മഴയേ...തൂമഴയേ...

rain-sapna-new
SHARE

മഴയെക്കുറിച്ച് കവിതകളും കഥകളും സിനിമ വരെ എടുക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ഏതു രാജ്യക്കാരുടേയും നാട്ടുകാ‍രുടേയും ഭാവനകളെ ഉത്തേജിപ്പിക്കുന്ന ഒരു ഭാവനയും വികാരവും ആയിട്ടാണ് മഴ എത്തുന്നത്. ആകാശവിതാനത്തിൽ മേഘങ്ങളുടെ തേരേറിയെത്തുന്ന മഴ. തുള്ളിത്തുള്ളിയായി പെയ്യുന്ന മഴയുടെ ചിത്രങ്ങൾ എടുക്കാനായി കാമറയുമായി നടക്കുന്നവരും, മഴയുടെ രേഖാചിത്രങ്ങളും ചിത്രങ്ങൾ വരക്കാനും ആവേശം കാണിക്കുന്ന ചിത്രകാരന്മാരും കുറവല്ല. ആലിപ്പഴ വർഷവും അതിന്റെ ചിത്രങ്ങളും കുറവല്ല. 2022 ജൂലൈ മാ‍സം ഒമാനിൽ ഇത്തവണ ധാരാളം ആലിപ്പഴ വർഷം നടക്കുന്നുണ്ട്. 

സൂര്യന്റെ ചൂടിൽ ഭൂമിയിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു.ഈ മേഘങ്ങൾ കനത്ത് വെള്ളത്തുള്ളികളായി ഭൂമിയിൽ പതിക്കുന്നതാണ് മഴ. കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ ഐസായും മഴയുണ്ടാകാം. കേരളത്തിന് മൂന്ന് മഴക്കാലങ്ങളുണ്ട്: ഇടവപ്പാതി, തുലാവർഷം, വേനൽ മഴ. കേരളത്തിൽ മഴ ലഭിക്കുന്നത് രണ്ടു കാലങ്ങളിലാണ്.

ജൂൺ 1 അടുപ്പിച്ച് ആരംഭിക്കുന്ന മഴക്കാലത്തെ ശാസ്ത്രീയമായി തെക്കുപടിഞ്ഞാറൻ മൺസൂൺ അല്ലെങ്കിൽ കാലവർഷം, ഇടവപ്പാതി എന്നൊക്കെ വിളിക്കുന്നു.ഈ കാലം ഏതാണ്ട് സെപ്റ്റംബർ അവസാനം വരെ നിൽക്കുന്നു. കിഴക്കുവശത്ത് പർവ്വതങ്ങളുള്ളതുകൊണ്ട് കേരളത്തിൽ ഈ മേഘങ്ങൾ മഴയായി പെയ്ത് തീരുന്നു.കേരളത്തിലെ മഴയുടെ 70 ശത്മാനവും ഇടവപ്പാതിയാണ്.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്തെ വടക്കുകിഴക്കൻ മൺസൂൺ എന്നും, നമ്മൾ നാട്ടുകാർ ഇതിനെ തുലാവർഷം എന്നും വിളിക്കുന്നു. മൺസൂണിന്റെ മടക്കയാത്രയായും കവികൾ ഇതിനെ വിളിക്കാറുണ്ട്. ഈ കാലഘട്ടത്തിൽ കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ കൂടുതൽ മഴ ഉണ്ടെങ്കിലും വടക്കൻ ഭാഗങ്ങളിൽ കാര്യമായി മഴ കിട്ടാറില്ലന്നും പറയപ്പെടുന്നു. ഉച്ചതിരിഞ്ഞ് ഉണ്ടാകുന്ന ഈ മഴയുടെ പ്രത്യേകത കൊള്ളിയാനും ഇടിയോടുംകൂടിയ മഴയാണെന്നുള്ളതാണെ ഇതിനെ പേടിപ്പെടുത്തുന്നതും!

കേരളത്തിന്റെ തെക്കേ അറ്റത്ത് തിരുവനന്തപുരത്താണ് ഇന്ത്യയിൽ കാലവർഷം എത്തുന്നത്. എന്നാൽ, ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് തെക്കൻ ഭാഗങ്ങളിലാണെന്ന് പറയപ്പെടുന്നു. ചൂടേറിയ നീരാവി ഭൂമിയിൽ നിന്നും മുകളിലേക്ക് എത്തി താഴോട്ട് ഒഴുകിവരുന്ന തണുത്ത വായുവുമായി കൂട്ടിമുട്ടുംബോൾ വളരെപ്പെട്ടെന്ന് ചെറിയ ഐസ് കട്ടകൾ ആയി മാറുന്നു.ഇതാണ് ആലിപ്പഴം എന്ന ഓമനപ്പേരിൽ വിളിക്കുന്നത്.

എന്നാൽ വർഷങ്ങളായി, മഴയും വെള്ളപ്പൊക്കവും ചിരപരിചിതമായ സംഭവങ്ങളായിരുന്ന കേരളക്കരയെ ഭീതിയിൽ അകപ്പെടുത്തിയ ഒന്നു രണ്ടു മഴക്കാലങ്ങൾ കടന്നുപോയി. അതോടെ മഴ എന്നത് ഒരു ഭീതി ജനിപ്പിക്കുന്ന കാ‍ലമായി മാറി. താൽക്കാലിക ഷെൽറ്ററുകളിലേക്ക് മാറിത്താമസിച്ചവരിൽ പലരും ഇന്നും സ്വന്തം വീടുകളിൽ  എത്തിച്ചേർന്നിട്ടില്ല എന്നാണ് പറയുന്നത്. വെള്ളപ്പൊക്കം വരാ‍ൻ കാരണങ്ങൾ പലതാണ്.

നമ്മുടെ പരിതസ്തിതി സംരംക്ഷണം കുറഞ്ഞു,മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടു, മലകളും കുന്നുകളും ഇടിച്ചു നിരത്തി,വീടുകളിൽ മണ്ണും കല്ലും പുൽത്തകിടിക്കു പകരം വെറും ടൈൽസ് ഇട്ടു. വെള്ളവും ആറും തോടും നിയന്ത്രണമില്ലാതെ ഒഴുകി.

ഉന്മേഷവും ആരോഗ്യവും വർധിപ്പിക്കാനുള്ള ആയുര്‍വ്വേദ ചികിത്സകൾ പലതും നടക്കുന്നത് കർക്കിടക മാസത്തിലാണ്. ഇടവപ്പാതിലാണ് ആയുര്‍വ്വേദ ചികിത്സയുടെ എണ്ണയിട്ടു തിരുമ്മൽ, ഉഴിച്ചിൽ എന്നിവക്ക് ഏറ്റവും യോജിച്ചത്. കാലവര്‍ഷ സമയത്തെ തണുപ്പും ശുദ്ധമായ പ്രകൃതിയും ചികിത്സയ്ക്ക് ഏറ്റവും യോജിച്ച അന്തരീക്ഷം ഒരുക്കുന്നു. പ്രത്യേകിച്ച് കേരളത്തിലേക്ക് ആ സമയങ്ങളിൽ എത്തിച്ചേരാനും സുഖചിത്സകൾ നടത്താനും കാത്തിരിക്കുന്നവർ ധാരാളം ഉണ്ടെന്ന് പറയപ്പെടുന്നു.

മഴ എന്നും എനിക്കൊരു ഹരമായിരുന്നു. കുട്ടിക്കാലത്ത് കോട്ടയത്ത് വീട്ടുമുറ്റത്ത് ഇരുന്ന് കണ്ട മഴയൊട് ഞാൻ മനസ്സിൽ പറഞ്ഞ കഥകൾ ധാരാളമാണ്. എന്നാൽ ജീവിതം കൊണ്ടെത്തിച്ചത് മഴ എന്നത് വെറുമൊരു സ്വപ്നം മാത്രമായ ഒരു ദേശത്താണ്, ഗൾഫ് നാടുകൾ. അതിശക്തമായ ചൂടു മാറി തണുത്തകാലം എത്തുന്നതിന്റെ മുന്നറിയിപ്പായി മാത്രം എത്തുന്ന ഒരു കുളിർമഴ. വീണ്ടും അതെ വികാരത്തോടെ തണുപ്പ്  മാറി വീണ്ടും ചൂടെത്തുന്ന് എന്ന് ഓർമ്മപ്പെടുത്താനായി ഒരു മഴകൂടിയെത്തുന്നു. എന്നാൽ ഒമാനിലെ മഴ ഏതാണ്ട് കേരളത്തോട് കിടപിടിക്കത്തക്ക വെള്ളപ്പൊക്കവും, മലവെള്ളപ്പാച്ചിലുകളും ധാരാളം സംഭവിക്കുന്നു.

മഴയുടെ ശാന്തമാ‍യതും രൗദ്രമായതും ആയ ഭാവങ്ങളെ ഒരുമിച്ചു കാണാൻ നമുക്ക് പലപ്പോഴും സാധിക്കുന്നു. പ്രകൃതി നമുക്ക്  അനുവദിച്ചു തന്നിരിക്കുന്ന അനുഗ്രഹങ്ങളിൽ ഒന്നാണത്. മഴയില്ലെങ്കിൽ കുടിനീരില്ല, ജീവജാലങ്ങളുടെ ജീവിതം താറുമാറാകുന്നു, ഭക്ഷണത്തിനു മുട്ടുണ്ടാവുന്നു. പലതരം ഭാവങ്ങളുടെ ഒരു പര്യായം തന്നെയാണ് മഴക്കാലം. ഒരു കടലാസ് വള്ളം ഉണ്ടാക്കിക്കളിക്കാത്തവരായി ഒരു കുട്ടിപോലും കേരളത്തിലുണ്ടാവില്ല, തീർച്ച. കർക്കിടമാസത്തിലെ ശക്തമായ മഴ കാരണം, അടുത്ത വേനലിനുവേണ്ട മഴവെള്ളം കിണറുകളിൽ ശേഖരിക്കപ്പെടുന്നു. 

മഴനനഞ്ഞു കുതിർന്ന ഓലകൾ മെടഞ്ഞടുക്കി സൂക്ഷിച്ചുവെക്കുന്നവരും നമ്മുടെ കേരളത്തിൽ ധാരാളം. മഴക്കാലത്ത്, രാവിലെ മാവിൻ ചുവട്ടിലെത്തിൽ ഉതിർന്നു വീണ മാമ്പഴങ്ങൾ ഊമ്പിത്തിന്നാത്തവരായും ആരുമുണ്ടാവില്ല കേരളത്തിൽ. മാങ്ങ മാത്രമല്ല പലതരം പഴങ്ങൾ നിറഞ്ഞ നമ്മുടെയൊക്കെ വീടുകളിൽ രാവിലെതന്നെ ഇതൊക്കെ പെറുക്കിക്കൂട്ടാനായി ഇറങ്ങിയോടുന്ന കുട്ടികളും  ധാരാളം.കർക്കിടകമാസത്തിനു വേണ്ടി ഞവരക്കഞ്ഞിപ്പാക്കറ്റുകൾ ധാരാളം കിട്ടുന്നുണ്ട് എങ്കിലും നമ്മുടെ ഒക്കെ അമ്മച്ചിമാർ വെച്ചുതന്ന ഉലുവക്കഞ്ഞികൾ ശർക്കര ചേർത്ത് കുടിച്ചതും പലരും മറന്നു കാണില്ല.

അടിക്കുറിപ്പ്: കേരളത്തിലെത്തി മഴക്കാലം കണ്ടപ്പോഴാണ്, മഴയെക്കുറിച്ച് എഴുതിയ ഓസ്റ്റിൻ വാളൂരിന്റെ വാക്കുകൾ ഓർത്തത്. അതിങ്ങനെ: ‘ഒരു നാൾ അങ്ങ് ഉള്‍കടലിൽ കടൽ വെള്ളത്തിന്‌ ഒരു മോഹം. കരയെ പുൽകണം. തന്റെ ജീവിതത്തിനു ഒരു അര്‍ഥം ഇല്ലെന്ന തോന്നൽ, തന്റെ ലക്‌ഷ്യം കരയിലാണ്. സൂര്യന്‍ ഉദിച്ചുയര്‍ന്നു. കഠിനമായ്‌ ചൂടല്‍ അവളെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങി. തന്നിലെ മാലിന്യമെല്ലാം കടലിൽ ഉപേക്ഷിച്ചു, രൂപം മാറി അവള്‍ ആകാശത്തേക്ക് ഉയര്‍ന്നു.ഉയര്‍ന്നുയര്‍ന്നു തണുത്തുറഞ്ഞു അവൾ മേഘമായ് മാറി. സൂര്യന്‍ കാറ്റിനെ അയച്ചു അവളെ കരയുടെ മുകളിലേക്ക് അയച്ചു. പിന്നെ പ്രണയത്തിന്റെ എല്ലാ അഗ്നിയും ആവാഹിച്ചു പ്രാണ പ്രിയനേ പുല്‍കുവാൻ ഉള്ള തീവ്ര അനുരാഗത്താൽ പതിയെ മഴനൂലായ് അവൾ ഭൂമിയിലേക്ക്‌ പെയ്തിറങ്ങി’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS