കൂട്ടുകാരി

friends
SHARE

സൗഹൃദങ്ങൾ വാനോളം വളർന്നു പന്തലിക്കട്ടെ, അവരുടെ എണ്ണവും അതുപോലെ എണ്ണമറ്റതായിത്തീരട്ടെ.” ഇന്നു സുഹൃത്ത് എന്ന വാക്ക് എല്ലാവർക്കും ഒരിത്തിരി പരിചയം തോന്നുന്ന,ആരെയും ആർക്കും സ്വയം വിശേഷിപ്പിക്കാവുന്ന, സംബോധന ചെയ്യാവുന്ന  ഒരു വാക്ക് ആയി മാറിയിരിക്കുന്നു. സൗഹൃദ ശൃംഖലകളുടെ പെരുമഴക്കാലം, ഓർക്കുട്ടിലൂടെയും പിന്നീട് എല്ലാവരുടെ കുടുംബവീടായി മാറിയ ഫെയ്സ് ബുക്കിലും വന്നു നിന്നു.

സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വളപ്പൊട്ടുകളും മനസ്സിൽ നിറച്ച് ആ മുത്തുച്ചിപ്പികൾ ജീവിതത്തിന്റെ അധ്യായങ്ങളിൽ, ഓർമ്മയായി കാത്തുസൂക്ഷിക്കാറുണ്ട്  നമ്മളോരുത്തരും .എന്നെങ്കിലും മറിച്ചു നോക്കുന്ന മനസ്സിന്റെ പുസ്തകത്താളുകളിൽ മാത്രം കാണാവുന്ന ചില പേരിൽ മറഞ്ഞു നിൽക്കുന്ന സുഹൃത്തുക്കൾ! അവധിദിവസങ്ങളിൽ കിട്ടുന്ന കത്തുകളിലും മറ്റും നിറഞ്ഞു നിന്നിരുന്ന സൗഹൃദങ്ങൾ, ഇന്നു ഫോണിലെ പേരുകളിലും ഗ്രൂപ്പുകളും അലുംമ്‌നികളിലും മാത്രമായിത്തീർന്നു. എങ്കിലും ഇന്റർനെറ്റിന്റെ സഹായത്താൽ ഇ മെയിലും ചാറ്റും ഒരു പരിധിവരെ നഷ്ടപ്പെട്ട ബന്ധങ്ങൾ തിരഞ്ഞു പിടിക്കാനും, പുനർജീവിപ്പിക്കാനും സഹായിച്ചു. കാലത്തിന്റെ മാറ്റം ഓർക്കുട്ടിനെ നമുക്കു മുന്നിൽ എത്തിച്ചു.

സുഹൃത്തുക്കൾ വീണ്ടും എത്തി ധാരാളം ”അയ്യോ ഇതു നീയല്ലെ! എന്റെ പെണ്ണെ, ചക്കരെ, നീ അങ്ങു വണ്ണം വച്ചല്ലോ. നമ്മുടെ ഓരോ കുഞ്ഞു ചെറിയ വലിയ കാര്യങ്ങൾ പോലും ഓർത്തിരിക്കുന്ന സുഹൃത്തുക്കൾ. സംസാരിച്ചു തുടങ്ങിയാൽ നീണ്ടു നീണ്ടു പോകുന്ന ഓർമ്മകളുടെ ഓളങ്ങൾ. ഫെയ്സ് ബുക്കിന്റെ കാലം  എത്തിയപ്പോൾ അതിലും വിപുലമായ സന്നാഹസം‍വിധാനങ്ങളുമായെത്തി. ഗ്രൂപ്പുകളായി, പലതരം കോളജ് അലുമ്‌നികളായി, എന്നുവേണ്ട, ഒരാൾക്കുമാത്രമായുള്ള ചരമക്കോളം വരെ ഗ്രൂപ്പുകളായി. ഇതിൽ നിന്നെല്ലാം എന്തെങ്കിലും നല്ലതു ഹൃദയത്തിലേക്കായി പെറുക്കിയെടുക്കാൻ സാധിച്ചു എന്ന കാര്യവും നല്ലതു തന്നെ.

ഫെയ്സ് ബുക്കിലൂടെ സ്കൂളിലെ, കോളജിലെ, ധാരാളം പഴയ സുഹൃത്തുക്കളെ  കണ്ടുപിടിക്കാൻ  സാധിച്ചു. കൂട്ടത്തിൽ സുഹൃത്തുക്കൾ എന്നു പേരിനൊപ്പം ഹൃദയത്തിൽ സൂക്ഷിക്കാനായി  പുതിയതായി പലരെയും  പരിചയപ്പെട്ടു. അവരിൽ പ്രമുഖർ  ലേഖികയും എഞ്ചീനയറുമായ  ഗീത  ഏബ്രഹാം  ജോസ്, നൂലിഴകളിൽ ചിത്രങ്ങളും നിറങ്ങളും  മറ്റും  ചെയ്യുന്ന നീമ റ്റൈറ്റസ് എന്നിങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്. ഇതിനിടയിൽ വിശ്വസിക്കാൻ പറ്റാത്ത ചില ആൾക്കാരെ  പരിചയപ്പെട്ടു, സിനിമാനടി രേവതി! ദേവസുരം, രാവണപ്രഭു  എന്നീ  രണ്ടു സിനിമകൾ എല്ലാവരും മോഹൻലാലിനെ കാണാനായി കാണുമ്പോൾ ,  രേവതിയുടെ മുഖഭാവങ്ങൾ നോക്കിയിരിക്കുന്നവർ ധാരാളം. എത്രവട്ടം  കണ്ടു എന്നതിന്റെ  കണക്ക് എനിക്കില്ല,ഇന്നും വീണ്ടും കാണുബോൾ ആരാധനമാത്രം മനസ്സിൽ.  രേവതി തന്നെയാണോ എന്നു ഇന്നും ഒരു സന്ദേഹം  ഉണ്ടെങ്കിലും,അവരെന്നു കരുതി,ഒന്നു രണ്ടു മെസ്സേജുകൾ കീട്ടിയതിൽ ഫെയ്സ് ബുക്കിനു നന്ദി. പിന്നെ അഞ്ചലി മേനോൻ, ഒരു  സിനിമാനടിയെക്കാൾ സുന്ദരിയായ സംവിധായിക. ഏതൊരു ചോദ്യത്തിനും ഉടനടി മറുപടി തരുന്നു,ഏറ്റവും ‘സിംപിളായ’ ഒരു സുഹൃത്ത്. ഇങ്ങനെ പോകുന്നു ആ ലിസ്റ്റിൽ പേരുകൾ ധാരാളം .

സൗഹൃദത്തിനു മുഖവും ശബ്ദവും  പരിചയപ്പെടുന്നതിന്റെ ഒരു  അളവുകോളല്ല എന്ന് പൂർണ്ണമായും തീരുമാനിക്കപ്പെടാൻ ഫെയിസ്ബുക്ക് സഹായകമായി . ഇന്ന് ഒാർക്കാനും സഹായിക്കാനും തയ്യാറായ ധാരാളം  പേർ. സ്കൂളും കോളജും വർഷങ്ങളുടെ നേരിട്ടുള്ള പരിചയത്താൽ തന്നതിലും കൂടുതൽ  വൈവിദ്ധ്യതയുള്ള ആൾക്കാർ, വർഷങ്ങളോളം ഒരു ഇന്റർനെറ്റ് പേജിലെ പേരുമാത്രമായിരുന്നിട്ടു പോലും, ധാരാളം സൗഹൃദങ്ങൾ എനിക്കു നേടിത്തന്നു. ഒരിക്കലെങ്കിലും ഇവരിലാരെയെങ്കിലും നേരിട്ടുകാണും, പരിചയം പൂർവ്വാധികം ശക്തിപ്പെടും എന്നുള്ള പ്രതീക്ഷകൾ  ഒന്നുംതന്നെ  ഇവിടെ വിലപ്പോകുന്നില്ല. ഇനിയും  വീണ്ടും  കൂടുതൽ സുഹൃത്തുക്കൾ കിട്ടും എന്ന പ്രതീക്ഷയും  അവസാനിക്കുന്നില്ല. ജീവിതം ഒരു പൂവിന്റെ നൈർമ്മല്യത്തോടെ , നറുമണത്താൽ സ്നേഹത്തിന്റെ  സൗഹൃദം തരുമ്പോൾ കണക്കില്ലാതെ കോരി നിറച്ചാൽ  ഏതു പുഷ്പത്തിന്റെ മണം എന്നു എങ്ങിനെ തരംതിരിക്കും? ഇവിടെ നല്ലതുമാത്രം ജീവിതത്തിൽ പ്രവർത്തിക്കൂ ചിന്തിക്കൂ എന്നു പ്രതിജ്ഞയെടുക്കാത്തവരും ധാരാളം! ആരാധാനാഭാവം, അസഭ്യഭാഷകൾക്കും, വാഗ്വാദങ്ങളുമായി മാറുമ്പോൾ ഞാൻ എന്റെ ഈ ചെറിയവലിയ ജാലകങ്ങളിലെ എന്റെ ശക്തിശ്രോതസ്സുകളായ  മലയാളീ‍ ഇക്കയെ നീട്ടിവിളിക്കുന്നു ....‘ആരാടാ ഞങ്ങടെ ചേച്ചിയോട്  ‘തെണ്ടിഭാഷ’ ഉപയോഗിക്കുന്നത് ???“ എന്ന് ഉടനടി പോസ്റ്റും എത്തും! അങ്ങനെ അറിഞ്ഞും അറിയാതെയും നമുക്കായി  ചാടിവീഴുന്ന, സൗഹൃദങ്ങൾ ധാരാളം. 

സ്കൂളിലെ പുസ്തകങ്ങൾക്കിടയിൽ, സ്വന്തം ജീവിതത്തീന്റെ ബന്ധങ്ങളുടെ ആഴങ്ങൾ കെട്ടിപ്പെടുക്കുന്നതിനിടയിൽ നമ്മളോരോത്തർക്കും പല പേരുകളും മനസ്സിൽ കൂട്ടിച്ചേർത്തു വയ്ക്കുന്നു.  വയസ്സും മനസ്സും വളരുന്നതിനൊപ്പം, ആ പേരുകളോരോന്നും നമ്മുടെ മനസ്സിൽ ചേക്കേറുന്നു, കൂടുകൂട്ടുന്നു. ഒരിക്കലും മറക്കാതെ മായാതെ നിൽക്കുന്നു. വിവാഹം കുട്ടികൾ, ജോലി  മറ്റു രാജ്യങ്ങളിലേക്കുള്ള കൂടുമാറ്റം ഇവയൊന്നും ആ സൗഹൃദങ്ങൾക്കു വിലങ്ങുതടിയാകുന്നില്ല. നമ്മുടെ കുടുംബത്തിനൊപ്പം, മക്കളുടെ വിശേഷങ്ങൾ, ഭർത്താവിന്റെ സ്വഭാവ വൈവിധ്യങ്ങൾ , കുടുംബത്തീന്റെ പ്രയാസങ്ങൾ തീരുമാനങ്ങൾ എന്നിങ്ങനെ ഓരോ കാര്യങ്ങൾക്ക് അഭിപ്രായങ്ങളായും  പ്രചോദനങ്ങളായും  ഈ സുഹൃത്തുക്കൾ നമുക്കൊപ്പം എന്നെന്നും  നിൽക്കുന്നു. 

മക്കളെക്കാളും കുടുംബത്തെക്കാളും  ഏറെ ഇവർ പ്രിയപ്പെട്ടവരായിത്തീരുന്നു! ഒരു ദിവസം  സംസാ‍രവും , മെസ്സേജും വന്നില്ലെങ്കിൽ , എവിടെ എന്നൊരു ചോദ്യം അങ്ങോട്ടും ഇങ്ങോട്ടും വന്നിരിക്കും……ജിവിതത്തിൽ കൂട്ടുകാരി ഓരോ ബന്ധങ്ങളുടെ പേരുകളായിത്തീരുന്നു, ചേച്ചി, മകൾ, അമ്മ,  അങ്ങനെ ബന്ധങ്ങൾ വളരുന്നു . ഒഴിച്ചുകൂടാനാത്ത എന്നാൽ പ്രതീക്ഷകൾക്കൊപ്പം വളരാത്തവയും ഇല്ലാതില്ല. കൂടുതലും നമുക്ക് പ്രചോദനങ്ങളും, സഹായവും, ശക്തിശ്രോതസ്സുകളും ആയിത്തിരുന്നു കൂട്ടുകാരികൾ ! പല സിനിമകൾ കാണുമ്പോൾ ഇതൊക്കെ എന്റെ കഥയല്ലേ എന്നു തോന്നുംവിധം ഇന്നു കൂട്ടുകെട്ടുകളെ പാടിപുകഴ്ത്തുന്നു, തീർച്ച.  

അറിഞ്ഞോ അറിയാതെയോ എന്റെ സുഹൃത്തുക്കളായവർക്കും പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹൃദ് ബന്ധങ്ങൾക്കും മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളായ കൂട്ടുകാരികൾക്കായി സമർപ്പിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS