കോട്ടയത്ത് ജനിച്ചു വളർന്ന ആരും തന്നെ, മിസ്സിസ്.റോയ് എന്ന പേര് മറക്കുകയും ഇല്ല,മറക്കാൻ ശ്രമിക്കുകയും ഇല്ല.അത്രമാത്രം സ്വന്തം വ്യക്തിത്വം എന്നതിനെ ആസ്പദമാക്കി ജീവിച്ച ഒരു സ്ത്രീജന്മം ആയിരുന്നു,ആയിരിക്കും എന്നെന്നും മിസ്സിസ്.മേരി റോയ്.ബേക്കർ സ്കൂളിൽ പഠിച്ചിരുന്ന കാലംതൊട്ടെ കോപ്പർ ക്രിസ്റ്റി സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ഒരു ആരാധനാ ഭാവത്തോടെ നോക്കിയിരുന്നു. കൂടെ മിസ്സിസ്.റോയ് എന്ന പേരും കോട്ടയം എന്ന ദേശത്തിന്റെ ഒരു ‘ഐഡന്റിറ്റി’ ആയിരുന്നു എന്നുകൂടി പറയാം. പിന്നീട് എഴുത്തിന്റെ ലോകത്തിലേക്ക് ചുവടുവച്ചു നടന്ന കാലത്തും അരുന്ധതി റോയ് എന്നതിലുപരി മിസ്സിസ്.റോയുടെ മകൾ എന്നായിരുന്നു മനസ്സിൽ ആദ്യം എത്തുന്ന ചിന്ത. സ്കൂളുകളിൽ നടന്നു വന്നിരുന്ന പരമ്പരാഗത രീതികളെ കുട്ടികളുടെ മനസ്സിനും ചിന്തകൾക്കും അനുയോജ്യമായി മാറ്റിത്തീർത്തു മിസ്സിസ്.റോയ്.
സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി എന്നും വാദിച്ചിരുന്ന മിസ്സിസ്.റോയ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അനുസരിച്ചല്ല,മറിച്ച് വ്യക്തമായ കൃത്യമായ സൌകര്യപ്രദമായ കാര്യകാരണസഹിതം തീരുമാനങ്ങളെടുത്തിരുന്നു.അവർ ചെയ്‌തതുപോലെ,യഥാർത്ഥത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അവരുടെ അതിരുകടന്ന ധൈര്യം ആവശ്യമാണെന്ന് ഇന്നും വിശ്വസിക്കുന്നവർ ധാരാളം.സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് കുടുംബസ്വത്തിൽ തുല്യാവകാശം ഉറപ്പാക്കിയ 1986-ൽ അവർ വിജയിച്ച സുപ്രിംകോടതി കേസിനെക്കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടല്ലോ?പല തരത്തിൽ മിസ്സിസ് റോയി എന്ന വ്യക്തിത്വം യാഥാർഥ്യത്തേക്കാൾ യഥാർത്ഥമായിരുന്നു.
ജീവിതത്തിൽ നേരിട്ട് പരിചയപ്പെട്ട,കേട്ടറിഞ്ഞ ആരെക്കാളും അവരുടെ ജീവിതംകൊണ്ട് അവർ ജീവിതത്തെ അതിമനോഹരമാക്കി തീർത്തു, ഉദാഹരണമാക്കിത്തീർത്തു മറ്റുള്ള സ്ത്രീകൾക്കായി.1960 ൽ മിസ്സിസ്.മേരി റോയ്,പരേതനായ തന്റെ പിതാവ് ഉപേക്ഷിച്ച സ്വത്തിൽ തുല്യാവകാശം ലഭിക്കുന്നതിന് ഏകദേശം 39 വർഷത്തോളം നീണ്ടതും കഠിനവുമായ പോരാട്ടം നടത്തി. സ്വത്ത് തർക്കകേസുകളിൽ പ്രമുഖ അഭിഭാഷകരെല്ലാം തന്നെ ഉദാഹരണമായും,അടിസ്ഥാനമായ കാരണങ്ങളായും എടുത്തു പറയുന്ന ഒരു സുപ്രധാന വിധിയായി മാറിയ ആ കേസിൽ മിസ്സിസ്.റോയ് വിജയിച്ചു.കൂടാതെ,ഇന്ത്യൻ സ്ത്രീകളുടെ പിന്തുടർച്ചാവകാശങ്ങൾക്കും ഈ വിധിയിലൂടെ അവർ വഴിയൊരുക്കി.
1986 ഫെബ്രുവരി 24-ന്,സിറിയൻ കത്തോലിക്കനായ പിതാവിന്റെ സ്വത്തിന്മേൽ തുല്യാവകാശത്തിനുവേണ്ടിയുള്ള ദീർഘകാല നിയമപോരാട്ടത്തിൽ അവർ വിജയിച്ചത് തിരുവിതാംകൂർ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു. “50 വർഷംമുമ്പ് ഞാൻ തുടങ്ങിയ പോരാട്ടമായിരുന്നു ഇത് എന്നു മിസ്സിസ്.മേരി പറഞ്ഞതായി വായിച്ചിരുന്നു.സുപ്രീം കോടതി വിധിയുടെ സമയത്ത് മിസ്സിസ്.റോയ് ഇതുംകൂടി പറഞ്ഞു, “നീതിക്കായുള്ള എന്റെ നീണ്ട പോരാട്ടം ഫലം കണ്ടതിൽ എനിക്ക് ആശ്വാസമുണ്ട്.എന്റെ പോരാട്ടം ഒരു തുണ്ട് സ്വത്തിന് വേണ്ടി മാത്രമായിരുന്നില്ല,മറിച്ച് ഈ രാജ്യത്തെ സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ആസ്വദിക്കാൻ വേണ്ടിയായിരുന്നു.കുടുംബസ്വത്തിൽ സ്ത്രീകൾക്ക് തുല്യ അവകാശം ഉറപ്പാക്കൂന്നതിൽ അവർ വിജയിച്ചു.”
"നിങ്ങൾക്ക് ഇത് വായിക്കാൻ കഴിയുമെങ്കിൽ, ഒരു ടീച്ചർക്ക് നന്ദി പറയുക" എന്നെഴുതിയ ബോർഡ് കോട്ടയത്തെ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയുമായിരുന്ന മിസ്സിസ്.റോയിയുടെ ഓഫീസിന് പുറത്ത് എഴുതിയിട്ടുണ്ട്.കോട്ടയത്തെ കളത്തിൽപടിയിലുള്ള ഒരു ഹൈസ്കൂളാണ് പള്ളിക്കൂടം,മുൻപ് ‘കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂൾ‘ എന്നാണ് അറിയപ്പെട്ടിരുന്നത്.1967-ൽ മിസ്സിസ്.മേരി റോയിയാണ് ഇതു സ്ഥാപിച്ചത്. "പള്ളിക്കൂടം" എന്ന വാക്കിന്റെ അർത്ഥം മലയാളം,തമിഴ് ഭാഷകളിൽ ‘സ്കൂൾ‘ എന്നാണ്.
സ്‌കൂളിന്റെ ക്യാംപസ് രൂപകൽപ്പന ചെയ്തത് ആർക്കിടെക്റ്റ് ലാറി ബേക്കറാണ്.ഒരു നീന്തൽക്കുളം, ബാസ്‌ക്കറ്റ്‌ബോൾ,വോളിബോൾ കോർട്ടുകൾ,ഫുട്‌ബോൾ മൈതാനം,800 സീറ്റുകളുള്ള ഓഡിറ്റോറിയം, തിയേറ്ററിനൊപ്പം,മറ്റ് പെർഫോമിംഗ് ആർട്ടുകൾക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോമുകൾ സ്കൂളീന്റെ ഭാഗമായി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.സ്‌പോർട്‌സ്,നാടകം,സംഗീതം,നൃത്തം എന്നീ കലകൾ പഠിപ്പിക്കുവാനുള്ള അദ്ധ്യാപകരും സ്കൂളിലുണ്ട്.
പള്ളിക്കൂടം സ്കൂൾ കോട്ടയത്ത് നിരവധി സാമൂഹിക-പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.വടവാതൂർ മാലിന്യം തള്ളുന്ന പ്രശ്നത്തിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥക്കുനേരെ പ്രതിഷേധവും, കൂടെഇത്തരം വിഷയങ്ങൾക്കായി ചർച്ചകളും സംഘടിപ്പിക്കാറുണ്ട്.പള്ളിക്കൂടത്തിൽ ആരംഭിച്ച “ബാല ഭൂ ഭദ്രത” എന്ന പരിസ്ഥിതി സംഘടന,ഈ നിയമങ്ങൾ ഉണ്ടാകണമെന്ന് എടുത്തുപറഞ്ഞുകൊണ്ട് കേരള ഹൈക്കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്ത് കോട്ടയത്ത് നടപ്പാക്കി.സ്കൂളിൽ നൂറുകണക്കിന് മാലിന്യ കമ്പോസ്റ്റ് യൂണിറ്റുകൾ വിതരണം ചെയ്തു, മാലിന്യം വേർതിരിക്കാൻ ആളുകളെ പഠിപ്പിച്ചു,പള്ളിക്കൂടത്തിലെ വിദ്യാർഥികൾ പലപ്പോഴും സമീപത്തെ കളത്തിപ്പടി റോഡും കരിപ്പാൽ ആശുപത്രി പരിസരവും വൃത്തിയാക്കിയിട്ടുണ്ട്.
പള്ളിക്കൂടത്തിലെ ശ്രദ്ധേയരായ പൂർവവിദ്യാർഥികൾ അരുന്ധതി റോയ് (ബുക്കർ പ്രൈസ് ജേതാവ്, 1997)ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ഗോകുൽ സുരേഷ് (ഇന്ത്യൻ നടൻ),ബോബി-സഞ്ജയ് (ഇന്ത്യൻ തിരക്കഥാകൃത്തുക്കൾ),ഫർഹാൻ ഫാസിൽ (ഇന്ത്യൻ നടൻ)എന്നിവരാണ്.മാതൃഭാഷയ്ക്ക് ഊന്നൽ നൽകുന്ന ഈ സ്കൂളിൽ മൂന്നാം ക്ലാസിനു ശേഷം മാത്രമെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുള്ളു. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷയായ മലയാളത്തിൽ ചിന്തിക്കാനും സംസാരിക്കാനും ഇത് വിദ്യാർഥികളെ സഹായിക്കുന്നു.എടുത്തു പറയേണ്ടത് ഇതിലൂടെ സ്വന്തം ഭാഷയെ സ്നേഹിക്കാൻ കുട്ടികളെ ഓർമ്മിപ്പിക്കുന്നു,പഠിപ്പിക്കുന്നു,സഹായിക്കുന്നു.മിസ്സിസ്.മേരി റോയ് നിർഭയമായി, ധൈര്യത്തോടെ,തലയുയർത്തിപ്പിടിച്ച് ജീവിതം നയിച്ചു.നമ്മൾ ഓരോരുത്തരും നമ്മുടേതായ വ്യക്തിത്വത്തിനായി ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചു.
(എല്ലാ വിവരങ്ങളും വായനയിൽ നിന്നും,ഗൂഗിളിൽ നിന്നും ശേഖരിച്ചതാണ്.)