ശ്രീദേവി പത്മജം- മൺചട്ടികൾക്കായി

sreedevi-padmajam
SHARE

മണ്ണുകൊണ്ടുണ്ടാക്കിയ ചട്ടികളിലും പാത്രങ്ങളിലും ആണു മനുഷ്യൻ ഉള്ളൊരു കാലം മുതൽ ആഹാരം പാചകം ചെയ്തിരുന്നത്. മണ്ണിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും മറ്റും ഉള്ളതാണ്,അതിൽ നിന്നുണ്ടാക്കുന്ന പാത്രങ്ങളിലെ ആഹാരത്തിനും അതേരീതിയിലുള്ള ആരോഗ്യവും ഉണ്ടാവും എന്നതാണ് അന്നും ഇന്നും എന്നും ഉള്ള ആരോഗ്യസത്യം. എന്നാൽ നമ്മുടെ പിൻതലമുറക്കാർ  ഭൂമിയും,മണ്ണുമായി ഇഴുകിച്ചേർന്നു ജീവിച്ചിരുന്നതിന്റെ ഒരു രീതികൂടിയായിരുന്നു ഇത്. പിന്നീടാണ്, അലുമിനിയം, നോൺസ്റ്റിക്, പിന്നീട് ഇന്നു മറ്റെന്തൊക്കെയോ, സമയത്തിനും കാലത്തിനും ഒപ്പം ഓടാനുള്ള ധൃതിയിൽ മനുഷ്യൻ തന്നെ പണിതുണ്ടാക്കി! അതോടെ ആരോഗ്യവും പോയിത്തുടങ്ങി എന്നതാണു മറ്റൊരു സത്യം. ചിന്താഗതിക്കു മാറ്റം വന്നുതുടങ്ങി എന്നതിനുള്ള തെളിവാണു പല വീടുകളിലും  കുടിക്കാനുള്ള വെള്ളം ഫ്രിഡ്ജിൽ നിന്നും മാറി കൂജകളിലേക്ക് മാറ്റിവച്ചു തുടങ്ങി, ആഹാരം പാകം ചെയ്യാനായി മൺചട്ടികൾ അന്വേഷിച്ചു വാങ്ങാനായി പൊതുജനം  താൽപര്യം  കാണിച്ചുതുടങ്ങി.

മൺപാത്രങ്ങളിൽ പാകം ചെയ്താൽ പ്രകൃത്യാ ഉളള ,സ്വാഭാവികമായ ആരോഗ്യത്തെക്കുറിച്ചു മനസ്സിലാക്കിയ ജനം ഇന്നതിലേക്ക് തിരിഞ്ഞു എന്നത് നല്ലതുതന്നെയാണ്. സ്വയമായ തണുപ്പ് തരുന്നു എന്നതാണു മൺപാത്രങ്ങളുടെ ഏറ്റവും എടുത്തുപറയേണ്ട ഗുണം. കൂടാതെ, മറ്റൊരു  പാത്രത്തിനും ഇല്ലാത്ത ആരോഗ്യത്തെ കാത്തുരക്ഷിക്കുന്ന ചില മിനറലുകളും വെള്ളത്തിനൊപ്പം ചേരുന്നു എന്നതാണ്. ആരോഗ്യത്തോടൊപ്പം റ്റെസ്റ്റസ്ട്രോൺ ഹോർമോൺ വരെ ബാലൻസ് ചെയ്യപ്പെടുന്നു എന്നു പറയപ്പെടുന്നു. ദഹനത്തിനും മൺപാത്രങ്ങളെ വെള്ളം വളരെഅധികം സഹായിക്കുന്നു എന്നത് വ്യക്തമാണ്.

എങ്ങനെയാണ് ഇങ്ങനെ ഒരു  കൺസെപ്റ്റ് ഐഡിയ ശ്രീദേവിക്ക് കിട്ടിയത്?

റൂറൽ മാനേജ്മെന്റിൽ പോസ്റ്റ്ഗ്രാജുവേറ്റ് ആയ എനിക്ക്, പബ്ലിക് ഹെൽത്ത് സെന്ററിലൊക്കെ ജോലി ചെയ്ത ഒരാളെന്ന നിലയിൽ, ജീവിതശൈലി കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ വിശകലനം ചെയ്യാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. നമ്മുടെ ഒക്കെ വീട്ടിൽ നോൺസ്റ്റിക്കിനെ ഇത്രമാത്രം എന്തിനു സ്നേഹിച്ചു? സ്ക്രാച്ച് വീണ, പഴയ ഇത്തരം പാത്രങ്ങൾ, വീണ്ടും വീണ്ടൂം കഴുകി ഉപയോഗിച്ചു കൊണ്ടിരുന്നു എന്നു ചിന്തിച്ചു! എന്തുകൊണ്ടു നമ്മുടെ ഒക്കെ അമ്മമാരുടെ പഴയ ആ പാ‍ത്രങ്ങളോടും മൺചട്ടികളോടും ഉള്ള വിശ്വാസം, അതിലുണ്ടാക്കുന്നതിന്റെ സ്വാദ് നമ്മുടെ തലമുറ എന്തുകൊണ്ട് വീണ്ടെടുക്കുന്നില്ല എന്നു കുറെനാളായി ചിന്തിച്ചു തുടങ്ങിയിരുന്നു. 18 വർഷമായി തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്ക്,  1, 2 മീൻ ചട്ടി അല്ലാതെ മറ്റൊന്നും കാണാറില്ല, കടകളിലും വീടുകളിലും. എന്നാൽ  വ്യത്ര്യസ്തമായ തരം  മൺപാത്രങ്ങളും, ഡിസൈനുകളും കാണുകയും വാങ്ങുകയും ചെയ്തിരുന്നു, എന്റെ സ്വന്തം താൽപര്യത്തിന്റെ പേരിൽ! എന്നാൽ സാവധാനം ഞാൻ തന്നെ ഓൺലൈനായി ഇതേ പാത്രങ്ങൾ എന്തുകൊണ്ട് മറ്റുള്ളവരിൽ എത്തിച്ചു കൂട എന്നൊരു ചിന്താഗതി വന്നു. അതിനു ശേഷം പലരുടെയും അഭിപ്രായം മാനിച്ച് , എന്തുകൊണ്ട് ഞങ്ങൾക്ക് വന്നു കണ്ട് ,കണ്ട് മനസ്സിലാക്കി തരംതിരിച്ചിഷ്ടപ്പെട്ട് , വാങ്ങാനുള്ള ഒരവസരം ഉണ്ടാക്കിക്കൂടെ എന്നു ചോദിച്ചു തുടങ്ങി. ആ കൺസെപ്റ്റിന്റെ അപരനാമം ആണ്’ ഓർഗാനോഗ്രാം’ എന്ന കടയുടെ ഉത്ഭവം.

കളിമൺപാത്രങ്ങൾ, മൺചട്ടികളിലെ പാചകം എന്നതിനെപ്പറ്റി കടയിൽ വരുന്ന ഉപഭോക്താക്കളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രീദേവിക്ക് സാധിക്കുന്നുണ്ടോ?

കടയിൽ ഇപ്പോ രണ്ടുതരം ആൾക്കാർ വരുന്നുണ്ട്. മൺപാത്രങ്ങളും അതിന്റെ പ്രയോജനവും അറിയാവുന്നവരും, പിന്നെ കൗതുകത്തിന്റെ പേരിൽ ഒന്ന് കണ്ടി ട്ട് , രണ്ട് പാത്രവും വാങ്ങിപ്പോകാൻ വന്നവരും! ഇതിൽ കൗതുകക്കാരോട് പാത്രം എങ്ങനെ ഉപയോഗിക്കണം, കഴുകണം ആഹാരം പാകം ചെയുന്നതിനു മുൻപും പിൻപും, കൂടെ എന്തുപയോഗിച്ച് ഇവ കഴുകണം എന്നും എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നു. ചൂടുകുറച്ച് പാകം ചെയ്യണം എന്നു പറയുന്നതിന്റെ കാരണം , പൊട്ടലുകളും ആദ്യമൊക്കെ വിഴാൻ എളുപ്പമാണ്. പിന്നെ ഒരു ‘അഡ്വാന്റേജ്’ എന്താണെന്നു വെച്ചാൽ ചൂട്  തീ കെടുത്തിക്കഴിഞ്ഞതിനു ശേഷവും നിലനിർത്തിക്കൊണ്ടുപോകാൻ മൺചട്ടികൾക്ക് സാധിക്കുന്നു. അതിനാൽ തീകെടുത്തിക്കഴിഞ്ഞിട്ടും പാചകം നടക്കുന്നു. രുചിവ്യത്യാസം അത്, ഒന്ന് വേറെ തന്നെയാണ് മൺചട്ടിയിലുണ്ടാക്കുന്ന കറികൾക്ക്. മീനും ചിക്കനും, ഇങ്ങേയറ്റം വന്ന്  ബിരിയാണി വരെ ഇന്ന് വലിയ മൺചട്ടികളിൽ തയ്യാറാക്കുന്നു.

പുതിയ മൺചട്ടികൾ, പാചകത്തിനു മുൻപ് എങ്ങനെ പാകപ്പെടുത്തണം ?

പാത്രം വാങ്ങിക്കൊണ്ടുവന്നാലും നന്നായി ‘മയക്കി’ പാകപ്പെടുത്തിയതിനു ശേഷം, അതായത്, വെളിച്ചെണ്ണതേച്ചുവെച്ച്, ഒരു ദിവസം വെയിലെത്ത് വെക്കുക. അതിനുശേഷം കഞ്ഞിവെള്ളം അല്ലെങ്കിൽ മോര് ഒചിച്ച്, കുടമ്പുളി വെള്ളം ഒഴിച്ച് ഒന്നു ചൂടാക്കുക. വീണ്ടും വെളിച്ചെണ്ണ പുരട്ടി ചട്ടി കമഴ്ത്തി തീകൊണ്ട് പൊള്ളിച്ച് കരിച്ചെടുത്താണ് പാകപ്പെടുത്തുന്നത്! ഇതുചെയ്തതിനു ശേഷം മാത്രമെ പാകം ചെയ്യാൻ പാടുള്ളു,അതും ചെറിയ ചൂടിൽ! സാധാരണ ചട്ടി ഉണ്ടാക്കുന്ന മൂശാരിമാർ നന്നായി പാകപ്പെടുത്തി മാത്രമെ വിൽപ്പനക്ക് വെക്കാറുള്ളു. ചൂടുകുറച്ച് പാകം ചെയ്യണം എന്നു പറയുന്നതിന്റെ കാരണം , പൊട്ടലുകളും ആദ്യമൊക്കെ വിഴാൻ എളുപ്പമാണ്.

എങ്ങനെ സൂക്ഷിക്കണം കഴുകണം?

മൺപാത്രങ്ങളിലെ ചെറിയ സുഷിരങ്ങളാണ് ചൂട പാചകത്തിനു ശേഷവും നിലനിർത്താൻ  സഹായിക്കുന്നത്. മൺപാത്രങ്ങൾ ഉപയോഗിക്കുന്നതിനു മുൻപും പിൻപും വൃത്തിയാക്കിയിരിക്കണം, ആഹാരം പാകം ചെയ്ത ശേഷം, ചൂടുവെള്ളത്തിൽ  കല്ലുപ്പ്, സോഡക്കാരം അല്ലെങ്കിൽ വെറും ഉപ്പ് ഉപയോഗിച്ച്, നനുത്ത സപോഞ്ച് ഉപയോഗിച്ച് വേണം കഴുകാൻ. വിം, ഡിറ്റർജെന്റ് ലോഷൻ എന്നിവ മെറ്റൽ സ്പോഞ്ച് ഉപയോഗിച്ച് കഴുകാൻ പാടില്ല, ഡിഷ് വാഷറിലും വെക്കാൻ  പാടില്ല. കഴുകിക്കഴിഞ്ഞ് ഒന്നു വെയിലത്തു വച്ച് ചൂടാക്കി ഈർപ്പം കളഞ്ഞു വേണം അകത്തെടുത്ത് വെക്കാൻ.  വെയിലത്ത് വെക്കാൻ സാധിക്കാത്ത സ്ഥലത്ത്, തീ കെടുത്തിയ സ്റ്റൗവിനു മുകളിൽ കമഴ്ത്തിവെച്ച് ഈർപ്പം കളഞ്ഞുവക്കുന്നതും നല്ലതാണ്. ഇടക്ക് വെളിച്ചെണ്ണ പുരട്ടി വെയിലത്ത് വയ്ക്കുന്നതും പാത്രം ഈടു നിൽക്കാൻ  സഹായിക്കും.

·ആരൂടെ ഐഡിയായിരുന്നു ‘ഓർഗാനോഗ്രാം’ എന്നത്, കൂടാതെ ആരാണ് ശ്രീദേവിയുടെ പ്രചോദനം?

എന്റെ ഭർത്താവ് പ്രശാന്ത് കുമാറിന്റെതാണ് ഈ പേരും , ഐഡിയയും. ഇങ്ങനെയൊരു സംരംഭം തുടങ്ങാനായി എനിക്കുള്ള പ്രചോദനവും ! മുത്തുറ്റ് പാപ്പച്ചൻ ഗ്രൂപ്പിനൊപ്പം ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഞങ്ങൾക്ക്  2 കുട്ടികൾ , ഇവരോടൊപ്പം ഞാൻ തിരുവനന്തപുരത്ത്  താമസിക്കുന്നു.

ആരോഗ്യപരമായും മെഡിക്കൽ വശത്തും ഉള്ള പ്രയോജനങ്ങൾ

മൺപാത്രങ്ങളിൽ പിടിച്ചുവച്ച് കുടിക്കുന്ന വെള്ളം തൊണ്ടക്കും, ഞരമ്പുകൾക്കും നല്ലതാണ്. പനി ചുമ ഉള്ളപ്പോൾ ഇത്തരം വെള്ളം കുടിക്കുന്നത് അത്, കുറക്കാൻ സഹായിക്കും എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്. കുടത്തിൽ നിന്നു കുടിക്കുന്ന വെള്ളം ആരോഗ്യപരവും നല്ല തണുപ്പും ഉള്ളതായതിനാൽ, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിൽ പാത്രത്തിലെ വെള്ളം കുടിക്കുന്നതിലും നല്ലതാണ്. ചൂട് സമയത്ത്  ആരോഗ്യം സൂക്ഷിക്കാനും  ഏറ്റവും നല്ലത് മൺകുടത്തിൽ വെള്ളം വെച്ച്  അതിൽ നിന്ന് കുടിക്കുന്നതാണ്. മൺപാത്രങ്ങളിലൂടെയുള്ള പാചകത്തിലൂടെ നമുക്ക് ആരോഗ്യമുള്ള തലമുറക്ക് ഒരു  മാതൃകയായി മാറാം.

ഒരു  കുറിപ്പ് :-  നമ്മുടെ  കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും, സുഹൃത്തുക്കളെ ഓർമ്മിപ്പിക്കുവാനും ഇത്തരം കടകളിൽ നിന്ന് സമ്മാനങ്ങളായി ഈ പാത്രങ്ങൾ വാങ്ങുക. പഴയ കാലങ്ങളും  ആരോഗ്യവും വീണ്ടെടുക്കാനുള്ള ഒരു വഴി , നമ്മുടെ മൺപാത്രങ്ങളിലെ പാചകങ്ങളിലേക്ക് തിരിയുക എന്നതാണ്.  പാത്രം കഴുകാനുള്ള സോപ്പിന്റെ ഉപയോഗം കുറഞ്ഞു കിട്ടും, കൈകൾക്ക് സൗന്ദര്യവും വർദ്ധിക്കും ഉപ്പും, സോഡാപ്പൊടിയും കൊണ്ടുള്ള ഉപയോഗത്തിലൂടെ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS