ജെയിനമ്മ കൊച്ചമ്മ- ബേക്കർ സ്കൂളിലെ ക്ലാസ്സ്  ടീച്ചർ

jainamma
SHARE

‘സുപ്രഭാതം ബേക്കർ‘ എന്നു ഡോ.കോശിയുടെ മെസ്സേജ്, ബേക്കർ സ്കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പ് മെസ്സേജ്.ജെയിനമ്മ കൊച്ചമ്മയുടെ വിയോഗം അറിച്ചതിനു പുറകെ  പറഞ്ഞതാണിത്. “ആളുകൾ ജീവിച്ചിരിക്കുമ്പോൾ അവരെ പോയി കാണാൻ നമ്മൾ ശ്രമിക്കില്ല. ജയിനമ്മ കൊച്ചമ്മ ജീവിച്ചിരുന്നപ്പോൾ അവരെ പോയി കാണണമായിരുന്നു എന്നതിൽ എനിക്ക് ഇപ്പോൾ സങ്കടമുണ്ട്. ഞാൻ എല്ലാ ആഴ്ചയും കായംകുളം/ഓച്ചിറ വഴി കടന്നുപോകുന്നു. അവർ ആ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് എനിക്കറിയില്ല”

ബേക്കർ സ്കൂളിന്റെ എല്ലാ ഓർമ്മകളിലും എല്ലാവർക്കും ജയിനമ്മ കൊച്ചമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പലതും ഉണ്ട്.സ്കൂളിന്റെ 4–ാം ക്ലാസ്സുവരെ ആണു കൃത്യമായും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുണ്ടായിരുന്നത്. ഏതാണ്ട് ഇമെയിൽ കാലം മുതൽ ആ ക്ലാസ്സുകാർ ഒരുമിച്ചു ചേർന്ന് ,അന്നുമുതൽ അലുംനൈ ഗ്രൂപ്പിനും തുടക്കം കുറിച്ചു.’ടീച്ചർ‘ എന്ന പേരിനെക്കാൾ എല്ലാവരെയും ‘കൊച്ചമ്മ’ എന്നായിരുന്നു ബേക്കർ സ്കൂളിൽ ടീച്ചർമാരെ വിളിച്ചിരുന്നത്. എല്ലാവർഷവും അലുംനൈ മീറ്റിങ്ങിനായി എത്തിച്ചേർന്നവർ പലരും അവരവർക്കു പരിചവും ഓർമ്മയും ഉള്ള ടീച്ചർമാരെ ഓരോരുത്തരാ‍യി ക്ഷണിച്ചു. അങ്ങനെ പല ടീച്ചർമാരും ഞങ്ങളെക്കുറിച്ചുള്ള അവരവരുടെ ഓർമ്മകളും  പങ്കുവച്ചു. 2000 നൂറ്റാണ്ടിൽ അലുംനൈ പതിവായി എല്ലാ വർഷവും തുടങ്ങിയ കാ‍ലത്ത് ഒട്ടുമിക്കവരും റിട്ടയർ ചെയ്യുകയും ചെയ്തു.അതിൽ പലരും നമ്മെ വിട്ടുപിരിയുന്ന സമയവും ഓർത്ത് ഓർത്ത്,ഓർമ്മകൾ പലതും പലരുടെയും അയവിറക്കിക്കോണ്ടിരുന്നു. പ്രത്യേകിച്ച് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് ശേഷം പലരും കോളജ് വിദ്യാഭ്യാസം സിഎംഎസ്സിലും ആയിരുന്നതിനാൽ  വർഷങ്ങളും പരിചയവും പലരെയും ഒരുമിച്ചു തന്നെ കൂട്ടുകൂടാനുള്ള അവസരം ഉണ്ടായി.

അങ്ങനെ കഴിഞ്ഞാഴ്ച രാവിലെ സുഷയുടെ മെസ്സേജ് എത്തി,ജയിനമ്മ കൊച്ചമ്മ നമ്മളെ വിട്ടുപിരിഞ്ഞു എന്ന്. കൂടെ തങ്കമ്മ കൊച്ചമ്മയുടെ നമ്പറും സുഷ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഡോ.കോശി എന്ന ആനന്ദ് ഉടനെതന്നെ വിളിച്ചു കൂടുതൽ വിവരങ്ങൾ തിരക്കിയത്,പലരുടെയും ഓർമ്മകൾക്ക് തിരികൊളുത്തി. ക്ലാസ്സ് ടീച്ചറായിരുന്നതും,പിന്നീട് ഹോസ്റ്റൽ വാർഡനായതും മറ്റും ഒരോരുത്തരായി പറഞ്ഞു തുടങ്ങി.രണ്ടു ദിവസത്തിനു ശേഷം അടക്കവും തീരുമാനിച്ചതിനാൽ കോട്ടയത്ത് ഉള്ളവർ പലർക്കും പോകാനും തീരുമാനിക്കുന്നു. ഈ സംസാരത്തിനിടക്ക് ഡോ.ആശ മത്തായി തന്റെ സുഹൃത്തും,ഞങ്ങളുടെ ജൂനിയർ കൂടിയായ പുഷ്പ ബേബി തോമസ് തന്റെ ക്ലാസ്സ് ടീച്ചർകൂടിയായിരുന്ന ജയിനമ്മ കൊച്ചമ്മയെക്കുറിച്ചുള്ള ഓർമ്മകൾ എഴുതിയത്  ഗ്രൂപ്പിൽ പോസ്റ്റി.

പുഷ്പ ബേബി തോമസിന്റെ ഓർമ്മകളിലൂടെ നമുക്കും ഒന്ന് സഞ്ചരിക്കാം

.

ചില അനുഭവങ്ങൾ വല്ലാത്ത മൗനമാണ് ഉള്ളിൽ നിറയ്ക്കുന്നത്.ജയിനമ്മ കൊച്ചമ്മയുടെ  വേർപാട്  ആഴത്തിൽ മൗനവും നൊമ്പരവുമാണ്എന്നിൽ നിറച്ചിരിക്കുന്നത്. 1983 - 84 കാലഘട്ടത്തിൽ എന്റെ ക്ലാസ് ടീച്ചറായിരുന്നു കൊച്ചമ്മ,4 A യിൽ. പല തവണ കൊച്ചമ്മയെ വിളിക്കണമെന്ന് ഓർത്തതാണ്.പക്ഷേ ആരോഗ്യം മോശമാണെന്നറിഞ്ഞതു കൊണ്ട് വിളിക്കാൻ മടിച്ചു.ശനിയാഴ്ച രാവിലെ ആദ്യമറിഞ്ഞത് കൊച്ചമ്മയുടെ മരണമാണ്. 

ഒരു അധ്യാപിക തന്റെ കുട്ടികളുടെ മനസ്സിൽ രേഖപ്പെടുത്തുന്ന മൂല്യങ്ങളുണ്ട്, ചിട്ടകളുണ്ട്, മനോഭാവങ്ങളുണ്ട്. പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം ഒരു വ്യക്തിയെ അവനവനും, കുടുംബത്തിനും,സമൂഹത്തിനും യോഗ്യനാക്കി മാറ്റുന്നത് ഈ പാഠങ്ങളാണ്.ബഹുമാന്യയായ, അനുകരണീയായ ഒരു വ്യക്തിത്വമുള്ളവർക്കേ ഇതിന് കഴിയൂ.ബാല്യകാലത്ത് തങ്ങളുടെ മനസ്സിൽ പതിയുടെ സ്ത്രീവ്യക്തിത്വങ്ങൾ ആൺകുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയും.പിന്നീടുള്ള ജീവിത പാതയിൽ കണ്ടുമുട്ടുന്ന സ്ത്രീകളോടുള്ള ഇടപെടലുകളെ ഇത് തീർച്ചയായും സ്വാധീനിക്കും. ബേക്കർ സ്കൂളിൽ പഠിച്ച ആൺകുട്ടികൾ സ്ത്രീകളോട്  മാന്യമായി ഇടപെടുന്നുണ്ടെങ്കിൽ അംഗീകരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവരെ പഠിപ്പിച്ച കൊച്ചമ്മമാരാണ്.

രണ്ടാം വീടായ വിദ്യാലയത്തിൽ ചെറിയമ്മയുടെ സ്നേഹവും വാത്സല്യവും, കരുതലും ശാസനയും തന്ന് നടത്തിയ കൊച്ചമ്മമാർ!അതിൽ മായാതെ നിൽക്കുന്ന രൂപമാണ് ജയിനമ്മ കൊച്ചമ്മയുടേത്.ഗൗരവമുള്ള, അധികം ചിരിക്കാത്ത മുഖം.അലക്കിതേച്ച സാരി ഭംഗിയായി ഉടുത്തിട്ടുണ്ടാവും.നിവർന്നുള്ള നടപ്പ്.മിക്കവാറും ഒരു ചൂരൽ വടി കൈയ്യിലുണ്ടാവും. അത് അധികം ഉപയോഗിക്കാറില്ലെങ്കിലും.

ഒരിക്കലെങ്കിലും  ബൈബിൾ മുഴുവൻ വായിക്കണമെന്ന് പ്രേരിപ്പിച്ചത് കൊച്ചമ്മയാണ്. ശക്തയായ സ്ത്രീയായിരുന്നു അവർ.കൊച്ചു സ്കൂളിലെയും ബോർഡിംഗിലെയും ചുമതല എത്ര ചുറുചുറുക്കോടും ആത്മാഥതയോടുമാണ് നിർവ്വഹിച്ചത്!സ്ത്രീകൾക്ക് പുരുഷ സഹായമില്ലാതെ എല്ലാം ചെയ്യാനാവും എന്നു തെളിയിച്ചവരാണ്. കാട് പിടിച്ചു കിടന്നിരുന്ന ബേക്കർ കുന്നിൻ പുറത്ത് കാവൽക്കാരില്ലാതെ  എത്രയോ പെൺകുട്ടികളെ  സുരക്ഷിതരായി കൊച്ചമ്മ കാത്തു.പത്തു വയസ്സുകാർക്ക് അന്നതു തിരിച്ചറിയാനായില്ലെങ്കിലും തിരിച്ചറിവായപ്പോൾ മുതൽ ആദരവോടു കൂടിയേ കൊച്ചമ്മയെ ഓർക്കാൻ കഴിയൂ.നന്നായി പഠിപ്പിക്കുകയും വേർതിരിവുകളില്ലാതെ  കുഞ്ഞുങ്ങളെ കാണുകയും ഗൗരവക്കാരിയെങ്കിലും അനാവശ്യമായി ദേഷ്യപ്പെടാതെ, തന്റെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ രൂപമായി മാറാനും കൊച്ചമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

കൊച്ചു സ്കൂളിലെ ഗൗരവമൊന്നും അതിനു പുറത്തു കൊച്ചമ്മ കാട്ടാറില്ല. വല്യ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്നേഹപൂർവ്വം വിശേഷങ്ങൾ അന്വേഷിച്ചിരുന്നു.2017 ജൂലൈ 23 നാണു കൊച്ചമ്മയെ അവസാനം കണ്ടത്. ഞങ്ങളുടെ ബാച്ചിന്റെ  ആദ്യത്തെ ഗെറ്റ് ടുഗതറിന്. എൺപതുകളിലും ആ ചുറുചുറുക്കും ആവേശവും പ്രൗഢമായ വേഷവും.ഒരു പകൽ ഒന്നിച്ച്, ഓർമ്മകൾ പങ്കുവച്ചു അതു കൊച്ചമ്മയ്ക്കും മറക്കാനാവാത്ത അനുഭവമായിരുന്നു.തന്റെ പ്രവർത്തികൾക്കു തക്ക പ്രതിഫലം കൊടുക്കുന്ന തമ്പുരാൻ  തീർച്ചയായും സ്വർലോകത്തു ജയിനമ്മ കൊച്ചമ്മയെ ചേർത്തിട്ടുണ്ട്.

 

“പുഷ്പ ബേബി തോമസ്”

ഒരടിക്കുറിപ്പ്:- പുഷ്പയുടെ ഓർമ്മയിലൂടെ എല്ലാവരും തന്നെ തങ്ങളുടെ മനസ്സിലെ ഓർമ്മകൾക്കൊപ്പം കൊച്ചുക്ലാസ്സും മറ്റും വീണ്ടൂം ഓർമ്മിച്ചെടുത്തു.ഒന്നു രണ്ടുപേരെങ്കിലും അടക്കത്തിനായി പോകാനായി തയ്യാറെടുത്തു.അങ്ങനെ കൊച്ചമ്മമാരുടെ ഓർമ്മകൾ അയവിറക്കി എല്ലാവരും ഒരുമിച്ച് സംസാരിച്ചതു തന്നെ അന്നത്തെ ദിവസത്തെ വളരെ സ്പെഷ്യൽ ആക്കിത്തീർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS