പുട്ട്: പുട്ട് ബ്രേക്ക്സ് റിലേഷൻഷിപ്പ്

putt
SHARE

രാവിലെ എത്തിയ ‘പുട്ട്’ മെസേജ് വായിച്ചെത്തിയത്, ഒരു ഉത്തരക്കടലാസിൽ! കയ്യക്ഷരവും ഭാഷയും മൂന്നാം ക്ലാസ് വിദ്യാർഥിയുടെതുതന്നെ. ഇതുപോലെ, ഇംഗ്ലീഷ് ഭാഷ അവർക്ക് എഴുതാൻ കഴിയുമോ? തീർച്ചയായും, ഇന്നത്തെ കുട്ടികളുടെ ‘റേഞ്ചും കാഴ്ചപ്പാടും തികച്ചും വ്യത്യസ്ഥമാണ്. അതും ഇത്രയും വൃത്തിയായി ‘പുട്ട്’ വേണ്ട എന്ന അമ്മക്ക് മനസ്സിലായിട്ടും, അമ്മ വീണ്ടും വീണ്ടും പുട്ടുണ്ടാക്കി അവന്റെ റിലേഷൻഷിപ്പ് തകർത്തു എന്ന് പറയുന്ന ഭാഗം മാത്രം, അത്ര വിശ്വാസ്യത പോര! പുട്ടും കടലയും കഴിച്ച കാരണത്താൽ ഉണ്ടാകുന്ന ഒരു നെഞ്ച് എരിച്ചിൽ അനുഭവപ്പെടുന്നു അത് വായിച്ചപ്പോൾ.

ഏതു സ്കൂൾ ആയാലും ഉത്തര പേപ്പർ ഇങ്ങിനെ പബ്ലിക്കായി പുറത്തു വിടാൻ പാടുണ്ടോ? പ്രത്യേകിച്ച് കുട്ടികളുടേത്? ഉത്തരപേപ്പർ നോക്കി മാർക്കിട്ട അധ്യാപിക 'എക്‌സലന്റ്' എന്നാണ് സൈഡിൽ ഉത്തരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നമ്മുടെ സമൂഹമാധ്യമത്തിന്റെ ഒരു ഇരിപ്പുവശവും, വേഗതയും വെച്ചു നോക്കിയാൽ ഇതിനോടകം ഈ ഉത്തരക്കടലാസ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞിരിക്കും, സംശയം വേണ്ട!

"ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണ്? എന്നുള്ള ചോദ്യം ഒരു മൂന്നാം ക്ലാസ്സുകാരനോട് ചോദിച്ചാൽ അത് അവന്റെ സ്വന്തം റിലേഷൻഷിപ്പിൽ ഒക്കെ എത്തിച്ചേർന്ന് നിർവ്വചിക്കാൻ മാത്രം വിവരവും വിവേകവും ഉണ്ടാകുമോ എന്ന ചോദ്യവും അവിടെ നിൽക്കട്ടേ! വിശപ്പുള്ളവന് ഏതു ആഹാരമാണ് ഇഷ്ടമില്ലാത്തത്, എന്നാൽ എനിക്ക് വിശന്നാലും ഞാൻ പുട്ട് തിന്നുകയില്ല എന്ന് അവനും വാശി. ഇത് ഒരു മാധ്യമ കഥയല്ലാതെ, സത്യത്തിൽ നടന്നതാണെങ്കിൽ നമ്മുടെ വിദ്യാഭ്യാസം മാനുഷിക മൂല്യത്തിനു പരിഗണന നൽകുന്നവയാകേണ്ടതല്ലെ? ആഹാരം പാഴാക്കാനുള്ളതല്ല എന്നും, ഏതൊരു ആഹാരവും നമ്മുടെ വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് കളയാതെ കഴിച്ചിരിക്കണം എന്നുള്ളത് വീട്ടിൽ അമ്മയിൽ നിന്നുതന്നെയല്ലെ പഠിക്കേണ്ടത്? അതെ അതും ശരിയാണ്! വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കിയാൽ, അത് കഴിച്ചു എന്നു വരുത്താൻ മുറിച്ച് വിഴുങ്ങിയിരുന്ന എന്റെ മകനെ, സാഹചര്യങ്ങൾ മര്യാദ പഠിപ്പിച്ചു. അപ്രെന്റിസ് ആർക്കിടെക്ടായി മദ്രാസിൽ ജോലിചെയ്യാനെത്തിയപ്പോൾ 150, 200 രൂപക്ക് കിട്ടുന്ന ബ്രേക്ക്ഫാസ്റ്റിന്റെ കണക്കുകൂട്ടിയപ്പോൾ, 40 രൂപക്ക് കിട്ടുന്ന ഇഡ്ഡലി 6 മാസവും കഴിച്ചു. സ്റ്റൈപ്പെന്റ് കാശിൽ ചിലവ് നിൽക്കാനായി! വീട്ടിൽ സാമ്പാറും ചമ്മന്തിയും ഇഡ്ഡലിപ്പൊടിയും ഒക്കെ ചേർത്തു കൊടുത്തകാലം സ്വപ്നം കണ്ടുകൊണ്ട്  വഴിയരികിലെ ഇഡ്ഡലി സാംബാറിൽ മുക്കി അവൻ കഴിച്ചു! ബലേ ഭേഷ്....

puttu-egg

‘പുട്ട്’ എളുപ്പത്തിൽ ഉണ്ടാകാൻ കഴിയും എന്ന കാരണത്താൽ മിക്കവാറും വീടുകളിലും രാവിലെത്തെ സ്ഥിരം വിഭമാണ്. പിന്നെ ഒരു കുറ്റിപ്പുട്ട് 2 പേർക്ക്  കഴിക്കാം എന്നതിനാൽ ഒരു കുടുബത്തിലെ നാലു പേർക്കായി എളുപ്പം തയാറക്കുകയും ചെയ്യാം. കൂടെ ഒരു പഴവും, അല്ലെങ്കിൽ പഞ്ചസാരയും, ഇന്നലത്തെ  മീൻ മറിയുടെ ബാക്കിയും, അൽപം കൂടുതൽ തേങ്ങയും പാലും ചേർത്തും കഴിക്കാം. എന്നാൽ പുട്ടിനൊപ്പം ഒരു സ്പൂൺ നെയ്യും പഞ്ചസാരയും നിർബന്ധമായി വേണം എന്നും മുട്ട റോസ്റ്റ് കൂടെ ഉണ്ടെങ്കിൽ ‘അടി പൊളി’ എന്നും നിർബന്ധ പിടിക്കുന്നവർ ആരാണെന്ന് പറയില്ല, പക്ഷേ തൊട്ടുകാണിക്കാം!

പണ്ട് പുട്ടിന്റെ പൊടി, അരി പ്രത്യേകം വാങ്ങി, കഴുകി ഉണക്കി ഉരലിൽ കുത്തി പൊടിച്ച് ഉരുളിയിൽ മൂപ്പിച്ച് പുട്ട്പൊടിയായും ഇടിയപ്പപ്പൊടിയായും പ്രത്യേകം പ്രത്യേകം തയാറക്കിയിരുന്നു. പിന്നെ അരി മില്ലിൽ കൊടുത്തു പൊടിപ്പിക്കുന്ന കാലം എത്തി. പിന്നീട് അത്, ഈസ്റ്റേണും ബ്രാമിൻസും പലതരം ബേക്കറി ബ്രാൻഡുകാരും ഏറ്റെടുത്തു. സൗകര്യാർഥം എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. എങ്കിലും ഗോതമ്പ് പുട്ടും അരിപ്പുട്ടും തമ്മിൽ ഒരു ‘ഗോംബറ്റീഷൻ‘ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ആരോഗ്യത്തിന്റെ ഭാഗമായി ഗോതമ്പ് പുട്ടിലേക്ക് പലരും മാറി, അൽപം പാൽ തളിച്ച് പൊടി നനച്ചാൽ ഗോതമ്പ് പുട്ട് നന്നയി, സോഫ്റ്റ് ആയിരിക്കും. എന്നാൽ അരിപ്പുട്ടിന് പൊടി നനക്കുന്നവിധത്തിൽ ‘ട്രേട് സീക്രട്ട്സ്’ ഒന്നും ഇതുവരെ ആരും ആധികാരികമായി പറഞ്ഞു കേട്ടിട്ടില്ല. പുട്ട് അഞ്ചു മിനുറ്റ് കഴിഞ്ഞാൽ പാറപോലെ ആകുന്നത് പുട്ടിന്റെ കുഴപ്പമല്ല, തീർച്ച. അത് ക്ഷമയോടെ നന്നായി വെള്ളം കുടഞ്ഞ് കുടഞ്ഞ് തന്നെ  നനക്കണം. ഇക്കാലത്ത്, പുട്ട്  മിക്സിയിൽ നനച്ചെടുക്കാനുള്ള വഴിയുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്!.

എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം തന്നെയാണ് പുട്ട്, അത് അവരുടെ ഇഷ്ടാനിഷ്ടം അനുസരിച്ച് കഴിക്കട്ടെ. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഗോതമ്പ് പുട്ടാണ്! അത് മീൻകറിക്കൊപ്പം ആണെങ്കിൽ ഏറ്റവും രുചി. പക്ഷേ പുട്ടിനൊപ്പം പലതരം കോമ്പിനേഷൻ ഇഷ്ടപ്പെടുന്നവരുണ്ട്. പുട്ട്പൊടി ചമ്പാവരിയുടെയോ പച്ചരിയുടെയോ ആകാം, കൂടെ പച്ചപ്പയർ, പപ്പടം, ബുൾസൈ, കട്ടൻ കാപ്പി എന്നത് ചിലരുടെ ഇഷ്ടം. എന്നാൽ ഇന്നത്തെ തട്ടുകടലൈൻ ഇതൊന്നും അല്ല, ഇറച്ചിപ്പുട്ട്, പുട്ടും ഇറച്ചിക്കറി, പുട്ടും ബീഫും, പുട്ടും ഞണ്ടും എന്നുവേണ്ട പുട്ട് ഐറ്റംസ് മാത്രം വിൽക്കുന്ന വൈകുന്നേരങ്ങളിൽ മാത്രം ഉള്ള തട്ടുകടളും ഉണ്ട്. എന്തൊക്കെ ഫാസ്റ്റ് ഫുഡ് കാലങ്ങൾ വന്നെത്തിയാലും നാടൻ ഭക്ഷണവും പുട്ടും അന്നും ഇന്നും രുചിവിഭവം തന്നെ! മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കുറച്ചു കഴിച്ചാലും അത് തരുന്ന ഒരു സന്തോഷം, തൃപ്തി ഒന്ന് വേറെതന്നെയാണ്. ഒരു വെറൈറ്റി വിഭമായി പുട്ടിനെ കാണുന്ന കാലം എത്തി, ഇങ്ങേയട്ടം സ്റ്റാർ ഹോട്ടലുകളിൽ പോലും ചിരട്ടപ്പുട്ടും, മുളത്തണ്ടിൽ തയാറാക്കുന്ന പുട്ടും, പലതരം ഇറച്ചിപ്പുട്ടുകളും ഒരു മെനു ഐറ്റം ആയിക്കഴിഞ്ഞു. എതു വിധത്തിൽ തയാറാക്കിയാലും പുട്ട് അടിപൊളി തന്നെയാണ്.

puttu-egg2

ഒരുടിക്കുറിപ്പ്: പിള്ളാർക്ക് ഈ വക പുട്ടിനോടുള്ള അലർജിയും,”നാ, ഐ ഡൊണ്ട് ലൈക്ക് പുട്ട്’ ,യക്ക് വാട്ടീസ് ദിസ്?പുട്ട് ബ്രേക്ക്സ് റിലേഷൻസ് എന്നൊക്കെ നമ്മുടെ പിള്ളാരെക്കൊണ്ട് പറയിപ്പിക്കുന്നെങ്കിൽ അത് നല്ലപോലെ വെള്ളം ചേർത്ത് നനച്ച് അവർക്കിഷ്ടമുള്ള വിധത്തിൽ തിന്നാനനുവദിക്കാത്തതും ആവില്ലെ? പാവം കുഞ്ഞുങ്ങൾ, അവർക്ക് നല്ല നെയ്യൊഴിച്ച്, പൂവൻ പഴവും ചേത്തു കുഴച്ച് ഒരുളയീ കുഞ്ഞുന്നാളിലെ കഴിക്കാൻ കൊടുത്തിരുന്നെങ്കിൽ പുട്ട്, ‘യക്ക്’ കാറ്റഗറിയിൽ എത്തില്ലായിരുന്നു. നല്ല വട്ടത്തിൽ മുറിച്ച ഏത്തപ്പഴം നെയീൽ പൊരിച്ച് പഞ്ചസാരയും ചേർത്ത് തെങ്ങക്കൊപ്പം ഇടക്കിടക്കിട്ട് ചിരട്ടപ്പൂട്ട് ഉണ്ടാക്കി സ്കൂളിലെ ടിഫിൻ ആയി കൊടുത്തയച്ചിരുന്നെങ്കിലും, ഐ ഡോണ്ട് ലൈക് പുട്ട്’ ആയിത്തീരില്ലായിരുന്നു. അത്താഴമായി നല്ല ഗോതബ് പുട്ടും  മുട്ടറോസ്റ്റും,അല്ലങ്കിൽ നല്ല ചിക്കൻ കറിയും ചേർത്ത്  വാരിക്കൊടുത്തിരുന്നെങ്കിലും, കുഞ്ഞുന്നാൾ മുതൽ നല്ല ഏബക്കം വിട്ട്, രുചിയോടെ വയറു നിറച്ച്  പുട്ട് തിന്നേനെ ഇന്നത്തെ തലമുറ, തീർച്ച!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS