ദൈനംദിനാനുഭവങ്ങൾ, സംഭവങ്ങൾ, ചിന്തകൾ ഇവ അന്നന്നു രേഖപ്പെടുത്തി സൂക്ഷിക്കുന്ന രേഖകളെ നമ്മൾ ‘ഡയറികുറിപ്പുകൾ’ എന്നു വിളിച്ചു തുടങ്ങിയത് ഒരു പുതിയ രീതിയോ ഒന്നുമല്ല, മറിച്ച് ഒരോരുത്തരുടേയും സ്വകാര്യത മാത്രമാണ്. അത‌് ദിനചരിക്കുറിപ്പുകൾ എന്നും അറിയപ്പെട്ടിരുന്നു. ഇതെല്ലാം സ്വന്തമായോ മറ്റുള്ളവർ വഴിയോ പ്രസിദ്ധീകരിക്കുമ്പോൾ ആത്മകഥാംശമുൾക്കൊള്ളുന്ന സാഹിത്യ രൂപങ്ങളായിത്തീരുന്നു.
ദിവസം എന്ന് അർഥമുള്ള ‘ഡീയസ്’ എന്ന ലത്തീൻ പദത്തിൽ നിന്നു വന്ന ഡയാറിയം എന്ന പദമാണ് ഡയറി എന്ന പദത്തിന്റെ യഥാർഥരൂപം. ഓരോ ദിവസവും സ്വയം രേഖപ്പെടുത്തുന്ന കണക്ക് എന്നാണ്; ‘ഡയാറിയം’ എന്ന പദത്തിനർഥം. അന്നന്നു കുറിച്ചിട്ടിരുന്ന വരവു ചെലവു കണക്കുകൾ, കൂലി തുടങ്ങിയവയായിരുന്നു ദിനചരിക്കുറിപ്പുകളുടെ ആദ്യ രൂപം. വിശേഷപ്പെട്ട സംഭവങ്ങൾ, സംഭവങ്ങളെപ്പറ്റിയോ ചുറ്റുപാടിനെപ്പറ്റിയോ ഉള്ള വിശകലനം, വിശേഷ വ്യക്തിത്വം പ്രതിഫലിക്കുന്ന ചിന്തകൾ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ദിവസക്കുറിപ്പുകളാണ് അന്നും ഇന്നും സാഹിത്യം, കല, തത്ത്വചിന്ത തുടങ്ങിയ വിഷയമേഘകളിലൂടെ ഈ ‘ഡയറിക്കുറിപ്പുകളായി’ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
എല്ലാവർക്കും ഉണ്ടാവാം ഡയറി എഴുതാൻ മറക്കാത്ത ഒരു കാലം! അതേസമയം ആരെങ്കിലും അവ വായിക്കാൻ ശ്രമിച്ചാൽ കൊലപാതകം അല്ലാത്തതെല്ലാം ചെയ്തിരുന്നു. ഇന്ന് ഫെയ്സ്ബുക്കിൽ കാണാത്ത ഒരു കാര്യവും ഇല്ല. എല്ലാവരുടെയും ‘അപ്ഡേറ്റ്’ ഇന്ന് അവിടെ വായിക്കാം. എല്ലാവരുടെയും ജീവിതം ഒരു തുറന്ന പുസ്തകം ആയിത്തീർന്നിരിക്കുന്നു. ഒരു വിധത്തിൽ അതൊരു കുറ്റമോ കുറവോ അല്ല, വിചാരിക്കാത്തവിധത്തിൽ പെട്ടെന്ന് വിവരങ്ങൾ പങ്കുവെക്കാനും പഴയതും പുതിയതുമായ കൂട്ടുകാരെ കണ്ടെത്താനും ഇന്ന് ആ ‘ബുക്ക്’ സഹായിക്കുന്നുണ്ട്.
എന്നാൽ, ചിലരെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള വിവരങ്ങൾ ലോകത്തെ അറിയിക്കുന്നു എന്നത് എത്രമാത്രം സുരക്ഷിതമാണെന്നുള്ള ഒരു ചിന്തയുടെ ഭാഗമായി എല്ലാവരും തന്നെ തങ്ങളുടെ ‘പ്രൊഫൈൽ’ പേജുകൾ ‘ലോക്’ ചെയ്യാനും തുടങ്ങി. ഒരു പരിധിവരെ അതും നല്ലതുതന്നെ. പരിചയം ഇല്ലാത്തവരെ സുഹൃത്തുക്കളാക്കുന്നതിൽ താല്പര്യം ഇല്ലാത്തവർ അങ്ങിന്റെ ചെയ്യുന്നത് സുരക്ഷിതം തന്നെ. എന്നാൽ, ഡയറി മാത്രമുള്ള ഒരു കാലത്ത് അതാരെലെങ്കിലും കാണുന്നത് പോലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ, ഇന്ന് തങ്ങൾ ഇടുന്ന പോസ്റ്റുകൾ കാണുന്നില്ല, ആരും വായിക്കുന്നില്ല, കമെന്റ് ചെയ്യുന്നില്ല എന്നൊരു കാര്യത്താൽ ദേഷ്യപ്പെടുന്നു!
സംഭവങ്ങളും സ്വന്തം അനുഭവങ്ങളു ചിന്തകളും വിമർശനങ്ങളും ചോദ്യങ്ങളായി മാറുമെങ്കിലും മഴവില്ലുകളുടെ നിറക്കൂട്ടുകളോടെ ഓർമക്കുറിപ്പുകൾ ആത്മകഥയായി രേഖപ്പെടുത്താറുണ്ടെങ്കിലും ദിനസരിക്കുറിപ്പുകളിലെ രേഖകൾക്കായുള്ള ഒരു ഭാവമല്ല അവയ്ക്കുള്ളത്. ഒരു സംഭവത്തിന്റെ ദൃക്‌സാക്ഷികളുടെ വിവരണം പോലെ, അല്ലെങ്കിൽ ടിവിയിലും മറ്റുമുള്ള തത്സമയ സംപ്രേഷണത്തിൽ നിന്നു ലഭിക്കുന്ന ഒരു അനുഭൂതി അതിന്റെ പുനരാവിഷ്കരണത്തിൽ നിന്നു ലഭിക്കുന്നില്ല എന്നത് ഇതിനു തുല്യമല്ലേ? ചില ഉദാഹരണങ്ങളിലേക്ക് എത്തിയാൽ: ബ്രിട്ടിഷ് രാജാവായിരുന്ന ചാൾസ് ഒന്നാമന്റെ വധത്തിനു ദൃക്സാക്ഷിയായ സർ വില്യം ഡഗ്ഡെയിൽ ഈ രംഗം വിശദമായി തന്റെ ഡയറിയിൽ കുറിച്ചിട്ടതു വായിക്കുമ്പോഴുള്ള അനുഭവമല്ല, ഇതേ സംഭവം ഒരു ചരിത്രകാരൻ വിശദീകരിച്ചിരിക്കുമ്പോൾ ഉണ്ടാവുന്ന വായനാനാനുഭവം. ഒരു സംഭവം അന്നു തന്നെ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ അതിന്റെ കൂടെയുത്തുന്ന പ്രതീക്ഷയും ആകാംക്ഷയും കൂടി പ്രതിഫലിക്കാറുണ്ട്.ഈയൊരു പ്രതീക്ഷ ഒട്ടുമിക്ക ഓർമക്കുറിപ്പിലും ആത്മകഥയിലും കാണാറില്ല. ഇന്നും ഫലങ്ങളൊന്നും ഇല്ലാതെയാകുന്ന അഥവാ പ്രതീക്ഷകൾ ഒന്നുമില്ലാത്ത നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും വിശകലനങ്ങളും മാത്രമാവാം ഇവയിൽ കാണുക.
വ്യക്തിപരമായ ചിന്തകളും വിശകലനങ്ങളും ഉൾപ്പെടുന്ന ചൈതന്യമുള്ള ഡയറിക്കുറിപ്പുകളുടെ ആദ്യകാല മാതൃകയാണ് ജൂലിയസ് സീസറിന്റെ ‘കമന്ററീസ്’. ഗാലിക് യുദ്ധത്തെക്കുറിച്ചുള്ള വിവരണവും അനുഭവങ്ങളുമാണ് അതിൽ ഉള്ളത്. എന്നാൽ ഈ രീതിയിലുള്ള മാതൃകാപരമായ ഡയറിക്കുറിപ്പുകൾ പിന്നീടങ്ങോട്ടുള്ള കാലഘട്ടങ്ങളിലൂടെ കാണൂന്നത്. അതിനു ഉത്തമ ഉദാഹരണമാണ് ആൻഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകൾ! രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ പെൺകുട്ടി എഴുതിയ ഡയറിക്കുറിപ്പുകൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. 1942, 44 കാലഘട്ടത്തിൽ തന്റെ ജൂത കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന എട്ടുപേർ നാസികളെ ഭയന്ന് ആംസ്റ്റർഡാമിലുള്ള ഒരു കെട്ടിടത്തിൽ ഒളിച്ചു കഴിയുമ്പോൾ ആൻഫ്രാങ്ക് ജീവിക്കാനുള്ള തന്റെ അഭിലാഷവും പ്രതീക്ഷയും ഡയറിക്കുറിപ്പുകളായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ, നാസികൾ ഇവരെ കണ്ടെത്തുകയും ഉൻമൂലനാശം ചെയ്യുകയും ചെയ്തു. പതിനഞ്ചു വയസു മാത്രം പ്രായമുണ്ടായിരുന്ന ആൻ 1945-ൽ അങ്ങനെ മരിച്ചു. ആൻ ഫ്രാങ്കിന്റെ ഡയറി 1947-ൽ ഡച്ച് ഭാഷയിലും 1952-ൽ ‘ദ് ഡയറി ഒഫ് എ യങ് ഗേൾ‘ എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഡയറിയിലെ കഥകളെ ആസ്പദമാക്കി നാടകാവിഷ്കരണവും, ചലച്ചിത്രാവിഷ്കരണവുമുണ്ടായി.ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ എന്ന പേരിൽ ഇത് മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പടുകയും ഉണ്ടായി എന്നാണ് വായിച്ചറിഞ്ഞത്.
ഗാന്ധിജിയുടെ സന്തതസഹചാരിയായ മഹാദേവ ദേശായി ഗാന്ധിജിയുടെ ദൈനംദിന ജീവിതവും പ്രവർത്തനങ്ങളും ആശയങ്ങളും ഡയറിക്കുറിപ്പുകളായി എഴുതിയത് ഈ മേഖലയിൽ ചരിത്രപരമായി എണ്ണപ്പെട്ട ഒരു കൃതിയാണ്. ‘മഹാദേവഭായിനി ഡയറി’ എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു. മലയാളത്തിൽ ആധുനിക കാലത്താണ് ഡയറിക്കുറിപ്പുകൾ സാഹിത്യരൂപമായി പരിഗണിക്കപ്പെട്ടു തുടങ്ങിയത്. കേരളവർമ വലിയകോയിത്തമ്പുരാൻ, എ. ആർ. രാജരാജവർമ, കെ.സി. കേശവപിള്ള, കുമാരനാശാൻ, വള്ളത്തോൾ, മൂലൂർ എസ്.പത്മനാഭപ്പണിക്കർ തുടങ്ങിയ പ്രശസ്തരായ കവികളുടെ ഡയറിക്കുറിപ്പുകൾ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. 1993, 94 വർഷങ്ങളിൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് കെ. വി. സുരേന്ദ്രനാഥ് ഈ ഡയറിക്കുറിപ്പുകൾ പ്രസാധനം ചെയ്തത്. പ്രശസ്ത എഴുത്തുകാരിൽ പലരും ‘ദിനസരിക്കുറിപ്പുകൾ‘ രേഖപ്പെടുത്തി സൂക്ഷിച്ചവരാണ്.
ഡയറിക്കുറിപ്പുകളു ഒരു അടിവരയെക്കുറിച്ച് ചിന്തിച്ചാൽ, നമ്മുടെ അന്നത്തെ ദിവസം എങ്ങനെ കടന്നുപോയി എന്ന സ്വയം ഒരു വിശകലനം ചെയ്യുന്നതിനു തുല്യമാണ് ഈ എഴുത്ത്. പിന്നീടൊരു കാലത്തെക്കുള്ള ഒരു ‘ഡേറ്റ’ എന്നും പറയാം. നമ്മൾ സ്വയം അറിയുന്നു പോലുമുണ്ടു ഇന്നത്തെ സംഭവങ്ങൾ നാം സ്വയം എങ്ങനെ കൈകാര്യം ചെയ്തു എന്നു പോലും. പിന്നീടങ്ങോട്ട് വ്യത്യസ്ഥമായി അല്ലെങ്കിൽ കൂടുതൽ സംയമനത്തോടെ പെരുമാറാനും വിവരങ്ങൾ ശേഖരിക്കാനും നമുക്ക്തന്നെ സഹായകമായിത്തീരാം അവ. ഇന്നത്തെ കംപ്യൂട്ടർ യുഗത്തിൽ സ്വയം നോട്ടുകൾ ആയി രേഖപ്പെടുത്തുന്നവരും ഇല്ലാതില്ല. പേനയെടുത്ത് ബുക്കെടുത്ത് എഴുതുന്നതിലും എളുപ്പും സ്വന്തം ഫോണിൽ, ടാബിൽ രേഖപ്പെടുത്താനാണ് ഇന്നത്തെ തലമുടയടക്കം ഇഷ്ടപ്പെടുന്നത് അല്ലെങ്കിൽ ‘കൺവീനിയന്റ്’ ആയി കണക്കാക്കുന്നത്. ഒരു നല്ല ഡയറിക്കാലങ്ങൾ എല്ലാവർക്കും ആശംസിച്ചുകൊണ്ട്, ആത്മഥാംശപരമായ സൃഷ്ടകളുടെ കാലങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്...