിയിലേക്ക് പോയി എത്രയും വേഗം നാട്ടിലെത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്.

indian-students-in-ukraine-1

മെഡിക്കൽ പഠനത്തിന് വിദേശ രാജ്യങ്ങളിലേക്കു പറക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ ഓരോ വർഷവും വർധിച്ചു വരികയാണ്. നല്ല സാമ്പത്തിക ശേഷിയുള്ളവർ യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള, വലിയ സാമ്പത്തികസ്ഥിതിയില്ലാത്ത കുട്ടികൾ റഷ്യ, ചൈന, യുക്രെയ്ൻ, ഫിലിപ്പീൻസ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കു ടിക്കറ്റെടുക്കും. അതേസമയം കേരളത്തിൽ നിന്നുള്ള ബഹുഭൂരിപക്ഷം വിദ്യർഥികളുടെയും മെഡിക്കൽ പഠനത്തിനുള്ള ഇഷ്ട കേന്ദ്രമായി മാറുകയാണ് ചൈന. ഈ രാജ്യങ്ങളിലാണെങ്കിൽ ശരാശരി 20–50 ലക്ഷമാണ് എംബിബിഎസ് പഠനം പൂർത്തിയാക്കാൻ ഒരു വിദ്യാർഥിക്ക് ചിലവ്! എന്നാൽ നമ്മുടെ നാട്ടിൽ കോഴ്സു കഴിഞ്ഞ് ഒരാൾ പുറത്തുവരുമ്പോൾ കോടികൾ ചെലവായിട്ടുണ്ടാകും.

ഇവിടെ പഠിക്കാൻ സൗകര്യം ഇല്ലാഞ്ഞിട്ടാണോ യുക്രെയ്ൻ പോലെയുള്ള ഈ രാജ്യത്ത് കിട്ടുന്ന സൗകര്യത്തിൽ അതൃപ്തി കാണിക്കുന്നവരും കുറ്റം പറയുന്നവരും ഇത് കാണണം!അടുത്ത വർഷം ഒരുപാട് മെഡിക്കൽ സീറ്റുകളുടെ ഓഫറുകളുമായി അഡ്വാൻസ് വാങ്ങി, ബാക്കി പൈസക്ക് വേണ്ടി കാത്തിരിക്കുന്ന ഏജന്റുമാരുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. ശരിയാ, ഇനിയാരുംതന്നെ യുക്രെയ്നിലേക്ക് ഈ അടുത്തകാലത്തെങ്ങും ഇനി തിരിച്ചു പോവില്ല. റിഫണ്ട് തീർച്ചയായും തുടക്കക്കാരെങ്കിലും ആവിശ്യപ്പെടും, തീർച്ച. 

ukraine-medical-students
സപോറോഷ്യ സ്റ്റേറ്റ് മെഡിക്കൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥിനികൾ

ഇനിയെങ്കിലും മറ്റു രാജ്യങ്ങളിൽ പഠിത്തത്തിനായി ചെന്നു താമസിക്കുന്നവർ അവിടെ യുദ്ധമോ മറ്റു അനുബന്ധ സാഹചര്യങ്ങളോ ഉണ്ടായാൽ സർക്കാരുകൾ പറയുന്നത് കേൾക്കാനുള്ള ബുദ്ധി മലയാളികൾക്കെങ്കിലും ഉണ്ടാവണേ എന്ന് പ്രാർഥിക്കാം. ഇങ്ങനെ പറയാൻ കാരണം രണ്ടാഴ്ച മുന്നേ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു വരാൻ ഇന്ത്യൻ എംബസികൾ പറഞ്ഞിട്ട് ആരും കൂട്ടാക്കിയില്ല എന്നതും വാസ്തവം ആണ്. ഇപ്പൊ കരഞ്ഞത് കൊണ്ടോ ബങ്കറുകളിൽ ഇരുന്ന്, മൊബൈൽ മെസ്സേജുകൾ വഴി സങ്കടം പറഞ്ഞിട്ടോ വല്ല കാര്യമുണ്ടോ? അനുഭവിക്കുകയല്ലാതെ വേറെ മാർഗം ഇല്ല എന്ന് മനസ്സിലായിത്തുടങ്ങി. ഇപ്പോ അവർ എന്തിനും തയാർ. 35,40 കിലോമീറ്റർ നടന്നു രക്ഷപ്പെടണം എന്ന ഉദ്ദേശത്തിൽ പോളന്റ് ബോർഡർ വരെയെത്തി. ഏതായാലും പെട്ടെന്ന് നാട്ടിൽ എത്താൻ സാധിക്കട്ടേ എന്നും, ഈ ഒരു അരക്ഷിതാവസ്ഥ ആർക്കും വരാതിരിക്കട്ടേ! കൂടുതൽ മാർക്കുള്ളവർ ചൈനയിൽ പഠിച്ചുവന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഒരേ സ്വരത്തിൽ ചോദിക്കാൻ തയാറായാൽ, അതിനു മറുപടി പറയേണ്ടത് സർക്കാരാണ്, അല്ലേ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS