തുംനെ കിസിസെ പ്യാർകിയ,
തുംനെ കിസിക്കോ ദിൽ ദിയ,
മെനെഭി ദിയാ
ലല്ല ലാ ലാ ലാല്ലലാ ലാ ലാ....................
ഋഷി കപൂറിന്റെ ഈ പാട്ട് കേൾക്കാത്തവരും കാണാത്തവരും ഈ ജനറേഷനിലും പഴയ ജനറേഷനിലും ആരും ഉണ്ടാവുകയില്ല! അത്രമാത്രം റൊമാന്റിക് ഹീറോ ആയിരുന്നു അദ്ദേഹം.ഇതിഹാസ താരം ഋഷി കപൂർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏതാണ്ട് 2 വർഷം തികയുന്നു.സ്‌ക്രീനിലെ അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും ആരാധകർക്ക് ഒരു ‘റൊമാന്റിക് അനുഭൂതിയാണ് നൽകിയിരുന്നത്. എന്നിരുന്നാലും,എന്നിലെ ആരാധകയുടെ പ്രതീക്ഷകളെ വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഹിതേഷ് ഭാട്ടിയ സംവിധാനം ചെയ്ത ‘ശർമ്മാജി നxകീൻ‘ സിനിമ ആവേശത്തോടെയാണ് ഒടിടിയിൽ കണ്ടത്.
സിനിമ തുടങ്ങുന്നത് രൺബീർ കപൂർ ആരാധകർക്കായി നൽകുന്ന ഹൃദയസ്പർശിയായ ഒരു സന്ദേശത്തോടെയാണ്. ഈ ചിത്രം ഋഷി കപൂറിന്റെ അവസാന ചിത്രമാണെന്നും തന്റെ പിതാവിന്റെ ഹൃദയത്തോട് ഈ ചിത്രം എത്രമാത്രം അടുത്തിരുന്നു എന്നതിനെക്കുറിച്ച് വിവരിക്കുന്നു. ഹൃദയത്തിൽ നിന്നു നേരിട്ട് ആരാധകരിലേക്കെത്തുന്ന ഈ സംസാരത്തിൽ “ജീവിതവും പോസിറ്റിവിറ്റിയും നിറഞ്ഞ തന്റെ പിതാവ്, ആരോഗ്യം മോശമായിട്ടും എന്ത് വിലകൊടുത്തും സിനിമ പൂർത്തിയാക്കാൻ ആഗ്രഹിച്ചതെങ്ങനെയെന്ന് രൺബീർ വെളിപ്പെടുത്തുന്നു”. ഋഷി കപൂറിന്റെ വിയോഗത്തോടെ നിർമ്മാതാക്കൾ വിഎഫ്എക്സ്, പ്രോസ്തെറ്റിക്സ് എന്നിവയൊക്കെ പരീക്ഷിച്ചു.എന്നാൽ നടൻ പരേഷ് റാവലാണ് ഋഷി കപൂറിന്റെ സ്വാൻസോങ്ങ് എന്നൊരു ഉചിതമായ ഒരു നിഗമനത്തിലെത്തിച്ചേർന്നതും ശർമ്മാജി നംകീൻ പൂർത്തികരണം ഉറപ്പാക്കിയത്. അതിനായി രൺബീറും കുടുംബവും എന്നെന്നും അദ്ദേഹത്തോട് അങ്ങേയറ്റം നന്ദിയുള്ളരായിരിക്കും എന്നും കുട്ടിച്ചേർത്തു. “ദ ഷോ മസ്റ്റ് ഗോ ഓൺ” എന്ന് ഒരുപക്ഷേ എന്റെ പപ്പ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകണം” എന്ന് പറഞ്ഞ് രൺബീർ തന്റെ പിതാവിനെ ഓർമ്മകൾ നമ്മുടെ മനസ്സിലും പുതുനാമ്പുകളെ ഉണർത്തിയത്. പപ്പ തന്റെ ജീവിതം ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,"'ശർമ്മാജി നംകീൻ' എപ്പോഴും എന്റെ പപ്പയുടെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നായിരിക്കും” എന്ന വാചകത്തോടെ സ്ക്രീനിൽ, തന്റെ എണ്ണമറ്റ ആരാധകർക്കായി രൺബീർ പുഞ്ചിരിച്ചു. കൂടെ ഋഷി കപൂറിനോട് എന്നെന്നും ഉണ്ടായിരുന്ന ആരാധകരുടെ സ്നേഹം,ഈ സിനിമയോടും പ്രകടിപ്പിക്കാൻ പ്രേക്ഷകരോട് അഭ്യർഥിക്കുന്നു.
കഥാസാരം
അടുത്തിടെ ജോലിയിൽ നിന്നു വിരമിച്ച ഒരാളുടെ കഥയാണ് 'ശർമ്മാജി നംകീൻ' പറയുന്നത്. സുഹൃത്തുക്കളായ സ്ത്രീകളുടെ കിറ്റി സർക്കിളിൽ ചേർന്നതിന് ശേഷം പാചകത്തോടുള്ള തന്റെ അഭിനിവേശം കണ്ടെത്തുന്നു. പാചകത്തോടുള്ള തന്റെ ഇഷ്ടവും മറ്റും തന്റെ മക്കൾക്ക് ടിഫിൻ തയ്യാറാക്കുന്നതിലും, വീട്ടിൽ തന്നെ അവർക്ക് ആഹാരം പാകം ചെയ്യുന്നതിലും ശർമ്മാജി എന്നും സന്തോഷം കണ്ടെത്തി. വിഭാര്യൻ കൂടിയായ അദ്ദേഹം തന്റെ ചുമതല മാത്രമായല്ല പാചകത്തെ കണ്ടത് മറിച്ച് വളരെ ആത്മാർത്ഥതയോടെ ‘സ്വാദ്’ അദ്ദേഹം തന്നെ സ്നേഹിക്കുന്നവരിൽ എത്തിച്ചു.ഏകാന്തതയിൽ നിന്നും തിരക്കിൽ അകപ്പെടാൻ ഏറ്റവും ക്രമരഹിതമായ ജോലികൾ ചെയ്യുന്ന വിരമിച്ച വിധവയുടെ ആത്മസാക്ഷാത്കാരത്തിന്റെയും കണ്ടെത്തലിന്റെയും ആപേക്ഷികവും ഹൃദ്യവുമായ കഥ കാണിക്കുന്നു. ഒരുപാട് പരീക്ഷണങ്ങൾക്കും പിശകുകൾക്കും ശേഷം, ഒരു വനിതാ കിറ്റി ഗ്രൂപ്പിൽ ചേർന്ന് പാചകത്തോടുള്ള തന്റെ അഭിനിവേശം ശർമ്മാജി കണ്ടെത്തുമ്പോൾ അതിന്റെ സന്തോഷം ഒടുവിൽ തന്റെ ജീവിതത്തിലേക്കും പ്രവേശിക്കുന്നു എന്ന് മനസ്സിലാക്കുന്നു.
ശർമ്മാജി നംകീനിന്റെ സംഭാഷണങ്ങളിൽ പ്രേക്ഷകരായ നമ്മെ കഠിനമായി ബാധിക്കുന്ന തരത്തിലുള്ള സംരങ്ങളോ ധാർമ്മികതയുടെ ഒരു പാഠങ്ങളോ ഇല്ല. മറിച്ച് ലളിതമായ രീതിയിൽ പറയുന്ന ജീവിതകഥയുടെ മധുരവും നിഷ്കളങ്കവുമായ ഒരു കഷണം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ശർമ്മാജിയുടെ കഥാപാത്രം കപൂറിനും റാവലിനുമിടയിൽ മാറുന്നുണ്ടെങ്കിൽ,അത് നമുക്ക് മനസ്സിലാകാത്ത രീതിയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നില്ല.
വാസ്തവത്തിൽ,സ്ഥിരവും അസ്ഥിരവുമായ ഈ പരിവർത്തനങ്ങൾ ഈ സിനിമയുടെ ഹൈലൈറ്റ് ആയിത്തീരുന്നു.
മധുബൻ അപ്ലയൻസസിന്റെ റിട്ടയേർഡ് മാനേജരായ ബ്രിജ് ഗോപാൽ ശർമ്മ വീട്ടിൽ വെറുതെയിരിക്കാൻ കഴിയാതെ, പ്രയോജനകരമായി ഇനി എന്തുചെയ്യണം എന്ന് കണ്ടെത്തുന്നതാണ് ഈ സിനിമയുടെ കഥാസാരം.സുംബ ക്ലാസുകൾ എടുക്കണൊ,പ്രോപ്പർട്ടി ഏജന്റാകണോ, ട്യൂഷൻ എടുക്കണോ, ചാട്ട് സ്റ്റാൾ തുറക്കണോ എന്നിങ്ങനെ ആലോചിച്ചു തുടങ്ങുന്നു.എന്നാൽ,തന്റെ മക്കൾക്ക് തന്റെ ആശയങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും, തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിതം ആസ്വദിക്കാൻ അനുവദിക്കയില്ല എന്ന് ശർമ്മാജിക്ക് ഏതാണ്ട് മനസ്സിലാകുന്നു. റിട്ടയർമെന്റ് ജീവിതത്തെ ശർമ്മാജി തന്റെ ഹോബിയും പാചകത്തോടുള്ള അഭിനിവേശവും ചേർത്തുകൂട്ടി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നില്ലെങ്കിൽ പോലും,തന്റെ സുഹൃത്ത് ഛഡ്ഡ ഒരു ലേഡീസ് കിറ്റി പാർട്ടിയിൽ പാചകം ചെയ്യാനായി ശർമ്മാജിയെ കൗശലപൂർവ്വം എത്തിക്കുന്നു. എന്നാൽ അതു തനിക്കേറ്റവും പ്രിയപ്പെട്ട പാചകത്തിലൂടെയായതിനാൽ, താമസിയാതെ അത് ഒരു സ്ഥിരമായി താല്പര്യത്തോടെ ശർമ്മാജി ചെയ്തു തുടങ്ങുന്നു. ഈ കിറ്റിയിലുള്ളവരിൽ പലരും സുഹൃത്തുക്കളായി മാറുന്നു, പ്രത്യേകിച്ച് ‘വീണ’ എന്ന ജൂഹിചൌള. വീണയിൽ ഒരു നല്ല സൗഹൃദത്തെയും വിശ്വസ്തനെയും ശർമാജി കണ്ടെത്തുന്നു. എന്നാൽ ശർമ്മാജിയുടെ മക്കളും അയൽക്കാരും ബന്ധുക്കളും,തന്റെ രഹസ്യ ജോലിയെക്കുറിച്ച് അറിയുമ്പോൾ സംഭവിക്കുന്നതെല്ലാമാണ് ഈ കഥയുടെ സാരാംശവും, കഥയുടെ ഏറ്റവും കാതലായ ഭാഗവും.
ജോലിയിൽ നിന്നും വിരമിച്ച ഒരു മനുഷ്യൻ തന്റെ മക്കളിൽ നിന്ന് യാതൊരു സഹായവും കൂടാതെ സ്വതന്ത്രമായി തന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കാൻ തീരുമാനിക്കുന്നു. അദ്ദേഹത്തോട് നമുക്ക് സഹതാപം തോന്നിക്കണം എന്ന് സംവിധായകൻ ആഗഹിച്ചിട്ടില്ല എന്ന് തോന്നുന്നു.പകരം കപൂറും റാവലും ചേർന്ന് പലതരം തമാശസീനുകളിലൂടെ നിരവധി ലാഘവനിമിഷങ്ങൾ സൃഷ്ടിക്കുന്നു. മദ്ധ്യവയസ്കരായ ഋഷി കപൂറും,പരേഷ് റാവലും ഒരു സാധാരണ കഥാപാത്രത്തിന്റെ സരസമായ അഭിനയം കാഴ്ചവയ്ക്കുന്നു. ഋഷി കപൂർ തന്റെ വികാരങ്ങളിലൂടെ, പ്രവൃത്തികളിലൂടെ, പ്രതികരണങ്ങളിലൂടെ ശർമ്മാജി എന്ന കഥാപാത്രത്തിന് തന്റെ ആത്മാവും സർവ്വസ്വവും നൽകി നമ്മുടെ മനസ്സുകളിലേക്ക് എന്നന്നേക്കുമായി ചേക്കേറി.ശർമ്മാജി എന്ന് ഋഷി കപൂർ അഭിനയിച്ച കഥാപാത്രത്തിന്റെ ശക്തമായ തുടർച്ച നിലനിർത്തുകയും, സ്വഭാവവിശേഷങ്ങൾ വളരെ അനായാസമായി വീണ്ടും നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് പരേഷ് റാവലും മികച്ച അഭിനയം തന്നെ ചെയ്തുതീർത്തു. ഋഷി സ്‌ക്രീനിൽ തന്റെ അഭിനയമിഴിവ് കൊണ്ടുവരുന്നു,പരേഷ് റാവലിന് അവന്റെ ഭാവങ്ങൾ കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരു കഴിവ് തനിക്കുമുണ്ടെന്ന് തെളിയിച്ചു.
ശർമ്മാജി തന്റെ മക്കളുമായി പങ്കിടുന്ന രസതന്ത്രത്തിന് ഇക്കാലത്തെ ഒരു ഫീലും ആഴവും കൊണ്ടുവരുന്നുണ്ട്. പിതാവിനോട് വൈകാരികമായി അടുപ്പമുണ്ടായിരുന്നോ എന്നും, മരിച്ചുപോയ അമ്മയുമായി അവർക്കുള്ള ഇക്വേഷൻ‘ എന്തായിരുന്നു എന്നും വ്യക്തമല്ലല്ലോ എന്നൊരു തോന്നലും ഇല്ലാതില്ല പ്രേക്ഷകർക്ക്! ഋഷി കപൂറും ജൂഹി ചൗളയും ഹിന്ദി സിനിമയിലെ “ഹിറ്റ് ജോഡികളായിരുന്നു. അവരിലൂടെ പ്രേക്ഷകമനസ്സിലേക്കെത്തുന്ന ഒരു ആകർഷണീയതയുണ്ട്. ഒരു റൊമാന്റിക് അടിയൊഴുക്കുകൾ ഉണ്ടെങ്കിലും അതിലൂടെ കഥയുടെ കാതലായ ട്രാക്ക് മാറാതെ നിൽക്കുന്നു എന്നത് എടുത്തു പറയേണ്ടതുതന്നെയാണ്.നമ്മുടെ മാതാപിതാക്കളുടെ റിട്ടയർമെന്റിനു ശേഷമുള്ള ജീവിതം എങ്ങനെ അവർ ആസ്വദിക്കണം അല്ലെങ്കിൽ അനുവദിക്കണം എന്നതിനെക്കുറിച്ചല്ല ഈ സിനിമ എന്നതു വ്യക്തമാണ്. എങ്കിലും ശർമ്മാജി നംകീൻ പ്രബലമായ പുരുഷാധിപത്യ രീതികളെ പരിഹസിക്കുന്നില്ലേ എന്ന് തോന്നിപ്പിക്കുന്നുണ്ട്. ജോലിയിൽ നിന്നു വിരമിച്ചവരെക്കുറിച്ച് വളരെ മനോഹരമായ ഒരു ചിത്രം ഈ സിനിമ വരച്ചു കാട്ടുന്നുണ്ടെങ്കിലും അവരോടു സഹതാപം തോന്നിപ്പിക്കുന്നേ ഇല്ല. മറിച്ച് ഇനിയാണ് അവർ തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിഞ്ഞ് ജീവിക്കേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു. കുടുംബത്തോടൊപ്പം ശിഷ്ടകാലസമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരും ഇല്ലാതില്ല.
അവസാനവാക്ക്
ചിത്രീകരണം തുടരുന്നതിനിടെയാണ് ഋഷി കപൂർ മരിച്ചത്. ചിത്രം പൂർത്തിയാക്കാനുള്ള വെല്ലുവിളി പരേഷ് റാവൽ വളരെ ശക്തമായി സ്വീകരിച്ചു എന്ന് ചിത്രം കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറുകൾതന്നെ ആരാധകരെ കരയിപ്പിച്ചിരുന്നു.സതീഷ് കൗശിക്, സുഹൈൽ നയ്യാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഹിന്ദി സിനിമയിൽ ആദ്യമായി, 'ശർമ്മാജി നംകീൻ' രണ്ട് മുതിർന്ന അഭിനേതാക്കളായ ഋഷി കപൂറും പരേഷ് റാവലും ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.