നിറങ്ങളില്‍, അല്ലെങ്കില്‍ വരകളില്‍ ചിന്തിക്കുമ്പോള്‍ നമ്മുടെ കാഴ്ചകളും കാഴ്ചപ്പാടുകളും വ്യത്യസ്തരീതികളില്‍ നിർവചിപ്പെടുന്നു, അവയ്ക്ക് പല അർഥതലങ്ങളുണ്ടാകുന്നു. വ്യത്യസ്തരായ ചിത്രകാരുടെ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അവ ശൈലിയില്‍, നിറങ്ങളുടെ മിശ്രണത്തില്‍, ബ്രഷുകളുടെ സഞ്ചാരങ്ങളില്‍ ഒന്നിനൊന്നു വേറിട്ട് നില്‍ക്കും. അവയൊക്കെ വ്യത്യസ്തങ്ങളായ വികാരങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുകയും ചെയ്യും. നിറങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുന്ന വിചാരങ്ങള്‍ പരിശോധിച്ചാല്‍ , മഞ്ഞ ആവേശവും സന്തോഷവും, പച്ച പ്രസരിപ്പും പ്രകൃതിയുടെ ചൈതന്യവും, ചുവപ്പ് തീക്ഷ്ണമായ വിശ്വാസവും പ്രണയവും റൊമാന്റിസിസവും, ഓറഞ്ച് പ്രസന്നതയും, വെള്ള പരിശുദ്ധിയും, നീല സമാധാനവും സൂചിപ്പിക്കുന്നുവെങ്കിലും ഇവയുടെ യോജിപ്പിക്കലുകള്‍ക്ക് വിഷയമെന്താണെങ്കിലും പല മാനങ്ങളും വികാരങ്ങളും ആസ്വാദകരില്‍ സൃഷ്ടിക്കാന്‍ കഴിയും.
വെളിച്ചവും, നിഴലും സംയോജിപ്പിച്ച്, പ്രകൃതിയും, മനുഷ്യരും അവയുടെ ഭാവങ്ങളുമൊക്കെ വാട്ടര്‍ കളറിന്റെ മാധ്യമത്തില്‍ സൃഷ്ടിക്കുന്ന ഒരു ചിത്രകാരിയാണ് ഡോ. ജസീല ഷെറീഫ്.

ഉദ്യോഗസംബന്ധമായ തന്റെ ഉത്തവാദിത്വത്തോടൊപ്പം, ചിത്രകലയെയും ഒപ്പം കൂട്ടിയ ജസീല, ഇത് സ്വയം പഠിച്ചെടുത്തതാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി അവര്‍ നിറങ്ങളുടെ സഹചാരിയാണ്. സഹൃദയരുടെയും കൂട്ടുകാരുടെയും, സഹപാഠികളുടെയും, കുടുംബാംഗങ്ങളുടെയും അകമഴിഞ്ഞ പ്രോത്സാഹനം അവരെ ഈ കലയില്‍ മുന്നേറാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. സ്വയം പഠിക്കുന്നത് ഇന്നത്തെ യു ട്യൂബ് കാലത്ത് വളരെ സുഗമമായി മാറിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായ ശ്രദ്ധയോടെയുള്ള ശ്രമം വേണ്ട ഒരു മേഘലയാണ് ഇത്. വാട്ടര്‍ കളര്‍ പലരും തുടങ്ങി ഉപേക്ഷിച്ചു പോകുന്ന ഒരു മാധ്യമമാണ്. വഴങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ മറ്റു മാധ്യമങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഏറ്റവും അധികം പരീക്ഷണങ്ങള്‍, പ്രത്യേകിച്ചും , വിദേശങ്ങളില്‍ ഈയടുത്ത കാലത്തായ് ഇതില്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ 24 വര്‍ഷങ്ങളായി മസ്കത്തില്‍ മാനെജ്മെന്റ് അധ്യാപികയായും, സാമ്പത്തിക വിദഗ്ദ്ധയായും സേവനമനുഷ്ടിച്ച ജസീല ഒരു ഗായികയും, എഴുത്തുകാരിയും കൂടിയാണ്. തിരുവനന്തപുരം എഞ്ചീനീയറിങ് കോളേജിൽ നിന്നും ബിരുദം എടുത്ത ജസീല, കേരള യൂണീവേഴ്സിറ്റിയിൽ നിന്ന് എം ബി എയും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് പി എച്ച്ഡിയും എടുത്തിട്ടുണ്ട്. കൂടാതെ സിംഗപ്പൂർ നാഷണല്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ്‌സി ഫിനാൻസും ചെയ്തിട്ടുണ്ട്. ജസീലയുടെ ഭർത്താവ് ഷെറീഫ് മസ്കത്തില്‍ സ്ട്രറ്റജിക് പ്ലാനിങ് ഉപദേശകനാണ്. മക്കള്‍ രണ്ടുപേര്‍ക്കും വിദേശത്ത് ജോലിയാണ്.
കുടുംബവിശേഷങ്ങൾക്കു ശേഷം അത്യാവേശത്തോടെ നിറങ്ങളെക്കുറിച്ച് ജസീല വീണ്ടും വാചാലയായി!
സ്കൂൾ കാലം തൊട്ടെ ഞാൻ പെയിന്റിങ് ചെയ്തിരുന്നു. കോളജിലെത്തിയപ്പോൾ അത് കൂടുതൽ താൽപര്യത്തോടെ കാണാൻ തുടങ്ങി. എന്നാല്‍ വീട്ടിലെ തിരക്കുകള്‍ക്ക് ശേഷം ഏതാണ്ട് 13 വർഷങ്ങള്‍ക്ക് മുൻപാണ് അതിനെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത്. ഇന്ന് ഒരോ ചിത്രരചനയും വ്യക്തമായ ആസൂത്രണത്തോട് കൂടി നിറങ്ങൾ തിരഞ്ഞെടുത്ത്, അതിനെന്തു ഫീല്‍ ആണ് കൊടുക്കേണ്ടതെന്ന ഒരു ലക്ഷ്യത്തോടെയാണ് ചെയ്യുന്നത്. കാഷ്വല്‍ ഫീല്‍ കൊടുക്കണമെങ്കില്‍ പോലും കൃത്യമായ ആസൂത്രണത്തോടെ മാത്രമേ വാട്ടര്‍ കളർ മാധ്യമത്തില്‍ ചെയ്യാന്‍ സാധിക്കൂ. പ്രത്യേകിച്ചും, ഇളം നിറങ്ങള്‍ ഒരിക്കലും കടുത്ത ചായങ്ങള്‍ക്ക് മേലെ കൊടുക്കാന്‍ സാധിക്കാത്തതിനാല്‍, പ്രകാശത്തെ സന്നിവേശിപ്പിക്കാന്‍, പേപ്പറിന്റെ വെള്ളനിറം സംരക്ഷിച്ചു വേണം ഓരോ ചായവും ഉപയോഗിക്കേണ്ടത്. വളരെ സൂക്ഷ്മതയോടെ വേണം അത് ചെയ്യാന്‍. അതുപോലെ പേപ്പറിന്റെ നനവില്‍ കൂടെ ബ്രഷ് ചലിപ്പിക്കുമ്പോള്‍ (wet-in-wet technique) നിറങ്ങള്‍ പടരുന്നത് ഏതു രീതിയില്‍ ആയിരിക്കുമെന്നും അറിഞ്ഞിരിക്കണം. പരിശ്രമത്തിലൂടെ അത് സാധിക്കും. നനവ് എത്ര വേണമെന്നതിന്റെയും കണക്കു കൂട്ടലും ഉണ്ടായിരിക്കണം. ചുരുക്കത്തില്‍ വാട്ടര്‍ കളര്‍ എന്ന മാധ്യമം മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

ജസീല ഫെസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമാണ്. യാത്രകളില്‍ ഗ്യാലറികള്‍ സന്ദര്‍ശിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യാപ്തിയും അറിവും തരുന്നു എന്ന്വര്‍ പറയുന്നു. ചിത്രകലയെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങളുടെയും പരിശീലനത്തിനുള്ള സിഡികളുടെയും ശേഖരം ഉണ്ട് ജസീലയ്ക്ക് . അതിലൂടെയൊക്കെയാണ് ചിത്രകലയെക്കുറിച്ച്, കൂടുതൽ പഠിക്കാനും പരിശീനം നേടാനുമായതെന്നു ജസീല പറയുന്നു. യാത്രകളില്‍ ഒട്ടനവധി ഗ്യാലറികള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇന്ത്യയിലെ പ്രശ്തസ്നായ വാട്ടര്‍ കളറിസ്റ്റ് ആയ മിലിന്ദ് മലിക്കിന്റെ ചിത്രങ്ങള്‍ പ്രചോദനമായി. ആല്വരോ കസ്ടനെറ്റ് , ജോസഫ് ബുക്വിച്, എന്നീ പ്രശസ്ത ചിത്രകാരന്മാരുടെ രീതികള്‍ കണ്ടും പഠിച്ചു. ഇന്നും നാലോ അഞ്ചോ വിഡിയോകള്‍ ദിവസവും കാണാറുണ്ട്. കൂടുതലും പ്രകൃതിയുടെ, നഗരങ്ങളുടെ ഭാവങ്ങളില്‍ (Atmospheric moods) ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജസീല അടുത്തകാലത്തായി ജീവിതത്തിന്റെ ഭാവങ്ങള്‍ ചിത്രീകരിക്കുന്നതിലേക്ക് തിരിഞ്ഞിട്ടുണ്ട്. ലൈഫ് , കളര്‍സ് ഓഫ് ലൈഫ് എന്നീ സീരീസുകളിലായി കുറച്ചു വര്‍ക്കുകള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.
ചിത്രകല മനസ്സിന് വളരെയധികം സന്തോഷം തരുന്ന ഒന്നാണ്. ദീര്‍ഘസമയം ശ്രദ്ധയെടുത്ത് ചെയ്തു അതിനു ഉദ്ദേശിച്ച ഭാവവും ഭംഗിയും കൈവരുമ്പോള്‍ വളരെ സംതൃപ്തി തോന്നും. കളര്‍ പെന്‍സില്‍, സോഫ്റ്റ് പേസ്റ്റെൽ, അക്രലിക് തുടങ്ങിയ മാധ്യമങ്ങളും കൈകാര്യം ചെയ്യുമെങ്കിലും വാട്ടര്‍ കളര്‍ ആണ് കൂടുതല്‍ ഇഷ്ടം. ഇന്ന് ചിത്രകല എനിക്ക് വെറും ഒരു ഹോബി മാത്രമല്ല. എന്റെ ആശയങ്ങളുടെയും, മനസ്സിന്റെയും പ്രതിഫലനവും കൂടി ആയിത്തീർന്നിരിക്കുന്നു അത്. കൂടാതെ Lead Digest എന്ന ഓണ്‍ലൈന്‍ മാഗസിന്റെ സഹസ്ഥാപകയും കൂടെയാണ്. അതിനു വേണ്ടി ഗ്രാഫിക്സും ചെയ്യുന്നുണ്ട്. ഉത്തരവാദിത്വപരമായ നേതൃത്വം, സുസ്ഥിരവികസനം, സ്ത്രീസമത്വം എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ഈ ഓണ്‍ലൈന്‍ മാഗസിനിലെ ലേഖനങ്ങളില്‍ കൂടിയും ചിന്തകളെ സംവേദിപ്പിക്കാന്‍ കഴിയുന്നതിന്റെ ചാരിതാർഥ്യം വലുതാണ്.
മോഡേൺ പെയിന്റിങ്ങിനെക്കുറിച്ചുള്ള ചോദ്യത്തിനു ജസീലയുടെ മറുപടി, എല്ലാത്തരം ചിത്രങ്ങളെയും , മാധ്യമങ്ങളെയും, കാലഘട്ടങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നത് നല്ലതാണ് എന്നാണ്. സമകാലിക കലാസൃഷ്ടികൾ അനുകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ചിത്രകാരന്റെ ഭാവനക്കാണ് കൂടുതല്‍ പ്രാധാന്യം. പലതരത്തിലുള്ള മാധ്യമങ്ങളുടെ, മെറ്റീരിയലുകളുടെ, സാങ്കേതിക രീതികളുടെ ഉപയോഗം ഇവയിലൊക്കെ ഇന്ന് പല പരീക്ഷണങ്ങളും നടക്കുന്നു. പെയിന്റുകള്‍ തന്നെ പലതരത്തില്‍ ഇന്ന് ലഭ്യമാണ്. അനന്തമായ പരീക്ഷണ സാധ്യതകള്‍ ഉണ്ട്.
എന്നാല്‍ റിയലിസ്റ്റിക് രീതികള്‍ പിന്തുടരുന്നവര്‍ ഒട്ടും കുറവല്ല താനും. വളരെയധികം പരീക്ഷണങ്ങള്‍ അതിന്റെ സാങ്കേതികവശങ്ങളില്‍ നടക്കുന്നുമുണ്ട്. ജീവനുള്ള ചിത്രങ്ങൾക്ക് ആവശ്യക്കാര്‍ ഏറെയുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇംപ്രഷനിസം പോലെയുള്ള രീതികള്‍ വന്നുതുടങ്ങിയത് പിന്നീടാണ്. ഇന്ന് ഫോട്ടോഗ്രഫി വളരെയധികം വികസിച്ചതിനാല്‍ റിയലിസത്തിനെന്തു പ്രസക്തി എന്ന് ചോദിക്കാം. എങ്കിലും എങ്ങനെ അത് ബ്രഷുകളുടെ തുമ്പിലേക്ക് ഒപ്പിയെടുക്കാം എന്നത് ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ചും വാട്ടര്‍ കളറില്‍. കലാകാരന്മാർ തങ്ങളുടെ കാലഘട്ടം, ചിന്താഗതി, തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിക്കൊണ്ടു വേണം ചിത്രങ്ങൾ വരക്കേണ്ടത്. അതാണ് അവരെ വ്യത്യസ്തരാക്കുന്നത്. അവ ആസ്വാദകരോട് സംവദിക്കണം.
കലാരൂപത്തിന്റെ ശക്തി, അത് എത്രകണ്ട് ബിംബങ്ങളിലൂടെ, രീതികളിലൂടെ, നിറങ്ങളുടെ സംയോജനങ്ങളിലൂടെ ചെയ്താലും കാഴ്ചക്കാരാട് സംവദിക്കുന്നവയായിരിക്കണം എന്നതാണ് ഇന്നത്തെയും , എന്നത്തെയും ചിന്താഗതി എന്ന് പൂർണ്ണമായും ജസീല വിശ്വസിക്കുന്നു. എല്ലാ ചിത്രങ്ങള്‍ക്കും ഒരു കഥ പറയാന്‍ കാണും. അവരുടെ ചിത്രങ്ങൾ അത് വിളീച്ചറിയിക്കുന്നു,തീർച്ച!
ചിത്രകലയെക്കുറിച്ച് താല്പര്യം ഉള്ളവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ നൽകാനുണ്ടോ എന്ന ചോദ്യത്തിന് അത്യാവേശത്തോടെ മറുപടിയും എത്തി. “ഭാവങ്ങളും വികാരങ്ങളും, അത് പ്രകൃതിയിലായാലും മനുഷ്യരില്‍ ആയാലും, സൃഷ്ടിച്ചെടുക്കുക എന്നതാണ് ചിത്രങ്ങളിലൂടെ ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സൂക്ഷ്മമായ നിരീക്ഷണം ഇതിനാവശ്യമാണ്. നടക്കുമ്പോഴും, യാത്രകള്‍ ചെയ്യുമ്പോഴും നമ്മള്‍ മനുഷ്യരെയും പ്രകൃതിയെയും അവര്‍ക്ക് ചുറ്റുമുള്ള ലോകത്തെയും നിരീക്ഷിച്ചു കൊണ്ടിരിക്കുക. നിഴലുകള്‍ക്ക് പോലും പലതും പറയാനാകും. അവയിലെ നിറങ്ങളെ ശ്രദ്ധിക്കുക. അപ്പാടെ പകര്‍ത്തണമെന്നില്ല. ചുരുക്കും ചില ഘടകങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. ചില നിറങ്ങള്‍ക്ക് നമ്മുടെ വ്യാഖ്യാനങ്ങള്‍ കൊടുക്കാം. ബ്രഷ് സ്ട്രോക്സ് പോലും നമ്മുടെ രീതിയില്‍ കൊടുക്കാം. യാത്രകളിലും മറ്റും ധാരാളം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താറുണ്ട് ജസീല. ആദ്യ ഘട്ടത്തില്‍ മറ്റു ചിത്രകാരെ അനുകരിക്കാറുണ്ടായിരുന്നു. പിന്നീട് അത് നിര്‍ത്തി. സ്വന്തം ശൈലി വികസിപ്പിച്ചെടുത്തു.
പഴയകാല മലയാളം ഹിന്ദി പാട്ടുകളുടെ ഒരു ആരാധിക കൂടെയായ ജസീല തന്റെ അനേകം ഗാനങ്ങളും യൂട്യു ബിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ തന്റെ ചിത്രങ്ങളുടെ എക്സിബിഷനുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍.